Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിനിക് നടത്തിപ്പിൽ പങ്കാളി ആയിരുന്ന യെമൻ സ്വദേശി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ട് കൊലപാതകം; 70 ലക്ഷം രൂപ കൊടുത്താൽ മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം; ഗോത്ര വർഗ്ഗം കൂടി സമ്മതിച്ചാൽ പണം കൈമാറിയാൽ വധശിക്ഷ ഒഴിവാക്കും; യെമിനിൽ നിമിഷ പ്രിയയെ രക്ഷിക്കാൻ മധ്യസ്ഥ ചർച്ച സജീവം

ക്ലിനിക് നടത്തിപ്പിൽ പങ്കാളി ആയിരുന്ന യെമൻ സ്വദേശി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ട് കൊലപാതകം; 70 ലക്ഷം രൂപ കൊടുത്താൽ മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം; ഗോത്ര വർഗ്ഗം കൂടി സമ്മതിച്ചാൽ പണം കൈമാറിയാൽ വധശിക്ഷ ഒഴിവാക്കും; യെമിനിൽ നിമിഷ പ്രിയയെ രക്ഷിക്കാൻ മധ്യസ്ഥ ചർച്ച സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാൻ യെമൻ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥർ ചർച്ച നടത്തും. യുവതിയുടെ ജയിൽ മോചന ശ്രമങ്ങൾക്കായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് നീക്കം. തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം, മലയാളികളായ ബാബു ജോൺ, സജീവ് എന്നിവരാണ് മദ്ധ്യസ്ഥ ചർച്ചക്കുള്ള ശ്രമങ്ങൾ നടത്തുന്നത്. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതാണ് മധ്യസ്ഥ ചർച്ചകൾക്ക് തടസം. അയൽരാജ്യമായ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി മുഖേനയാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.

യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. തലാലിന്റെ ഗോത്രമായ അൽ സുവൈദി ഗോത്ര നേതാക്കളുമായാണ് ചർച്ച നടത്തുക. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കൾ മുഖേനയാണ് സാഹചര്യം ഒരുങ്ങിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മോചനത്തിന് സാധ്യത ഒരുങ്ങും. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബം മാത്രമല്ല കുടുംബ ഗോത്രവും മാപ്പ് നൽകണമെന്നാണ് യെമനിലെ സാഹചര്യം. 70 ലക്ഷം രൂപ മോചനദ്രവ്യം നൽകേണ്ടി വരും. ഗോത്ര നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം അൽ ബെയ്ദ ഗവർണ്ണറേറ്റിലുള്ള തലാലിന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തും. ജേഷ്ഠനുമായി ആദ്യഘട്ട ചർച്ചകൾ നടത്താനാണ് തീരുമാനം. ഫലം കാണുമെന്നാണ് പ്രതീക്ഷ.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ എന്ന യുവതിയുടെ വധശിക്ഷ റദ്ദാക്കിക്കിട്ടാനും മോചനം സാധ്യമാക്കാനും വേണ്ടി ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അടങ്ങുന്ന ആക്ഷൻ കമ്മറ്റി രൂപീകരിച്ചിരുന്നു. 2017 ലാണ് നിമിഷ പ്രിയയുടെ ശിക്ഷയിലേക്ക് നയിക്കുന്ന സംഭവം നടക്കുന്നത്. നിമിഷ പ്രിയയും അവർ നടത്തിയ ക്ലിനിക്കിന്റെ പങ്കാളിയുമായ യെമനി യുവാവുമായുണ്ടായ പ്രശ്‌നങ്ങളാണ് യെമനി യുവാവിന്റെ മരണത്തിലേക്ക് നയിക്കപ്പെടുകയും യുവതി കേസിൽ പെടുകയും ചെയ്തത്. യെമനിലെ യുദ്ധസാഹചര്യത്തിൽ കേസ് നടത്തിപ്പിനെ കാര്യമായി ബാധിച്ചു.

ഡിസംബറിൽ കീഴ്‌ക്കോടതി പ്രസ്താവിച്ച വിധിശിക്ഷ വിധി അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കളെ കണ്ട് മാപ്പപേക്ഷിച്ച് വിധിയിൽ നിന്നും മോചനം നേടാനാണ് യെമനിൽ നിമിഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരുടെ ശ്രമം. നിമിഷ പ്രിയക്ക് ഭർത്താവും ഏഴ് വയസ്സുള്ള പെൺകുട്ടിയും പ്രായമായ അമ്മയുമാണ് നാട്ടിലുള്ളത്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയാണ് ഇത് വരെ കുടുംബം നിമിഷ പ്രിയക്ക് വേണ്ടി പ്രവർത്തിച്ചത്. സ്ഥലം എംപി രമ്യാ ഹരിദാസ്, എംഎൽഎ കെ.ബാബു, മുൻ എംപി എം.ബി. രാജേഷ്, കെ.വി അബ്ദുൽ ഖാദർ എംഎൽഎ, കെ.വരദരാജൻ, പി.ടി. കുഞ്ഞിമുഹമ്മദ്, എം വി നികേഷ് കുമാർ എന്നിവർ രക്ഷാധികാരികളും, ആക്ഷൻ കൗൺസിൽ മോണിറ്ററിങ്ങ് കമ്മറ്റിയായി അഡ്വ. വൈ .എ റഹീം, മുസ്സ മാസ്റ്റർ, ആസാദ് എം തിരുർ എന്നിവരെയും തിരഞ്ഞെടുത്തു. ഇതിന് ശേഷമാണ് നീക്കങ്ങൾക്ക് വേഗം കൈവന്നത്.

നിമിഷ പ്രിയയുടെ അപ്പീലിൽ തീരുമാനം എടുക്കും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. യമൻ പ്രസിഡന്റ് ആണ് അപ്പീൽ പരിഗണിക്കുന്ന ജുഡീഷ്യൽ കൗണ്‌സിലിന്റെ അധ്യക്ഷൻ. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കുക, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു നിമിഷയുടെ അപ്പീൽ. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമൻ പൗരന്റെ ക്രിമിനൽ സ്വഭാവവും കണക്കിൽ എടുക്കണമെന്ന് ഹർജിയിൽ പറയുന്നു. യമനി പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. മകളെ കൊലക്കയറിൽ നിന്നും രക്ഷിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് നിമിഷയുടെ അമ്മ മേരി.

കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യം നൽകി മകളെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് ഇനിയുള്ള വഴി. എഴുപത് ലക്ഷം രൂപായാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത് എറണാകുളത്തെ ഒരുവീട്ടിൽ സഹായിയായി ജോലിനോക്കുന്ന മേരിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ശിക്ഷാവിധിക്കെതിരെ കോടതിയിൽ ഇനിയും അപ്പീൽ നൽകാൻ അവസരമുണ്ട്. ഇത് പരിഗണിക്കുന്നതിന് മുമ്പായി എഴുപത് ലക്ഷം രൂപാ കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബത്തിന് നൽകി ഒത്തു തീർപ്പിലെത്തണം. ക്ലിനിക് നടത്തിപ്പിൽ പങ്കാളി ആയിരുന്ന യെമൻ സ്വദേശി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. തലാൽ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് നിമിഷ പ്രിയ സഹായം തേടി നേരത്തെ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറയുന്നു. പാസ്പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP