Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകൻ ആശുപത്രിയിൽ ഭക്ഷണം എത്തിച്ച് കൊടുക്കുമ്പോഴും പിതാവിന്റെ മൃതശരീരം തിരിച്ചറിയാനാകാതെ മോർച്ചറിയിൽ കിടന്നത് അഞ്ച് ദിവസം; കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തിയ നടത്തിയ നഴ്‌സിങ് ഓഫീസർക്ക് സസ്പെൻഷനും; ഒരിക്കൽ ലോകം വാഴ്‌ത്തിയ കേരളത്തിലെ ആരോ​ഗ്യ വകുപ്പ് മലയാളിയുടെ മാനം കെടുത്തുന്നത് ഇങ്ങനെ

മകൻ ആശുപത്രിയിൽ ഭക്ഷണം എത്തിച്ച് കൊടുക്കുമ്പോഴും പിതാവിന്റെ മൃതശരീരം തിരിച്ചറിയാനാകാതെ മോർച്ചറിയിൽ കിടന്നത് അഞ്ച് ദിവസം; കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തിയ നടത്തിയ നഴ്‌സിങ് ഓഫീസർക്ക് സസ്പെൻഷനും; ഒരിക്കൽ ലോകം വാഴ്‌ത്തിയ കേരളത്തിലെ ആരോ​ഗ്യ വകുപ്പ് മലയാളിയുടെ മാനം കെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സംസ്ഥാനത്തെ ആരോ​ഗ്യവകുപ്പിന് തീരാകളങ്കമായി മറ്റൊരു സംഭവം കൂടി. കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതശരീരം തിരിച്ചറിയാനാകാതെ മോർച്ചറിയിൽ കിടന്നത് അഞ്ച് ദിവസമാണ്. ഈ ദിവസങ്ങളിലും മകൻ കൃത്യമായി ഭക്ഷണവും വസ്ത്രവും ആശുപത്രി അധികൃതരെ ഏൽപ്പിച്ചിരുന്നു. കൊല്ലം തലവൂർ സ്വദേശി സുലൈമാൻ കുഞ്ഞാണ് മരിച്ചിട്ടും ആരോ​ഗ്യ വകുപ്പിന്റെ അവ​ഗണനക്ക് ഇരയായത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന സുലൈമാൻ കുഞ്ഞ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് 85 കാരനായ സുലൈമാൻ കുഞ്ഞ് കോവിഡ് ബാധിതനാകുന്നത്. തുടർന്ന് ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതായി മകൻ നൗഷാദിനെ ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ചുദിവസവും മകൻ രോഗിക്ക് ഭക്ഷണവും വസ്ത്രവും അടക്കം എത്തിച്ചിരുന്നു.

ആശുപത്രി ജീവനക്കാർ ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു. ബാപ്പ കോവിഡ് മുക്തനായി എന്നറിഞ്ഞ് മകൻ ആശുപത്രിയിൽ എത്തുമ്പോഴാണ് അത് തന്റെ പിതാവ് അല്ലെന്ന് മനസ്സിലാകുന്നത്. 85 വയസ്സുള്ള മറ്റൊരു സുലൈമാൻ ആണ് ചികിൽസയിലുള്ളതെന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ സുലൈമാൻ കുഞ്ഞ് ചികിൽസയിലുള്ളതായി അറിയുന്നത്. എന്നാൽ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ സുലൈമാൻ മരിച്ചിട്ട് അഞ്ചുദിവസമായെന്നും, മൃതദേഹം അജ്ഞാത മൃതദേഹം എന്ന പേരിൽ തള്ളിയതായും മനസ്സിലാക്കുന്നത് എന്ന് നൗഷാദ് പറയുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കോവിഡ് ബാധിതനായ സുലൈമാൻ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും ഐസിയു ഇല്ല എന്ന കാരണം പറഞ്ഞ് മടക്കി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. മേൽവിലാസം രേഖപ്പെടുത്തിയതിലെ പിഴവാണ് അനാസ്ഥയ്ക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

സുലൈമാൻ കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോൾ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ അദ്ദേഹത്തിനായുള്ള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മകൻ നൗഷാദ്. കോവിഡ് രോഗിയായ സുലൈമാൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണെന്നായിരുന്നു ആരോഗ്യവകുപ്പ് കുടുംബത്തെ അറിയിച്ചത്.

സുലൈമാനായി എല്ലാ ദിവസവും മകൻ എത്തിച്ചിരുന്ന ആഹാരവും വസ്ത്രവുമെല്ലാം ആശുപത്രി അധികൃതർ കൈപ്പറ്റുകയും ചെയ്തിരുന്നു. ഒടുവിൽ ഈ മാസം 16 ന് ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം രോഗമുക്തനായ പിതാവിനെ കൂട്ടിക്കൊണ്ടു പോകാൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ മാത്രമാണ് ചികിൽസയിലുണ്ടായിരുന്നത് സുലൈമാൻ എന്നു പേരുള്ള മറ്റൊരാളാണ് എന്ന് അറി‍ഞ്ഞത്. തുടർന്ന് കുടുംബം ബഹളം വച്ചതോടെ നാലു മണിക്കൂർ നേരം നീണ്ട അന്വേഷണത്തിനൊടുവിൽ യഥാർഥ സുലൈമാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഈ മാസം 13ന് തന്നെ മരിച്ചിരുന്നെന്നും ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുയാണ് എന്നും വ്യക്തമായത്.

തലവൂർ എന്ന സുലൈമാന്റെ സ്ഥലപ്പേര് തൈക്കാവൂർ എന്നു ആശുപത്രി രേഖകളിൽ രേഖപ്പെടുത്തിയതാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് വഴിവച്ചത്. കൊല്ലം ജില്ലയിലേ ഇല്ലാത്ത തൈക്കാവൂർ എന്ന സ്ഥലത്തിന്റെ പേരിലാണ് സുലൈമാൻ കുഞ്ഞിന്റെ മരണം ജില്ലാ കലക്ടറുടെ ഫേസ്‌ബുക്ക് പേജിൽ പോലും പ്രത്യക്ഷപ്പെട്ടതും.വീഴ്ച ബോധ്യപ്പെട്ട ശേഷവും ലാഘവത്തോടെയായിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ പെരുമാറ്റമെന്നും ബന്ധുക്കൾ പറയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ലോകമാധ്യമങ്ങൾ പോലും വാഴ്‌ത്തിയ കേരളത്തിലെ ആരോ​ഗ്യ മേഖല കുത്തഴിഞ്ഞു എന്നതിന്റെ നേർ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള ശബ്​ദ സന്ദേശം വിവാ​ദമായിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിങ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഹാരിസിന്റെ മരണത്തെക്കുറിച്ചും ജലജ ദേവി പ്രത്യേകം സൂചിപ്പിക്കുന്നു. 'വാർഡിലേക്ക് മാറ്റാവുന്ന രീതിയിൽ സുഖപ്പെട്ട രോഗി അശ്രദ്ധ മൂലമാണ് മരിച്ചത്. ഡോക്ടർമാർ ഇടപെട്ട് വിവരങ്ങൾ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാൽ മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടതെന്നും ജലജ ദേവി പറയുന്നു. ഇതേ തുടർന്ന് ഇവർക്കെതിരെ ആരോ​ഗ്യ വകുപ്പ് നടപടി എടുക്കുകയായിരുന്നു.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ നഴ്‌സിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. നഴ്‌സിങ് ഓഫീസർ ജലജ ദേവിക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. കോവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശമാണ് ജലജ ദേവിയുടേതായി പുറത്തുവന്നിരുന്നത്. അതേസമയം, പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അതേസമയം, കോവിഡ് രോഗി മരിച്ചെന്ന വെളിപ്പെടുത്തലിൽ ആരോഗ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. വിഷയം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തും നൽകിയിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്‌സിങ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്‌ച്ചകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

അതേസമയം, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് കോവിഡ് രോഗി മരിച്ച സംഭവം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയതിന്റെ ഉദാഹരണമാണിത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP