Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറ്റ് മോഹിച്ച് ജോസഫിനൊപ്പം ചാടിയ പലർക്കും മടങ്ങി വരാൻ മോഹമെങ്കിലും മൗനം തുടർന്ന് ജോസ് കെ മാണി; മുൻ പൂഞ്ഞാർ എംഎൽഎ വി ജെ ജോസഫിനൊപ്പം എത്തിയത് അനേകം പേർ; തിരിച്ചെത്താൻ നീക്കങ്ങൾ നടത്തി വിക്ടർ ടി തോമസും; പോയവരൊക്കെ പോട്ടേ ഇനി പുതിയ നേതാക്കൾ ഉണ്ടാവട്ടെയെന്ന നയവുമായി ഇടതിൽ ഉറച്ച് മുന്നേറാൻ ജോസ് കെ മാണിയും

സീറ്റ് മോഹിച്ച് ജോസഫിനൊപ്പം ചാടിയ പലർക്കും മടങ്ങി വരാൻ മോഹമെങ്കിലും മൗനം തുടർന്ന് ജോസ് കെ മാണി; മുൻ പൂഞ്ഞാർ എംഎൽഎ വി ജെ ജോസഫിനൊപ്പം എത്തിയത് അനേകം പേർ; തിരിച്ചെത്താൻ നീക്കങ്ങൾ നടത്തി വിക്ടർ ടി തോമസും; പോയവരൊക്കെ പോട്ടേ ഇനി പുതിയ നേതാക്കൾ ഉണ്ടാവട്ടെയെന്ന നയവുമായി ഇടതിൽ ഉറച്ച് മുന്നേറാൻ ജോസ് കെ മാണിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ എത് രാഷ്ട്രീയ പാർട്ടിയും നേരിടുന്ന പ്രധാന വെല്ലുവിളി മത്സരിക്കാൻ ലഭിക്കുന്ന സീറ്റുകളുടെ ആയിരം ഇരട്ടി സ്ഥാനാർത്ഥികൾ രംഗത്ത് വരുമെന്നതാണ്. ഒരിക്കലും എല്ലാവരേയും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല. ഇക്കുറി അനേകം നേതാക്കൾക്കായി കുറച്ചു സീറ്റ് വീതിച്ച് നൽകേണ്ട ഗതികേട് പ്രധാനമായും ഉണ്ടാക്കുന്നത് പിജെ ജോസഫിനാണ്. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടു പോയെങ്കിലും ആ വിഭാഗത്തിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിനൊപ്പമാണ്.

എന്നാൽ ഏറ്റവും ആശ്വാസം സംഭവിക്കുന്നത് ജോസ് കെ മാണിക്കാവും. അധികാര മോഹികൾ എല്ലാവരും കൂട്ടത്തോടെ പൊഴിഞ്ഞു പോയതിനാൽ ലഭിക്കുന്ന സീറ്റ് വീതിച്ച് നൽകാൻ പ്രയാസം ഒന്നുമില്ല. ഇടതു മുന്നണിയിൽ മികച്ച സ്വീകരണം ലഭിച്ചു വരുന്നതിനാൽ അപ്രതീക്ഷിതമായി പലർക്കും സീറ്റ് നൽകാനുമാവും. അതുകൊണ്ടാണ് ജോസഫിനൊപ്പം പോയ പല നേതാക്കളും ഇങ്ങോട്ട് മടങ്ങി എത്താൻ മോഹം ഉദിക്കുന്നത്. വിക്ടർ ടി തോമസ് അടക്കമുള്ള പലർക്കും മടങ്ങി വരാൻ മോഹമുണ്ട്. പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം വിക്ടറിന് നഷ്ടമായിരുന്നു. ജോസഫ് എം പുതുശേരി എത്തിയതിനാൽ തിരുല്ല സീറ്റും കിട്ടാൻ ഇടയില്ല.

്അതിനിടെ മുൻ പൂഞ്ഞാർ എംഎ‍ൽഎ.പ്രൊഫ. വി.ജെ.ജോസഫും സഹപ്രവർത്തകരും ജോസ് കെ.മാണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാലായിൽ നടന്ന ചടങ്ങിൽ ജോസ് കെ.മാണി പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇടതുമുന്നണിയോടൊപ്പം ചേർന്ന തീരുമാനം അംഗീകരിച്ചാണ് വീണ്ടും സജീവമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പ്രൊഫ.വി.ജെ.ജോസഫ് പറഞ്ഞു. മുൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻന്റ് സി.വി.ജോണും കേരള കോൺ. (എം) ജോസ് വിഭാഗത്തിൽ ചേർന്ന് സജീവമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. . ഈ മാതൃകയിൽ കൂടുതൽ പേർ ജോസുമായി സഹകരിക്കാൻ തയ്യാറാണ്. സജി മഞ്ഞക്കടമ്പൻ അടക്കമുള്ളവർ ജോസഫ് പക്ഷത്ത് നിരാശയിലാണ്.

യുഡിഎഫിന്റെ കോട്ടയം ചെയർമാനായി മോൻസ് ജോസഫിനെ നിയമിച്ചിരുന്നു. ഈ പദവി സജിയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ കിട്ടിയില്ല. വിക്ടറിന് ഉണ്ടായിരുന്ന പദം പോയി. ചെയർമാന് പകരം സെക്രട്ടറിയായി ഒതുക്കുകയാണ് വിക്ടറിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. പിജെ ജോസഫിനൊപ്പമുള്ളവർക്കേ യുഡിഎഫിലെ കേരളാ കോൺഗ്രസിൽ ഇനി രക്ഷയുള്ളൂവെന്നാണ് ഇവർ തിരിച്ചറിയുന്നത്. ജോസ് കെ മാണിയെ ഒതുക്കാനായി പിജെ ജോസഫ് നടത്തിയ നീക്കങ്ങളിൽ തങ്ങളും വീണുപോയെന്ന വിലയിരുത്തൽ ഇവർക്കുണ്ട്.

സീറ്റ് മോഹിച്ച് ജോസഫിനൊപ്പം ചാടിയ പലർക്കും മുടങ്ങി വരാൻ മോഹമെങ്കിലും മൗനം തുടർന്ന് ജോസ് കെ മാണി തന്ത്രപരമായ നിലപാട് എടുക്കുകായാണ്. പോയവരൊക്കെ പോട്ടേ ഇനി പുതിയ നേതാക്കൾ ഉണ്ടാവട്ടേയെന്ന നയവുമായി ഇടതിൽ ഉറച്ച് മുന്നേറാൻ ജോസ് കെ മാണിയും തയ്യാറെടുക്കുന്നത്. അങ്ങനെ എങ്കിൽ സീറ്റു മോഹിച്ചെത്തിയവർക്കെല്ലാം ജോസഫ് പക്ഷത്ത് നിരാശരായി തുടരേണ്ടി വരും. എട്ട് സീറ്റുകളിൽ അധികം കേരളാ കോൺഗ്രസിന് യുഡിഎഫ് നൽകില്ല. എന്നാൽ നിരവധി നേതാക്കൾ ഈ എട്ട് സീറ്റിൽ മത്സരിക്കാൻ രംഗത്തുണ്ട്.

തൊടുപുഴയിൽ മകൻ അപ്പുവിനെ സ്ഥാനാർത്ഥിയാക്കി മറ്റൊരു സുരക്ഷിത മണ്ഡലം പിജെ ജോസഫും ആഗ്രഹിക്കുന്നു. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, വിക്ടർ ടി തോമസ്, സജി മഞ്ഞക്കടമ്പൻ, ജോസഫ് എം പുതുശ്ശേരി എന്നിവർക്ക് പോലും സീറ്റ് ഉറപ്പില്ലാത്ത അവസ്ഥ. അങ്ങനെ വലിയൊരു വിവാദത്തിലേക്ക് കാര്യങ്ങൾ കടക്കുമെന്നതാണ് വസ്തുത. 12 സീറ്റാണ് നിയമസഭയിൽ മത്സരിക്കാൻ ജോസ് പക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫിൽ നിന്നപ്പോൾ മാണി ഗ്രൂപ്പ് 11 സീറ്റിലാണ് മത്സരിച്ചത്. എന്നാൽ അതിൽ അപ്പുറം സിപിഎം നൽകുമെന്നാണ് സൂചന. 15 സീറ്റുവരെ കിട്ടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയതോടെയാണ് ജോസഫിനൊപ്പം പോയ നേതാക്കൾക്ക് നെഞ്ചിടിപ്പ് കൂടിയത്.

ജോസ് പക്ഷം പോയെങ്കിലും തങ്ങളുടെ ശക്തി ചോർന്നിട്ടില്ലെന്ന് വ്യക്തമാക്കി പി.ജെ ജോസഫ് രംഗത്തെത്തിയത് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ച തദ്ദേശ, നിയമസഭ സീറ്റുകൾ വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ഇത് കോൺഗ്രസ് അംഗീകരിക്കില്ല. ഇടതുമുന്നണി സഹകരണം പ്രഖ്യാപിച്ച ജോസ് കെ. മാണി പക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. പരമാവധി തദ്ദേശ സീറ്റുകളിൽ മത്സരിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മുമായി ചർച്ച നടത്തിയിട്ടുള്ളത്. മധ്യകേരളത്തിലെ കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ ജോസ് പക്ഷത്തിന് പരമാവധി സീറ്റ് നൽകാൻ സിപിഎമ്മും ഉദാരമനസ്‌കത കാട്ടുന്നുണ്ട്.

മുന്നണി മാറാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തത് രണ്ടാഴ്ച മുമ്പായിരുന്നു. ഇക്കാര്യം സിപിഎമ്മുമായി ചർച്ച ചെയ്യുകയും ചെയ്തു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പത്ത് ദിവസമായിരുന്നു. അങ്ങനെ എല്ലാ തലത്തിലും ചർച്ചകൾ പൂർത്തിയാക്കിയാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് എടുക്കാമെന്ന സമ്മതം മൂളിയത്. ഇതിന് ശേഷം ഇടതിനൊപ്പമാകും യാത്രയെന്ന് ജോസ് കെ മാണി വിശദീകരിച്ചു. 12 സീറ്റുകളിൽ അധികം ജോസ് കെ മാണിക്ക് കൊടുക്കാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ജയസാധ്യതയുള്ള സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ഉൾപ്പെടുമെന്നാണ് ലഭ്യമായ വിവരം.

പാലാ എൻസിപിയുടെ സിറ്റിങ് സീറ്റാണ്. ജോസ് കെ മാണി പക്ഷത്തെ ജയരാജ് മത്സരിക്കുന്ന കാഞ്ഞരിപ്പള്ളി സിപിഐയുടേയും. ഇതിൽ വിട്ടു വീഴ്ചയ്ക്ക സിപിഐ തയ്യാറാകേണ്ടി വരും. ഇതിന് വേണ്ടി കൂടിയാണ് സിറ്റിങ് സീറ്റുകൾ വിട്ടുകൊടുത്ത് സിപിഎം മാതൃക കാട്ടുന്നത്. മധ്യകേരളത്തിൽ യുഡിഎഫിനെ തകർക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്ന വിലയിരുത്തിലലാണ് ഇത്. പത്തനംതിട്ടയിൽ തിരുവല്ലയിൽ കാലങ്ങളായി മത്സരിക്കുന്നവരാണ് കേരളാ കോൺഗ്രസ് എം. എന്നാൽ ഇവിടെ ജനതാദള്ളിലെ മാത്യു ടി തോമസ് ചുവടുറപ്പിച്ച സ്ഥലമാണ്. അതിനാൽ മാത്യു ടി തോമസ് തന്നെയാണ് ഇവിടെ വിജയസാധ്യതയുള്ള ഇടതു മുഖം. ഇതിന് പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയിൽ കേരളാ കോൺഗ്രസിന് നൽകും. ഇതിന് വേണ്ടി പരിഗണിക്കുന്നത് റാന്നിയെയാണെന്നതാണ് വസ്തുത.

തൃശൂരിലെ ഇരിങ്ങാലക്കുടയും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ്. മാണിക്കൊപ്പം നിലയുറപ്പിക്കുമ്പോൾ തോമസ് ഉണ്ണിയാടനായിരുന്നു സ്ഥാനാർത്ഥി. സ്ഥിരമായി ഉണ്ണിയാടൻ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ണിയാടൻ തോറ്റു. ഇപ്പോൾ പിജെ ജോസഫിനൊപ്പമാണ് ഉണ്ണിയാടൻ. ഈ സീറ്റും സിപിഎം കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഇതിന് പകരമായി ചാലക്കുടി നൽകാമെന്നാണ് വാഗ്ദാനം. ചാലക്കുടിയിൽ ബിഡി ദേവസ്യയാണ് എംഎൽഎ. പരമ്പരാഗതമായി സിപിഎം ജയിക്കുന്ന മണ്ഡലം. അടിയുറച്ച വോട്ട് ബാങ്ക് ഇവിടെ സിപിഎമ്മിനുണ്ട്. അങ്ങനെ ഏറെ വിജയ പ്രതീക്ഷയുള്ള സീറ്റും കേരളാ കോൺഗ്രസിന് നൽകാനാണ് ചർച്ച. ഇതിനൊപ്പം കുറ്റ്യാടിയോ പേരാമ്പ്രയോ നൽകും. പേരാമ്പ്രയിൽ നിലവിൽ മന്ത്രിയായ ടിപി രാമകൃഷ്ണനാണ് എംൽഎ. ആരോഗ്യ പ്രശ്നങ്ങളാൽ രാമകൃഷ്ണൻ അടുത്ത തവണ മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഈ ചർച്ച.

ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാൻ താൽപ്പര്യം അറിയച്ചപ്പോൾ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോർട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോർട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസർകോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോൺഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോർട്ട് കിട്ടി. എല്ലാ ഏര്യാകമറ്റികളിൽ നിന്നും സിപിഎം വിവര ശേഖരണം നടത്തിയിരുന്നു.

15 സീറ്റിൽ വരെ ജയപരാജയം നിർണ്ണയിക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകളിലൂടെ സംസ്ഥാന നേതൃത്വം വായിച്ചെടുത്തത്. ഒട്ടേറെ മണ്ഡലത്തിൽ ജോസ് കെ മാണിക്ക് വോട്ടുമുണ്ട്. 40 സീറ്റുകളിൽ വരെ ഇത് നിർണ്ണായകമായി മാറും. ഇതെല്ലാം ആഴത്തിൽ വിശകലനം ചെയ്താണ് ജോസ് കെ മാണിയെ എടുക്കാൻ സിപിഎം തീരുമാനിച്ചത്. മധ്യ കേരളത്തിൽ ഇടതിന് വലിയ മാറ്റം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് എകെജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് വലിയ സ്വീകരണവും പ്രാധാന്യവും കോടിയേരി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP