Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറാച്ചിയിൽ സംഘർഷം രൂക്ഷമാകുന്നു; പൊലീസും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായതിന് പിന്നാലെ ജനങ്ങളും തെരുവിലിറങ്ങിയതോടെ തെരുവുകൾ കുരുതുക്കളമായി: സംഘർഷത്തിലും സ്‌ഫോടനങ്ങളിലും നിരവധി മരണം

കറാച്ചിയിൽ സംഘർഷം രൂക്ഷമാകുന്നു; പൊലീസും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായതിന് പിന്നാലെ ജനങ്ങളും തെരുവിലിറങ്ങിയതോടെ തെരുവുകൾ കുരുതുക്കളമായി: സംഘർഷത്തിലും സ്‌ഫോടനങ്ങളിലും നിരവധി മരണം

സ്വന്തം ലേഖകൻ

കറാച്ചി: ആഭ്യന്തര കലാപം എന്ന അഭ്യൂഹം നിലനിൽക്കേ കറാച്ചിയിൽ സംഘർഷം രൂക്ഷമാകുന്നു. പൊലീസും സൈന്യവും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങളും ഇറങ്ങിയതോടെ തെരുവുകൾ കുരുതിക്കളമായി. നിരവധി പേരാണ് തെരുവുകളിൽ മരിച്ചു വീണത്. കറാച്ചിയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്ഫോടനം ഉണ്ടായതും പ്രശ്‌നങ്ങളുടെ വ്യാപ്തി കൂട്ടി.

കറാച്ചിയിലെ ഗുൽഷന് ഇ ഇക്‌ബാൽ പ്രദേശത്തെ ബഹുനില കെട്ടിടത്തിൽ ഇന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചൊവ്വാഴ്ച കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിൽ സ്ഫോടനമുണ്ടായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല.

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി റാലി നടത്തുന്നതിനിടെയാണ് സ്ഫോടനങ്ങൾ എന്നതും ശ്രദ്ധേയമാണ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനായി സിന്ധ് പൊലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടു പോയതോടെയാണ് കറാച്ചിയിൽ സംഘർഷം രൂക്ഷമായത്. പലയിടത്തും പൊലീസും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം അന്വേഷിക്കാൻ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉത്തരവിട്ടിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാൻ കറാച്ചി പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് സിന്ധ് പ്രവിശ്യാ പൊലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. സിന്ധ് പൊലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിയ്‌പ്പിൽ പത്തോളം പൊലീസുകാർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. പാക്കിസ്ഥാനിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചി സർവകലാശാലയ്ക്കു സമീപം വൻ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.

കറാച്ചിയിലെ മിക്ക പൊലീസ് സ്റ്റേഷനുകളുടെയും നിയന്ത്രണം പാക്കിസ്ഥാൻ സൈന്യം ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും പത്തു പൊലീസുകാരും കൊല്ലപ്പെട്ടതായും സൂചനയുണ്ട്. പ്രതിഷേധക്കാരും കറാച്ചിയിലെ തെരുവുകളിൽ ഇറങ്ങിയതോടെ പലയിടത്തും സംഘർഷം തുടരുകയാണ്. ഇമ്രാൻ ഖാൻ ഭരണകൂടത്തിനെതിരെ പ്രതിപക്ഷസഖ്യം നടത്തിയ റാലിയിൽ പങ്കെടുത്തതിനു പിന്നാലെയാണ് നവാസ് ഷെരീഫിന്റെ മരുമകൻ മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സഫ്ദർ മോചിതനായി.

എന്നാൽ സഫ്ദറിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടീക്കാനായി സിന്ധ് പ്രവിശ്യ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ സൈന്യം തട്ടിക്കൊണ്ടുപോയി എന്ന വാർത്ത പുറത്തുവന്നതോടെ പൊലീസ് പ്രകോപിതരാകുകയായിരുന്നു. പലയിടത്തും സൈന്യവും പൊലീസും തമ്മിൽ വെടിവയ്പുണ്ടായെന്നാണു റിപ്പോർട്ട്.

കറാച്ചിയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതായി ഇന്റർനാഷനൽ ഹെറാൾഡ് സമൂഹമാധ്യമത്തിൽ അറിയിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ഉത്തരവിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ പോയി. സിന്ധ് പൊലീസിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP