Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്റെ ദൈവത്തേക്കാൾ നല്ലത് എന്റേതെന്ന ചിന്തയാണ് വർഗീയ കലാപങ്ങൾക്ക് കാരണം; ആർഎസ്എസ് രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കും പിന്നോക്കാവസ്ഥയിലേക്കും നയിക്കുന്നു; സോഷ്യലിസത്തിലേക്ക് നീങ്ങുന്ന ഇന്ത്യക്കായി ഒരുമിക്കണം: യെച്ചൂരി

നിന്റെ ദൈവത്തേക്കാൾ നല്ലത് എന്റേതെന്ന ചിന്തയാണ് വർഗീയ കലാപങ്ങൾക്ക് കാരണം; ആർഎസ്എസ് രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കും പിന്നോക്കാവസ്ഥയിലേക്കും നയിക്കുന്നു; സോഷ്യലിസത്തിലേക്ക് നീങ്ങുന്ന ഇന്ത്യക്കായി ഒരുമിക്കണം: യെച്ചൂരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് വർഗീയ കലാപങ്ങളും വർഗീയ ധ്രുവീകരണവും ഉടലെടുക്കുന്നതിന് കാരണം മനുഷ്യർക്കുള്ളിലെ 'എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാൾ നല്ലത്' എന്ന ചിന്തയാണെന്ന് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർ.എസ്.എസും അതിന്റെ രാഷ്ട്രീയ സംഘടനയായ ബിജെപിയും രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കും പിന്നോക്കാവസ്ഥയിലേക്കും നയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൂഷണങ്ങൾ അവസാനിച്ച് സോഷ്യലിസത്തിലേക്ക് നീങ്ങുന്ന ഒരു തെളിവാർന്ന ഇന്ത്യക്കായി എല്ലാവരും ഒരുമിക്കണം. രാഷ്ട്രീയത്തിൽ നിന്നും സർക്കാരിൽ നിന്നും മതത്തെ വേർതിരിക്കാൻ കഴിയാത്തിടത്തോളം മതേതരത്വത്തെ സംരക്ഷിക്കാനോ നടപ്പാക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നതിന് ആർ.എസ്.എസ് പോലുള്ള സംഘടനകൾ ശ്രമിക്കുന്നെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ പരിപാടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തിനും സർക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരാവകാശമാണ് ആ സർക്കാരിന്റെ മതം. ഓരോ പൗരന്റെയും മതത്തെ സംബന്ധിച്ച അവരുടെ അവകാശങ്ങൾ, വിശ്വാസങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും സംരക്ഷിക്കപ്പെടണമെന്നും യെച്ചൂരി പറഞ്ഞു.

മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്നും കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ സംസ്ഥാനങ്ങളിൽ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് ലയനം അജണ്ടയിലില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതുകൊണ്ടാണ് പാർട്ടി പ്രസക്തവും സജീവവുമായി നിലനിൽക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു.

പാർട്ടി പിളർന്ന് സിപിഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ച തരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'സിപിഐ.എം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല. പിളർപ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്തുകയെന്നതാണ് ഇപ്പോൾ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,' യെച്ചൂരി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഐക്കും സിപിഐ.എമ്മിനുമിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്.
1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ എം.എൻ റോയിയും സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. അന്ന് രൂപീകരണയോഗത്തിൽ മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണമായി സിപിഐ.എമ്മുകാർ കണക്കാക്കുന്നത്. 1925ൽ ഡിസംബർ 26ന് കാൺപൂരിൽ വെച്ച് രൂപീകരിച്ചതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണമായി സിപിഐ കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP