Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാനും വേണ്ടത് അന്താരാഷ്ട്ര ഏജൻസി; 2520 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കാർഷിക പശ്ചാത്തല വികസന നിധി മുന്നിൽ കണ്ട് ആഗോള ടെൻഡർ വിളിക്കൽ; 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന നൽകുന്നത് കള്ളക്കളിക്കോ?

കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാനും വേണ്ടത് അന്താരാഷ്ട്ര ഏജൻസി; 2520 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കാർഷിക പശ്ചാത്തല വികസന നിധി മുന്നിൽ കണ്ട് ആഗോള ടെൻഡർ വിളിക്കൽ; 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന നൽകുന്നത് കള്ളക്കളിക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാൻ ഇനി പുതു മോഡൽ. സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകൾ ഉണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതല ഏജൻസികളെ ഏൽപ്പിക്കും. ആഗോള ടെൻഡറിലൂടെയാണ് ഏജൻസിയെ കണ്ടെത്തുക. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആവശ്യത്തിന് കാർഷിക വിദഗ്ധരുണ്ടായിരിക്കെ അന്താരാഷ്ട്ര ഏജൻസികൾക്ക് കേരളത്തിന്റെ കാർഷിക ഉത്പാദന മേഖലയിൽ നേരിട്ട് ഇടപെടാൻ വഴിയൊരുക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വ്യാപക വിമർശനത്തിനും വഴി വയ്ക്കും. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ ചർച്ച നടക്കുമ്പോഴാണ് കേരളവും മറ്റൊരു വഴിയിലൂടെ കാര്യങ്ങൾ ചർച്ചയാക്കുന്നത്.

കാർഷിക പശ്ചാത്തല വികസനത്തിന് കഴിഞ്ഞ മെയ്‌ 15-ന് കേന്ദ്രം പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയിൽ കേരളത്തിന് കിട്ടുന്നത് 2520 കോടി രൂപയാണ്. മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പശ്ചാത്തലസൗകര്യം ഒരുക്കാനുമാണ് ഈ തുക. മൂന്നുവർഷം കൊണ്ടാണ് ഈ തുക നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കുറഞ്ഞ പലിശയ്ക്ക് രണ്ടുകോടിവരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നബാർഡ് മുഖേനയാണ് നടപ്പാക്കുന്നത്. വിവിധ ബാങ്കുകളാണ് പണം അനുവദിക്കുക. കേരളത്തിൽ ചെറുകിട ഇടത്തരം കർഷകരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രൂപം കൊടുത്ത സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യത്തെ (എസ്.എഫ്.എ.സി.) ഇതിന്റെ നോഡൽ ഏജൻസിയായി നിയമിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

ആഗോള ടെൻഡർ ക്ഷണിച്ച സർക്കാർ സുതാര്യമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യമാണ് (എസ്.എഫ്.എ.സി.) ഇ-ടെൻഡർ ക്ഷണിച്ചത്. നവംബർ പത്തുവരെ അപേക്ഷിക്കാം. അന്താരാഷ്ട്ര തലത്തിൽ മികവു തെളിയിച്ച കാർഷിക സംരംഭക പ്രോത്സാഹന ഏജൻസികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. കർഷക സംരംഭങ്ങൾക്ക് കാർഷിക വിദഗ്ധരെയും ഉപദേശകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം നൽകേണ്ടത് ഈ ഏജൻസിയായിരിക്കും. ഇപ്പോൾ ഇതെല്ലാം കൃഷിവകുപ്പ് നേരിട്ടാണ് നൽകുന്നത്.

വിളവെടുപ്പിനും വിപണനത്തിനും ഇവർ ഉപദേശ നിർദ്ദേശങ്ങൾ നൽകണം. 21 ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിനെ വളർത്തിയെടുക്കാൻ അനുവദിക്കുക. ഇങ്ങനെ വിവിധ ജില്ലകളിലായി 50 കൂട്ടായ്മകളെങ്കിലും ഉണ്ടാക്കുകയാണ് ലക്ഷ്യം. മൂന്നുവർഷംകൊണ്ട് ആകെ പത്തുകോടി അറുപത്തിമൂന്നു ലക്ഷം രൂപയാണ് ഏജൻസിക്കുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യം താഴേത്തട്ടിൽ 10-20 പേരടങ്ങുന്ന കർഷകതാത്പര്യ കൂട്ടായ്മ ഉണ്ടാക്കും. ഇത്തരം കൂട്ടായ്മകളുടെ ഫെഡറേഷൻ ആണ് കാർഷികോത്പാദക സംഘടന (എഫ്.പി.ഒ.). ഇങ്ങനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന കിട്ടുന്ന തരത്തിലാണ് വ്യവസ്ഥകൾ. അതുകൊണ്ട് തന്നെ കുത്തക കമ്പനികൾക്ക് മാത്രമേ ആഗോള ടെൻഡറിൽ പങ്കെടുക്കാൻ പോലും കഴിയൂ.

ഒരു എഫ്.പി.ഒ.യിൽ 500 മുതൽ 1000 വരെ കർഷകരാണ് ഉണ്ടാകുക. ഇത്തരം എഫ്.പി.ഒ.കളെ ഉണ്ടാക്കിയെടുക്കലാണ് ഏജൻസിയുടെ ചുമതല. കർഷകർക്ക് വായ്പ, കൃഷിയിറക്കാൻ വിത്തുൾപ്പടെയുള്ള സാമഗ്രികൾ തുടങ്ങിയവ എഫ്.പി.ഒ.നൽകും. വിളവെടുപ്പിനും വിൽപ്പനയ്ക്കുമുള്ള സഹായവും നൽകും. മൂന്നുവർഷത്തേക്കാണ് ഒരു ഏജൻസിയുടെ കാലാവധി. കേരളത്തെ അഞ്ചുമേഖലകളായി തിരിക്കും. ഒരു മേഖലയിൽ ഒരു ഏജൻസി എന്ന തോതിലാണ് ഉദ്ദേശിക്കുന്നത്. പ്രൊഫഷണൽ ഏജൻസിയെ കൊണ്ടുവന്ന് മികച്ച രീതിയിൽ കാർഷിക സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോൽപ്പാദനം, ഭക്ഷ്യോൽപ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളർച്ച തുടരുന്ന അപൂർവം മേഖലകളിലൊന്നാണ് കാർഷികരംഗം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് പുതിയ ഇടപെടൽ. കാർഷിക പശ്ചാത്തല വികസന നിധി എന്ന പേരിലാണ് ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വരിക. കേരളത്തിൽ കാർഷികോത്പാദക സംഘടനകൾ (എഫ്.പി.ഒ.) മുഖേന പണം ലഭ്യമാക്കാനാണ് പരിപാടിയെന്ന് ഇത് സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിരുന്നു. എട്ടുശതമാനം പലിശയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും മൂന്നുശതമാനം സബ്സിഡിയുണ്ട്. പദ്ധതിയെ മറ്റ് ഏതെങ്കിലും സബ്സിഡിയുള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാൽ ബാക്കി പലിശയും ഒഴിവായിക്കിട്ടും. ഫലത്തിൽ പലിശരഹിതമായി പണം ലഭ്യമാക്കാനാകുമെന്നാണ്് പ്രതീക്ഷ.

കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ കർഷകർ കൃഷിയിലേക്കും അനുബന്ധ സംരംഭങ്ങളിലേക്കും തിരിഞ്ഞ സാഹചര്യത്തിൽ പുതിയൊരു സാധ്യതയാണ് ഇത് തുറന്നുതരുന്നത്. കേരളത്തിൽ നിലവിലുള്ള 50 കാർഷികോത്പാദന സംഘടനകളെ ശക്തിപ്പെടുത്താനും പുതിയതായി 50 എണ്ണം തുടങ്ങാനും പദ്ധതി തയ്യാറായിട്ടുണ്ട്. ചുരുങ്ങിയത് നൂറുകർഷകരാണ് ഒരു സംഘടനയിൽ ഉണ്ടാകുക. ക്രമേണ ഇത് 500 മുതൽ 1000 വരെ ആക്കണമെന്ന് സംസ്ഥാന കൃഷിവകുപ്പിന്റെ മാർഗരേഖ നിർദ്ദേശിക്കുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന ഇത്തരം 10,000 സംഘനടകൾ മൂന്നുവർഷം കൊണ്ട് രാജ്യത്ത് രൂപവത്കരിക്കണമെന്ന കേന്ദ്രസർക്കാർനയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. താഴെത്തട്ടിൽ 10 മുതൽ 20 വരെ പേരടങ്ങുന്ന കർഷക ഗ്രൂപ്പുകൾ വേണമെന്നും ഇത്തരം പത്തുമുതൽ 50 വരെ ഗ്രൂപ്പുകൾ ചേരുന്നതാകണം ഒരു എഫ്.പി.ഒ. എന്നും മാർഗരേഖ പറയുന്നു.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാലുവീതവും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്നുവീതവും ആലപ്പുഴ, കാസർകോട് ജില്ലകളിൽ രണ്ടുവീതവും തൃശ്ശൂർ ജില്ലയിൽ ആറും എഫ്.പി.ഒ.കൾ രൂപവത്കരിക്കണം. ഓരോ ജില്ലയിലും ഏതൊക്കെ കാർഷികോത്പന്നം അടിസ്ഥാനപ്പെടുത്തിയ എഫ്.പി.ഒ.കൾ ആകാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മേൽനോട്ടത്തിനാണ് ആഗോള ഏജൻസിയെ കണ്ടെത്താനുള്ള നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP