Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിടവാങ്ങിയത് കോഴിക്കോട് നഗരത്തിന്റെ വികസന നായകൻ; സ്ത്രീ വേഷത്തിലൂടെ നാടക രംഗത്തും തുടക്കം; മുൻ മേയർ എം ഭാസ്കരനെ രാഷ്ട്രീയ രംഗത്ത് കൈപിടിച്ചുയർത്തിയത് ടി രാമനുണ്ണി

വിടവാങ്ങിയത് കോഴിക്കോട് നഗരത്തിന്റെ വികസന നായകൻ; സ്ത്രീ വേഷത്തിലൂടെ നാടക രംഗത്തും തുടക്കം; മുൻ മേയർ എം ഭാസ്കരനെ രാഷ്ട്രീയ രംഗത്ത് കൈപിടിച്ചുയർത്തിയത് ടി രാമനുണ്ണി

എം ബേബി

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വികസന നായകനായിരുന്നു അന്തരിച്ച മുൻ മേയറും മുതിർന്ന സിപിഐ എം നേതാവുമായ എം ഭാസ്കരൻ. അദ്ദേഹം മേയറായിരുന്ന കാലം കോഴിക്കോടിന് വികസനത്തിന്റെ കാലമായിരുന്നു. നഗരത്തിലെ ശ്രദ്ധേയമായ വികസന പദ്ധതികൾ പലരും എം ഭാസ്ക്കരൻ മേയർ ആയിരിക്കുമ്പോഴാണ് നടപ്പാക്കിയത്. ഞെളിയൻ പറമ്പ് മാലിന്യ പ്ലാന്റും മാവൂർ റോഡ് മേൽപ്പാലവും അരയിടത്തുപാലം-എരഞ്ഞിപ്പാലം ബൈപ്പാസുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ വികസനത്തിനും നഗരത്തിലെ മാലിന്യ മുക്തമാക്കാനും ബീച്ച് വികസനം നടപ്പാക്കാനുമെല്ലാം ശ്രദ്ധേമായ ഇടപെടൽ തന്നെയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നഗരത്തിൽ അടുത്തിടെ പൂർത്തീകരിച്ച ചേരി നിവാസികൾക്കുള്ള ഫ്ലാറ്റ് ഉൾപ്പെടെ എം ഭാസ്ക്കരന്റെ കാലത്ത് ആരംഭിച്ചതാണ്. മേയറായിരിക്കുമ്പോൾ എതിർപ്പുകൾ ധാരാളം ഉയർന്നെങ്കിലും നിശ്ചയദാർഢ്യം കൊണ്ട് എല്ലാറ്റിനെയും അദ്ദേഹം മറികടക്കുകയായിരുന്നു. സൗമ്യമായ ഇടപെടലുകൾ തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ ആ സ്ഥാപനങ്ങളെയും വളർച്ചയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

സഹകരണ മേഖലയിലെ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് അദ്ദേഹം ദേശീയ പുരസ്ക്കാരവും ഏറ്റുവാങ്ങിയിരുന്നു. ദേശീയ തലത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിനുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പുരസ്ക്കാരമാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എന്ന നിലയിൽ എം ഭാസ്ക്കരൻ ഏറ്റുവാങ്ങിയത്. സിപിഐ എം നേതാവ് എന്ന നിലയിൽ കോർപ്പറേഷൻ പരിധിയിലും പരിസരപ്രദേശങ്ങളിലും പാർട്ടി സ്വാധീനം ശക്തമാക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ടി രാമനുണ്ണിയാണ് എം ഭാസ്ക്കരനെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഭാസ്ക്കരൻ അറിയപ്പെടുന്ന കലാ- സാംസ്കാരിക പ്രവർത്തകനുമായിരുന്നു. യുവജന കലാസമിതിയുടെ നാടകങ്ങളിൽ സ്ത്രീ വേഷത്തിലൂടെയാണ് തുടക്കം.

ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന അദ്ദേഹത്തെ സെക്രട്ടറിയേറ്റിൽ നിന്ന് മാറ്റി നിർത്തുന്നതിൽ കലാശിച്ചത് പാർട്ടിയിലെ വിഭാഗീയതയായിരുന്നു. കരുവിശ്ശേരി ലോക്കൽ സമ്മേളനം തർക്കം കാരണം നിർത്തിവെക്കേണ്ടി വന്ന സംഭവമാണ് എം ഭാസ്ക്കരനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും മാറ്റി നിർത്തുന്നതിൽ കലാശിച്ചത്. അനാരോഗ്യം കാരണമാണ് അദ്ദേഹത്തെ മാറ്റി നിർത്തുന്നതെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റിൽ പ്രവർത്തിച്ച ശേഷം ഇപ്പോൾ ഒഴിയുന്നത് പുതുമുഖങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാണെന്ന് അദ്ദേഹവും പറഞ്ഞു. പ്രായമായതിനാൽ പഴയതുപോലെ സംഘടനാ ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്നില്ല. അതല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ജില്ലയിലെ മുഴുവൻ ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളും സുഗമമായി നടന്നപ്പോൾ എം ഭാസ്ക്കരന്റെ പ്രവർത്തന കേന്ദ്രമായ കരുവിശ്ശേരി ലോക്കൽ സമ്മേളനം നിർത്തിവെക്കേണ്ടിവന്നത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിച്ചു. ലോക്കലിലെ വിഭാഗീയത നേതൃത്വത്തെ ധിക്കരിച്ച് മത്സരത്തിലേക്ക് നീങ്ങുമെന്നായപ്പോളാണ് സമ്മേളനം അന്ന് നിർത്തിവെച്ചത്. അഞ്ചു പേർ പാർട്ടി പാനലിനെതിരായി മത്സരിക്കുമെന്നായപ്പോഴായിരുന്നു സമ്മേളനം നിർത്തിവെച്ചത്. പിന്നീട് രാഷ്ട്രീയ രംഗത്ത് നിന്നും പതിയെ മാറി നിന്ന എം ഭാസ്ക്കരൻ പിന്നീട് രോഗബാധിതനുമായി.

സിപിഐഎം നേതാവും മുൻ കോഴിക്കോട് മേയറുമായ എം. ഭാസ്കരന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവജനപ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനമാരംഭിച്ച അദ്ദേഹം കോഴിക്കോടിന്റെ പൊതുജീവിതത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും തൊഴിലാളികളെയും ജനങ്ങളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

കോഴിക്കോട് നഗരവികസനത്തിന് വലിയ സംഭാവന നൽകിയ എം ഭാസ്കരൻ മികച്ച സഹകാരി കൂടിയായിരുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അനുസ്മരിച്ചു. കോഴിക്കോടിന്റെ വികസനകാര്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നു മുൻ മേയർ എം. ഭാസ്കരൻ എന്ന് ഗതാഗത മന്ത്രി എ കെ. ശശീന്ദ്രൻ അനുസ്മരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP