Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംഎൽഎ. ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം; ഗണേശ് കുമാർ എംഎൽഎ.യുടെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി പാർവതി

എംഎൽഎ. ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം; ഗണേശ് കുമാർ എംഎൽഎ.യുടെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി പാർവതി

മറുനാടൻ ഡെസ്‌ക്‌

ഗണേശ് കുമാർ എംഎൽഎ.യുടെ വിവാദ പരാമർശത്തിന് മറുപടിയുമായി നടി പാർവതി. എംഎൽഎ. ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണമെന്ന് പാർവതി പറഞ്ഞു. മീഡിയവൺ ചാനലിലെ ചർച്ചയ്ക്കിടെ ആയിരുന്നു പാർവതിയുടെ പരാമർശം. താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ഗണേശ് കുമാർ, മുകേഷ് എന്നിവരുള്ള കാര്യവും സിപിഎം. അമ്മയും നടിമാരും തമ്മിലുള്ള വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടി പാർവതിയുടെ മറുപടി.

പാർവതിയുടെ വാക്കുകൾ:

'എടുത്ത് പറയേണ്ട കാര്യമാണ്. എംഎൽഎയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആൾക്കാരാണ്. അവർ ആളുകളോട് സംസാരിക്കുന്നത് ഇതിൽ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാൻ രാജിവെച്ച് പോയി എന്ന് പറയുമ്പോൾ ടിആർപി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎൽഎ.യാണ് ഗണേശ് കുമാർ. എ.എം.എം.എ. എന്ന് പറയാൻ പാടില്ല അമ്മ എന്ന് തന്നെ പറയണം, അങ്ങനെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം എങ്കിൽ നമ്മൾ ചില ഇമോഷണൽ കാര്യങ്ങൾക്ക് നിന്ന് കൊടുക്കണം. എ.എം.എം.എ.യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ എന്നോട് ഒരാൾ പറഞ്ഞിട്ടുള്ള കാര്യമാണ്, എനിക്ക് എ.എം.എം.എ. എന്ന് പറഞ്ഞാൽ കുടുംബമാണ്. താങ്കൾക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷൻ ആണ് എന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്.

ഒരു അസോസിയേഷൻ എന്ന് പറയുമ്പോൾ ഒരു റെസ്പെക്റ്റ് ഉണ്ട്. അവർ ചെയ്യുന്ന കാര്യങ്ങൾ അത്രയും മേലോട്ടാണ് ഞാൻ കാണുന്നത്. ഒരു അസോസിയേഷൻ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നിൽക്കുന്ന ആൾക്കാർ, അല്ലെങ്കിൽ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആൾക്കാർ, ഇവർക്ക് എല്ലാവർക്കുമുള്ള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്, ഗ്രേറ്റ് റെസ്പോൺസിബിലിറ്റി. ഗ്രേറ്റ് പവർ കം ഗ്രേറ്റ് റെസ്പോൺസിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവർ മനസിലാക്കുക. പക്ഷേ അവർ ഒരു പൗരൻ എന്ന നിലയിൽ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും കാണിക്കുന്നില്ല. എംഎൽഎ. എന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിൽ കൂടെ, അവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.'

നേരത്തെ പാർവതി അമ്മയിൽ നിന്ന് രാജിവെച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ, 'കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ', എന്നായിരുന്നു പാർവതിയെ അധിക്ഷേപിച്ച് കൊണ്ട് ഗണേശ് കുമാർ എംഎൽഎ. പറഞ്ഞത്. അമ്മ സംഘടനയിൽ നിന്ന് പാർവതി രാജിവെച്ച വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു പരിഹാസ രൂപേണയുള്ള ഗണേശ് കുമാറിന്റെ മറുപടി.

'എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ?', പാർവതിയെ പരിഹസിച്ച് ഗണേശ് കുമാർ പറഞ്ഞു. 'ഇന്ത്യയിൽ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആർക്കും ആരെയും എന്തും പറയാം, മനസിൽ തോന്നുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാൻ നമുക്ക് അധികാരമില്ല'. അമ്മ സംഘടന ആരുടെയും അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. 'സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാൻസ് കൊടുക്കരുതെന്നൊക്കെ പറയുമോ?'- ​ഗണേശ് കുമാർ ചോ​ദിച്ചിരുന്നു.

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഒരു ചാനൽ പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നായിരുന്നു പാർവ്വതി അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചത്. ഭാവനയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്ത ഇടവേള ബാബു രാജിവെക്കണമെന്നും പാർവതി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP