Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗിൽനറ്റ് ബോട്ടുകൾക്ക് കൊച്ചിയിൽ അനുമതി ആയില്ല; ബോട്ടുകൾ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോയതെടെ പണിയില്ലാതായത് ആയിരങ്ങൾക്ക്

ഗിൽനറ്റ് ബോട്ടുകൾക്ക് കൊച്ചിയിൽ അനുമതി ആയില്ല; ബോട്ടുകൾ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോയതെടെ പണിയില്ലാതായത് ആയിരങ്ങൾക്ക്

സ്വന്തം ലേഖകൻ

തോപ്പുംപടി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഗിൽനറ്റ് ബോട്ടുകൾക്ക് കൊച്ചി ഹാർബറിൽ അനുമതി നിഷേധിച്ചതോടെ ആയിരക്കണക്കിന് ആളുകൾക്കാണ് പണിയില്ലാതായത്. ബോട്ടുകൾ അടുപ്പിക്കാൻ അനുമതി നിഷേധിച്ചതോടെ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും ഈ ബോട്ടുകൾ പോയതാണ് തൊഴിലാളികളുടെ വയറ്റത്തടിച്ചത്. കൊച്ചിയിലേക്ക് മീനുമായി വന്ന നൂറോളം ബോട്ടുകൾ മീൻ വിൽക്കുന്നതിനായി തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തേക്കും കർണാടകയിലെ മലപ്പയിലേക്കും പോയി.

മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ കേരളത്തിലെ ഹാർബറുകളിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽനിന്നുള്ള ഗിൽനെറ്റ് ബോട്ടുകൾ കൊച്ചിയിലെത്തിയെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് മടക്കി അയച്ചതാണ് തൊഴിലാളികൽക്ക് പ്രതിസന്ധിയായത്. തമിഴ്‌നാട്ടിൽ നിന്നുള്ള് അറുനൂറോളം ബോട്ടുകളാണ് കൊച്ചിയിൽ പ്രവർത്തിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏഴ് മാസമായി ഈ ബോട്ടുകൾ കൊച്ചിയിലേക്ക് വരുന്നില്ല. ലോക് ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി കൊച്ചി ഉൾപ്പെടെയുള്ള ഹാർബറുകൾ തുറന്നിട്ടുണ്ട്. നാടൻ ബോട്ടുകൾക്ക് ഹാർബറിൽ മീൻ വിൽക്കുന്നതിന് അനുമതിയും നൽകി. അപ്പോഴും ഗിൽനെറ്റ് ബോട്ടുകളുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.

ഹാർബറിൽ ഈ ബോട്ടുകളെ ആശ്രയിച്ച് ആയിരങ്ങൾ പണിയെടുക്കുന്നുണ്ട്. അവരിലേറെപ്പേർക്കും ഇപ്പോൾ ജോലിയില്ല. നാടൻ ബോട്ടുകൾ മാത്രമാണ് ഹാർബറിലെത്തുന്നത്. ദിവസം രണ്ട് കോടി രൂപയ്ക്കു വരെ കച്ചവടം നടക്കുന്ന ഹാർബറാണിത്. ഗിൽനെറ്റ് ബോട്ടുകൾ വരാത്തതിനാൽ നാലിലൊന്ന് കച്ചവടം പോലും നടക്കുന്നില്ല. മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മീനുകൾ എല്ലാം എത്തിയിരുന്നത് ഗിൽനെറ്റ് ബോട്ടുകളിലാണ്. ഈ ബോട്ടുകൾ എത്താതായതോടെ കൊച്ചിയിലെ നിരവധി കയറ്റുമതി സ്ഥാപനങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.

കയറ്റുമതി ഇനത്തിൽപ്പെടുന്ന ചൂരകൾ, നെയ്മീൻ, ഓലപ്പടവൻ, പാമ്പാട തുടങ്ങിയ വലിയ മീനുകൾ പിടിക്കുന്നത് ഗിൽനെറ്റ് ബോട്ടുകളാണ്. കയറ്റുമതി കമ്പനികൾ ഇത്തരം മീൻ എടുക്കാൻ എത്തുന്നതുകൊച്ചിയിലാണ്. അതുകൊണ്ട് കേരളത്തിലെ തന്നെ മീനിന് ഏറ്റവും കൂടിയ വില ലഭിക്കുന്ന മാർക്കറ്റാണിത്. വില കൂടുതൽ ലഭിക്കുന്നതുകൊണ്ടാണ് ബോട്ടുകൾ കൊച്ചിയിലേക്ക് വരുന്നത്. ഇനി ഇവ കൊച്ചിയിലേക്ക് വരാത്ത സ്ഥിതിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

നിലവിലുള്ള വിജ്ഞാപനമനുസരിച്ച് ഗിൽനെറ്റ് ബോട്ടുകൾക്ക് ഹാർബറിൽ പ്രവേശിക്കാനാകില്ല. അതിന് സർക്കാർ പുതിയ വിജ്ഞാപനമിറക്കണം. തമിഴ്‌നാട്ടിൽനിന്നുള്ള ബോട്ടുകൾ വരാതിരുന്നാൽ കൊച്ചിയുടെ തൊഴിൽ മേഖല സ്തംഭിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ഗിൽനെറ്റ് ബയ്യിങ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദും ജന.സെക്രട്ടറി എം. മജീദും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP