Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്; ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറയുകയാണ്; മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം മുസ്ലിം വ്യക്തിനിയമം അനുസരിച്ചാണ്; ഹിന്ദു ജനസംഖ്യ വീണ്ടും കുറയും'; പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഈശ്വർ

'മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്; ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറയുകയാണ്; മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം മുസ്ലിം വ്യക്തിനിയമം അനുസരിച്ചാണ്; ഹിന്ദു ജനസംഖ്യ വീണ്ടും കുറയും'; പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഈശ്വർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുമെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ്. ഇതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോട് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കയാണ് രാഹുൽ ഈശ്വർ. ഇക്കാര്യത്തിൽ ഹിന്ദു ജനസംഖ്യ കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടി കൊണ്ടാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് രാഹുലിന്റെ ട്വീറ്റും.

ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും അതിനാൽ വിവാഹപ്രായം കൂട്ടരുതെന്നും രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തു. 'മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത്. ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് ഇപ്പോൾ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരമാണ് പെൺകുട്ടിയുടെ കല്യാണ പ്രായം നിശ്ചയിക്കുന്നത്. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും' -രാഹുൽ ഈശ്വർ ട്വീറ്റിൽ പറഞ്ഞു.

രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാർക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുൽ നടത്തിയത്. മുമ്പ് മുസ്ലിം വ്യക്തിഗത നിയമപ്രകാരം 16ാം വയസിൽ വിവാഹം ആകാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധിക്കില്ല. എല്ലാ പെൺകുട്ടികളുടെയും വിവാഹ പ്രായം 18 ആണ്. ഈ സാഹചര്യത്തിലാണ് വർഗീയത നിറഞ്ഞ്, തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രസ്താവനയുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിം പ്രത്യുൽപാദനം വർധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുൽപാദനം കുറയുന്നതിലാണ് ആശങ്കയെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുലിന്റെ വാദം. രാഹുലിന്റെ വാദത്തെ എതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് കൃത്യമായ നിയമം ഉണ്ടായിരിക്കവേ മുസ്ലിം വ്യക്തിനിയമത്തെ വലിച്ചിഴക്കുന്നത് തെറ്റായ സമീനപമാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.

നേരത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. 'നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികൾ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, ഈ റിപ്പോർട്ട് വരുന്ന ഉടൻ തന്നെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.' പ്രധാനമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാൻ അനുവദിച്ചിരിക്കുന്ന പ്രായം. ഇതിൽ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് ഉയർത്തിയേക്കുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹപ്രായവും സ്ത്രീകൾ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സെപ്റ്റംബർ 22ന് അറിയിച്ചിരുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമായി രാജ്യത്ത് പെൺകുട്ടികളുടെ പഠനനിലവാരം ഉയർന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവാഹപ്രായം പുനർനിർണയിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം എന്തായിരിക്കണമെന്ന് പൊതുവെ ഒരു ചർച്ച നടക്കുന്നുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ടിനെക്കുറിച്ചും സർക്കാർ എപ്പോൾ തീരുമാനമെടുക്കുമെന്ന് ചോദിച്ചും രാജ്യമെമ്പാടുമുള്ള സ്ത്രീകളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP