Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് അന്തരിച്ചു; മരണം സംഭവിച്ചത് വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ: സംസ്ഥാന വഖഫ് ബോർഡ് അംഗവും ആലപ്പുഴ ജില്ലാ ഗവ. പ്ലീഡറുമായിരുന്ന പൂക്കുഞ്ഞിന് ആദരാഞ്ജലികൾ  

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് അന്തരിച്ചു; മരണം സംഭവിച്ചത് വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ: സംസ്ഥാന വഖഫ് ബോർഡ് അംഗവും ആലപ്പുഴ ജില്ലാ ഗവ. പ്ലീഡറുമായിരുന്ന പൂക്കുഞ്ഞിന് ആദരാഞ്ജലികൾ   

മറുനാടൻ മലയാളി ബ്യൂറോ

 

ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്നു ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. കുട്ടിക്കാലത്തു ബാധിച്ച മഞ്ഞപ്പിത്തമാണ് അദ്ദേഹത്തിനു കരൾ സംബന്ധമായ പ്രയാസമുണ്ടാക്കിയത്. അടുത്തിടെ വൃക്കരോഗവും അലട്ടാൻ തുടങ്ങിയിരുന്നു.

കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനായാണ് ജനനം. സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു. ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗൺസിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽഎൽഎമ്മും ജയിച്ചു. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ പദവികൾക്ക് കാത്തു നിൽക്കാതെ തന്നെ അദ്ദേഹം രാഷ്ട്രീയം വിട്ടു. സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജമാഅത്ത് കൗൺസിൽ എന്ന സംഘടനയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അത്. ആ ലക്ഷ്യം ജീവശ്വാസമായി കൊണ്ടുനടക്കുകയും ചെയ്തു.കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി.

ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുൻ മാനേജർ). മക്കൾ: അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി.പി.ഉവൈസ് കുഞ്ഞ്് (ബഹറൈൻ). മരുമക്കൾ: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹറൈൻ).

സംസ്ഥാന വഖഫ് ബോർഡ് അംഗമെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ പദവി. കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയെങ്കിലും പിന്നീട് അദ്ദേഹം മുസ്ലിം ലീഗിലേക്ക് കൂറുമാറി. എന്നാൽ രാഷ്ട്രീയത്തിനോട് അദ്ദേഹം ഒട്ടും മമത കാണിച്ചില്ല. സാമുദായിക ഉന്നമനത്തിലേക്കായിരുന്നു അദ്ദേഹം കണ്ണ് നട്ടത്. മഹല്ലുകളുടെ ഏകോപനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. അവയുടെ പ്രവർത്തനം ചിട്ടപ്പെടുത്താൻ നിയമാവലിയുണ്ടാക്കാനാണ് അഭിഭാഷക ബുദ്ധി ഏറെയും വിനിയോഗിച്ചത്.

തികഞ്ഞ മതവിശ്വാസിയും മതേതരവാദിയുമായിരുന്നു അദ്ദേഹം. സമുദായം എന്നാൽ അദ്ദേഹത്തിനു സ്വന്തം മതം മാത്രമായിരുന്നില്ല. വിശാലാർഥത്തിൽ അതു സമൂഹം തന്നെയായിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ഐക്യം പ്രഖ്യാപിച്ച് അവകാശങ്ങൾക്കായി രംഗത്തിറങ്ങാനും അദ്ദേഹം ഉണ്ടായിരുന്നു. പിന്നാക്ക സമുദായ സംരക്ഷണ സമിതിയുടെ അമരത്തുനിന്നത് വെള്ളാപ്പള്ളി നടേശന്റെയും വി.ദിനകരന്റെയും ഒപ്പമാണ്. അക്കാലത്തെ ആലപ്പുഴ ടീമായിരുന്നു ആ മൂവർ സംഘം.

എൺപതുകളുടെ തുടക്കത്തിൽ ആലപ്പുഴയിലെ ഒരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായിരുന്നു അദ്ദേഹം. ജനക്കൂട്ടത്തെ സംഘടിപ്പിച്ചതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. നഗരത്തിലെ പല ജംക്ഷനുകളിലും മൗലിദ് പാരായണ സദസ്സുകളുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രക്ഷോഭമുണ്ടായി. ജനക്കൂട്ടവും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് വെടിവയ്പിൽ രണ്ടുപേർ മരിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവിയെ കാണാൻ ജനങ്ങളെ നയിച്ചു ചെന്ന പൂക്കുഞ്ഞ് വക്കീലിന് ഒരു തലമുറയുടെ ഓർമകളിൽ ഇന്നും വീരപരിവേഷമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP