Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202415Friday

ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം; ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

1920 ഒക്ടോബർ 17നു താഷ്‌ക്കെന്റിൽ വച്ചു നടന്ന, എം. എൻ.റോയി പങ്കെടുത്ത ചെറുയോഗത്തിൽ തുടങ്ങിയതോ 1925 ലെ കാൺപൂരിൽ വച്ചു നടന്ന സമ്മേളനത്തിൽ രൂപീകൃതമായതോ എന്നതിന്റെ തർക്കത്തിലേയ്‌ക്കൊന്നും തല്ക്കാലം തലയിടുന്നില്ല. പക്ഷേ ഒരു ചീഞ്ഞഴുകലിന്റെ അവസാന വക്കിലെത്തി നില്ക്കുന്ന പ്രസ്ഥാനമാണതെന്ന കാര്യത്തിൽ തർക്കമൊട്ടുമില്ല താനും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങി പകുതിയായപ്പോൾ ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തും പടർന്നുപന്തലിച്ചശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ലോകത്തെ പല രാജ്യങ്ങളിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട ഇസം-കമ്മ്യൂണിസം! ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ഒടുക്കത്തിൽ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേയ്ക്കും അവയിൽ തന്നെ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരൊറ്റ സംസ്ഥാനത്തിലേയ്ക്കും മാത്രം ചുരുങ്ങി പോയൊരു പ്രസ്ഥാനം. എന്തുകൊണ്ട്?

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം 73 വർഷം പിന്നിട്ട ശേഷം തകർന്നടിഞ്ഞത് ഒരു പാഠമായിരുന്നു. വിപ്ലവത്തിലൂടെ കെട്ടിപ്പടുക്കുന്ന സാമ്രാജ്യം,തോക്കിന്മുനയിലൂടെ നേടിയെടുക്കുന്ന ആധിപത്യം ശാശ്വതമല്ലെന്ന വലിയ പാഠം. മോസ്‌കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്‌ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ മൂവർണക്കൊടി ഉയർത്തി. ഏഴു പതിറ്റാണ്ടിലേറെ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ ഒതുക്കപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞപ്പോൾ തെളിഞ്ഞുവന്നത് ദാരിദ്ര്യത്തിന്റെ ചിത്രമായിരുന്നു. സോവ്യറ്റ് യൂണിയന്റെ പതനം സ്വതന്ത്ര റിപ്പബ്ലിക്കുകളിൽ വിവിധ പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവകാശവും സ്വതന്ത്രമായ ജനാധിപത്യ പ്രക്രിയയും മാധ്യമപ്രവർത്തനവും ആരാധനാ സ്വാതന്ത്ര്യവും എല്ലാം കൊണ്ടുവന്നങ്കിലും അവയ്‌ക്കൊപ്പം സാമ്പത്തിക അരാജകത്വവും ദാരിദ്ര്യവും കൊടികുത്തിവാണു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സഹായഹസ്തവുമായെത്തിയെങ്കിലും അവയ്‌ക്കൊന്നും കരകറ്റാനാകാത്തതായിരുന്നു പലരാജ്യങ്ങളിലെയും പെട്ടെന്നുണ്ടായ സാമ്പത്തിക പതനം.

മാർക്‌സ് വിഭാവന ചെയ്തതുപോലെയുള്ള തൊഴിലാളിവർഗ വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടീഷ് ലൈബ്രറിയുടെ അസംഖ്യം പുസ്തകക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും മാർക്‌സ് ചിന്തിച്ചു കൂട്ടിയത് എക്കാലത്തെയും പീഡിത വിഭാഗങ്ങൾക്ക് വേണ്ടിയാണെന്നത് നേര്. പക്ഷെ പട്ടിണിയും പീഡനങ്ങളുമില്ലാത്ത സമത്വ സുന്ദര ലോകമെന്ന സങ്കല്പം വെച്ച് പുലർത്തിയിരുന്ന ഒന്നാമത്തെ ആളൊന്നുമായിരുന്നില്ല മാർക്‌സ്. കൃഷി ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇംഗ്ലണ്ടിലെ കർഷകർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നട്ടം തിരിയുന്ന വേദനാജനകമായ അവസ്ഥയിലാണ് തോമസ് മൂർ തന്റെ 'ഉട്ടോപിയ' എന്ന നോവലുമായി കടന്നു വരുന്നത്. സ്വകാര്യ മൂലധനം എന്ന 'വിപത്ത്' ഇല്ലാതെ എല്ലാവരും താന്താങ്ങളുടെ ജോലിയിൽ ഭംഗിയായി നിർവഹിച്ച് അനല്പമായ സന്തോഷത്തിലും ആഹ്ലാദത്തിലും ജീവിച്ചു വരുന്ന ജനങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഏതാണ്ടെല്ലാ ഭാഷകളിലും ജനസമൂഹങ്ങളിലും കാണാൻ കഴിയും. 'മാവേലി നാടി'ന്റെ ഇംഗ്ലീഷ് വേർഷനുകളായ ഉട്ടോപ്പിയയും തോമസ്സോ കാംപെനല്ലയുടെ 'ദി സിറ്റി ഓഫ് സണ്ണും' ഉദാഹരണങ്ങൾ മാത്രം. അത്തരമൊരു ലോകത്തെ എങ്ങിനെ കെട്ടിപ്പടുക്കാം എന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പരിണതിയായിരുന്നു മാർക്‌സ് അടക്കമുള്ള സൈദ്ധാന്തികർ മുന്നോട്ടു വെച്ച ആശയങ്ങൾ.

ഒക്ടോബർ വിപ്ലവം ലെനിനിസ്റ്റ് വിപ്ലവമായിരുന്നു. വാസ്തവത്തിൽ ലെനിൻ നടത്തിയത് കെരെൻസ്‌കി അധികാരം കയ്യാളാതിരിക്കാൻ നടത്തിയ അട്ടിമറി മാത്രമായിരുന്നുവത്. റഷ്യയിലും ചൈനയിലും നടന്നത് ഫ്യൂഡൽ സമൂഹങ്ങളിലെ കലാപങ്ങൾ മാത്രമായിരുന്നു. ഇത് മാർക്‌സിസം ശാസ്ത്രീയമാണെന്ന മിഥ്യയെ തുറന്നുകാട്ടി. കമ്പോഡിയയിൽ നടന്നത് പോൾപോട്ട് എന്ന സ്വേച്ഛാധിപതിയുടെ പ്രാകൃത ഫ്യൂഡൽ ഭരണമാണ്. ക്യൂബയിൽ രാജ്യപുരോഗതിക്കായി സ്വകാര്യ മൂലധനം അത്യാവശ്യമാണെന്ന് കണ്ടെത്തി ഭരണഘടനയിൽനിന്ന് തന്നെ മാർക്‌സിസത്തെ എടുത്തു കളഞ്ഞു. വടക്കൻ കൊറിയയിലാകട്ടെ ഫ്യൂഡലിസം ഫാസിസവുമായി കൂടിച്ചേർന്ന വികൃതമായ അടിമത്തമാണ് നടമാടുന്നത്.മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണെങ്കിലും ചൈന വികസനത്തിന് പുതിയൊരു പാത തുറന്നിട്ടു മുന്നേറിയെന്നതാണ് സത്യം. ആധുനികവൽക്കരണവും ഉദാരവൽക്കരണവും വ്യാപകമായി നടപ്പാക്കി അവർ സാമ്പത്തിക അടിത്തറയുണ്ടാക്കി. പാർട്ടിയുടെ സമഗ്രാധിപത്യമായതിനാൽ യാതൊരു എതിർപ്പുമില്ലാതെയാണ് പാർട്ടി ഇതൊക്കെ ചെയ്യുന്നത്. തുടർച്ചയായ ഭരണം പാർട്ടിയെ ഇതിന് സഹായിക്കുന്നുമുണ്ട്. മാർക്‌സിസം-ലെനിനിസത്തിന്റെ സാമ്പത്തികസിദ്ധാന്തങ്ങൾ കുപ്പത്തൊട്ടിയിൽ എറിഞ്ഞതുകൊണ്ടുമാത്രമാണ് ചൈനക്ക് സാമ്പത്തിക പുരോഗതി നേടാനായത്.

ചൈനയുടെ നാണംകെട്ട ദല്ലാളന്മാർ മാത്രം ആണ് ഇന്ന് ഭാരതത്തിലെ മാർക്‌സിസ്റ്റുകാർ. ഇന്നും അവർക്ക് ഫോളോ ചെയ്യാൻ കൃത്യമായ ഒരു അജണ്ടയില്ല. അത് എന്നും അങ്ങനെയായിരുന്നു താനും. അങ്ങ് റഷ്യയിൽ സഖാവ് സ്റ്റാലിൻ ബ്രിട്ടനുമായി ചേർന്ന് ജർമനിക്കെതിരായ യുദ്ധത്തിൽ ചേർന്നപ്പോൾ ഇവിടെ സ്വാതന്ത്ര്യസമരത്തിൽ നിന്നൊഴിഞ്ഞ് പട്ടാളത്തിൽ ചേർന്ന മഹത്തായ ചരിത്രമുള്ള പാർട്ടിയാണ്. റഷ്യയാണ് പാർട്ടിയുടെ പ്രചോദനകേന്ദ്രം. റഷ്യ പറയുന്നതേ ശരിയാവൂ. രണ്ടാം ലോക യുദ്ധം തുടങ്ങിയപ്പോൾ സ്റ്റാലിൻ പറഞ്ഞു, ഇത് സാമ്രാജ്യത്വ യുദ്ധമാണ്. അപ്പോൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ യുദ്ധവിരുദ്ധ റാലികൾ നാടാകെ നടത്തി.മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ സ്റ്റാലിൻ പറഞ്ഞു യുദ്ധം സാമ്രാജ്യത്വ വിരുദ്ധമാണ്.. ഫാസിസ്റ്റ് വിരുദ്ധമാണ്.... യുദ്ധ വിരുദ്ധ റാലി മതിയാക്കി കേരളത്തിലെ പാർട്ടി പ്രവർത്തകർ യുദ്ധത്തിന് പോയത് അതിനു ശേഷമാണ്.

ലോകമെമ്പാടും രാജ്യങ്ങൾ സാമ്പത്തികവും സാമൂഹ്യവുമായി അഭിവൃദ്ധിപ്രാപിച്ചപ്പോൾ, സമൃദ്ധിയിലാണ്ടപ്പോൾ, അവിടെയൊക്കെ മാർക്‌സിസം അപ്രസക്തമായിയെന്നതാണ് സത്യം. സ്വന്തം കുട്ടികളെ സ്വകാര്യസ്‌കൂളുകളിലോ, വിദേശത്തോ അയച്ചു പഠിപ്പിക്കുമ്പോൾ, സാധാരണ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന കലാലയങ്ങൾ അണികളെ റിക്രൂട്ട് ചെയ്യാനുള്ള സ്ഥലങ്ങളായി മാർക്‌സിസ്റ്റു നേതാക്കൾ ബോധപൂർവം മാറ്റിയ പാരമ്പര്യം ഇന്നും കേരളത്തിനുള്ളതിനാൽ ഒരു തരി കനൽ ഇവിടെ ബാക്കിയാവുന്നു. നീണ്ട 34 വർഷക്കാലം, 2011-വരെ, തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച പ്രസ്ഥാനത്തിനു സംഭവിച്ച തെറ്റ് തന്നെ ഇവിടെയും തുടരുന്നു.

സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ തുടങ്ങിയ 2008-ൽ തന്നെ ബംഗാളിൽ ഇടതുമുന്നണിയുടെ തകർച്ച ആരംഭിച്ചിരുന്നു. നന്ദിഗ്രാമിൽ കർഷകരെ വെടി വെക്കാൻ തോക്കുമായി പോയത് പൊലീസ്‌കാർ മാത്രമല്ല, സിപിഎമ്മിന്റെ പാർട്ടി മെമ്പർമാർ കൂടിയായിരുന്നു.

ബുദ്ധദേബ് ഭട്ടാചാര്യ ഭരണത്തിനു കീഴിൽ ബദൽ രാഷ്ട്രീയത്തിനുള്ള അന്വേഷണങ്ങൾ പാടെ ഉപേക്ഷിക്കുകയും ഇടതുമുന്നണി സർക്കാർ നവ-ഉദാരവാദ ഘോഷയാത്രയിൽ ചേരുകയും ചെയ്തു. സ്വകാര്യ, കോർപ്പറേറ്റ് സംരംഭങ്ങൾക്കും, സ്വതന്ത്ര വ്യാപാര മേഖലകൾക്കുമായി ജനാധിപത്യ വിരുദ്ധമായി ബലപ്രയോഗത്തിലൂടെ കൃഷിഭൂമി ഏറ്റെടുക്കാനുള്ള തീവ്രശ്രമങ്ങളും, മാനവ വികാസത്തോടുള്ള അവഗണനയും, സാമൂഹ്യനീതി പ്രശ്‌നങ്ങളിലെ സംവേദനക്ഷമതയില്ലായ്മയും എല്ലാം ഗ്രാമീണ, നഗര ദരിദ്രജനതയുടെ വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്നും അകറ്റി. ത്രിപുരയിൽ സംഭവിച്ചതും അതു തന്നെ. മണിക്ക് സർക്കാരെന്ന ലളിതജീവിതം നയിച്ച നല്ലൊരു കമ്മ്യൂണിസ്റ്റായ മനുഷ്യനെ പോലും ജനങ്ങളിൽ നിന്നും സ്വീകാര്യനാക്കാതെ മാറ്റപ്പെട്ടത് പാർട്ടിയുടെ നയങ്ങൾ കാരണമായിരുന്നു.

കേരളത്തിലാവട്ടെ കൊലവിളികളുടെയും അഴിമതികളുടെയും പീഡനങ്ങളുടെയും രൂപത്തിൽ നാം കേട്ടുകൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നതാണ് കമ്മ്യൂണിസം. പാർട്ടട്ടി മറ്റേതൊരു കോർപ്പറേറ്റ് സ്ഥാപനങ്ങളെയും അസൂയപ്പെടുത്തും വിധം സാമ്പത്തികാടിത്തറ ഉണ്ടാക്കുകയും സ്ഥാപനവത്ക്കരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു.പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് പാർട്ടി വളർത്തിയവർ മറവിയിലേയ്ക്ക് മറഞ്ഞപ്പോൾ പുത്തൻനേതാക്കൾ നക്ഷത്രഹോട്ടലുകളിൽ പാർട്ടികളുമായി ഒത്തുകൂടി, അന്തിയുറങ്ങി. ആഗോളവത്ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കൾ നമ്മുടെ കൺമുന്നിൽ ആഗോളവത്ക്കരണം വഴിയെത്തിയ എല്ലാ സൗകര്യങ്ങളിലും മുങ്ങിത്താണു. നേതാക്കളുടെ സുഖലോലുപത അണികളിലേക്കും പടർന്നതോടെ സംഘടനയുടെ കെട്ടുറപ്പ് അഴിഞ്ഞുലഞ്ഞു. പാർട്ടിയുടെ ഉരുക്കുമുഷ്ടിയിൽ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്ന തത്വം അടിയുറച്ചതോടെ മാഷാ അള്ളാ സ്റ്റിക്കറുകൾ പതിച്ച ഇന്നോവകൾക്കൊപ്പം പാടത്ത് ജോലി വരമ്പത്ത് കൂലി പരിഷ്‌കാരങ്ങൾ മനുഷ്യരുടെ ജീവനെടുത്തു.

നേതാക്കളുടെ നാവുളുക്കി പഴങ്കഥകൾ പുറത്തുവന്നപ്പോൾ വൺ,ടൂ ത്രീ യെന്ന എണ്ണിയെടുക്കലുകൾ ജനം കണ്ടു. പാർട്ടിക്കാരുടെ പീഡനങ്ങൾക്ക് മാത്രം തീവ്രതാസ്‌ക്കെയിലു നടപ്പിലാക്കിയ നേതാക്കൾ. ഏത് താഴെക്കിടയിലുള്ള പാർട്ടിക്കാരനും പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നീതിനിർവ്വഹിക്കാൻ അധികാരം കിട്ടി. പൊലീസുകാരെ നടുറോഡിലിട്ടുകുത്തിയാലും സാരമില്ലാതെ പൊലീസ് റാങ്ക് ലിസ്റ്റുകളിൽ മുമ്പനാവാൻ അണികൾക്ക് കഴിയുന്ന നവലിബറിലിസം നിലവിൽ വന്നു. നേതാക്കൾ സ്വേച്ഛാധിപതികളുടെ ക്രൗര്യം എടുത്തണിഞ്ഞ് കടക്ക് പുറത്ത് എന്ന് ആട്ടാൻ മടിക്കാതെയായി.

ഇപ്പോഴും കമ്മ്യൂണിസം സ്വപ്നം കാണുകയും വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ സിപിഎം. വിരുദ്ധൻ അഥവാ വർഗ്ഗീയവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന സഖാക്കളോട് ഒരേയൊരു ചോദ്യം മാത്രം ചോദിക്കട്ടെ! നിങ്ങൾ പറയുന്ന ഈ കമ്മ്യൂണിസം അത്രമേൽ മഹത്തരവും മാനവികവുമെങ്കിൽ ശാസ്ത്ര-സാങ്കേതികകുതിപ്പിന്റെ ലാസ്റ്റ് ലീപ്പിൽ നില്ക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂന്നാം ദശകത്തിന്റെ തുടക്കത്തിൽ എന്ത്‌കൊണ്ട് ഇത് ലോകത്ത് നിന്ന് ജനങ്ങളാൽ തുടച്ചു നീക്കപ്പെടുന്നു? ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ചൂണ്ടുവിരൽ അധികാരം നിർണ്ണയിക്കുന്ന ഈ നാട്ടിൽ എന്തുകൊണ്ട് അതിന്റെ വളർച്ച പടവലങ്ങ പോലെ താഴേയ്ക്ക് പോയി?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP