Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തതോടെ അടവ് മാറ്റി കേന്ദ്ര സർക്കാർ; ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും; 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ച് സർക്കാർ ഉത്തരവ്; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാൻ ബിജെപിയുടെ കശ്മീരിലെ കളികൾ ഇങ്ങനെ..

പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തതോടെ അടവ് മാറ്റി കേന്ദ്ര സർക്കാർ; ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും; 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ച് സർക്കാർ ഉത്തരവ്; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാൻ ബിജെപിയുടെ കശ്മീരിലെ കളികൾ ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ജമ്മു കശ്മീരിൽ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗൺസിലുകൾ നിലവിൽ വരും. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതിനായി നിയമഭേദഗതി നടപ്പാക്കി ഓർഡിനൻസ് പുറത്തിറക്കി. പതിനാല് അംഗങ്ങൾ വീതമുള്ള ജില്ലാ കൗൺസിലുകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ഇതോടെ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനുള്ള സാധ്യതകൾ മങ്ങി.

ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്. കൗൺസിൽ അംഗങ്ങളെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കും. അംഗങ്ങൾ അദ്ധ്യക്ഷൻ അല്ലെങ്കിൽ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവിൽ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോർഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് കേന്ദ്ര പ്രഖ്യാപനം. ജമ്മു കശ്മീരിൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.

നേരത്തെ ജമ്മു കശ്മീർ നിയമസഭയിലേക്ക് ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. മണ്ഡല പുനർനിർണയത്തിന് സമിതി രൂപീകരിച്ചെങ്കിലും നടപടി വൈകുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ, സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് താരിഗാമി തുടങ്ങിയവർ ഒത്തു ചേർന്ന് കേന്ദ്രതീരുമാനങ്ങൾക്കെതിരെ യോജിച്ച നിലപാടെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് ധാരണയായത്. 2019 ഓഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്ര സർക്കാർ തിരിച്ചു നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാൻ ഓ​ഗസ്റ്റിൽ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാൻ ദീർഘനാളായുള്ള വൈരം മറന്ന് പാർട്ടികൾ ഒന്നിച്ചത്. നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, സിപിഎം, കോൺഗ്രസ്, അവാമി നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ഒരുമിച്ചു നിൽക്കുന്നതിന് അന്ന് തീരുമാനിച്ചത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കർ പ്രഖ്യാപനത്തിന്റെ തുടർച്ചയായിരുന്നു പാർട്ടികളുടെ പുതിയ നീക്കം. ഗുപ്കർ പ്രഖ്യാപനം-2 എന്നാണ് ഓ​ഗസ്റ്റ് 23ലെ ഇവരുടെ സംയുക്ത പ്രസ്താവനയെ വിശേഷിപ്പിച്ചിരുന്നത്. ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോൺ, എം.വൈ. താരിഗാമി, മുസാഫിർ ഷാ, ജി.എ. മിർ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നത്.

മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലുള്ള ഗുപ്കർ റോഡ് വസതിയിലെത്തി കണ്ടത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിർത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാർട്ടികൾ പ്രതിജ്ഞ എടുത്തു. ഇതിൽ എല്ലാ പാർട്ടികളും ഒപ്പുവെച്ചിരുന്നു. ഇതാണ് ഗുപ്കർ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടുന്നത്. ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജദ് ഗാനി ലോൺ അവാമി നാഷണൽ കോൺഫറൻസ് മേധാവി മുസഫർ ഷാ എന്നിവരായിരുന്നു പ്രസ്താവനയിൽ ഒപ്പുവെച്ചത്.

വീട്ടുതടങ്കലിൽ നിന്നും കഴിഞ്ഞ ദിവസം മോചിതയായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ​ദിവസം നാഷണൽ കോൺഫറൻസ് നേതാക്കൾ സന്ദർശിച്ചിരുന്നു. ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയുമാണ് മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ സ്ഥിതി​ഗതികൾ ചർച്ച ചെയ്തത്. ഇരുവരും സന്ദർശിച്ച വിവരം ഒമർ അബ്ദുള്ള ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ട്വീറ്റ് റീട്വീറ്റ് ചെയ്ത മെഹ്ബൂബ കടിക്കാഴ്ചയുടെ സന്തോഷം അറിയിച്ചു.

ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെവീട്ടുതടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തിക്ക് മോചനം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടിൽ കരുതൽ തടങ്കലിലായിരുന്ന മഹ്ബൂബയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. എന്നേക്കുമായി കരുതൽ തടങ്കൽ പാടില്ലെന്ന സുപ്രീംകോടതി പരാമർശത്തിന്പിന്നാലെയാണ് മോചനം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചിരുന്നു.

"ഡൽഹിയിലെ സർക്കാർ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നീക്കം ചെയ്ത ആർട്ടിക്കിൾ 370 തിരിച്ചു പിടിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരുപാട് കശ്മീരികൾക്ക് ജീവൻ ത്യജിക്കേണ്ടി വന്നു. മുന്നോട്ടുള്ള പാത കഠിനമാണെന്ന് അറിയാം. എങ്കിലും ഞങ്ങൾക്ക് ഈ സമരം തുടരേണ്ടതുണ്ട്. എന്നെ പോലെ അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവരേയും മോചിപ്പിക്കണമെന്ന് ഇന്ന് ഞാൻ ആവശ്യപ്പെടുന്നു."-മെഹബൂബ മുഫ്തി ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെപൊതുസുരക്ഷ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ഒരു വർഷവും രണ്ടുമാസവും തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മോചനം. നേരത്തെ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 നും ഒമർ അബ്ദുള്ളയെ മാർച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ കരുതലോടെ മാത്രമേതീരുമാനം എടുക്കാനാകൂ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. അതേസമയം എന്നത്തേക്കുമുള്ള തടങ്കലായി ഇതുമാറരുതെന്ന് സുപ്രീംകോടതി പരാമർശം നടത്തിയിരുന്നു. എത്രകാലം ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ സാധിക്കുമെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടു.അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വിട്ടയക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP