Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണിക്കെതിരായ ബാർകോഴ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; ആരോപണം പിൻവലിക്കാൻ പത്ത് കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തു; തനിക്ക് ഫോൺ വന്നതിന് സാക്ഷികളും തെളിവുകളുമുണ്ട്; കോൺഗ്രസ് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കില്ല; ആരോപണത്തിൽ ഉറച്ചു നിൽക്കാൻ സിപിഎം ആവശ്യപ്പെട്ടു; ജോസ് കെ മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്

കെ എം മാണിക്കെതിരായ ബാർകോഴ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു; ആരോപണം പിൻവലിക്കാൻ പത്ത് കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തു; തനിക്ക് ഫോൺ വന്നതിന് സാക്ഷികളും തെളിവുകളുമുണ്ട്; കോൺഗ്രസ് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കില്ല; ആരോപണത്തിൽ ഉറച്ചു നിൽക്കാൻ സിപിഎം ആവശ്യപ്പെട്ടു; ജോസ് കെ മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപണഴുമായി ബാറുടമ ബിജു രമേശ്. ആരോപണം ഉന്നയിച്ചതിന് തെളിവുകൾ ഉണ്ടെന്നും ബിജു രമേശ് പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.

അതേസമയം ബാർകോഴവിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണെന്ന് ജോസ് കെ മാണി വെളിപ്പെടുത്തിയിരുന്നു. കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസിലെ ഒരു വിഭാഗമാണെന്നും ജോസ് കെ മാണി ആരോപണം ഉന്നയിക്കുകയുണ്ടായി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എൽഡിഎഫിന്റേത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ബാർകോഴ കേസിൽ കെ എം മാണിയെ പിന്നിൽ നിന്നും കുത്തിയത് രമേശ് ചെന്നിത്തലയെന്ന റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ ആരോപണങ്ങൾ പുറത്തുവരുന്നത്. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിനെയും ജോസ് കെ മാണി ശരിവെക്കുന്നില്ല.

ചില സ്വകാര്യ ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തൽ. അടൂർ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഇതിൽ പങ്കാളികളായി. ആർ.ബാലകൃഷ്ണപിള്ളയും പി.സി ജോർജും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ 2014ൽ കെ.എം.മാണി സി.എഫ് തോമസിനെ ചെയർമാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമ്മിഷൻേറതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മാണിയെ അപമാനിച്ച ഇടതുമുന്നണിയുമായി കൂട്ടുചേരുന്നതിനെതിരേ യു.ഡി.എഫ്. നടത്തുന്ന പ്രചാരണം ചെറുക്കാൻ പാർട്ടി കമ്മിഷൻ റിപ്പോർട്ട് ഉപയോഗിക്കാനാണു ജോസ് വിഭാഗത്തിന്റെ നീക്കമെന്നാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. ഇതിനാടാണ് ഈ റിപ്പോർട്ട് ചാനലുകളിലൂടെ ലീക്കു ചെയ്തത് എന്നാണ് വിലയിരുത്തപ്പെടുന്ന്. കേസ് ഉയർന്നുവന്നപ്പോൾത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രാജി തടഞ്ഞ്, അദ്ദേഹത്തെ ബോധപൂർവം കേസിൽ കുടുക്കുകയായിരുന്നെന്നു സി.എഫ്.തോമസ് അധ്യക്ഷനായ കമ്മിഷൻ കണ്ടെത്തിയതായി ജോസ് പക്ഷം പറയുന്നു.

സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയിൽ അടൂർ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആർ.ബാലകൃഷ്ണപിള്ളയും പി.സി.ജോർജും ഗൂഢാലോചനയിൽ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോർട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോൺഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാർ കോഴ കേസെന്നും റിപ്പോർട്ടിൽ പറയുന്നു.

ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ തന്നെ 2014-ൽ കെ.എം.മാണി സി.എഫ്.തോമസിനെ ചെയർമാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷൻ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലെ എല്ലാ കണ്ടെത്തലുകളും വിരൽ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോൺഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നൽകിയത്.

എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മൻ ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമർശവും റിപ്പോർട്ടിലുണ്ട്.

യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോർട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്. കേസ് അന്വേഷണവേളയിൽ വിജിലൻസ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ആർ. ശെൽവരാജിനെ സിപിഎമ്മിൽനിന്ന് അടർത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യാൻ ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാർ കോഴക്കേസെന്നു റിപ്പോർട്ടിൽ പറയുന്നു. ബംഗളുരുവിൽ മാണിയും പിണറായി വിജയനും ചർച്ച നടത്തിയെന്നാണു കോൺഗ്രസ് സംശയിച്ചത്.

മാണി സിപിഎം. പ്ലീനത്തിൽ പങ്കെടുത്തതും കോട്ടയം ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തതും സംശയത്തിന് ആക്കംകൂട്ടി. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് മാണിയെ കുടുക്കാൻ ശ്രമിച്ചു. ആരോപണം വരുന്നതിനു തലേന്ന് പ്രമുഖ കോൺഗ്രസ് നേതാവ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചില സൂചനകൾ നൽകിയിരുന്നു. പിന്നീട് അന്നത്തെ മന്ത്രിസഭയിലെ കോൺഗ്രസ് പ്രമുഖർ ചേർന്നാണു തിരക്കഥയൊരുക്കിയത്. ആരോപണം വന്നപ്പോഴേ മാണിയും ഒപ്പം പി.ജെ. ജോസഫും രാജിക്കു തയാറായിരുന്നു. എന്നാൽ, യു.ഡി.എഫ്. സമ്മതിച്ചില്ല. ജേക്കബ് തോമസിനെയും സുകേശനേയും അന്വേഷണത്തിനു നിയോഗിച്ചതും ദുരൂഹമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടില്ലെങ്കിലും, കേസിൽ ഉദ്ദേശിച്ച രീതിയിൽ അന്വേഷണം പുരോഗമിക്കേണ്ടെന്നായിരുന്നു ഉന്നതതീരുമാനമെന്നാണു ജേക്കബ് തോമസിന്റെ ആത്മകഥയിലുള്ളത്- റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP