Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

64 വർഷം മുമ്പ് അംബേ​ദ്കർ 3,65,000 പേരുമായി മതം മാറിയ അതേ ​​ദിവസം ബുദ്ധമതം സ്വീകരിച്ചത് 236 പേർ; കാലം മാറിയിട്ടും ദളിതരോടുള്ള കാഴ്‌ച്ചപ്പാട് മാറാതെ ഇന്ത്യൻ സമൂഹം

64 വർഷം മുമ്പ് അംബേ​ദ്കർ 3,65,000 പേരുമായി മതം മാറിയ അതേ ​​ദിവസം ബുദ്ധമതം സ്വീകരിച്ചത് 236 പേർ; കാലം മാറിയിട്ടും ദളിതരോടുള്ള കാഴ്‌ച്ചപ്പാട് മാറാതെ ഇന്ത്യൻ സമൂഹം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ ഹിന്ദുമതം വിട്ട് ബുദ്ധമതത്തിൽ അഭയം തേടിയത് സവർണ വിഭാ​ഗത്തിന്റെ അവ​ഗണനയും അനീതിയും സഹിക്ക വയ്യാതെ. ഒക്ടോബർ 14നായിരുന്നു ഗസിയാബാദിലെ കരേരാ ഗ്രാമത്തിലെ വാൽമീകി സമു​​ദായത്തിലെ 236 പേർ ബുദ്ധമതം സ്വീകരിച്ചത്. 64 വർഷം മുമ്പ് അംബേ​ദ്കർ 3,65,000 പേരുമായി മതം മാറിയതും ഒക്ടോബർ 14നായിരുന്നു. അംബേദ്കറുടെ ഇളയ തലമുറയിൽ പെട്ട രാജരത്‌ന അംബേദ്ക്കറിന്റെ നേതൃത്വത്തിലാണ് കരേര ഗ്രാമത്തിലെ വാത്മീകി സമുദായത്തിൽ പെട്ടവരും മതംമാറ്റം നടന്നത്.

ഗസിയാബാദിൽ ഹിൻഡേവൺ എയർ ബേസിന് സമീപത്തെ ചെറിയ ഗ്രാമമാണ് കാരേര. ഇവിടെ ജാതിയും അയിത്തവും പ്രകടമാണെന്നാണ് ദി പ്രിന്റ് പോലെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സവർണ്ണർ വൃത്തിയും വെടിപ്പുമുള്ള വിശാലമായ ഇടത്തെ വലിയ വീടുകളിൽ കഴിയുമ്പോൾ വാൽമീകികൾക്ക് വൃത്തിയില്ലാത്തതും തുറന്ന ഓടകളുമുള്ള മോശമായ രണ്ടുമുറി വീടുകളുമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രാമത്തിലെ ചൗഹാന്മാരിൽ നിന്നും അയിത്തം നേരിടുന്ന സാഹചര്യം മുൻ നിർത്തിയാണ് ദളിത് വിഭാ​ഗത്തിലുള്ളവർ മതപരിവർത്തനത്തിന് വിധേയരായത്. ഗ്രാമത്തിൽ ഭൂരിപക്ഷം ചൗഹാന്മാർക്ക് ആണ്. എണ്ണത്തിൽ കുറവായതിനാൽ ഇവർ വാൽമീകി സമുദായത്തോട് കടുത്ത വിവേചനമാണ് നടത്തുന്നത്. ഗ്രാമത്തില മൊത്തം 9,000 ആണ് ജനസംഖ്യ. ഇതിൽ 5000 പേർ ചൗഹാന്മാരാണ്. 2000 പേർ മാത്രമാണ് വാൽമീകി സമുദായത്തിലുള്ളത്. ബാക്കി പുറത്തുള്ളവരാണ്.

യോഗി സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും മൃതദേഹം കത്തിച്ചു കളഞ്ഞത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പറഞ്ഞു. ''ഹിന്ദുക്കൾ തങ്ങളെ അവരുടെ ഭാഗമായി കരുതുന്നില്ല. മുസ്ലീങ്ങൾ ഒരിക്കലും സ്വീകരിക്കുകയുമില്ല. ഹത്രാസ് സംഭവത്തോടെ സംസ്ഥാനത്തിനും തങ്ങളെ വേണ്ടാതായെന്നും അവരിൽ നിന്നും ഒരു സഹായവും കിട്ടാൻ പോകുന്നില്ലെന്നും മനസ്സിലായി.

ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് കൂട്ട മതംമാറ്റം സംഘടിപ്പിച്ചവർ ചോദിക്കുന്നു. '' നിർഭയയ്ക്ക് ഡൽഹിയിലെ ആശുപത്രികളിൽ ഏറ്റവും മികച്ച ചികിത്സ നൽകി. അവരുടെ ജാതി ഒരു മാധ്യമവും എഴുതിയില്ല. ഞങ്ങളുടെ കുട്ടിയെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായിട്ടാണ്. അവരുടെ മൃതദേഹത്തോട് പോലും പൊലീസും ഡോക്ടർമാരും നീതി കാട്ടിയില്ല. മാധ്യമങ്ങളും ആക്ഷേപിക്കുന്നു. താഴ്ന്ന ജാതി പദവിയാണ് എല്ലാറ്റിനും കാരണമെന്ന്'' വാൽമീകി സമുദായത്തിലെ 65 കാരനായ കൃഷിക്കാരൻ പറയുന്നു

സെപ്റ്റംബർ 30 ന് പൊലീസ് ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം ചിതയാക്കിയപ്പോൾ രാത്രിയിൽ കടന്നുപോയ സവർണ്ണർ പറഞ്ഞത് ''ഞങ്ങളുടെ ആൺമക്കളെ തൂക്കിലേറ്റാൻ പോകുന്നു. എന്താ നിങ്ങൾക്ക് സന്തോഷമായോ?'' എന്നായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.ബുദ്ധമതത്തിൽ തങ്ങൾക്ക് വിവേചനം നേരിടേണ്ടി വരില്ലെന്നും ബുദ്ധിസം തങ്ങളോട് നീതി കാട്ടുമെന്നും ഇവർ വിശ്വസിക്കുന്നു.

അതേസമയം ഇത്തരം ഒരു സംഭവമേ ഗ്രാമത്തിൽ നടന്നിട്ടില്ല എന്നാണ് 20 വർഷമായി ഗ്രാമത്തിന്റെ ചുമതലയുള്ള ഹിന്ദു നേതാക്കൾ പറയുന്നത്. ഗ്രാമത്തിലുള്ള ചൗഹാന്മാരിൽ പലർക്കും മതപരിവർത്തനം നടന്നത് അറിഞ്ഞതായേ ഭാവമില്ല. ബ്യൂട്ടി പാർലർ നടത്തുന്ന 43 കാരി ജ്യോതി ചൗഹാൻ പറയുന്നത് താൻ നടത്തുന്ന ബ്യൂട്ടി പാർലറിൽ വാൽമീകി സമുദായത്തിൽ നിന്നുള്ളവരും എത്താറുണ്ടെന്നും എല്ലാവരേയും പോലെയാണ് അവരേയും പരിഗണിക്കുന്നത് എന്നുമാണ്. എന്നാൽ ചൗഹാന്മാർ വാൽമീകികളെ ഗ്രാമത്തിന്റെ ഭാഗമായി കരുതാറില്ലെന്നും ഇവർ പറയുന്നു.

ഗ്രാമത്തിലെ 236 വാൽമീകികൾ മതം മാറിയതായി അറിവില്ലെന്നാണ് ഗ്രാമത്തിൽ കിരാനാ സ്‌റ്റോർ നടത്തുന്ന 28 കാരി പറയുന്നത്. കടയിൽ നിന്നും 100 മീറ്റർ അകലെയായിരുന്നു മത പരിവർത്തനം നടന്നത്. വാൽമീകി സമുദായക്കാരെ തങ്ങളുടെ തെരുവുകളിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന ഇവരുടെ പ്രസ്താവനയും നൽകിയിട്ടുണ്ട്. അവരുടെ മുഖം പോലും കാണാതിരിക്കാനായി അവരുടെ വീടുകൾ ഇരിക്കുന്ന ഇടത്തേക്കുള്ള വാതിലുകൾ പോലും തുറക്കാറില്ലെന്നും പറയുന്നു.

ഗ്രാമത്തിൽ ആര്യസമാജം ശക്തമാണെന്നും തങ്ങൾ വാൽമീകികളെയും ഉൾക്കൊള്ളാറുണ്ട് പിന്നെന്തിനാണ് അവർ ബുദ്ധിസം സ്വീകരിക്കുന്നത്? എന്നും ചോദിക്കുന്നു. അതേസമയം ഇവിടുത്തെ പുതിയ ക്ഷേത്രത്തിൽ വാത്മീകികളെ പ്രവേശിക്കാൻ അനുവദിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ റാഗി കർഷകനായ ഒരാളുമായി സാമൂഹ്യമായി ഇടപെടാൻ നിങ്ങൾ തയ്യാറാകില്ലെല്ലോ എന്നും പിന്നെന്തിന് ഗ്രാമത്തിലുള്ളവർ അങ്ങിനെ ചെയ്യണമെന്നും ചോദിക്കുന്നു.

അതുപോലെ ഓരോ സമുദായത്തിനും സ്വന്തമായി ക്ഷേത്രവും അവരുടേതായ ആചാരങ്ങളുമുണ്ട്. ചൗഹാന്മാർ വാൽമീകികളെ പോലെ കുടിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും പോകാൻ അവരവരുടേതായ ക്ഷേത്രങ്ങളുണ്ടെന്ന് ഇയാൾ പറയുന്നു. ഹത്രാസ് സംഭവം ഉണ്ടാകും വരെ ഗ്രാമത്തിൽ ചൗഹാന്മാർ ജാതി വിവേചനത്തിനുള്ള ഒരവസരവും പാഴാക്കാറില്ലായിരുന്നു എന്നാണ് വാൽമീകികൾ പറയുന്നത്.

ഹത്രാസ് പെൺകുട്ടിയുടെ മരണത്തോടെയാണ് രാജ്യത്തെ ദളിത് പീഡനങ്ങൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. കഴിഞ്ഞ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ഉൾപ്പെടെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ ഇരുപതോളം വകുപ്പുകൾ ചേർത്താണ് കേസ്. കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദർശിക്കാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിക്കൽ, പകർച്ചവ്യാധി തടയൽ നിയമം തുടങ്ങിയ നിയമങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. വികസന പ്രവർത്തനങ്ങൾ വലിതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സംഭവത്തിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ കഴിഞ്ഞ ദിവസം സിബിഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലി​ഗഢിലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടത്. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദർശിച്ചു. ഇരയായ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹത്രാസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവർ വിശദീകരണവുമായെത്തിയത്.

ഈ മാസം 15ന് സിബിഐ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. . പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, അന്വേഷണ സംഘം കണ്ടെടുത്ത വസ്ത്രത്തിലുള്ളത് ചോരക്കറയല്ലെന്നും ചുവന്ന പെയിന്റാണ് എന്നുമാണ് പ്രതിയുടെ കുടുംബാം​ഗങ്ങളുടെ നിലപാട്. കേസിൽ പ്രതികളിൽ ഒരാളായ ലവ് കുഷ് സികർവാർ എന്നയാളുടെ വീട്ടിൽ നിന്നാണ് രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തത്.

സിബിഐ സംഘം നാല് പ്രതികളുടേയും വീട്ടിൽ തെളിവെടുപ്പിന്റെ ഭാഗമായി എത്തിയിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിബിഐ സംഘം പെൺകുട്ടിയുടെ അച്ഛന്റേയും സഹോദരന്റേയും വിശദമായ മൊഴി എടുത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും അമ്മായിയേയും സംഭവം നടന്ന സ്ഥലത്ത് സിബിഐ സംഘം കൊണ്ടുപോയിരുന്നു.

സിബിഐയുടെ കണ്ടെത്തലിനെതിരെ സികർവാറിന്റെ കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്. ലവ് കുഷ് സികർവാറിന്റെ ഇളയ അനുജനായ രവി സികർവാർ പെയിന്റ് പണിക്ക് പോകുന്നയാളെന്നും പെയ്ന്റ് കറയാണ് വസ്ത്രത്തിലുണ്ടായിരുന്നതെന്നുമാണ് ഇവരുടെ മറ്റൊരു സഹോദരനായ ലളിത് സികർവാർ പറഞ്ഞത്. ‘ സിബിഐ രണ്ടര മണിക്കൂറോളൂം സമയം ഞങ്ങളുടെ വീട്ടിൽ പരിശോധന നടത്തി. ചുവപ്പ് നിറം കണ്ട ഒരു വസ്ത്രം അവർ കണ്ടെടുത്തിട്ടുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും അനുജനായ രവിയുടെ വസ്ത്രമാണ് അത്. അവൻ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. സിബിഐ സംഘം കരുതുന്നതുപോലെ അത് രക്തക്കറയല്ല, - ലളിത് സികർവാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP