Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്ലാവനയിലെ കടവിൽ കടത്ത് മുടങ്ങിയാൽ പൂയംകുട്ടിയിലെ കുഞ്ചിപ്പാറ ആദിവാസി ഊരുനിവാസികൾ ഒറ്റപ്പെടും; അത്യാഹിതം വന്നാൽ ഉറ്റവരെയും കൊണ്ട് കുണ്ടും കുഴിയും താണ്ടി കിലോമീറ്ററുകളോളം ഓടണം; റോഡ് തരാം..പാലം തരാം..കറണ്ട് തരാം എന്നീ വാഗ്ദാനങ്ങളൊക്കെ വോട്ട് തട്ടാനുള്ള പൊടിക്കൈകൾ മാത്രം; ഊരുനിവാസികളുടെ സങ്കടം പറച്ചിൽ കേൾക്കാൻ ആർക്കുണ്ട് താൽപര്യം

ബ്ലാവനയിലെ കടവിൽ കടത്ത് മുടങ്ങിയാൽ പൂയംകുട്ടിയിലെ കുഞ്ചിപ്പാറ ആദിവാസി ഊരുനിവാസികൾ ഒറ്റപ്പെടും; അത്യാഹിതം വന്നാൽ ഉറ്റവരെയും കൊണ്ട് കുണ്ടും കുഴിയും താണ്ടി കിലോമീറ്ററുകളോളം ഓടണം; റോഡ് തരാം..പാലം തരാം..കറണ്ട് തരാം എന്നീ വാഗ്ദാനങ്ങളൊക്കെ  വോട്ട് തട്ടാനുള്ള പൊടിക്കൈകൾ മാത്രം; ഊരുനിവാസികളുടെ സങ്കടം പറച്ചിൽ കേൾക്കാൻ ആർക്കുണ്ട് താൽപര്യം

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം: ചിലപ്പോഴൊക്കെ ഉറ്റവരുടെ ജഡം ചുമക്കേണ്ടിവന്നിട്ടുണ്ട്. മറ്റു ചിലപ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മഞ്ചലിൽ കിടത്തി കുണ്ടും കുഴിയും താണ്ടി കിലോമീറ്ററുകളോളം ഓടിയിട്ടുണ്ട്. റോഡ് തരാം .. പാലം തരാം ..കറണ്ട് തരാം എന്നൊക്കെ പറഞ്ഞ് പലരും വന്നു. ഒന്നും നടപ്പിലായില്ല. ഞങ്ങളുടെ കഷ്ടപ്പാടുകൾ കാണാൻ ആരുമില്ലെന്ന അവസ്ഥയാണിപ്പോൾ. ദുരിത പർവ്വം താണ്ടിയുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് പൂയംകൂട്ടി വനമേഖലയിലെ കുഞ്ചിപ്പാറ ആദിവാസി ഊരു നിവാസികളുടെ സങ്കടംപറച്ചിൽ ഇങ്ങനെ.

കോതമംഗലത്തു നിന്നും 35 കിലോമീറ്റർ അകലെ ഉൾവനത്തിൽ കഴിയുന്ന ഇവർ അതിജീവനത്തിനായുള്ള പോരാട്ടവും വെല്ലുവിളികളുമെല്ലാം മറുനാടനോട് പങ്കുവയ്ക്കുന്നു.

പൂയംകൂട്ടി ബ്ലാവനയിലെത്തി, പെരിയാറിന്റെ കൈവഴിയായ പൂയംകൂട്ടി പുഴ കടന്ന് വനപാതയിലൂടെ എട്ട് കിലോമീറ്ററോളം പിന്നിട്ടാൽ കുഞ്ചിപ്പാറയിലെത്താം. ബ്ലാവനയിലെ കടത്തുകടവാണ് ഊരുനിവാസികൾക്കും സമീപ പ്രദേശങ്ങളിലെ നാട്ടുകാർക്കും പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക ഗതാഗതമാർഗ്ഗം. ഇവിടെ ജംഗാർസർവ്വീസ് നിലവിലുണ്ട്. ഇതുവഴിയാണ് ജീപ്പും ബൈക്കുമുൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അക്കരെ ഇക്കരെ എത്തിക്കുന്നത്. വർഷകാലത്ത് കുത്തൊഴുക്കിനെത്തുടർന്ന് ഈ കടത്തുകടവുവഴി ഗതാഗതം നിലയ്ക്കുക പതിവാണ്. ഇതോടെ വനമേഖലയിലെ ആദിവാസി ഊരുകൾ ബാഹ്യലോകത്തുനിന്നും ഒറ്റപ്പെട്ടസ്ഥിതിയിലാവും.

സുഗമമായ ഗതാഗതം സാധ്യമാക്കുന്ന റോഡ്, തൊട്ടടുത്ത് ആവശ്യമായ ചികത്സ സംവിധാനം, ബ്ലാവനക്കടവിൽ പാലം, സാധ്യമാവുമെങ്കിൽ വൈദ്യുതിയും. ഇതാണ് ഊരുനിവാസികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. ഗതാഗത സൗകര്യമില്ലാത്തിനാൽ അടുത്തിടെ ആത്മഹത്യ ചെയ്ത ഊരുനിവാസിയുടെ ജഡം ഉറ്റവർ ചുമന്നാണ് വാഹനം എത്തുന്നിടത്തുവരെ കൊണ്ടുപോയതെന്ന് ഊരുമൂപ്പൻ പൊന്നപ്പൻ പറഞ്ഞു.

പാലവും നേരാംവണ്ണമുള്ള റോഡും ഇല്ലാത്തിനാൽ ജീപ്പിലായാൽപ്പോലും കോളനിയിൽ നിന്നും അവശനിലയിലായ രോഗിയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ രണ്ട് മണിക്കൂറിലേറെ സമയം വേണ്ടിവരും. ഇത്രയും സമയം ഉറ്റവർ അനുഭവിക്കേണ്ടിവരുന്ന മനോവേദന പറഞ്ഞറിയിക്കാനാവില്ല. ഗർഭിണികൾ മാർഗ്ഗമധ്യേ പ്രസവിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മൂപ്പൻ പറഞ്ഞു.

തനതായ പാരമ്പര്യചികിത്സ വേണ്ടവണ്ണം ഫലിക്കുന്നില്ല. അതിനാൽ കൂട്ടത്തിലെ വലിയൊരുവിഭാഗം ആധുനിക ചികത്സ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവിൽ ഇത്തരം ചികിത്സാ സംവിധാനം ലഭ്യമാവണമെങ്കിൽ കുട്ടമ്പുഴയിലോ കോതമംഗലത്തോ എത്തണമെന്നതാണ് സ്ഥിതി. ഇക്കാര്യത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നുമാണ് ഊലെ കാണിക്കാരൻ അല്ലിയുടെ ആവശ്യം. ഊരിന്റെ ദുസ്ഥിതിയിൽ താനും ആശങ്കയിലാണെന്ന് ആശവർക്കർ ശിവകാന്തിയും പ്രതികരിച്ചു.

ദശാബ്ദങ്ങൾക്ക് മുമ്പ് ബ്ലാവനയിൽ നിന്നും കുഞ്ചിപ്പാറ വരെയായിരുന്നു വാഹനഗതാഗതം സാധ്യമായിരുന്നത്.പിന്നീട് പടിപടിയായിട്ടാണ് ഉൾവനത്തിലെ വാരിയെ കോളനിവരെ വരെ പാത നീട്ടിയിത്. കഷ്ടി ഒരു ജീപ്പിനുപോകാവുന്ന വീതിയുള്ള റോഡ് ഒട്ടുമുക്കാൽ ഭാഗവും കുണ്ടും കുഴിയുമായി കിടക്കുകയാണ്. വാരിയം,തേര, തലവെച്ചപാറ, കുഞ്ചിപ്പാറ എന്നിങ്ങിനെ പ്രധാനമായും 4 ആദിവാസി ഊരുകളാണ് കടത്തിനക്കരെ വനത്തിൽ സ്ഥിതിചെയ്യുന്നത്.വാരിയത്തുനിന്നും ജീപ്പിൽ ബ്ലാവനവരെ എത്താൻ ചുരുങ്ങിയത് മൂന്നുമണിക്കൂറെങ്കിലും വേണ്ടിവരും.ഇതുവഴി സഞ്ചരിക്കണമെങ്കിൽ ഫോർവീൽ വാഹനങ്ങൾ തന്നെ വേണം.

സംരക്ഷിത വനമേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്.പാലത്തിന്റെ ഒരുഭാഗം വരുന്നതും വനമേഖലയിലാണ്.അതുകൊണ്ട് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ റോഡിൽ ടാറിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താനും പാലം നിർമ്മിക്കാനും കഴിയില്ല. ചികത്സാ കേന്ദ്രങ്ങൾക്കുള്ള സ്ഥല സൗകര്യങ്ങൾക്കും കേന്ദ്രം കനിയണം.ഈ സ്ഥിതിയിൽ ആരോഗ്യപ്രവർത്തകർ ഊരുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് പ്രാവർത്തികമാക്കാൻ കഴിയുന്ന മാർഗ്ഗം.നിലവിലെ സാഹചര്യത്തിൽ ഊരുനിവാസികളുടെ മുറവിളിക്ക് പരിഹാരം കാണേണ്ടത് കേന്ദ്രഗവൺമെന്റാണെന്നും ഇതിനായി രാഷ്ട്രീയക്കാർ കക്ഷി-രാഷ്ട്രീയമന്യേ ഒന്നായി പരിശ്രമിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP