Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റമദാൻ കിറ്റിന് ഇങ്ങോട്ട് വിളിച്ചത് മന്ത്രി ജലീൽ; അലാവുദ്ദീന് ജോലി ഉറപ്പിക്കാൻ ശുപാർശ; യുഎഇയിൽ കേസിൽ പെട്ടയാളെ ഡിപോർട്ട് ചെയ്യാൻ വ്യക്തിപരമായ അപേക്ഷയും നൽകി; ഫോൺ നമ്പർ കാണിച്ചപ്പോഴേ അത് ജലീലിന്റേതാണെന്ന് മൊഴി നൽകിയ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ; സ്വപ്‌നാ സുരേഷിന്റെ മൊഴി കൂടുതൽ കുരുക്കാകുക മന്ത്രി ജലീലിന്; ഗൺമാന്റെ ഫോൺ പരിശോധന നിർണ്ണായകമാകും

റമദാൻ കിറ്റിന് ഇങ്ങോട്ട് വിളിച്ചത് മന്ത്രി ജലീൽ; അലാവുദ്ദീന് ജോലി ഉറപ്പിക്കാൻ ശുപാർശ; യുഎഇയിൽ കേസിൽ പെട്ടയാളെ ഡിപോർട്ട് ചെയ്യാൻ വ്യക്തിപരമായ അപേക്ഷയും നൽകി; ഫോൺ നമ്പർ കാണിച്ചപ്പോഴേ അത് ജലീലിന്റേതാണെന്ന് മൊഴി നൽകിയ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ; സ്വപ്‌നാ സുരേഷിന്റെ മൊഴി കൂടുതൽ കുരുക്കാകുക മന്ത്രി ജലീലിന്; ഗൺമാന്റെ ഫോൺ പരിശോധന നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റ മൊഴി മന്ത്രിക്ക് കുരുക്കാകും. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീൽ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോൺസുലേറ്റിൽ എത്തിയിരുന്നുവെന്നും സ്വപ്ന ഇ.ഡിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

കെ.ടി ജലീലിന്റെ ഫോൺ നമ്പർ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോൾ ഇത് ജലീലിന്റേതാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണിൽ ബന്ധപ്പെട്ടുവെന്നും റമദാൻ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നൽകി. അലാവുദ്ദീൻ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയിൽ കേസിൽ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോർട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം നയതന്ത്ര ചട്ടലംഘനമാണ്. ഇത്തരത്തിൽ കത്ത് നൽകുന്നതും സംഭാവനകൾ ആവശ്യപ്പെടുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് മന്ത്രിക്ക് കുരുക്കായി മാറും.

മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കോൺസുൽ ജനറലിന്റെ ഒപ്പമല്ലാതെ ഒരുതവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വർണക്കള്ളക്കടത്തിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ മന്ത്രിമാരായ കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും പലവട്ടം കോൺസുലേറ്റിൽ വന്നിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയും പുറത്തു വന്നു. മകന്റെ യു.എ.ഇയിലെ ജോലിക്കാര്യം ശരിയാക്കാൻ കോൺസുലേറ്റ് ജനറലിനെ കാണാനാണ് കടകംപള്ളി സുരേന്ദ്രൻ വന്നിരുന്നത്.സ്വപ്നയ്ക്ക് സ്പേസ്പാർക്കിൽ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശയിലാണെന്നും കള്ളക്കടത്തിനെ കുറിച്ച് കോൺസലിന് അറിവുണ്ടായിരുന്നില്ലെന്നുമുള്ള നിർണായക മൊഴിയാണ് സരിത്ത് നൽകിയിരിക്കുന്നത്.

പക്ഷെ കോൺസൽ ജനറലിന്റെ പേരിലും കള്ളക്കടത്ത് കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ട്. അറ്റാഷെയ്ക്ക് കള്ളക്കടത്തിൽ 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്ത് മൊഴി നൽകി.കാന്തപുരം എ.പി അബൂബക്കർ മുസലിയാരും മകൻ അബ്ദുൾ ഹക്കീമും പലവട്ടം കോൺസുലേറ്റ് സന്ദർശിച്ചു. സംഭാവനകൾ സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങാനുമാണ് ഇവർ വന്നതെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു. ഇതും ചട്ടലംഘനമാകാൻ സാധ്യതയുണ്ട്. ഇതും അന്വേഷണ ഏജൻസികൾ പരിശോധിക്കും.

മന്ത്രി കെ.ടി.ജലീലിനെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ നിർണ്ണായക നീക്കം നേരത്തെ തന്നെ നടന്നിരുന്നു. ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ സിഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.കെ.ടി ജലീൽ ഈ ഫോൺ വഴി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സരിത്തിന്റേയും സ്വപ്‌നയുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്.

ചോദ്യം ചെയ്യലിനിടെ മന്ത്രി കെ.ടി ജലീൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴും മൊഴികളിലും വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുടെ ഗൺമാന്റെ ഫോണിന് പുറമെ ഗൺമാന്റെ രണ്ട് സുഹൃത്തുക്കളുടെ ഫോണും കെ.ടി.ജലീൽ ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോൺസുലേറ്റ് വഴിയുള്ള പല കാര്യങ്ങൾക്കും ഔദ്യോഗിക ഫോൺ ഉപയോഗിക്കാതെ ഗൺമാൻ പ്രജീഷിന്റെ ഫോൺ ഉപയോഗിക്കുകയും ഇതിൽ നിന്നും വാട്‌സ് ആപ്പ്, എസ്.എം.എസ് സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൺമാൻ പ്രജീഷിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തത്.

ജലീലിന്റെ നടപടികളിൽ പ്രോട്ടോകോൾ ലംഘനമുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധങ്ങളെ കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി എന്നിവർ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റിപ്പോർട്ടുകളിൽ വ്യക്തമാക്കിയതാണ് വിവരം. ജലീലിന്റെ മൊഴികൾ നേരത്തെ എൻ.ഐ.എ ഡൽഹിയിലേയും ഹൈദരാബാദിലെയും ഓഫീസുകൾക്കു കൈമാറിയിരുന്നു.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസിൽ മന്ത്രിയെ പ്രതിയായേക്കുമെന്നാണ് കസ്റ്റംസിൽ നിന്നും ലഭിക്കുന്ന സൂചന. മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്യേണ്ടെന്ന് നിർദ്ദേശിച്ചത് ജലീലിന് കാര്യങ്ങൾ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയത്. കൂടാതെ ജലീലിന്റെ സ്വത്ത് വിവരങ്ങൾ വിദേശയാത്രകൾ എന്നിവയെ കുറിച്ച് നൽകിയ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വപ്ന വിദേശ യാത്ര നടത്തിയ സമയത്ത് മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, യു.എ.ഇ കോൺസുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP