Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്വേഷണവുമായി എല്ലാ അർത്ഥത്തിലും സഹകരിച്ചു; ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴെല്ലാം ഹാജരായി; മുൻകൂർ ജാമ്യ ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന് എം ശിവശങ്കർ; മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിൽസ അറസ്റ്റൊഴിവാക്കാനും ജാമ്യ ഹർജി നൽകാനും

അന്വേഷണവുമായി എല്ലാ അർത്ഥത്തിലും സഹകരിച്ചു; ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴെല്ലാം ഹാജരായി; മുൻകൂർ ജാമ്യ ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന് എം ശിവശങ്കർ; മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിൽസ അറസ്റ്റൊഴിവാക്കാനും ജാമ്യ ഹർജി നൽകാനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഓൺലൈനായാണ് അപേക്ഷ നൽകിയത്. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നോട്ടീസ് നൽകിയപ്പോഴെല്ലാം ഹാജരായെന്നും ജാമ്യ ഹർജിയിൽ പറയുന്നു. അറസ്റ്റിനുള്ള ശ്രമം നടക്കുന്നുവെന്നും വിശദീകരിക്കുന്നു. അതിനാൽ ഉടൻ തന്നെ ജാമ്യ ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതോടെ രണ്ട് ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്നത് ജാമ്യ ഹർജി നൽകാനാണെന്ന വാദവും ബലപ്പെടുകയാണ്. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം.

അതിനിടെ ഓർത്തോ ഐസിയുവിലുള്ള ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. എംആർഐ പരിശോധനയും ന്യൂറോ സർജറി വിഭാഗത്തിന്റെ പരിശോധനയും ഇന്ന് നടക്കും. അതിൽ കുഴപ്പമൊന്നുമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയിൽ എത്തിയാൽ ചികിൽസാ വിവരങ്ങൾ കോടതി പരിശോധിക്കും. അതുകൊണ്ട് കൂടിയാണ് ശിവശങ്കറിനെ രോഗമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആശുപത്രി എത്തുന്നത്. ഉച്ച കഴിഞ്ഞ് മൂന്നിനു മെഡിക്കൽ ബോർഡ് കൂടി തീരുമാനമെടുക്കും. അപ്പോഴേക്കും ജാമ്യ ഹർജി നൽകാൻ ശിവശങ്കറിനാകും. അതുവരെ ശിവശങ്കർ ഐസിയുവിൽ തുടരും. അതിനിടെയാണ് ജാമ്യ ഹർജിയുമായി ശിവശങ്കർ കോടതിയിൽ എത്തുന്നത്. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകിയത്.

മുൻകൂർ ജാമ്യം നൽകണമെന്നും ഹർജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10.15ന് കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി സമർപ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കും. തുടർന്ന് കോടതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ കസ്റ്റംസ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കും. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കർ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാം കുമാറാണ് കോടതിയിൽ ഹാജരാകുക.

കസ്റ്റംസ് ആവശ്യപ്രകാരം ശിവശങ്കറിനു സുരക്ഷ ഒരുക്കാൻ സിആർപിഎഫ് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും കോവിഡ് ആശുപത്രിയായതിനാൽ ഇതു ബുദ്ധിമുട്ടാകുമെന്നായിരുന്നു മറുപടി. ഇതോടെ കസ്റ്റംസിന്റെ ഈ നീക്കവും പൊളിഞ്ഞു. ശിവശങ്കറിനെതിരെ കേസ് ഒന്നും ചാർജ് ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാൽ അതിന് അപ്പുറത്തേക്ക് സമ്മർദ്ദം ചെലുത്താൻ കേന്ദ്ര ഏജൻസിക്ക് കഴിഞ്ഞതുമില്ല. ഇതോടെ പൊലീസിന്റെ സുരക്ഷയിൽ ഐസിയുവിൽ കിടക്കാൻ ശിവശങ്കറിനായി. മഫ്തി പൊലീസിനെയാണ് ആശുപത്രിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഓർത്തോ ഐസിയുവിൽ സംഭവിക്കുന്നത് എന്തെന്ന് ആർക്കും അറിയില്ല. അതിവിശ്വസ്തർ മാത്രമാണ് അവിടെയുള്ളത്.

അതിനിടെ ശിവശങ്കർ ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തു വരികയും ചെയ്തു. സാമ്പത്തിക കാര്യങ്ങളിൽ സ്വപ്നയെ നിയമപരമായി സഹായിക്കാനാണു തന്റെ അടുത്ത സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നതെന്നും അദ്ദേഹത്തിന്റെ കൂടി സംയുക്ത ഉടമസ്ഥതയിൽ ലോക്കർ തുറന്ന് പണം സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഇഡിക്കു നൽകിയ മൊഴിയിൽ ശിവശങ്കർ പറയുന്നു. അതിനിടെ ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ കസ്റ്റംസ് തുടർ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിനുള്ള ശ്രമം.

വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെച്ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തിൽ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്. ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്.

രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. അടുത്ത ദിവസം പി ആർ എസിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ കസ്റ്റംസിന് ഇടപെടലുകൾ അസാധ്യവുമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശിവശങ്കറിനെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കർ ആവർത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP