Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുഷ്പൻ ജീവിക്കുന്ന ഇതിഹാസം; തളർത്താനാകില്ല: ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ

പുഷ്പൻ ജീവിക്കുന്ന ഇതിഹാസമാണ്. പോരാട്ടങ്ങൾക്ക് ഊർജ്ജമാണ്. കേവലം സൈബർ ആക്രമണങ്ങൾ കൊണ്ടോ ദുരാരോപണങ്ങൾ കൊണ്ടോ തളർത്താൻ കഴിയുന്നതല്ല സഖാവ് പുഷ്പന്റെ രാഷ്ട്രീയ ഇച്ഛാശക്തി. കഴിഞ്ഞ മണിക്കൂറുകളിൽ ചില മാധ്യമങ്ങളും ബിജെപി-കോൺഗ്രസ്-മുസ്ലിം ലീഗ് പ്രവർത്തകരും നടത്തിവരുന്നത് നിന്ദ്യവും നീചവുമായ പ്രചരണമാണ്. പുഷ്പന്റെ ജേഷ്ഠൻ ബിജെപിയിൽ ചേർന്നു എന്നത് ഒരു മഹാസംഭവമായി അവതരിപ്പിക്കുന്നത് ഇടതുപക്ഷവിരുദ്ധ പ്രചരണത്തിന്റെ ഭാഗം മാത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അംഗം പോലുമായിരുന്നില്ല ജേഷ്ഠൻ. വലതുപക്ഷ രാഷ്ട്രീയത്തോടൊപ്പമായിരുന്നു എപ്പോഴും അദ്ദേഹം. പുഷ്പനോടും മറ്റ് സഹോദരങ്ങളോടും അദ്ദേഹം വ്യക്തിപരമായ അകലം പാലിച്ചിരുന്നുവെന്നും പല കുടുംബ പ്രശ്നങ്ങളിലും ജേഷ്ഠൻ നീതീകരിക്കാനാവാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത് എന്നും പുഷ്പൻ തന്നെ, ആരോപണങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയിട്ടുണ്ട്. രക്തബന്ധം കൊണ്ട് ജേഷ്ഠനാണെങ്കിലും ഏറെക്കാലമായി എല്ലാനിലയ്ക്കും അകന്നുനിൽക്കുന്ന ഒരാൾ മാത്രമാണ് അദ്ദേഹമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞുകഴിഞ്ഞു.

ഒരു വ്യക്തി ബിജെപിയിൽ അംഗത്വമെടുത്തു എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയ പ്രാധാന്യവും ഇക്കാര്യത്തിലില്ല. എന്നിട്ടും പുഷ്പന്റെ പേര് ചേർത്തുവെച്ച് പ്രചരണം നടത്തുന്നത് ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മാനസികമായി തളർത്താനും പുഷ്പന്റെ പ്രസ്ഥാനത്തെ താറടിച്ചുകാണിക്കാനും വേണ്ടിയാണ്. ഇത് നിന്ദ്യമായ രാഷ്ട്രീയ നീക്കമാണ്. സമൂഹത്തിന്റെയാകെ അനുകമ്പയും കരുതലും ഉണ്ടാകേണ്ട ഒരാളോട് ഇങ്ങനെ നിന്ദ്യമായി പെരുമാറാൻ കോൺഗ്രസിനും ബിജെപിക്കും മാത്രമെ കഴിയുകയുള്ളൂ. കമ്യൂണിസ്റ്റ്-ഡിവൈഎഫ്ഐ വിരുദ്ധതയിൽ ഹിസ്റ്റീരിയ ബാധിച്ച ചില മലയാള മാധ്യമങ്ങൾ നടത്തുന്ന അധാർമ്മികമായ ഇത്തരം പ്രചരണങ്ങൾ പൊതുസമൂഹം തിരിച്ചറിയണം. ഇത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല.

'താൻ ഈ ദുഷ്പ്രചരണങ്ങളെയും അതിജീവിക്കുമെന്ന് ' ധീരനായ പുഷ്പൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകൂട ഭീകരതയെ ധീരമായി അതിജീവിക്കുന്ന പോരാളിയാണ് പുഷ്പൻ. അദ്ദേഹത്തെ ദുരാരോപണങ്ങൾകൊണ്ട് തകർക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയാണ് സഖാവ് പുഷ്പന്റെ കരുത്ത്. പുഷ്പനെ തളർത്തുന്നതിനും ഡിവൈഎഫ്ഐയെ കടന്നാക്രമിക്കുന്നതിനും എതിരാളികൾ ഇതിന് മുമ്പും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം അത്തരം അധമ ശ്രമങ്ങളെ ധീരമായി അതിജീവിച്ച ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ഏതൊരു ഡിവൈഎഫ്ഐ പ്രവർത്തകന്റെയും അനിർവചനീയമായ ആവേശമാണ് പുഷ്പൻ. പുഷ്പന്റെ പേര് ചേർത്ത് നടത്തുന്ന പ്രചരണങ്ങൾ ഡിവൈഎഫ്ഐയെ കൂടി തളർത്തണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്. കേരളത്തിൽ അരക്കോടിയിലധികം അംഗങ്ങളുള്ള സംഘടനയാണ് ഡിവൈഎഫ്ഐ. ഇപ്പോൾ അംഗത്വപ്രചരണം നടന്നുവരികയാണ്. നല്ല പ്രതികരണമാണ് യുവതീ-യുവാക്കളിൽ നിന്ന് ഉണ്ടാകുന്നത്. ദുഷ്പ്രചരണങ്ങളെ അതിജീവിച്ച് ഡിവൈഎഫ്ഐ മുമ്പോട്ടുപോകും. പുഷ്പൻ എല്ലാ പോരാട്ടങ്ങളുടെയും ഊർജ്ജകേന്ദ്രമാണ്. ദുരാരോപണങ്ങൾക്ക് തളർത്താനോ തകർക്കാനോ കഴിയില്ല ഈ സൂര്യതേജസിനെ.

സൈബർ ഇടങ്ങളിലും ചില മാധ്യമങ്ങളിലും നടത്തുന്ന ദുഷ്പ്രചരണങ്ങളെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിക്കുന്നു. ഇതിനെക്കാൾ വിഷലിപ്തമായ പ്രചരണങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ച സംഘടനയാണ് ഡിവൈഎഫ്ഐ. ആ സംഘടനയെ തളർത്താൻ ഇത്തരം ആരോപണങ്ങൾക്ക് കഴിയില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP