Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാക്ക

കാക്ക

സിജോയി ഈപ്പൻ ചാലിൽ

രിക്കൽ ഒരിടത്ത് ഒരു കാക്കക്കൂട്ടമുണ്ടായിരുന്നു. ആ ചുറ്റുപാടിൽ തീരെ മോശമല്ലാത്ത കാക്കക്കുടുംബത്തിന്റെ കഥയാണിത്. ആ നാട്ടിലുള്ള ഭേദപ്പെട്ട ഒരു സദ്യാലയതിന്റെ അടുത്ത് തരക്കേടില്ലാത്ത ഉയരമുള്ള ഒരു മരത്തിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്
കാക്കകൾ ദിവസവും രാവിലെ തങ്ങളുടെ കൂട്ടിൽ നിന്ന് താഴേക്ക് പറന്നിറങ്ങി സദ്യാലയതിന്റെ ചുറ്റുമുള്ള ഭക്ഷണശകലങ്ങളും മറ്റും കൊത്തിക്കഴിച്ച് തിരിച്ച് തങ്ങളുടെ കൂട്ടിലെത്തും. എല്ലാ ദിവസവും സുഭിക്ഷമായ ഭക്ഷണം ലഭിച്ചില്ലെങ്കിലും എന്തെങ്കിലും ഒക്കെയായി തങ്ങളുടെ വയറു നിറക്കാനുള്ള ഭക്ഷണം അവർ കണ്ടെത്തുമായിരുന്നു. സന്തോഷകരമായിരുന്നു അവരുടെ ജീവിതം.

അങ്ങനെയിരിക്കുമ്പോൾ അതിൽ ഒരു കാക്കയും അയാളുടെ കാക്കച്ചിയുമായി ഒരു ദിവസം തങ്ങളുടെ സായാഹ്നപറക്കൽ നടത്തുകയായിരുന്നു. അപ്പോഴാണ് കൊക്കുകളുടെ ഒരു കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത്. അവർ കൊക്കിന്റെ കൂട്ടത്തെ കുറെ നേരം വീക്ഷിച്ചു.

കാക്ക കാക്കച്ചിയോടു പറഞ്ഞു ''എന്ത് രസമാണ് അവരെ കാണാൻ, വെളുത്തുമെലിഞ്ഞ എന്ത് സുന്ദരന്മാർ ആണവർ !' അപ്പോൾ കാക്കച്ചി പറഞ്ഞു ' ചേട്ടാ അവർക്ക് മീനിനെ പിടിക്കാനറിയാം, അവർ ദിവസവും മീനിനെ കഴിക്കുന്നതുകൊണ്ടാണ് അവർ ഇങ്ങനെ വെളുത്തുമെലിഞ്ഞു സുന്ദരന്മാർ ആയിരിക്കുന്നത്' അപ്പോൾ കാക്ക ഇങ്ങനെ ചോദിച്ചു ''നമുക്കും ഇനി മീനിനെ മാത്രം കഴിക്കുവാൻ തുടങ്ങിയാലോ?'' 'അതിനു നമുക്ക് മീൻ പിടിക്കുവാൻ അറിയില്ലല്ലോ !' കാക്കച്ചിയുടെ ഉത്തരം ഇതായിരുന്നു, കാക്കച്ചി അതിനു ഒരു ഉപായവും കണ്ടെത്തി. നമുക്ക് അവരുടെ കൂട്ടത്തിൽ ചേർന്ന് മീൻ പിടിക്കാൻ പഠിക്കാം.

അത് നല്ല ബുദ്ധി, അവർ അങ്ങനെ തീരുമാനിച്ച് സ്വന്തം കൂട്ടിലേക്ക് പറന്നു.

പിറ്റേന്ന് കാക്കയും കാക്കച്ചിയും ഈ ആഗ്രഹം തങ്ങളുടെ മാതാ പിതാക്കളെ അറിയിച്ചു. കാക്കയുടെ പിതാവ് പറഞ്ഞു ''അതിന്റെ ഒന്നും ആവശ്യമില്ല,നമുക്ക് ഇവിടെ ആഹാരത്തിനു പഞ്ഞം ഒന്നും തന്നെയില്ല, തന്നെയുമല്ല മറ്റു കാക്കകൾ പലരും നമ്മളെക്കാൾ ചെറുതും ബലമില്ലാത്തതുമായ മരങ്ങളിലാണ് കൂട് കൂട്ടിയിരിക്കുന്നത് , നമുക്ക് തരക്കേടില്ലാത്ത പൊക്കമുള്ള , ബലമുള്ള മരത്തിൽ , കൂട് കൂട്ടാൻ പറ്റി, അത് പോരേ ? അപ്പോൾ കാക്കയും കാക്കച്ചിയും ഒന്നിച്ചു പറഞ്ഞു, ''അതിനു ഞങ്ങൾ ഈ കൂട് വിട്ട് എന്നേയ്ക്കുമായി പോകുന്നില്ല . നമുക്കിപ്പോൾ ആവശ്യം മീൻ പിടിക്കാൻ പഠിക്കണം, മീൻ കഴിച്ച് സുന്ദരനും സുന്ദരിയുമായി ഞങ്ങൾ തിരിച്ചുവരും''. അപ്പോൾ മാതാപിതാക്കൾ പറഞ്ഞു, നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ പൊയി വരൂ, പക്ഷെ ഒത്തിരിക്കാലം കഴിയരുത് മടങ്ങിയെത്താൻ, കാരണം ഞങ്ങളുടെ കാലം കാഴിഞ്ഞാൽ ഈ മരത്തിൽ മറ്റു കാക്കകൾ കൂട് കൂട്ടും _ അപ്പോൾ നിങ്ങളുടെ കൂടില്ലാതെ നിങ്ങൾ വിഷമിക്കും'' മകൻ കാക്കയുടെ ഉത്തരം ഇങ്ങനെയായിരുന്നു , ' മീൻ പിടിക്കുന്നത് പഠിച്ച് ഉടൻ തന്നെ ഞങ്ങൾ തിരിച്ചെത്തും, എന്നിട്ട് മറ്റു കാക്കകളെയും അത് പഠിപ്പിക്കും, എന്നിട്ട് നമുക്കെല്ലാവർക്കും സുന്ദരന്മാരും, സുന്ദരിമാരും ആയി സുഖമായി ജീവിക്കാം''. ഇങ്ങനെ പറഞ്ഞുകൊണ്ട് , കാക്കയും കാക്കച്ചിയും കൂടി കൊക്കുകളുടെ കൂട്ടം ലക്ഷ്യമാക്കി പറന്നകന്നു.

കുറെ പറന്നതിനു ശേഷം അവർ കൊക്കുകളുടെ കൂട്ടത്തെ കണ്ടെത്തി. അവർ കൊക്കുകളുടെ ഇടയിലേക്ക് പറന്നിറങ്ങി. അവസാനം കൊക്കുകളുടെ നേതാവിനെ കണ്ടെത്തി. അപ്പോഴാണ് മറ്റൊരു പ്രശ്‌നം കാക്കകൾ ഓർത്തത്. എങ്ങനെ വന്ന കാര്യം കൊക്കിനെ അറിയിക്കും ? കാരണം കാക്കകൾക്ക് കൊക്കിന്റെ ഭാഷ അറിയില്ലല്ലോ? അവസാനം ആംഗ്യ ഭാഷയിലൂടെ അവർ ഇങ്ങനെ പറഞ്ഞു, ''ഞങ്ങൾ നിങ്ങളുടെ കൂട്ടത്തിൽ ചേരുവാൻ ആഗ്രഹിച്ച് വന്നവരാണ് , സഹായിക്കണം.'' മറ്റു കൊക്കുകളോട് ആലോചിച്ച് ഉത്തരം പറയാമെന്നു കൊക്കുകളുടെ നേതാവ് പറഞ്ഞു.

കൊക്കുകളുടെ കൂട്ടത്തിൽ മൂന്നു സ്വഭാവങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. ഒരു വിഭാഗം പറഞ്ഞു ''അതിനെന്താ, അവരും പക്ഷികൾ, നമ്മളും പക്ഷികൾ, അവർ നമ്മുടെ കൂടെ കൂടിയാൽ എന്താണ് കുഴപ്പം?'' രണ്ടാമത്തെ വിഭാഗം പറഞ്ഞു ''കാക്കകളെ കാണാൻ നമ്മളെ പോലെ അല്ലെങ്കിലും അവർ കഠിനാധ്വാനികളാണ്, കണ്ടില്ലേ!, അവർ പരിസരം ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നത്? അവർ നമ്മുടെ കൂടെ കൂടിയാൽ അങ്ങനെയുള്ള ജോലികൾ ഒത്തിരി കുറഞ്ഞിരിക്കും, അവർ നമ്മുടെ കൂടെ കൂടട്ടെ.'' എന്നാൽ മൂന്നാമത്തെ വിഭാഗം തികച്ചും വ്യതസ്തമായിരുന്നു. അവർ പറഞ്ഞു'' വേണ്ട, നമുക്ക് അത് ശെരിയാവില്ല, അവരെ കാണാൻ നമ്മുടെ അത്ര സൗന്ദര്യമില്ല, രൂപസാമ്യവുമില്ല, നമ്മുടെ ഭാഷയും അറിയില്ല, അതുകൊണ്ട് അവർ നമ്മുടെകൂടെ കൂടിയാൽ നമ്മുടെ സൗന്ദര്യവും പോകും. ഞങ്ങൾക്ക് എതിർപ്പുണ്ട്.'' ഇങ്ങനെ മൂന്നഭിപ്രായം വന്നെങ്കിലും ഭൂരിപക്ഷം അഭിപ്രായം കാക്കകളെ കൂടെ കൂട്ടാം, എന്നായതിനാൽ കൊക്കുകളുടെ നേതാവ് കാക്കകളെ കൂട്ടുവാൻ തീരുമാനിച്ചു.

അങ്ങനെ കാക്കകൾ കൊക്കിന്റെ കൂട്ടത്തിലായി. കാക്കകളുടെ പ്രധാന ലക്ഷ്യം മീൻ പിടിക്കുന്നത് പഠിക്കുക എന്നുള്ളതായിരുന്നു. അതിനായി ആദ്യം വേണ്ടതുകൊക്കുകളുടെ ഭാഷ പഠിക്കുക എന്നതാണ് . അതിനായി അവർ നീണ്ടകാലം കഠിനാധ്വാനം ചെയ്തു. മീൻ പിടിക്കുന്നത് എങ്ങനെ എന്ന് കൊക്കുകളോട് ചോദിച്ച് പഠിക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ പല കൊക്കുകളും പറഞ്ഞു , ''അതിനു സമയമെടുക്കും , നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ'' ചില കൊക്കുകൾ മുതലെടുക്കുകയും ചെയ്തു. അവർ പറയും ''നിങ്ങൾ ഈ പരിസരം ഒക്കെ ഒന്ന് വൃത്തിയാക്കിയിട്ട് വരൂ, അപ്പോൾ ഞാൻ മീൻ പിടിക്കുന്ന ഒരു വിദ്യ പറഞ്ഞു തരാം.''

കൊക്കുകളുടെ ജീവിതം കാക്കകളുടെതിനെക്കാൾ തികച്ചും ഭിന്നമാണ്. കാരണം അവർ അന്നന്ന് പിടിക്കുന്ന മീനുകളേ കഴിക്കൂ. നാളത്തേക്ക് ഭക്ഷണം കരുതി വെക്കുന്ന രീതി ഇവർക്കില്ല. അങ്ങനെ ജീവിതം ആസ്വദിച്ച് കഴിയുന്ന വിഭാഗമാണ് ഇവർ. ജീവിതം ഒന്നേ ഉള്ളൂ എന്ന് മനസ്സിലാക്കിയാണ് ഇവർ ജീവിക്കുന്നത്. എന്നാൽ കാക്കകൾ ഭാവിയിലേക്കുള്ള ഭക്ഷണം കരുതിവെക്കും, അവർ പഴകിയ ഭക്ഷണം കഴിക്കും, അവർ ജീവിതം അസ്വദിക്കുന്നതിനെക്കാൾ കൂടുതൽ, കഠിനാധ്വാനം ചെയ്തു ഭക്ഷണം സ്വരുക്കൂട്ടുന്നവരാണ്.

അങ്ങനെ കാലങ്ങൾ കടന്നു പോയി ... കാക്കച്ചി മുട്ടയിട്ടു. കുഞ്ഞുങ്ങൾ വിരിഞ്ഞു. അപ്പോഴും അവർ കഠിനാധ്വാനം തുടർന്നുകൊണ്ടിരുന്നു. ഇപ്പോൾ അവർ ഒരുവിധം, കൊക്കിന്റെ ഭാഷ മനസ്സിലാക്കുവാനും, പറയുവാനും പഠിച്ചു. ചെറിയ രീതിയിൽ മീൻ പിടിക്കുവാൻ പഠിച്ചുവെങ്കിലും പഴകിയ ഭക്ഷണം തന്നെയായിരുന്നു അവരുടെ പ്രധാന ആഹാരം.

മുൻപ് പറഞ്ഞ കൊക്കുകളുടെ മൂന്നാമത്തെ വിഭാഗം ഉണ്ടല്ലോ , (കാക്കകളെ ഇഷ്ടമില്ലാത്തവർ) അവർ പലപ്പോഴും കാക്കകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. തരം കിട്ടിയാൽ മറ്റാരും കാണാതെ കാക്കകളെ അപമാനിക്കുന്നത് അവർക്ക് ഒരു രസമായിരുന്നു. ദേഹോദ്രവം ഏൽപ്പിക്കുന്നത് അവർക്ക് ഒരു വിനോദമായിരുന്നു. ചിലപ്പോൾ അവർ വിളിക്കും ''കറുത്ത കാക്കേ ...''. ഇതെല്ലാം സഹിച്ച് കാക്കകൾ തങ്ങളുടെ ജീവിതം മുന്നോട്ട് നീക്കി. ഇതിനിടെ ഇവരുടെ കുഞ്ഞുങ്ങൾ വളർന്നു വന്നു കാക്കയുടെയും കാക്കച്ചിയുടെയും മാതാപിതാക്കൾ കാലയവനികക്കുള്ളിൽ മറഞ്ഞു. കാക്കക്കുഞ്ഞുങ്ങൾ ഇപ്പോൾ നന്നായി കൊക്കിന്റെ ഭാഷ സംസാരിക്കുകയും, മീൻ പിടിക്കുകയും ചെയ്യും. കാക്കയും കാക്കച്ചിയും ഒരു കാര്യം ഇപ്പോഴും നിർബന്ധം പിടിച്ചിരുന്നു , കാക്കകുഞ്ഞുങ്ങൾ എപ്പോഴും കൊക്കിന്റെ ഭാഷ മാത്രമേ സംസാരിക്കാവൂ, മീൻ മാത്രമേ കഴിക്കാവൂ. അങ്ങനെ കാലങ്ങൾക്കു ശേഷം മീൻ മാത്രം കഴിച്ച് ജീവിക്കുക എന്ന ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിച്ച്, കാക്കയും , കാക്കച്ചിയും ഈ ലോകം വിട്ട് പൊയി.

തലമുറകൾ പലത് കഴിഞ്ഞു. ഇപ്പോൾ കൊക്കുകളുടെ കൂട്ടതിലുള്ളത് നാലാമത്തെ തലമുറയിലെ കാക്കകളാണ്. ഇവർ നന്നായി കൊക്കിന്റെ ഭാഷ പറയും, നന്നായി മീൻ പിടിച്ചു കഴിക്കും, എല്ലാം കൊക്കുകളെപ്പോലെ തന്നെ. പക്ഷെ ഒരു കുഴപ്പം , നിറവും രൂപവും കാക്കയുടെത് തന്നെ... കൊക്കുകളുടെ കൂട്ടത്തിലുള്ള, കാക്കകളെ ഇഷ്ടമില്ലാത്ത വിഭാഗം ഉണ്ടല്ലോ , അവർ ഇപ്പോഴും കാക്കകളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

കാക്കകളെപ്പോലെ തന്നെ കൊക്കുകളുടെ കൂട്ടത്തിൽ വന്നുകൂടിയ മറ്റു രണ്ടു വിഭാഗങ്ങളായിരുന്നു, പ്രാവുകളും, കൊറ്റികളും. ഒരിക്കൽ ഇവരുടെ നാലാം തലമുറക്കാർ ഒത്തുകൂടി അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. പ്രാവുകൾ പറഞ്ഞു, ' ഞങ്ങളുടെ പൂർവികർ കൊക്കുകളുടെ കൂടെ കൂടാൻ കാരണംതന്നെ പ്രാവുകളുടെ കൂട്ടം തമ്മിൽ കൊത്തിച്ചാവുന്ന പതിവ് ഉണ്ടായിരുന്നു. അതിൽ നിന്നു രക്ഷപെടാനാണത്രേ അവർ കൂട്ടത്തിൽ കൂടിയത്.'' അപ്പോൾ കൊറ്റികൾ പറഞ്ഞു , ' എന്റെ പൂർവികരുടെ ദേശത്ത് വൻ ദാരിദ്യം ആയിരുന്നത്രേ'' ഇരുകൂട്ടരും തങ്ങളുടെ പൂർവ്വീകരെ പ്രകീർത്തിച്ചു പിരിഞ്ഞു.

അവഹേളനനങ്ങൾ താങ്ങവയ്യാതെ കാക്കകളുടെ നാലാമത്തെ തലമുറക്കാർ ഒരിക്കൽ ഒത്തു കൂടി അതിലൊരാൾ പറഞ്ഞു,'നമ്മൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് ? നമുക്ക് ഒരു ജന്മമല്ലേ ഉള്ളൂ ? നമ്മുടെ മുതു മുത്തശ്ശന്മാർ പറഞ്ഞു തന്നിട്ടില്ലേ, അവർ താമസിച്ചിരുന്നത് ഒരു വലിയ മരത്തിലുള്ള കൂട്ടിലായിരുന്നുവെന്നും , വളരെ സന്തോഷമുള്ള ജീവിതമായിരുന്നുവെന്നും ഒക്കെ. നമുക്ക് യഥാർത്ഥ കാക്കക്കൂട്ടത്തിലേക്ക് തിരികെ പോയാലോ ?' ഭൂരിപക്ഷം പേരും അതിനെ അനുകൂലിച്ചു. അവർ കൂട്ടമായി കാക്കകളുടെ കൂട്ടം ലക്ഷ്യമാക്കി പറന്നു.

അങ്ങനെ അവർ യഥാർത്ഥ കാക്കക്കൂട്ടത്തിലെത്തി. കാക്കകൾ അവരെ സ്വീകരിച്ചു. കാരണം ആകൃതിയിലും, നിറത്തിലും ഒരേ പോലെ ഇരിക്കുന്ന പക്ഷികൾ, അപ്പോഴാണ് ചില പ്രശ്‌നങ്ങൾ അവിടെ ഉരുത്തിരിഞ്ഞത്. അവർക്ക് തമ്മിൽ സംസാരിക്കാൻ ഭാഷ അറിയില്ല. തന്നെയുമല്ല ജീവിത രീതികൾ തികച്ചും വിത്യസ്തം. സാധാരണ കാക്കകൾ ദിവസവും എന്തെങ്കിലും, ഭക്ഷിച്ചു കഴിയുന്നു, പക്ഷെ കൊക്കുകളുടെ കൂട്ടത്തിൽ നിന്ന് വന്ന കാക്കകൾ മീൻ മാത്രമേ കഴിക്കാൻ ഇഷ്ടപ്പെടുന്നുള്ളൂ. മീൻ പിടിക്കാനായി സമീപത്ത് പുഴകളോ തടാകങ്ങളോ ഇല്ല.

അവസാനം കൊക്കുകളുടെ കൂട്ടത്തിൽ നിന്നു വന്ന കാക്കകൾ ഒത്തു കൂടി. അവർ പറഞ്ഞു, ''കൊക്കുകളുടെ കൂട്ടത്തിലും, കാക്കകളുടെ കൂട്ടത്തിലും നമുക്ക് ജീവിക്കാൻ പറ്റില്ല. നമ്മുടെ മുതുമുത്തച്ചനും, മുതുമുത്തശ്ശിയും ഏറ്റവും വലിയ ദ്രോഹമാണ് നമ്മളോട് ചെയ്തത്. നമുക്ക് ദൂരെ ഏതെങ്കിലും ദ്വീപ് കണ്ടെത്തി അവിടെ കൂടുകൂട്ടാം.

അങ്ങനെ അവർ ഒന്നിച്ച് മുതുമുത്തച്ചനേയും, മുതുമുത്തശ്ശിയേയും മനസ്സിൽ ശപിച്ചുകൊണ്ട് പുതിയ ദ്വീപ് ലക്ഷ്യമാക്കി പറന്നകന്നു. ഇവർ പിന്നീട് ''കോക്ക'' എന്നാ പേരിൽ അറിയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP