Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കടന്നു പോ പുറത്ത്; എനിക്ക് നിങ്ങൾ വോട്ട് ചെയ്യണമെന്ന് നിർബന്ധമില്ലെന്നും നിതീഷ് കുമാർ; തെരഞ്ഞെടുപ്പ് റാലിക്കിടെ ബീഹാർ മുഖ്യമന്ത്രിയെ ക്രുദ്ധനാക്കിയത് ഈ മു​ദ്രാവാക്യവും; വീഡിയോ കാണാം..

കടന്നു പോ പുറത്ത്; എനിക്ക് നിങ്ങൾ വോട്ട് ചെയ്യണമെന്ന് നിർബന്ധമില്ലെന്നും നിതീഷ് കുമാർ; തെരഞ്ഞെടുപ്പ് റാലിക്കിടെ ബീഹാർ മുഖ്യമന്ത്രിയെ ക്രുദ്ധനാക്കിയത് ഈ മു​ദ്രാവാക്യവും; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നിതീഷ് കുമാറിന്റെ പ്രസംഗത്തിനിടെ ലാലുപ്രസാദ് യാദവിനായി മുദ്രാവാക്യം വിളി ഉയർന്നതോടെ ആക്രോശിച്ച് നിതീഷ് കുമാർ. മുദ്രാവാക്യം വിളിച്ചവരോട് കടന്നു പോ പുറത്തെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിങ്ങൾ എനിക്ക് വോട്ട് ചെയ്യണമെന്ന് നിർബന്ധമില്ല. പക്ഷെ ഇവിടെ നിന്ന് ശല്യം ചെയ്യരുതെന്ന് പ്രസംഗത്തിനിടെ നിതീഷ് കുമാർ ആവർത്തിച്ചു. പ്രസംഗത്തിനിടെ എതിരാളികൾക്കായി മുദ്രാവാക്യം വിളിക്കുന്നത് നല്ലാതാണോയെന്ന് പ്രവർത്തകരോട് നിതീഷ് കുമാർ ചോദിച്ചപ്പോൾ അല്ലെന്ന മറുപടി ഉയരുകയും ചെയ്തു.

ആർജെഡി വിട്ട് ജെഡിയുവിൽ ചേർന്ന ചന്ദ്രിക റായ്ക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ആർജെഡി നേതാവും ലാലുവിന്റെ അടുത്ത സഹായിയുമായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചത്. നിതീഷ് കുമാർ സംസാരിക്കുന്നതിനിടെയാണ് അണികൾക്കിടയിൽ നിന്നും ലാലു യാദവിനെ പിന്തുണച്ച് മുദ്രാവാക്യം വിളികൾ ഉയർന്നത്.

എന്ത് വിഡ്ഢിത്തമാണ് പറയുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം. ഇത്തരം വിഡ്ഢിത്തരം വിളിച്ചുകൂവുന്നവർ കൈ ഉയർത്തൂ എന്നായി നിതീഷ് കുമാറിന്റെ അടുത്ത വാക്കുകൾ. പിന്നാലെ അണികൾ ഒന്നടങ്കം നിശബ്ദരായി. ഇതിനിടയിൽ സദസ്സിൽ നിന്നൊരാൾ 'കാലിത്തീറ്റ കള്ളൻ' എന്ന് ഉറക്കെ പറഞ്ഞു. ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കാലിത്തീറ്റ കുംഭകോണ കേസിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം. സദസ്സിന്റെ നിശബ്ദത നിതീഷ് കുമാറിനെ അൽപം ശാന്തനാക്കിയതോടെ അദ്ദേഹം പ്രസംഗം തുടർന്നു. ബഹളം ഉണ്ടാക്കരുത്, നിങ്ങൾക്ക് എനിക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ചെയ്യരുത്, എന്നാൽ ആർക്കുവേണ്ടിയാണോ നിങ്ങൾ ഇവിടെയെത്തിയത്, അയാൾക്കുള്ള വോട്ടുകൾ ഇല്ലാതാക്കരുത്- നിതീഷ് കുമാർ പറഞ്ഞു.

10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ആർജെഡി നേതാവിന്റെ വാഗ്ദാനത്തേയും നിതീഷ് കുമാർ വിമർശിച്ചു. 10 ലക്ഷം പേർക്ക് ശമ്പളം നൽകാൻ സർക്കാരിന്റെ പക്കൽ എവിടെ നിന്നാണ് പണം? നിങ്ങൾ വ്യാജനോട്ടുകൾ അച്ചടിക്കുന്നുണ്ടോ? എന്തുകൊണ്ട് 10 ലക്ഷം മാത്രം, ജോലി നൽകുന്നുവെങ്കിൽ എല്ലാവർക്കും നൽകണം. തേജസ്വി നൽകിയത് അസാധ്യമായ വാഗ്ദാനമാണെന്നും ഭൂമിയിലെ ആർക്കും ഇത് നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമോ എന്ന ആശങ്ക ജെഡിയു ക്യാമ്പിനുണ്ടെന്നും നിതീഷിനെ ഇത് അലട്ടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ്യഘട്ടം ഒക്ടോബർ 28നാണ്. നവംബർ 7നാണ് മൂന്നാം ഘട്ടം. ഫലപ്രഖ്യാപനം നവംബർ 10നാണ്. ബിഹാറിൽ വീണ്ടും എൻഡിഎ സഖ്യം അധികാരമേൽക്കുമെന്നാണ് ഇന്ത്യാ ടുഡെയുടെ അഭിപ്രായ സർവെ. മഹാസഖ്യം പരമാവധി 90സീറ്റുകൾ മാത്രമെ ലഭിക്കുകയുള്ളുവെന്നും സർവെ പറയുന്നു. ജെഡിയു- ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടും എന്നാണ് സർവെ പറയുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സർവെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതൽ 98 വരെ സീറ്റുകൾ ലഭിക്കും. എൽജെപിക്ക് രണ്ടുമുതൽ ആറ് സീറ്റുകളും മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും അഭിപ്രായ സർവെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെത് സംതൃപ്തി നൽകുന്നുവെന്ന് 52 ശതമാനം പേർ പറയുന്നു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചവർ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേർ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേർ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു.

243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP