Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു കുളിർക്കാറ്റ്: ജാസ്മിൻ സമീറിന്റെ പ്രണയാക്ഷരങ്ങൾക്ക് ഇഖ്ബാൽ കണ്ണൂർ ഈണമിടുമ്പോൾ

ഒരു കുളിർക്കാറ്റ്: ജാസ്മിൻ സമീറിന്റെ പ്രണയാക്ഷരങ്ങൾക്ക് ഇഖ്ബാൽ കണ്ണൂർ ഈണമിടുമ്പോൾ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഷാർജ ഇന്ത്യൻ സ്‌ക്കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിൻ സമീറിന്റെ പ്രണയാക്ഷരങ്ങൾക്ക് ഇഖ്ബാൽ കണ്ണൂർ ഈണമിടുമ്പോൾ സഹൃദയ മനസുകൾക്ക് സംഗീതത്തിന്റേയും ദൃശ്യാവിഷ്‌കാരത്തിന്റേയും വേറിട്ട അനുഭവമാണ് ലഭിക്കുന്നത്.

സർഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ജാസ്മിൻ തന്റെ പേര് അന്വർഥമാക്കുന്ന തരത്തിൽ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസുകളിൽ ഇടം കണ്ടെത്തിയതോടൊപ്പം പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങൾ നടത്തിയാണ് മുന്നേറുന്നത്.

ജാസ്മിന്റെ രചനയിൽ പിറന്ന ഭക്തി ഗാന ആൽബം ജന്നത്ത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ആദ്യ ആൽബമായ ഒരു കുളിർക്കാറ്റ് എന്ന ആൽബമാണ് ഇപ്പോൾ സഹൃദയലോകം ഏറ്റെടുത്തിരിക്കുന്നത്. ആറ്റിക്കുറുക്കിയ വരികളിൽ പ്രണയം നിറച്ച ജാസ്മിന്റെ വരികളെ തികഞ്ഞ വൈകാരിക നിറവിലാണ് ഇഖ്ബാൽ കണ്ണൂർ അവതരിപ്പിക്കുന്നത്. ആവർത്തിച്ചാവർത്ത് കേൾക്കേണ്ട വരികൾ മനസിൽ പ്രേമത്തിന്റേയും അനുരാഗത്തിന്റേയും മഴ പെയ്യിക്കുന്നുവെന്നതാണ് ആൽബത്തിന്റെ വിജയം.


എന്നോടുക്കുവാൻ വൈകിയതെന്തേ
ഒരു കുളിർക്കാറ്റായ് തഴുകിയതെന്തേ

രാപ്പാടി കിളിയായ് എന്നെ വിളിച്ചിട്ടും
രാസാത്തിപ്പെണ്ണായ് എൻ കനവിൽ വന്നിട്ടും വൈകിയതെന്തേ
ആരോമലേ

പൊൻ നിലാവു തൻ ചേലുകാരീ
ഹൃദയത്തുടിപ്പിൽ താളം നീയേ
ചിരിച്ചു പ്രസാദിച്ച നിൻ വദനം
വീണ്ടും എന്നിലേക്കടുപ്പിക്കുന്നു

നിൻ സൗന്ദര്യം നിത്യം നുകരുവാനായ്
എൻ നയനങ്ങൾ സദാ കൊതിപ്പൂ
എൻ ജന്മം സാഫല്യമണിയിച്ച നീ
എൻ കണ്ണിലെ അതിസുന്ദരി നീ

പ്രണയിനികളുടെ മനസിന്റെ സൗന്ദര്യവും ഉന്മാദവുമുമൊക്കെ അനുഭവവേദ്യമാകുന്ന വരികൾ പലരേയും കാൽപനികതയുടെ അതിരുകളില്ലാത്ത ലോകത്ത് ജീവിതത്തിന്റെ നിറമുള്ള ചില ഏടുകളിലൂടെ സഞ്ചരിപ്പിക്കുന്നതാണ്.

എന്നോട് അടുക്കുവാൻ വൈകിയതെന്തേ എന്ന മനോഹരമായ ഗാനം പ്രണയിനികളും കാമുകരും മാത്രമല്ല സഹൃദയലോകം മൊത്തം മൂളാൻ തുടങ്ങിയിരിക്കുന്നു. ഇഖ്ബാൽ കണ്ണൂർ സംഗീതം നൽകി ആലപിച്ച നാവിൻതുമ്പിൽ നിന്നും മായാതെ തത്തിക്കളിക്കും ഇമ്പമാർന്ന ഒരു പ്രണയ ഗാനമാണിത്. ഏത് പ്രായത്തിലായാലും പ്രണയം ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ജീവിതത്തിനു വസന്തം നൽകുന്ന അപൂർവ സൗഭാഗ്യം. കാലഭേദമില്ലാതെ,പ്രായഭേദമില്ലാതെ മനുഷ്യ മനസ്സുകളെ തൊട്ടുണർത്തുന്ന മധുര വികാരം. അതിനാൽ ആൽബത്തിലെ ഓരോ വരികളും സഹൃദയംലോകം ഏറ്റെടുത്തു കഴിഞ്ഞു. ആൽബത്തിലുടനീളമുള്ള ജാസ്മിൻ സമീറിന്റെ സാന്നിധ്യവും ഇഖ്ബാൽ കണ്ണൂർ പാടി അഭിനയിക്കുന്നതും കണ്ണിനും കാതിനും ഇമ്പമേകുന്ന സർഗസദ്യയൊരുക്കുന്നു.

കാൽനൂറ്റാണ്ടിലേറെ കാലമായി സംഗീത രംഗത്ത് സജീവമായ ഇഖ്ബാൽ ഒരു സകലകലാവല്ലഭനാണ് . മൂവായിരത്തിലധികം പാട്ടുകൾക്ക് ഓർക്കസ്ട്ര ചെയ്ത അദ്ദേഹം നിരവധി പാട്ടുകൾ പാടുകയും അഭിനയിക്കുകയും സംഗീതം നിർവഹിക്കുകയുമൊക്കെ ചെയ്താണ് സംഗീത സപര്യയിൽ സജീവമായി നിലകൊള്ളുന്നത്. സൗണ്ട് എഞ്ചനീയർ മുതൽ ബാക്ക് ഗ്രൗണ്ട് സ്‌കോർ വരെ മനോഹരമായി ചെയ്യുന്ന ഇഖ്ബാൽ ഒരു നല്ല ഗായകനും അഭിനേതാവും കൂടിയാണെന്ന് ഈ ആൽബം സാക്ഷ്യപ്പെടുത്തും.

പ്രണയാതുരമായ വരികളും, ആലാപനവും ആകർഷകമായ ചിത്രീകരണവും ആൽബത്തെ സവിശേഷമാക്കുന്നു. സെഡ് മീഡിയയുടെ ബാനറിൽ നൗഷാദ് കണ്ണൂർ നിർമ്മിച്ച ആൽബത്തിന്റെ ഷൂട്ട് ആൻഡ് എഡിറ്റ് നിർവഹിച്ചിരിക്കുന്നത് ഷാജി തമ്പാനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP