Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓന്ത് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? ഇതാ വൈറലായ ആ വീഡിയോ..

ഓന്ത് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? ഇതാ വൈറലായ ആ വീഡിയോ..

മറുനാടൻ ഡെസ്‌ക്‌

ജീവികളുടെ ജനനവും വളർച്ചയും അത്ഭുതകരമാണ്. മനുഷ്യൻ ​ഗർഭധാരണം മുതൽ പരിചരണം നൽകി പത്തുമാസം കാത്തിരുന്ന് ജനന പ്രക്രിയ പൂർത്തിയാക്കിയാലും കുഞ്ഞ് സ്വന്തമായി നടക്കാനും സംസാരിക്കാനും ആഹാരം സ്വയം കഴിക്കാനുമെല്ലാം നാളുകളേറെ കാത്തിരിക്കേണ്ടി വരും. എന്നാൽ, മറ്റ് ജീവജാലങ്ങളിൽ ഏറിയ പങ്കും ജനിച്ച് നിമിഷങ്ങൾക്കകം നടക്കാൻ തുടങ്ങും. അതിന്റെ അമ്മയുടെ അടുത്തേക്ക് ഓടിയെത്താനും സാധിക്കും. ഇത്തരത്തിൽ ചെറുതും വലുതുമായ ജീവികളുടെ പ്രസവ വീഡിയോകൾ ഇന്ന് സൈബർ ലോകത്ത് ലഭ്യമാണ്. എന്നാൽ, എന്നാൽ ഓന്തുകൾ പ്രസവിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ കണ്ടോളൂ... ഇപ്പോൾ സോഷ്യൽമീഡിയയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോ ഒരു ഓന്ത് കുഞ്ഞിന് ജന്മം നൽകുന്നതാണ്. കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണ് വീഡിയോ നിങ്ങൾക്ക് സമ്മാനിക്കുന്നത്.

നേച്വർ ഈസ് സ്കറി എന്ന ട്വിറ്റർ പേജിലാണ് 30 സെക്കന്റുള്ള ഓന്തിന്റെ പ്രസവവീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു മരത്തിന്റെ കൊമ്പിൽ ഇരിക്കുന്ന ഓന്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന് ജന്മം നൽകുന്നു. ആദ്യകാഴ്ചയിൽ അത് ഒരു പന്ത് പോലെ തോന്നിപ്പിക്കുന്നു. തുടർന്ന് ഇലയിലേക്ക് വന്നുവീഴുകയും കുഞ്ഞ് ജീവൻവെച്ച് നടന്നുതുടങ്ങുകയും ചെയ്യുന്നു. വീഡിയോ കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

സാധാരണയായി ഓന്തുകൾ മുട്ടയിടാറാണ് പതിവ്. അത്തരം വീഡിയോകളും മുമ്പ് വന്നിട്ടുണ്ട്. പെൺഓന്തുകൾ മണ്ണിൽ കുഴിയുണ്ടാക്കി അതിൽ മുട്ടയിടാറുണ്ട്. ചില ഓന്തുകളുടെ മുട്ട ശരീരത്തിനുള്ളിൽ വെച്ചുതന്നെ വിരിയാറുമുണ്ട്. 'ചിലയിനം ഓന്തുകളുടെ ഗർഭപാത്രത്തിനുള്ളിൽവെച്ചുതന്നെ മുട്ടവിരിയാറുണ്ട്. വിരിഞ്ഞുകഴിഞ്ഞാൽ അത് പുറത്തേക്ക് വരുന്നു. അങ്ങനെയാണ് പ്രസവിക്കുന്നതെന്ന് തോന്നുന്നു' തുടങ്ങിയ ചില കമന്റുകളും വീഡിയോയ്ക്കൊപ്പം കാണാം. വീഡിയോ 2.7 ദശലക്ഷം കാഴ്ചക്കാരെ നേടിയിരിക്കുന്നു.

നമ്മുടെ പരിസരത്ത്‌ കാണപ്പെടുന്ന ഓന്തുകൾ മുട്ടയിടുന്ന(ഓവിപാരസ്)വയാണ്‌. ഇണചേർന്ന്‌ മൂന്നുമുതൽ ആറ് ആഴ്ചകൾക്ക് ശേഷമാണ് മുട്ടയിടുന്നത്. പെൺ ഓന്ത് നിലത്തിറങ്ങി മണ്ണിൽ കുഴിയുണ്ടാക്കിയാണ്‌ മുട്ടയിടുന്നത്‌. ചെറിയ ഇനത്തിൽപ്പെട്ട ഓന്തുകൾ രണ്ടുമുതൽ നാലുവരെ മുട്ടകളിടും. വലിയ ഓന്തുകൾ എൺപതുമുതൽ നൂറുവരെ മുട്ടകളിടും.നാലുമുതൽ പന്ത്രണ്ട് മാസംവരെയാണ്‌‌ വിരിയാൻവേണ്ട സമയം‌‌. ശരീരത്തിനുള്ളിൽവച്ച് മുട്ട വിരിയിക്കുന്ന ഓന്തുകളുമുണ്ട്‌. അഞ്ചുമുതൽ ഏഴുമാസങ്ങൾക്കുശേഷം മുട്ട വിരിയാറാകുമ്പോൾ കുഞ്ഞുങ്ങളെ പ്രസവിക്കും.

ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ചെറിയ ഓന്തുകളാണ് ബ്രൂക്കേഷ്യ മൈക്ര അഥവ മഡഗസ്സ്‌കർ കുള്ളൻ ഓന്ത്. 2012-ൽ ജർമ്മനിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞന്മാർ നടത്തിയ അന്വേഷണത്തിലാണ് ഓന്തുകളുടെ കുടുംബത്തിൽപെട്ട പുതിയ ഇനത്തെ കണ്ടെത്തുന്നത്. മഡഗസ്സ്‌കറിലെ കാടുകളിൽ ജീവിക്കുന്ന ഇവ രാത്രിയിൽ ഉറങ്ങുന്നതിനായി മരത്തിന്റെ കൊമ്പുകളുടെ മുകളിൽ 4 ഇഞ്ച് ഉയരത്തിൽ വരെ കയറുന്നു. ഫ്രാങ്ക് ഗ്ലോ എന്ന റിസർച്ചറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തുന്നത്. പുതിയ നാല് ഓന്ത് ഇനങ്ങളിൽ പെട്ട ഒന്നാണ് ബ്രൂക്കേഷ്യ മൈക്ര. ഇവയുടെ പരമാവധി വളർച്ച 29 മില്ലിമീറ്റർ (1 ഇഞ്ച്) ആണ്. ഇവയ്ക്ക് ചാരനിറമോ ബ്രൗൺ നിറമോ ആണ്. നിറം മാറാനുള്ള കഴിവും ഇവയ്ക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ചെറിയ ഇനം ഈച്ചകളും മറ്റു പ്രാണികളുമാണ് ഇവയുടെ ഭക്ഷണം.

നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന ചില മത്സ്യങ്ങളും ഉണ്ട്. സ്‌കോർപിയോൺ മത്സ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ മീനാണെന്ന് പോലും മനസ്സിലാക്കാനാകാത്ത വിധത്തിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടമാണ്.

മിക്കവാറും രാത്രികളിലാണ് ഇവ ഇര തേടുന്നത്. ഇര തൊട്ടടുത്ത് വരുന്നത് വരെ കടലിന്റെ അടിത്തട്ടിൽ ചലനമില്ലാതെ കിടക്കുന്നതാണ് രീതി. ഇര അടുത്തെത്തിയാൽ മിന്നൽവേഗത്തിൽ അകത്താക്കും. കാഴ്ച ശക്തി കൊണ്ടല്ല, മറിച്ച് വശങ്ങളിലുള്ള പ്രത്യേക സെൻസറുകളിലൂടെയാണ് ഇരതേടുന്നത്. ഇത്തരത്തിൽ 10 സെ.മീ വരെ അകലെയുള്ള ഞണ്ടിന്റെ ശ്വാസോച്ഛോസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി ഈ മീനിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ധ്രുതഗതിയിൽ ഇവ തിരിച്ചറിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP