Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്ത്രീലമ്പടൻ, നികുതിവെട്ടിപ്പുകാരൻ, ശാസ്ത്രവിരുദ്ധൻ'....; കുപ്രസിദ്ധികളുടെ ലിസ്റ്റ് നീണ്ടിട്ടും ട്രംപിന്റെ ജനപ്രീതി ഇടിയുന്നില്ല; യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ ജോ ബൈഡന്റെ ലീഡ് കുറയുന്നു; ശക്തമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ എതിരാളിക്ക് ജയിക്കാവുന്ന അവസ്ഥ; അവസാനദിനങ്ങളിൽ കാര്യങ്ങൾ മാറിമറിയുന്ന 'ഒക്ടോബർ മിറാക്കിൾ' ആവർത്തിക്കുമോ? ഇന്ത്യൻ പുരാണത്തിലെ ബാലിയെപ്പോലെ അത്ഭുതമായി ട്രംപ്

'സ്ത്രീലമ്പടൻ, നികുതിവെട്ടിപ്പുകാരൻ, ശാസ്ത്രവിരുദ്ധൻ'....; കുപ്രസിദ്ധികളുടെ ലിസ്റ്റ് നീണ്ടിട്ടും ട്രംപിന്റെ ജനപ്രീതി ഇടിയുന്നില്ല; യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ ജോ ബൈഡന്റെ ലീഡ് കുറയുന്നു; ശക്തമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ എതിരാളിക്ക് ജയിക്കാവുന്ന അവസ്ഥ; അവസാനദിനങ്ങളിൽ കാര്യങ്ങൾ മാറിമറിയുന്ന 'ഒക്ടോബർ മിറാക്കിൾ' ആവർത്തിക്കുമോ? ഇന്ത്യൻ പുരാണത്തിലെ ബാലിയെപ്പോലെ അത്ഭുതമായി ട്രംപ്

എം മാധവദാസ്

'അവസാനം നിമിഷം വരെ അനിശ്ചിത്വം ഒളിപ്പിക്കുന്ന ജനത'- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവെ അങ്ങനെയാണ് പറയാറ്. നമ്മുടെ നാട്ടിലെപ്പോലെയല്ല, അവസാന നിമിഷം നടക്കുന്ന ഒരു പ്രസംഗംപോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2012ൽ ബറാക്ക് ഒബാമയും മിറ്റ് റോംനിയും തമ്മിലെ മൽസരം നോക്കുക. അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പലയിടത്തും ഒബാമ വീഴുമെന്നും അഭിപ്രായം ഉയർന്നകാലം.ഒക്ടോബറിൽ അമേരിക്കയിൽ ''സാൻഡി'' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സ്ഥാനാർത്ഥികൾ അവരുടെ പ്രചാരണ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചു. വൻ നാശനഷ്ടങ്ങൾ ഇല്ലാതെ ചുഴലിക്കാറ്റിനെ നേരിട്ടതിൽ ഒബാമ മിടുക്ക് കാണിച്ചു എന്ന് പൊതുജനാഭിപ്രായം ഉയർന്നു. ജനവിധി ഒബാമക്കൊപ്പമായി. 2016ലെ ഹിലരി ക്ലിന്റൻ ,ഡോണൾഡ് ട്രംപ് മൽസരം നോക്കുക. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഒക്ടോബർ 7-നു കുപ്രസിദ്ധമായ ''ഹോളിവുഡ് ആക്സസ്'' സംഭാഷണ ശകലം പുറത്തായി. ഇതോടെ ഹിലരി ക്ലിന്റൺ തീർച്ചയായും അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രപതി ആകുമെന്ന് പലരും കരുതി. എന്നാൽ, ഒക്ടോബർ 27-നു സ്വകാര്യ ഇമെയിൽ കേസിൽ തുടരന്വേഷണ പ്രഖ്യാപനം വന്നു. ജനവിധി ട്രംപിനൊപ്പം നിന്നു.

എല്ലാ അഭിപ്രായ സർവേകളിലും പിന്നിട്ടുനിന്ന ട്രംപാണ് കയറിവന്നത് എന്നോർക്കണം. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒക്ടോബറിൽ ഇത്തരം അൽഭുദങ്ങൾ പതിവാണ്. ജനവിധി ആകെ മാറ്റിമറിക്കുന്ന സംഭവങ്ങൾ. ഒക്ടോബർ സർപ്രൈസ് എന്നാണ് അത് പൊതുവെ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ നവംബർ 3നുള്ള തെരഞ്ഞെടുപ്പിൽ ഇനിയുള്ള ദിവസങ്ങളിലെ സർപ്രൈസുകൾ നിർണ്ണായകമാണ്.

ഇപ്പോൾ നോക്കുക, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കിൽ ട്രംപിന് ഇപ്പോഴും ജയിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്ന് ബൈഡന്റെ പ്രചാരണ മാനേജർ ജെൻ ഒ മെല്ലി ധില്ലൻ തന്നെ സമ്മതിക്കുന്നു. വിധി നിർണയിക്കാവുന്ന 14 സംസ്ഥാനങ്ങളിൽ ബൈഡന് ലീഡ് നേരിയതാണെന്നാണ് ഡെമൊക്രാറ്റുകളെ അസ്വസ്ഥപ്പെടുത്തുന്നത്.'അലസമായി ഇരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും', -ബൈഡന്റെ പ്രചരണ മാനേജർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട ചെയ്തു.അനിശ്ചിതത്വം നിലനിർത്തുന്ന സംസ്ഥാനങ്ങളാവും തെരഞ്ഞെടുപ്പ് വിധിയിൽ നിർണായകമാകുകയെന്ന് ട്രംപിന്റെ മാനേജർ പറഞ്ഞു. ന്യൂ കരോലിന, മിന്നോസെറ്റ, അരിസോണ, ഫ്‌ളോറിഡ, പെൻസൽവാലിയ, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതുന്നു.ഇനി ഒക്ടോബർ 22 ന് വ്യാഴാഴ്ച നടക്കുന്ന നേരിട്ടുള്ള സംവാദം ഇരുവർക്കും നിർണ്ണായകമാവും.

നവംബറിലെ ആദ്യ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ആ ദിവസം നവംബർ മൂന്ന് ആണ്. എന്നാൽ കോവിഡ് ഭീതിമൂലം ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ഈ വർഷം തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യുന്നത്. 3 കോടിയിലേറെ യുഎസ് വോട്ടർമാർ ഇതിനോടകം തപാൽ വോട്ട് വഴി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് കഴിഞ്ഞു.

ബാലിയെപ്പോലെ ട്രംപ്!

ഇന്ത്യൻ പുരാണത്തിലെ ബാലിയുടെ കഥപോലെ വരം കിട്ടിയ വ്യക്തിയാണ് ഡൊണാൾട്രംപ് എന്നുതോനുന്നു. എതിരാളിയുടെ പകുതി ശക്തി യുദ്ധത്തിനിടെ ട്രംപിന് വന്നുചേരും. ട്രംപ് തോറ്റ് തുന്നം പാടേണ്ട തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അദ്ദേഹത്തിന്റെ ഭ്രാന്തൻ നയങ്ങൾമൂലം അമേരിക്ക തകർച്ച നേരിടുകയാണ്. കോവിഡിൽ അനാസ്ഥയുടെ വിലയായി പതിനായിരങ്ങൾ മരിച്ചു. മാന്യമായി പൊതുവേദികളിൽ സംസാരിക്കാൻ പോലും കഴിയാത്ത വ്യക്തിയാണ് ട്രംപ് എന്ന് പരക്കെ വിലയിരുത്തപ്പെട്ടു. ലോകത്തിലെ ഏറ്റവും അപകടകാരികളായ നേതാക്കളുടെ ലിസ്റ്റ് എടുത്ത ബിബിസി സർവേയിൽ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോക്ക് തൊട്ടു പിറകിൽ രണ്ടാമതായി രംഗത്ത്് എത്തിയത് ട്രംപാണ്. തികഞ്ഞ സ്ത്രീ ലമ്പടൻ, അശാസ്ത്രീയവാദി, കോപ്പിയടിച്ച് പാസായവൻ, പ്രസിഡന്റായിട്ടുപോലും മരിയാദക്ക് നികുതി ഒടുക്കാത്തവൻ...ട്രംപിന്റെ കുപ്രസിദ്ധികളുടെ ലിസ്റ്റ് നീളുകയാണ്. വേറൊരു നേതാവാണെങ്കിലും ഈ തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടുമെന്ന് ഉറപ്പാണ്. പക്ഷേ ഇപ്പോൾ യുഎസ് തെരഞ്ഞെടുപ്പിന്റെ അവസ്ഥ നോക്കുക.

നേരത്തെ എല്ലാ അഭിപ്രായ സർവ്വെകളിലും വ്യക്തമാകുന്നത് ജോ ബൈഡൻ വിജയിക്കുമെന്നാണ്. എന്നാൽ 2016 ലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആരും ഇതിനെ മുഖവിലക്കെടുക്കാൻ തയ്യാറാകുന്നില്ലെന്ന് അമേരിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്ന് അവസാന നിമിഷം വരെ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹില്ലരി ക്ലിന്റൻ വിജയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അവസാന ദിനങ്ങളിൽ കാര്യങ്ങൾമാറി മറയുകയായിരുന്നു. അന്ന് എൻബിസി ന്യൂസും വാൾട് സട്രീറ്റ് ജേണലും നടത്തിയ അഭിപ്രായ സർവെയിൽ 10 ശതമാനത്തോളം ലീഡ് ഹിലരിക്ക് പ്രവചിച്ചിരുന്നു. ഇപ്പോൾ ഇതേ സർവെ ബൈഡന് 11 ശതമാനത്തിന്റെ ലീഡാണ് പ്രവചിച്ചിരിക്കുന്നത്. പക്ഷേ പതിവുപോലെ അവസാന ദിനങ്ങളിൽ ട്രംപ് കയറിവരികയാണ്. ഇക്കണക്കിന് പോവുകയാണെങ്കിൽ ട്രംപ് കപ്പടിക്കുമെന്ന് കരുതുന്നവരും ഉണ്ട്.നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അഴിമതി, സ്ത്രീവിരുദ്ധത, സ്വജനപക്ഷപാതം, താൻ പോരിമ, ധിക്കാരം, തുടങ്ങി അമേരിക്കപോലെ ലോകത്തെ നയിക്കേണ്ട ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യങ്ങളുടെ കൂമ്പാരമാണ് ട്രംപ്. എന്നിട്ടും അദ്ദേഹത്തിന്റെ ജനപ്രീതി കാര്യമായൊന്നും ഇടിയുന്നില്ല. വ്യക്തിജീവിതത്തിൽ കാര്യമായി ശ്രദ്ധിക്കാത്ത അമേരിക്കൻ ജനതക്ക് അദ്ദേഹത്തിന്റെ സ്ത്രീലമ്പടത്തം വലിയ പ്രശ്നമൊന്നുമല്ല. അതേസമയം കോവിഡ് പ്രതിരോധം പാളി ആയിരങ്ങൾ മരിച്ചത് അവർ അതിഗൗരവമായി എടുക്കുന്നുണ്ട്. എല്ലാ നെഗറ്റീവുകളെയും അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ നേതാവ്. 'ട്രംപ് മിറാക്കിൾ' എന്ന പേരിലാണ് ഫോക്സ് ടെലിവിഷൻ ഈ കഴിവിനെ വിശദീകരിക്കുന്നത്. ലോകത്തിന്റെ പ്രകൃതിസ്നേഹികളും, മനുഷ്യസ്നേഹികളും ഒന്നും ട്രംപ് അമേരിക്കൻ പ്രസിഡന്റായി ഒരിക്കൽ കൂടി വരാൻ ആഗ്രഹിക്കുന്നില്ല. ബുദ്ധജീവികളും എഴുത്തകാരും സാംസ്കാരിക പ്രവർത്തകരും ഒക്കെ അദ്ദേഹത്തിന് എതിരാണ്്. എന്നിട്ടും ട്രംപ് പിടിച്ചു നിൽക്കുന്നു.

ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ നിർണ്ണായകം

അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ വോട്ടുകൾ ഉണ്ട്. ഇതാണ് വിജയം നിർണയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോപ്പുലർ വോട്ട് കൂടുതൽ ലഭിച്ചത് ഹിലരി ക്ലിന്റണായിരുന്നു. 48 ശതമാനം. 46 ശതമാനമായിരുന്നു അന്ന് ട്രംപിന് കിട്ടിയ പോപ്പുലർ വോട്ടുകൾ. എന്നാൽ ഇലക്ടറൽ വോട്ടുകൾ കൂടുതൽ ലഭിച്ചത് ട്രംപിനായിരുന്നു. 306 വോട്ടുകൾ ട്രംപിന് ലഭിച്ചപ്പോൾ ഹിലരിക്ക് ലഭിച്ചത് 232 വോട്ടുകൾ മാത്രമായിരുന്നു. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടത്.2000 മുതൽ അമേരിക്കയിലെ 15 സംസ്ഥാനങ്ങൾ സ്ഥിരമായി ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെ ആണ് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ഇതുവഴി 195 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചുകൊണ്ടിരുന്നത്.

അതേസമയം 21 സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കും വോട്ട് ചെയ്തു. ഇതുവഴി 176 ഇലക്ടറൽ വോട്ടുകളും ലഭിച്ചുകൊണ്ടിരുന്നത്. ബാക്കി 14 സംസ്ഥാനങ്ങളാണ് യഥാർത്ഥത്തിൽ വിധി നിർണയിക്കാറുള്ളത്. ഇതിൽ ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇലക്ടറൽ വോട്ടുകൾ ഉള്ളതാണ്. നോർത്ത് കരോലിന, പെൻസൽവാലിയ, വിസ്‌കോസിൻ, മിച്ചിഗൻ എന്നീ സംസ്ഥാനങ്ങളാണ് 2016 ലെ ട്രംപിന്റെ വിജയത്തിൽ നിർണായകമായത്. അനിശ്ചിതത്വം നിഴലിക്കുന്ന സംസ്ഥാനങ്ങളിൽ ബൈഡന്റെ ലീഡ് വളരെ കുറവാണെന്നതാണ് ഡെമോക്രാറ്റുകളുടെ ആശങ്ക വർധിപ്പിക്കുന്നത്. ഫ്‌ളോറിഡയിൽ 3.9 ശതമാനം വോട്ടുകൾക്കും മിച്ചിഗണിൽ 7.9 ശതമാനം വോട്ടുകൾക്കുമാണ് ബൈഡന്റെ ലീഡ്. പക്ഷേ ഇതൊരു കൺഫർട്ടബിൾ മാജോരിറ്റിയായി പറയാൻ കഴിയില്ല.

കമ്യൂണിസ്റ്റ്- കുടിയേറ്റ വിദ്വേഷം തുറുപ്പ് ചീട്ട്

ട്രംപിന്റെ വിജയരഹസ്യമെന്തെന്ന് ചോദിച്ച് പല അക്കാദമിക പഠനങ്ങളും നടക്കുന്നുണ്ട്. പക്ഷേ ഇതിലൊന്നും യാതൊരു കാര്യവുമില്ല, എത് അവിദഗ്ധനായ രാഷ്ട്രീയ നിരീക്ഷകനും അറിയാവുന്ന ശുദ്ധമായ ഹേറ്റ് പൊളിറ്റിക്സാണ് ട്രംപിന്റെ വിജയരഹസ്യമെന്ന് ന്യൂയോർക്ക് ടൈംസ് ലേഖകൻ ഇയാൻ മക്കി വിലയിരുത്തുന്നു. 'വലതുപക്ഷ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ ടെക്ക്നിക്ക് ആണ് അത്. കുടിയേറ്റക്കാർ ന്യുനപക്ഷങ്ങൾ , കമ്യൂണിസ്റ്റുകാർ എന്നിങ്ങനെയുള്ള ശത്രുക്കളെ എടുത്തു പറയുകയും ഞാൻ തോറ്റാൽ അത് അവരുടെ വിജയമാണെന്ന് പ്രചരിപ്പിക്കാനും ട്രംപിന് കഴിഞ്ഞു. ഹിറ്റ്ലർ ജനപ്രിയൻ ആയതും എതാണ്ട് ഇങ്ങനെയാണ്. യുഎസിൽ 30 ശതമാനത്തോളം ഫിക്സഡ് വോട്ടുകൾ വലതുപക്ഷ ആശയക്കാർക്ക് ഉണ്ട്. അവർ പക്ഷേ സംഘടിതർ അല്ല സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ല. മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമൊക്കെ രാജ്യം തകർക്കുമെന്ന് അവർ വിശ്വസിക്കുന്നു. കമലഹാരീസ് കമ്യൂണിസ്റ്റാണെന്ന ട്രംപിന്റെ പ്രചരണം ശരിക്കും ഈ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള തുറുപ്പചീട്ടാണ ആണ്. '- മക്കി വിശദീകരിക്കുന്നു.

ഇതോടൊപ്പം കറുത്തവർഗക്കാരനായ ജോർജ് ഫളോയിഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾ ക്രമസമാധാന പ്രശ്നമാക്കി ഉയർത്താൻ ട്രംപിനായി. അമേരിക്കയുടെ അഭിമാനം, രാജ്യത്തിന്റെ സുസ്ഥിരത എന്നിവയിൽ വിശ്വസിക്കുന്ന പരമ്പരാഗത വലതുപക്ഷ വിശ്വാസികൾ അങ്ങനെ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ട്രംപിനൊപ്പം നിൽക്കുന്നു.' മതത്തെയും വിശ്വാസത്തെയും കൂട്ടുപിടിക്കാനും ട്രംപ് എപ്പോഴും ശ്രമിക്കാറുണ്ട്. കോവിഡ് കാലത്തും പള്ളികൾ തുറക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞത് വോട്ട് ലക്ഷ്യമിട്ട് തന്നെയാണ്. മതത്തിന്റെ നിശബ്ദമായ പിന്തുണ ഉറപ്പിക്കയാണ് ഇവിടെ ട്രംപ് ചെയ്തത്. ഇത്രയും മോശം വ്യകതി ഇനിയും ജയിക്കുകയാണെങ്കിൽ അത് ലോകത്തിന് മുന്നിലെ മറ്റൊരു ദുരന്തം എന്നേ പറയാന കഴിയൂ.'- നോം ചോംസ്‌ക്കി വിലയിരുത്തുന്നത് ഇങ്ങനെയാണ്. ഇപ്പോൾ ഫ്രാൻസിൽ അദ്ധ്യാപകന്റെ തലവെട്ടിയതടക്കം മുസ്ലിം തീവ്രവാദികൾ നടത്തിയ ചെയ്തികളും റിപ്പബ്ലിക്കൻസ് പ്രചാരണ ആയുധം ആക്കുന്നുണ്ട്. അതോടൊപ്പം സ്‌കാൻഡനേവിയൻ രാജ്യങ്ങിൽ അടക്കം കുടിയേറ്റം മൂലം സംഭവിച്ച കാര്യങ്ങളും. ഇത് ജോർജ് ഫ്ളോയിഡ് കൊലപാതകവുമായി കൂട്ടിക്കെട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണം മുന്നേറുന്നത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ ക്രമസമാധാന നിലതകരാറിലാക്കിയെന്നും ഇതിന് ആഹ്വാനം ചെയ്തത് ജോ ബൈഡനാണെന്നുമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം.

അതിനിടെ ഇസ്രയേൽ യുഎഇ കരാറിന് ഇടനിലക്കാരനായി നിന്നതും ട്രംപിന്റെ കീർത്തി കുട്ടി. ഒരു അറബ് രാഷ്ട്രം ഇസ്രയേലന്റെ സൗഹൃദ രാഷ്ട്രമായത് ലോക സമാധാനത്തിൽ നിർണ്ണായകമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ട്രംപിനെ പരിഗണിപ്പിക്കാൻ പോലും നീക്കം നടന്നിരുന്നു. പക്ഷേ ഇത് വലിയ രീതിയിൽ റിപ്പബ്ലിക്കുകന്മാർ പ്രചരിപ്പിക്കുന്നുണ്ട്. തങ്ങൾ ലോക പൊലീസാണെന്ന് വിശ്വസിക്കുന്ന ശരാശരി വലതുപക്ഷ അമേരിക്കക്കാരുടെ വോട്ട് കിട്ടാൻ ഇത് ധാരാളം മതി. എന്നാൽ കോവിഡ് 19ആണ് ഡെമോക്രാറ്റുകളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം.

മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ പുറത്താക്കൂ

കോവിഡ് പ്രതിരോധത്തിൽ ട്രംപ് അമ്പേ പാളിയാതാണ് ട്രംപിന് ഏറ്റവും വലിയ തിരിച്ചടിയായത്. കോവിഡിനെ തുടക്കം മുതലേ നിസ്സാരവത്ക്കരിക്കുന്ന സമീപനമാണ് ട്രംപ് എടുത്തത്. മാസ്‌ക്് ധരിക്കാതെ നടന്നും, വിഡ്ഡിത്തങ്ങൾ പറഞ്ഞും അദ്ദേഹം കോവിഡ് പടർത്തി. പതിനായിരങ്ങൾ മരിച്ച സമയത്ത് ട്രംപിന്റെ പരാജയം ഉറപ്പായിരുന്നു. അതിനിടെയാണ് ജോർജ്ഫളോയിഡിന്റെ കൊലപാതകവും അക്രമവും അരങ്ങേറിയത്.

എന്നാൽ കോവിഡിൽ പിടിച്ചു തന്നെയാണ് ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 'മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ' എന്നാണ് ജോ ബൈഡന്റെ മുദ്രാവാക്യം. ഡൊണാൾഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ ഡോ.സ്‌കോട്ട് അറ്റ്‌ലസ് മാസ്‌കിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. 'മാസ്‌ക് ഉപകാരപ്രദമാണോ ?' അല്ല' എന്നായിരുന്നു ഡോ.സ്‌കോട്ടിന്റെ ട്വീറ്റ്. ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്.നേരത്തെ ട്രംപിന്റെ പല പ്രസ്താവനകളും ട്വിറ്റർ നീക്കം ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ട്രംപ് അടുത്ത മാസങ്ങളിലാണ് മാസ്‌ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഒക്ടോബർ മാസം തുടക്കത്തിൽ കോവിഡ് ബാധിതനായ ട്രംപ് രോഗമുക്തനായ ശേഷം മാസ്‌ക് വലിച്ചൂരിയെറിഞ്ഞ് അണികളെ അഭിസംബോധന ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും ട്രംപ് നടത്തുന്ന പ്രസ്താവനകൾക്ക് പരിഹസിച്ചുകൊണ്ടാണ് ജോ ബൈഡൻ രംഗത്തെത്താറുള്ളത്. കഴിഞ്ഞ ദിവസം ജോ ബൈഡനോട് പരാജയപ്പെട്ടാൽ താൻ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡൻ രംഗത്തെത്തി. പരാജയപ്പെട്ടാൽ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് 'ഉറപ്പാണോ'എന്നാണ് ബൈഡൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.

ജോർജിയയിലെ മകോണിൽ നടന്ന പ്രചരണ റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം. ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയായ ബൈഡനോട് മത്സരിക്കുന്നത് തനിക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ഒപ്പം ബൈഡൻ അധികാരത്തിലേറിയാൽ അമേരിക്കയിൽ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞു.

ജോർജിയയിലും ഫ്ളോറിഡയിലും ട്രംപ് വെള്ളിയാഴ്ച പ്രചരണം നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിനൊപ്പമായിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടർമാർ ട്രംപിനെയല്ല പിന്തുണയ്ക്കുന്നത് എന്നാണ് ന്യൂയോർക്ക് ടൈംസ് സർവേയിൽ പറയുന്നത്.

സംവാദത്തിലും മുന്നിട്ട് നിന്നത് ബൈഡൻ

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായ ടീവി സംവാദങ്ങളാണ് അമേരിക്കയിൽ പലപ്പോഴും വിജയം നിർണ്ണയിക്കാറുള്ളത്. പക്ഷേ ആദ്യ സംവാദത്തിലും മാധ്യമങ്ങൾ മുൻതൂക്കം കൽപ്പിച്ചത് ജോ ബൈഡന് തന്നെയാണ്. ഇപ്പോൾ കേൾക്കുന്നത് അവസാന സംവാദത്തിൽ മ്യൂട്ട് ബട്ടനുണ്ടാകും. ആദ്യം സംവാദത്തിൽ ഇരുവരും രൂക്ഷമായി ഏറ്റുമുട്ടുകയും ബൈഡന്റെ സംസാരത്തിനടയ്ക്ക് കയറി ട്രംപ് സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ ഇടയ്ക്കു കയറി സംസാരം തടസപ്പെടുത്തുന്നത് തടയാനാണ് മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തുന്നത്. കോവിഡ് മൂലം രണ്ടാമത്തെ സംവാദം വിർച്വലായി നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഓൺലൈൻ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് അറിയിച്ചതോടെ ഈ പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കുകയായിരുന്നു.

ബൈഡനേയും മോഡറേറ്ററേയും ട്രംപ് തുടർച്ചയായി ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. അതേസമയം മ്യൂട്ടൻ ബട്ടൻ ഉൾപ്പെടുത്തിയതിനെതിരെ ട്രംപിന്റെ കാംപെയിൻ ടീം രംഗത്തെത്തി. ടെന്നിസി സംസ്ഥാനത്തെ നാഷ് വില്ലെയിൽ ഒക്ടോബർ 22നാണ് അവസാനവട്ട പ്രസിഡൻഷ്യൽ സംവാദം. ഒരു സ്ഥാനാർത്ഥിയുടെ മൈക്ക് മറ്റേയാൾ സംസാരക്കുമ്പോൾ ഓഫാക്കും. ഡിബേറ്റിൽ ഇരു സ്ഥാനാർത്ഥികൾക്കും ആദ്യം 15 മിനുട്ട് വീതം നൽകും. പിന്നീടുള്ള സമയം ഇരുവരുടേയും മൈക്ക് ഓണാക്കും - പ്രസിഡൻഷ്യൽ കമ്മീഷൻ ഓൺ ഡിബേറ്റ്സ് അറിയിച്ചു. ജോ ബൈഡന്റെ കാംപെയിൻ ടീം ഇതിനോട് പ്രതികരിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ചത്തെ സംവാദ വിഷയങ്ങളിൽ ടീം ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. എന്തായാലും ഈ സംവാദത്തിലൂടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ വംശജരുടെ പിന്തുണ ബൈഡനെന്ന് സർവേ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെുപ്പിൽ ഇന്ത്യൻ അമേരിക്കക്കാർക്ക് പ്രിയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെയാണെന്ന് സർവേകള്ൾ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 70 ശതമാനം പേരാണ് ബൈഡന് വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നത്. അതേസമയം, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി കാണാൻ ആഗ്രഹിക്കുന്നവർ 22 ശതമാനം പേർ മാത്രമാണ്. 2020ലെ ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റിയൂഡ് സർവേയുടേതാണ് കണ്ടെത്തൽ.സെപ്റ്റംബറിലെ ആദ്യ 20 ദിവസങ്ങളിൽ നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്ത 936 ഇന്ത്യൻ അമേരിക്കക്കാരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകൾ. മുൻകാല പഠനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ വംശജർക്ക് ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ചായ്വ് പ്രകടമാണ്. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 56 ശതമാനംപേർ തങ്ങൾ ഡെമോക്രാറ്റുകളാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 15 ശതമാനം പേരാണ് റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളാണെന്ന് വ്യക്തമാക്കിയത്.

വോട്ട് ചെയ്യുന്നതിൽ യുഎസ്-ഇന്ത്യ ബന്ധം ഒരു വലിയ ഘടകമായി പരിഗണിക്കുന്നില്ലെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഡെമോക്രാറ്റുകൾക്ക് കുടുതലായി കഴിയുമെന്നാണ് ഭൂരിഭാഗത്തിന്റെ വിശ്വാസം. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ ആഫ്രിക്കൻ വംശജ കമല ഹാരിസിനെ അവതരിപ്പിച്ചത് ഇന്ത്യൻ വംശജരെ ഡെമോക്രാറ്റുകളോട് അടുപ്പിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു. കാലിഫോർണിയ സെനറ്ററായ കമല ഹാരിസ് ആഗസ്റ്റിൽ അമ്മ തമിഴ്‌നാടുകാരിയായ ശ്യാമള ഗോപാലനെക്കുറിച്ചും ഇഡ്ഡലി, മസാല ദോശ ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത് ഇന്ത്യൻ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു.

രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യൻ വംശജർ. 2016 തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരിൽ 91 ശതമാനം പേരും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റനാണ് വോട്ട് ചെയ്തത്. ഇക്കുറി അവർ ബൈഡനായി വോട്ടു ചെയ്‌തേക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. എല്ലാ മത വിശ്വാസികൾക്കും ട്രംപിനേക്കാൾ ബൈഡനോടാണ് പ്രിയം. എന്നിരുന്നാലും ചില രസകരമായ കണക്കുകൾ കൂടി സർവേ വ്യക്തമാക്കുന്നു. ഹിന്ദുക്കളേക്കാൾ (67 ശതമാനം) മുസ്ലീങ്ങളാണ് (82 ശതമാനം) ഡെമോക്രാറ്റിക് പാർട്ടിയെ ശക്തമായി പിന്തുണക്കുന്നത്. എന്നാൽ ക്രിസ്ത്യാനികളിൽ 45 ശതമാനത്തിന്റെ പിന്തുണ ട്രംപിനുണ്ട്. ഇന്ത്യൻ വംശജരായ പുരുഷന്മാരിൽ 69 ശതമാനവും സ്ത്രീകളിൽ 68 ശതമാനവും ബൈഡനെ പിന്തുണക്കുന്നു. 24 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും മാത്രമാണ് ട്രംപിനെ പിന്തുണക്കുന്നത്.

ഇത്തവണത്തെ ഒക്ടോബർ സർപ്രൈസ് കഴിഞ്ഞോ?

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിനം അടുക്കുമ്പോൾ നാടകീയതകളാണ് എപ്പോഴും കാണാറുള്ളത്. തിരഞ്ഞെടുപ്പ് വർഷങ്ങളിലെ പ്രധാന നാൾ വഴികളിൽ ഒന്നാണ് ''ഒക്ടോബർ സർപ്രൈസ്''. നവംബർ ആദ്യവാരമുള്ള തിരഞ്ഞെടുപ്പ് ദിവസത്തോടു വളരെ അടുത്തു മുൻകൂട്ടി ആസൂത്രണം ചെയ്തതോ ആകസ്മികമായി നടക്കുന്നതോ ആയ സംഭവങ്ങൾ വിജയ പരാജയങ്ങളെ സ്വാധീനിക്കാറുണ്ട്. എങ്ങനെയാണു നമ്മൾ വോട്ട് ചെയ്യുന്നത് എന്നതിനെ പല ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്. നാം വളരെ ശ്രദ്ധാപൂർവം എടുക്കുന്ന തീരുമാനങ്ങളിൽ പോലും, അവസാന ദിനങ്ങളിലെ സംഭവ വികാസങ്ങൾ സാധാരണയിലധികം മാറ്റങ്ങളുണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ എല്ലായിടത്തും ചർച്ച ഒക്ടോബർ സർപ്രൈസിനെ കുറിച്ചാണ്. അത് കഴിഞ്ഞുവെന്നും ചിലർ വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് അനുസരിച്ചു ട്രംപ് കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ പത്തു വർഷങ്ങളിലും നികുതി അടച്ചിട്ടില്ല എന്ന ആരോപണം ഈ വർഷത്തെ ഒക്ടോബർ സർപ്രൈസ് ആകുമെന്ന് കരുതിയിരുന്നെങ്കിലും, അപ്രതീക്ഷിതമായി കോവിഡ് ബാധിതനായ ട്രംപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് വാർത്തകളിൽ നിറഞ്ഞു നിന്നത്. ആശുപത്രി വാസത്തിനു ശേഷം ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുകയും, ഔദ്യോഗിക ഉത്തരവാദിത്തങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. ട്രംപിന്റെ അടുത്ത ദിവസങ്ങളിലെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തേക്കുള്ള ജഡ്ജ് എമി കോണി ബാരറ്റിന്റെ നിയമനമാണ്.

തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ആയിരുന്നു ഐതിഹാസിക ജസ്റ്റിസ് റൂഥ് ബേഡർ ഗിൻസ്ബെർഗിന്റെ വിയോഗം. ഗിൻസ്ബെർഗിന്റെ ഇരുപത്തിയേഴു വർഷത്തെ പ്രശംസാർഹമായ സേവനം ലക്ഷക്കണക്കിന് ജീവിതങ്ങൾ മാറ്റിമറിച്ചു. വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടാണ് ജസ്റ്റിസ് ഗിൻസ്ബെർഗ് ആദ്യം ശ്രദ്ധേയയായത്. ലിംഗവിവേചനങ്ങൾക്കെതിരെയുള്ള പ്രധാന ചുവടുവയ്‌പ്പുകളിൽ ഒന്നായിരുന്നു ഈ വിധി. വിവാഹ സമത്വത്തിലും, കുടിയേറ്റക്കാരുടെയും, ഭിന്നശേഷിക്കാരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും ജസ്റ്റിസ് ഗിൻസ്ബെർഗിന്റെ സ്വാധീനം ശ്രദ്ധേയമാണ്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ നികത്താനാവാത്ത നഷ്ടമാണ് ജസ്റ്റിസ് ഗിൻസ്ബെർഗിന്റെ മരണം.

എന്നാൽ ഇത് രാഷ്ട്രീയപരമായി നിർണായകമായ നിമിഷങ്ങളിൽ ഒന്ന് കൂടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സുപ്രീം കോടതിയിൽ ഒരു സീറ്റ് ഒഴിവു വന്നതിനാൽ പുതിയ ജസ്റ്റിസിനെ നാമനിർദ്ദേശം ചെയ്യാനുള്ള അവസരം ട്രംപിന് ലഭിച്ചിരിക്കുകയാണ്. അമേരിക്കൻ ജനപ്രതിനിധി സഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ളതിനാൽ നാമനിർദ്ദേശം നിയമനമായി മാറുമെന്നത് ഏറെക്കുറെ ഉറപ്പാണ്. കോവിഡ് ഭീതിമൂലം ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ഈ വർഷം സാധാരണയിൽ നിന്നു വ്യത്യസ്തമായി തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യുന്നത്. തപാൽ വോട്ടെടുപ്പിന്റെ വിശ്വാസ്യത ട്രംപ് ചോദ്യം ചെയ്യുകയും നവംബറിൽ താൻ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും റിപ്പബ്ലിക്കൻ പാർട്ടിയുടെ മൂല്യങ്ങളോട് അടുത്ത് നിൽക്കുന്ന എമി ബാരെറ്റിന്റെ നിയമനം ഉറപ്പാക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രധാനപെട്ടതാണ്. ജീവിതാവസാനം വരെ തുടരാവുന്ന സുപ്രീം കോടതിയിലെ ജസ്റ്റിസ് പദവിയിൽ നാൽപത്തി ആറാം വയസ്സിൽ ജഡ്ജ് എമി ബാരെറ്റ് എത്തിയാൽ പതിറ്റാണ്ടുകളോളം വിധി പ്രസ്താവങ്ങളിൽ ''ജസ്റ്റിസ് എമി ബാരെറ്റ്'' നിർണായകമാകും.

ഒക്ടോബർ അവസാനിക്കാൻ ഇനിയും പത്തുദിവസം ബാക്കി. അവസാന നിമിഷ അത്ഭുതങ്ങളോ ആശ്ചര്യങ്ങളോ ഇല്ലെങ്കിൽ നിലവിലെ സ്ഥിതിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിക്കും എന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. അവസാനഘട്ടത്തിൽ അതിശക്തമായി തിരിച്ചുവരുന്ന ട്രംപ് എന്നത് ഇത്തവണയും അവർത്തിക്കുമോ. കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP