Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദിയൻകുളങ്ങരയിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ എത്തിച്ച് ഭാര്യയ്ക്ക് തുണിക്കട ഇട്ടുകൊടുത്ത കള്ളൻ; വലിയ ബിസിനസുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു; കോയമ്പത്തൂരിൽ 20,000 രൂപ വാടകയുള്ള വീട്ടിൽ രണ്ടാം ഭാര്യക്കും കുട്ടികൾക്കുമൊപ്പം അടിപൊളി ജീവിതം; കരുവാറ്റ ബാങ്ക് കവർച്ചക്കാരൻ കാട്ടാക്കടക്കാരൻ ആൽബിൻ രാജിനെ പൊക്കിയത് സിനിമയെ വെല്ലും നീക്കത്തിലൂടെ

ഉദിയൻകുളങ്ങരയിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ എത്തിച്ച് ഭാര്യയ്ക്ക് തുണിക്കട ഇട്ടുകൊടുത്ത കള്ളൻ; വലിയ ബിസിനസുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു; കോയമ്പത്തൂരിൽ 20,000 രൂപ വാടകയുള്ള വീട്ടിൽ രണ്ടാം ഭാര്യക്കും കുട്ടികൾക്കുമൊപ്പം അടിപൊളി ജീവിതം; കരുവാറ്റ ബാങ്ക് കവർച്ചക്കാരൻ കാട്ടാക്കടക്കാരൻ ആൽബിൻ രാജിനെ പൊക്കിയത് സിനിമയെ വെല്ലും നീക്കത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ കുടുക്കിയത് കേരളാ പൊലീസിന്റെ അന്വേഷണ മികവ്. സിനിമാ സ്‌റ്റൈലിലായിരുന്നു നീക്കങ്ങൾ. .പൊലീസ് കോയമ്പത്തൂരിലെ വീടു വളഞ്ഞപ്പോൾ ആൽബിൻ വീടിനു മുകളിൽനിന്ന് അടുത്ത കെട്ടിടങ്ങളുടെ മുകളിലേക്കു ചാടി ഓടിയിരുന്നു. പൊലീസിനു നേരെ കത്തി വീശുകയും ചെയ്തു. ഒടുവിൽ പിടി വീണു. കിലോമീറ്ററുകളോളം ഓടിച്ചാണു പ്രതിയെ പിടിച്ചത്.

കോയമ്പത്തൂരിലെ ആഡംബര വില്ലകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഇരുനില വീട്ടിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചിരുന്നത്. ആൽബിൻ വീട്ടിലുണ്ടെന്നു വിവരം കിട്ടിയ പൊലീസ് സംഘം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഥലം വളഞ്ഞു. ഒരുസംഘം വീട് ലക്ഷ്യമാക്കി നീങ്ങി. മറ്റൊരു സംഘം റോഡിൽ പല ഭാഗത്തായി നിലയുറപ്പിച്ചു. പൊലീസ് വലവിരിച്ചെന്നു തിരിച്ചറിഞ്ഞ ആൽബിൻ വീടിന്റെ ടെറസിൽ നിന്നു ചാടി മറ്റു വീടുകളുടെ മുകളിലൂടെ ഓടി. ഇതുകണ്ട് അന്വേഷണ സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ എ.നിഷാദ് പിന്നാലെ പാഞ്ഞു. നിഷാദ് പിന്നാലെ എത്തിയപ്പോൾ കട്ട വലിച്ചെറിഞ്ഞശേഷം കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു.ഒഴിഞ്ഞു മാറിയ നിഷാദ്, പ്രതിയെ കീഴ്‌പ്പെടുത്തി, മുകളിൽ കയറിയിരുന്നു ബഹളം വച്ചു. അയൽക്കാർ ഓടിയെത്തിയപ്പോൾ 'തിരുടൻ തിരുടൻ' എന്നു വിളിച്ചു പറഞ്ഞതോടെ അവർ മാറി. അങ്ങനെ കള്ളൻ കുടുങ്ങി.

കേരളത്തിലെ സമ്പന്ന കുടുംബാംഗം. വലിയ ബിസിനസ്. ജോലിത്തിരക്കായതിനാൽ വീട്ടിൽ വരുന്നത് വല്ലപ്പോഴും മാത്രം...കോയമ്പത്തൂരിൽ 20,000 രൂപ വാടകയുള്ള വീട്ടിൽ രണ്ടാംഭാര്യക്കും അവരുടെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികൾക്കുമൊപ്പം താമസിച്ചുവന്ന ആൽബിൻ രാജിനെപ്പറ്റി ഭാര്യ ശോബി അയൽവാസികളോട് തന്നെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. എല്ലാവരും ഇത് വിശ്വസിച്ചു. അതുകൊണ്ട് തന്നെ പൊലീസിന്റെ നീക്കം നാട്ടുകാർക്കും ഞെട്ടിലുണ്ടാക്കി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന കോളനിയായതിനാൽ ഇവിടെ എപ്പോഴും പൊലീസിന്റെ സുരക്ഷയുണ്ടായിരുന്നു. ഇതിനാൽ പുറത്തുനിന്നുള്ളവരുടെ ഭീഷണിയില്ലാതെ സുഖമായി താമസിക്കാൻ കഴിയുമായിരുന്നു. ആൽബിൻ രാജ് പ്രയോജനപ്പെടുത്തിയതും ഇതേ സൗകര്യമാണ്.

അടുത്തവീട്ടുകാർക്കുപോലും ആൽബിൻ രാജുമായി സൗഹൃദമില്ല. ആദ്യഭാര്യ പിണങ്ങിപ്പോയശേഷമാണ് തമിഴ്‌നാട് സ്വദേശിയായ ശോബിയുമായി ആൽബിൻ രാജ് പരിചയപ്പെടുന്നത്. നെയ്യാറ്റിൻകര ഉദിയൻ കുളങ്ങരയിലെ തുണിക്കടയിൽനിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ കോയമ്പത്തൂരിലെത്തിച്ച് ഭാര്യയ്ക്ക് തുണിക്കട ഇട്ടുകൊടുത്ത ചരിത്രവും ആൽബിൻ രാജിനുണ്ട്. നാഗർകോവിലിലെ ഒരു സ്വർണക്കടയിൽനിന്ന് ആൽബിൻ രാജ് 120 പവൻ മോഷ്ടിച്ചിരുന്നു. ഈ കേസിലെ കൂട്ടുപ്രതിയായിരുന്ന ശോബി ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഥകളെല്ലാം രണ്ടാം ഭാര്യയ്ക്കും അറിയാമായിരുന്നു. മോഷണക്കേസിൽ പ്രതിയായ പശ്ചാത്തലമുള്ളതിനാൽ കരുവാറ്റ ബാങ്ക് കവർച്ച കേസിൽ ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് വനിതാ പൊലീസിനെക്കൂടി ഉൾപ്പെടുത്തിയ സംഘം കോയമ്പത്തൂരിന് തിരിച്ചത്. എന്നാൽ, ഒന്നാംപ്രതിയെ പിടികൂടാൻ കഴിഞ്ഞതിനാൽ ശോബിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. പിന്നീടും നിരീക്ഷണം തുടർന്നു.

അതിനിടെ കോയമ്പത്തൂരിൽ ആൽബിൻ രാജിനെ നിരീക്ഷിക്കാൻ നിയോഗിച്ച കേരള പൊലീസിലെ രണ്ടുപേരെ കള്ളന്മാരെന്നു സംശയിച്ച് കോയമ്പത്തൂർ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ ഒരു മന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിൽ 2 'തിരുടന്മാരെ' പിടികൂടിയെന്നറിഞ്ഞ് നാട്ടുകാരും സംഘടിച്ചു. കേരള പൊലീസ് ആണെന്നു പുറത്തറിഞ്ഞാൽ ആൽബിൻ രാജ് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ, തമിഴ്‌നാട് പൊലീസ് സംഘത്തെ മാറ്റി നിർത്തി തിരിച്ചറിയൽ കാർഡ് കാണിച്ചു കാര്യം ബോധിപ്പിച്ച ശേഷമാണ് സംഘത്തിന് അന്വേഷണം തുടരാൻ കഴിഞ്ഞത്.

കോയമ്പത്തൂർ പുനിയമുത്തൂർ പ്രദേശത്ത്, കേരളത്തിലെ വൻ റബർ വ്യവസായിയെന്ന വ്യാജേനയാണ് ആൽബിൻ രാജ് ജീവിച്ചിരുന്നത്. ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ ആദ്യം കോയമ്പത്തൂരിൽ എത്തിയ കേരള പൊലീസ് സംഘത്തിന് കാര്യമായ വിവരങ്ങൾ കണ്ടെത്താനായില്ല. തുടർന്ന്, ഷാഡോ പൊലീസ് എസ്‌ഐ ടി.ഡി.നെവിൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജി.ഉണ്ണിക്കൃഷ്ണപിള്ള, അരുൺ ഭാസ്‌കർ എന്നിവരെ കോയമ്പത്തൂരിൽ നിർത്തി അന്വേഷണം തുടർന്നു. അങ്ങനെയാണ്, വിവിഐപി മേഖലയിലേക്ക് അന്വേഷണം എത്തിയത്. ഒടുവിൽ പൊലീസ് ഓപ്പറേഷനും. ആൽബിന്റെ രണ്ടു കാലിലും പരുക്കേറ്റിട്ടുണ്ട്.ഇയാളിൽ നിന്ന് 1.850 കിലോഗ്രാം സ്വർണം കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.

മറ്റു 2 പ്രതികളിൽ നിന്നായി 1.5 കിലോഗ്രാമോളം സ്വർണം നേരത്തെ ണ്ടെത്തിയിരുന്നു.ബാങ്കിൽനിന്ന് 4.830 കിലോഗ്രാം സ്വർണവും 4.5 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണു വിവരം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബാക്കി സ്വർണവും പണവും ണ്ടെത്താനാകുമെന്ന് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP