Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎപിസി; ഏഴാം അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിന് പ്രൗഢഗംഭീര തുടക്കം

ഐഎപിസി; ഏഴാം അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിന് പ്രൗഢഗംഭീര തുടക്കം

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഏഴാമത് അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിന് പ്രൗഢഗംഭീര തുടക്കം. കോവിഡിന്റെ സാഹചര്യത്തിൽ വെൽച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന കോൺഫ്രൻസ് ഷാനി മോൾ ഉസ്മാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടർന്ന് ലോകമെങ്ങും നേരിടുന്ന പ്രതിസന്ധി മാധ്യമരംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഷാനി മോൾ ഉസ്മാൻ പറഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തിൽ ശരിയായ വാർത്തകൾ ജനങ്ങളിൽ എത്തിക്കാനുള്ള മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നിരവധി ജീവൽ പ്രശ്നങ്ങൾ സർക്കാരിനു മുന്നിൽ എത്തിക്കുന്നത് മാധ്യമങ്ങളാണെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തനമേഖലയേയും മാധ്യമപ്രവർത്തകരെയും ഈ കൊറോണക്കാലത്ത് സഹായിക്കാൻ ഐഎപിസി പോലുള്ള സംഘടനകളുടെ പ്രവർത്തനം വളരെ വലുതാണെന്നും അവർ പറഞ്ഞു. കൊറോണക്കാലത്ത് നിരവധി മാധ്യമപ്രവർത്തകർ പ്രതിസന്ധിയിലാണെന്നും ഇതിൽനിന്നും കരകയറാനുള്ള പിന്തുണയാണ്് ഐഎപിസി ഇപ്പോൾ നൽകുന്നതെന്നും ചെയർമാൻ ഡോ. ജോസ്ഫ് എം. ചാലിൽ പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർക്കായി ഐഎപിസി ശക്തമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പ്രസിഡന്റ് ഡോ.എസ്.എസ് ലാൽ പറഞ്ഞു.

ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാനുള്ള ഐഎപിസിയുടെ ന്യൂസ്വയർ പദ്ധതി മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഐഎപിസി അംഗങ്ങൾ കണ്ടെത്തുന്ന വാർത്തകൾ ഈ സംവിധാനത്തിലൂടെ ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്ക് ലഭ്യമാകും. മാറുന്ന കാലത്ത് ഇത്തരത്തിലുള്ള സംവിധാനം ആവശ്യമാണെന്ന് ടി.പി.ശ്രീനിവാസൻ പറഞ്ഞു. അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളിൽ ഇന്ത്യൻ വംശജർ കൂടുതലെത്തുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി അടുത്തബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത് ടെക്നോളജിയുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇത് മാധ്യമപ്രവർത്തനത്തിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. കൊറോണ ലോക ഗതിയെ തന്നെ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി ഡയറക്ടർ അജയ് ഘോഷ് ന്യൂസ്വയർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ഐഎപിസിയുടെ ഈവർഷത്തെ സുവനീർ പ്രകാശനം അംബാസിഡർ പ്രദീപ് കപൂർ നിർവഹിച്ചു. ചീഫ് എഡിറ്റർ ഡോ. മാത്യു ജോയിസ് ഇത്തവണത്തെ സുവീറിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു. എഡ്യൂക്കേഷൻ പ്ലാറ്റ്ഫോറമായ ബുദ്ധി ഡോട്ട്കോം ചീഫ് ഇൻഫർമേഷൻ കമ്മീഷ്ണർ ബിമൽ ജുൽക്ക പ്രകാശനം ചെയ്തു. വെബ്സൈറ്റിനെക്കുറിച്ച് മാത്തുക്കുട്ടി ഈശോ സംസാരിച്ചു. ഇന്നത്തെ സമൂഹത്തിൽ മീഡിയയ്ക്ക് വളരെ പ്രധാനറോളാണ് ഉള്ളതെന്ന് ബിമൽ ജുൽക്ക പറഞ്ഞു. ടെക്നോളജിയുടെ ഫലമായി ആളുകൾക്ക് വാർത്തകൾ വേഗത്തിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. ഐഎപിസി എക്സിക്യൂട്ടവ് ഡയറക്ടർ ആനി കോശി രചിച്ച പുസ്തകം പരിചയപ്പെടുത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അംബാസഡർ പ്രദീപ് കപൂറും ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ചെയർമാൻ ഡോ. ജോസഫ് ചാലിലും ചേർന്നു രചിച്ച പാൻഡെമിക്: എൻവിഷനിങ് എ ബെറ്റർ വേൾഡ് ബൈ ട്രാൻസ്ഫോമിങ് ഫ്യൂച്ചർ ഓഫ് ഹെൽത്ത്കെയർ' എന്ന പുസ്തകത്തിന്റെ പ്രകാശനകർമം ചടങ്ങിനോടനുബന്ധിച്ചു നടന്നു.

നാഷ്ണൽ പ്രസിഡന്റ് ബിജു ചാക്കോ സ്വാഗതം പറഞ്ഞു. സ്ഥാപക ചെയർമാനും ഡയറക്ടറുമായ ജിൻസ് മോൻ പി. സക്കറിയ, ഐഎപിസി ഡയറക്ടർ പർവീൺ ചോപ്ര, ഐഎപിസി വാൻകൂവർ ചാപ്റ്റർ പ്രതിനിധി അനിത നവീൻ, ആൽബർട്ട ചാപ്റ്റർ പ്രസിഡന്റ് ജോസഫ് ജോൺ, ടൊറന്റോ ചാപ്റ്റർ പ്രസിഡന്റ് ബിൻസ് മണ്ഡപം, ഫിലാഡാൽഫിയ ചാപ്റ്റർ പ്രസിഡന്റ് മില്ലി ഫിലിപ്പ്, അറ്റ്ലാന്റാ ചാപ്റ്റർ പ്രസിഡന്റ് സാബു കുര്യൻ, ഐഎപിസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മീന ചിറ്റിലപ്പിള്ളി, ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വൈരമൺ എന്നിവർ പ്രസംഗിച്ചു. ഐഎസി സെക്രട്ടറി ആനി അനുവേലിൽ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP