Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നീണ്ട മൂക്കുള്ള ക്ലാസിക്കൽ ഡാൻസ് അറിയുന്ന പാട്ടുപാടാനറിയുന്ന ഒരുപാട് പെൺകുട്ടികളുടെ ഇമെയിലുകൾ വന്നിരുന്നു; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ പറയുന്നതിങ്ങനെ

നീണ്ട മൂക്കുള്ള ക്ലാസിക്കൽ ഡാൻസ് അറിയുന്ന പാട്ടുപാടാനറിയുന്ന ഒരുപാട് പെൺകുട്ടികളുടെ ഇമെയിലുകൾ വന്നിരുന്നു; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ പറയുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സ്വന്തം ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണം എന്ന് തുറന്ന് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ സങ്കല്പത്തിലെ വധുവിനെ കുറിച്ച് താരം വാചാലനായത്. വിവാഹം നടന്നില്ല എങ്കിലും പരിഭവമില്ലെന്നും താരം വ്യക്തമാക്കി. എങ്കിലും സ്വന്തമായി അഭിപ്രായം ഉണ്ടാകുന്ന, വിവാദങ്ങളിൽ തളരാതിരിക്കുന്ന, എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

22ാം വയസിൽ ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തി. ഇവിടേക്ക് വന്നത് കരിയർ മനസിൽ കണ്ടായിരുന്നു. അതുകൊണ്ട് അതിൽ കൂടുതൽ ശ്രദ്ധിച്ചു. സങ്കൽപ്പങ്ങളെ കുറിച്ചാണെങ്കിൽ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോൾഡായിരിക്കുക, വിവാദങ്ങളിൽ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. സ്വാഭാവികമായും പ്രണയം തോന്നിയിട്ടുണ്ട്. അതൊന്നും റിലേഷൻഷിപ്പിലേക്ക് നീങ്ങിയിട്ടില്ല.

‘ജീവിതത്തിലെ ഏറ്റവും ഇന്ററസ്റ്റിങ് ആയ പ്രായത്തിലൂടെയാണ് കടന്നുപോകുന്നത്. അതിലെ ചെറിയ ഒരു കാര്യം മാത്രമാണ് വിവാഹം. ജീവിതത്തിൽ പ്രണയത്തിന് ചാൻസുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാൻ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസർഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാൽ അത് ഗംഭീരമാണെന്നും വൈകി നടന്നാൽ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ല. വിവാഹം ഏതെങ്കിലും പ്രത്യേക പ്രായത്തിൽ നടക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്നും നടന്നില്ലെങ്കിലും പരിഭവമൊന്നുമില്ല.

പുരുഷനേക്കാൾ സ്ത്രീ കരുത്തയാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മൾട്ടി ടാസ്‌കിങ് അവർക്ക് സാധ്യമാകുന്നത്. എന്റെ അമ്മ തന്നെ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകൽ മുഴുവൻ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികൾക്കെങ്കിലും അവർ ട്യൂഷനെടുക്കും. ട്യൂഷൻ കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും.

ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ആഗ്രങ്ങളും സങ്കൽപ്പങ്ങളും ഉണ്ടാകും. ഇതെന്റെ സങ്കൽപ്പങ്ങളാണ്. എന്ന് വിചാരിച്ച് മറ്റുള്ളവരെ താഴ്‌ത്തിക്കാണുകയോ അവരോട് താത്പര്യക്കുറവോ ഇല്ല’ ,ഉണ്ണി മുകുന്ദൻ പറയുന്നു. നീണ്ട മൂക്കുള്ള ക്ലാസിക്കൽ ഡാൻസ് അറിയുന്ന പാട്ടുപാടാനറിയുന്ന പെൺകുട്ടികളോടാണ് താത്പര്യമെന്ന് മുൻപൊരിക്കൽ പറഞ്ഞിരുന്നു. അതിനുശേഷം ഈ സങ്കൽപ്പത്തിലുള്ള ഒരുപാട് പെൺകുട്ടികളുടെ ഇമെയിലുകൾ വന്നെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കാറ്റഗറൈസ് ചെയ്ത് സിനിമകൾ ചെയ്യുന്ന ആളല്ല താനെന്നും പ്രത്യേക തരം സിനിമകൾ തന്നെ വേണമെന്ന് നിർബന്ധവുമില്ലെന്നും ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ പറയുന്നു.

ഏത് തരം സിനിമകളും ചെയ്യും. ക്ലിന്റ് ചെയ്തിട്ടുണ്ട്. അതേസമയം കെ.എൽ 10 പത്തും ചെയ്തു. ആക്ഷൻ കിട്ടിയപ്പോൾ ആക്ഷനും ചെയ്തു. അതുപോലെ ന്യൂജൻ സിനിമ, മാസ് സിനിമ എന്ന വ്യത്യാസവുമില്ല. ഏത് സിനിമയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അതാണ് എന്റെ കാഴ്ചപ്പാടിൽ നല്ല സിനിമ. ഇതിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ റൊമാന്റിക്കാവും തിരഞ്ഞെടുക്കുകയെന്നും താരം പറയുന്നു. മലയാള സിനിമ താങ്കളെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നും പ്രേക്ഷകർക്ക് അങ്ങനെ തോന്നിയെങ്കിൽ അത് തനിക്ക് ലഭിച്ച കോംപ്ലിമെന്റാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

1987 സെപ്റ്റംബറിൽ മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശ്ശൂരിലാണ് ഉണ്ണി മുകുന്ദന്റെ ജനനം. ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ എന്നാണ് യഥാർത്ഥ നാമം. ഉണ്ണി മുകുന്ദന്റെ അച്ഛന് ഗുജറാത്തിലായിരുന്നു ജോലി എന്നതിനാൽ ഉണ്ണി പഠിച്ചതും വളർന്നതും അവിടെയായിരുന്നു. 2002- ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ഉണ്ണി മുകുന്ദൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് ഉണ്ണി മുകുന്ദന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിങ് എന്ന ചിത്രത്തിൽ നായകനായി. മല്ലുസിങ്ങിന്റെ വലിയ വിജയം ഒരുപിടി സിനിമകളിൽ നായകവേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് പിന്നീട് അവസരമൊരുക്കി. അവയിൽ ഭൂരിപക്ഷം ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് 2014- ൽ ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഉണ്ണി മുകുന്ദൻ നായകനായി. ആ സിനിമ വലിയ വിജയമാകുകയും ഉണ്ണി മുകുന്ദന്റെ അഭിനയം നിരൂപക പ്രശംസനേടുകയും ചെയ്തു. തുടർന്ന് നായകനായും ഉപനായകനായും വില്ലനായുമെല്ലാം മുപ്പതിലധികം സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. 2017- ൽ ക്ലിന്റ് എന്ന സിനിമയിൽ ക്ലിന്റിന്റെ അച്ഛന്റെ മുപ്പത്തി അഞ്ച് വയസ്സുമുതൽ എഴുപത്തി അഞ്ച് വയസ്സുവരെയുള്ള പ്രായത്തിലുള്ള വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ക്ലിന്റിലെ അഭിനയം ഉണ്ണി മുകുന്ദന് നേടിക്കൊടുത്തു.

ഉണ്ണി മുകുന്ദന്റെ തെലുങ്കു സിനിമയിലേയ്ക്കുള്ള പ്രവേശനം ജനത ഗാരേജ് എന്ന ചിത്രത്തിലൂടെയായിരുന്നു. വില്ലൻ വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ അഭിനയിച്ചത്. 2018- ൽ അനുഷ്ക ഷെട്ടി നായികയായ ഭാഗ്മതി- യിൽ അനുഷ്കയുടെ ജോടിയായി അഭിനയിച്ചു. 2019- ൽ മമ്മൂട്ടി നായകനായ മാമാങ്കം (2019) സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ അച്ചായൻസ്, ചാണക്യതന്ത്രം, എന്നീ സിനിമകളുൾപ്പെടെ അഞ്ചോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അച്ചായൻസിൽ ഒരു ഗാനം എഴുതിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP