Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരഞ്ഞെടുപ്പ് കാലത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പടെയുള്ള അഴിമതികൾ പുറത്തു വരാതിരിക്കുന്നതിനാണ് കള്ളക്കളി; തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ്; നിർദ്ദേശം നിയമ വിരുദ്ധമെന്ന് ചെന്നിത്തല

തിരഞ്ഞെടുപ്പ് കാലത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പടെയുള്ള അഴിമതികൾ പുറത്തു വരാതിരിക്കുന്നതിനാണ് കള്ളക്കളി; തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ്; നിർദ്ദേശം നിയമ വിരുദ്ധമെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 -20ലെ ഓഡിറ്റ് തന്നെ നിർത്തിവെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിർദ്ദേശം നിയമ വിരുദ്ധമാണെന്നും നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തുന്ന നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

'ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്റ്റ് പ്രാകരം ഓഡിറ്റ് വകുപ്പിന് ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റാതെ ഒരു ഓഡിറ്റും വേണ്ട എന്ന ഉത്തരവിറക്കാൻ ഓഡിറ്റ് ഡയറക്ടർക്ക് ഒരധികാരവുമില്ല. ഇത്തരത്തിൽ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടിയെടുണം', ചെന്നിത്തല ആവശ്യപ്പെട്ടു. 'കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്ന കിഫ്ബിയിൽ ഓഡിറ്റ് വേണ്ട. കണ്ണൂർ വിമാനത്താവളത്തിന് ഓഡിറ്റ് വേണ്ട. 2019- 20ലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഓഡിറ്റ് വേണ്ട എന്നാണ് തീരുമാനം. ഇത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്. റിപ്പോർട്ട് വന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി മൂടിവെക്കാനുള്ള ശ്രമമാണ് ഉത്തരവിലൂടെ നടന്നത്. ധനകാര്യ വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാൽ മതിയെന്നാണ് പറയുന്നത്.'. ഓഡിറ്റ് നിർത്തിവെക്കുക മാത്രമല്ല ഇതുവരെ ചെയ്ത ഓഡിറ്റിന്റെ റിപ്പോർട്ട് പുറത്തുവരുന്നത് തടയുക കൂടി ചെയ്തിരിക്കുന്നുവന്നും ചെന്നിത്തല ആരോപിച്ചു.

എല്ലാ തലത്തിലും അഴിമതി നടത്തുക മാത്രമല്ല, അത് മൂടി വയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സർക്കാർ ചെയ്യുന്നത്. സ്പ്രിങ്ളർ ഇടപാടിലും പമ്പാ മണൽ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷൻ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്നത്. ഈ സ്ഥാപനങ്ങളിലെ അഴിമതി മൂടിവയ്ക്കാനായി ഇവയുടെ 2019-20 വർഷത്തെ ഓഡിറ്റിങ് തന്നെ നിർത്തി വയ്കാൻ സംസ്ഥാന ഓഡിറ്റ് ഡയറക്ടർ നിർദ്ദേശം നൽകിയിരിക്കുകയാണ്. തട്ടേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിൽ ഉൾപ്പടെയുള്ള അഴിമതിയെല്ലാം മൂടിയവയ്ക്കുന്നതിനാണ് ഈ വിചിത്ര നടപടി. ഓഡിറ്റിങ് നിർത്തി വയ്കുക മാത്രമല്ല ഇതുവരെ നടത്തിയ ഓഡിറ്റിംഗിന്റെ റിപ്പോർട്ടുകൾ പുറത്ത് വിടുന്നത് തടയുകയും ചെയതിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാൽ മതിയെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി ഡയറക്ടറുടെ കത്തിൽ പറയുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ധനകാര്യ കമ്മീഷന്റെ മാർഗ നിർദേശങ്ങളുടെ ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിച്ച് സംസ്ഥാന ഓഡിറ്റിങ് വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്നത്. ഇത് എല്ലാ വർഷവും നടന്നു വരുന്ന സാധാരണ പ്രക്രിയയാണ്. ഓഡിറ്റിങ് നിർത്തി വയ്ക്കേണ്ട ആവശ്യമില്ല. 1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമത്തിൽ (വകുപ്പ് 10) തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക കണക്കുകൾ ലഭിച്ച് ആറു മാസത്തിനകം റിപ്പോർട്ട് പ്രസിദ്ധീകിരക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിന്റെ ലംഘനമാണ് ഈ നിർദ്ദേശം. ഓഡിറ്റ് നിർത്തണമെന്ന നിർദ്ദേശം ലഭിച്ചതിനാൽ 2020 ഏപ്രിൽ മുതൽ ലഭിച്ച കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ല.

മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ ഓഡിറ്റ് മാത്രം നടത്തി റിപ്പോർട്ട് പുറപ്പെടുവിക്കാനുള്ള നീക്കവും നടക്കുന്നു. ഇതും അഴമതി മൂടി വയ്ക്കാനാണ്. ഇതിനുള്ള നിർദ്ദേശം ksa.793/s.s.3/2020 ഉത്തരവ് പ്രകാരം ഓഡിറ്റ് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് കണക്കു പരിശോധന മാത്രമായി ചുരുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വാർഷിക കണക്കുകൾ പരിശോധിച്ച് അതിൽ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ഫിനാൻഷ്യൽ ഓഡിറ്റിംഗിൽ നടക്കുന്നത്. വരവ് ചെലവ് കണക്കുകൾ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികൾ കണ്ടെത്തുന്നതുമെല്ലാം കംപ്ളയിന്റ് ഓഡിറ്റിംഗിലൂടെയും പെർഫോർമൻസ് ഓഡിറ്റിംഗിലൂടെുമാണ്. അതിനാൽ ഇവ ഒഴിവാക്കി ഫിനാൻഷ്യൽ ഓഡിറ്റിങ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ്-ചെന്നിത്തല പറഞ്ഞു.

1994 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമത്തിലും (വകുപ്പ് 2 സി) 1996 ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലും വിശദമായ ഓഡിറ്റാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇത് വരെ നടന്നു വന്നിരുന്നതും അതാണ്. അതാണ് അട്ടിമറിക്കുന്നത്. മാത്രമല്ല കേരളത്തിൽ നൂറു ശതമാനവും ഫിനാൻഷ്യൽ -കംപ്ളയിന്റ് - പെർഫാർമൻസ് ഓഡിറ്റാണ് നടക്കുന്നതെന്ന് കേരളം ഈ വർഷം ഓഗസ്റ്റ് 20 ന് കേന്ദ്രത്തിനയച്ച കത്തിൽ ഉറപ്പ് നൽകിയിട്ടുമുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 20% ഗ്രാമ പഞ്ചായത്തുകളുടെ ഓഡിറ്റിങ് കേ്ന്ദ്ര സർക്കാരിന്റെ 'ഓഡിറ്റ് ഓൺ ലൈൻ' എന്ന ഫ്ളാറ്റ്ഫോം വഴി നൽകണമെന്ന നിബന്ധനയിൽ നിന്ന് സംസ്ഥാനത്തെ ഒഴികാക്ുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ AIMS എന്ന ഫ്ളാറ്റ് ഫോം വഴിയുള്ള ഓഡിറ്റിങ് തുടരാനും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനം കേന്ദ്രത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ഓഡിറ്റിങ് നിർത്തി വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പടെയുള്ള അഴിമതികൾ പുറത്തു വരാതിരിക്കുന്നതിനാണ് ഇത്-ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP