Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറസ്റ്റ് പൊളിക്കാൻ ശിവശങ്കർ 'നെഞ്ച് വേദന' നാടകം കളിച്ചതിൽ കസ്റ്റംസിന് കടുത്ത നീരസം; രാമമൂർത്തിയും സംഘവും പൂജപ്പുരയിലെ വീട്ടിലേക്ക് കോടതി സമയം കഴിഞ്ഞ് വന്നപ്പോഴേ മുൻഐടി സെക്രട്ടറി അപകടം മണത്തു; ശനിയും ഞായറും കോടതി അവധിയായിരിക്കെ മുൻകൂർജാമ്യം കിട്ടാനും വിഷമം; പിആർഎസിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശിവശങ്കറിന്റെ മനസ്സിൽ കണക്കുകൂട്ടലുകൾ അനവധി; ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഇങ്ങനെ

അറസ്റ്റ് പൊളിക്കാൻ ശിവശങ്കർ 'നെഞ്ച് വേദന' നാടകം കളിച്ചതിൽ കസ്റ്റംസിന് കടുത്ത നീരസം; രാമമൂർത്തിയും സംഘവും പൂജപ്പുരയിലെ വീട്ടിലേക്ക് കോടതി സമയം കഴിഞ്ഞ് വന്നപ്പോഴേ മുൻഐടി സെക്രട്ടറി അപകടം മണത്തു; ശനിയും ഞായറും കോടതി അവധിയായിരിക്കെ മുൻകൂർജാമ്യം കിട്ടാനും വിഷമം; പിആർഎസിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശിവശങ്കറിന്റെ മനസ്സിൽ കണക്കുകൂട്ടലുകൾ അനവധി; ക്യാറ്റ് ആൻഡ് മൗസ് ഗെയിം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലേക്ക് വാങ്ങുമെന്ന് സൂചന. ഇന്നലെ കസ്റ്റഡിയിൽ വെക്കാനുള്ള കസ്റ്റംസ് നീക്കം ശിവശങ്കർ അസുഖ നാടകം വഴി പൊളിച്ചതിൽ കടുത്ത അമർഷം കസ്റ്റംസിനുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെ കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പാക്കിയതാണ്. ഈ നീക്കമാണ് ശിവശങ്കർ പൊളിച്ചത്. എങ്ങനെയും തിങ്കളാഴ്ച വരെ പിടിച്ചു നിന്ന് തിങ്കൾ രാവിലെ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനാണ് ശിവശങ്കറിന്റെ ശ്രമം.

എൻഫോഴ്‌സ്‌മെന്റ് കേസിൽ ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഈ ജാമ്യത്തിന്റെ മറപിടിച്ച് കസ്റ്റംസ് കേസും കൂടി ഇതിലേക്ക് കൊണ്ടുവരാനാണ് ശിവശങ്കറിന്റെ ശ്രമം. 23 വരെ അറസ്റ്റ് തടയുക. അതിനായി മെഡിക്കൽ കോളേജ് വാസം തിങ്കൾ വരെ നീട്ടുക. ഐസിയുവിൽ കിടക്കുന്ന രോഗിയെ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന പഴുതിൽ തിങ്കൾ വരെ മാത്രമാണ് ശിവശങ്കർ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്. പിആർഎസ് ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന ശിവശങ്കറിന്റെ ഭാര്യ മുൻപ് ഐഎംഎയിൽ സജീവമായിരുന്നു. അവർക്ക് ഡോക്ടർമാർക്കിടയിൽ സ്വാധീനവുമുണ്ട്. ഈ സ്വാധീനം തന്നെ സഹായിച്ചേക്കും എന്ന പ്രതീക്ഷയാണ് ശിവശങ്കർ വെച്ച് പുലർത്തുന്നത്. ശിവശങ്കറിന്റെ അറസ്റ്റ് പിണറായി സർക്കാരിനും ക്ഷീണമാണ്. അതുകൊണ്ട് മെഡിക്കൽ കോളേജിൽ നിന്നും തനിക്ക് സഹായം ലഭിച്ചേക്കും എന്ന പ്രതീക്ഷയും മുഖ്യമന്ത്രിയുടെ പ്രിയങ്കരനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ തിങ്കൾ മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ശിവശങ്കറിന്റെ കണക്കുകൂട്ടൽ തെറ്റും. കൊച്ചിയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന് ജാമ്യം വാങ്ങി നൽകിയ അതെ അഭിഭാഷകൻ തന്നെയാണ് തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് ശ്രമിക്കുക എന്നാണ്. ഇതിനുള്ള ഒരുക്കങ്ങൾ കൊച്ചിയിൽ പുരോഗമിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ലൈഫ് മിഷൻ കമ്മിഷൻ തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്താൻ ശിവശങ്കർ ശ്രമിച്ചതിന്റെ തെളിവുകൾ കസ്റ്റംസ് ഹൈക്കോടതിയിൽ ഹാജരാക്കും. ഇങ്ങനെ തെളിവുകൾ ഹാജരാക്കിയാൽ ഇഡി കേസ് പോലെ ശിവശങ്കറിന് ജാമ്യം നൽകാൻ ഹൈക്കോടതി തയ്യാറായില്ലെങ്കിൽ ശിവശങ്കറിന്റെ നീക്കം പാളും. കൈക്കൂലി തുക ഡോളർ ആക്കി മാറ്റി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1.90 ലക്ഷം ഡോളർ ആണ് വിദേശത്തേക്ക് കടത്തിയത്. ഇന്ത്യൻ കറൻസി ഡോളർ ആയി മാറ്റിക്കിട്ടാൻ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്ന് ബാങ്ക് അധികൃതർ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഇത്രയേറെ തുകയുടെ ഡോളർ നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും ശിവശങ്കറിന്റെ സമ്മർദ്ദത്തെ തുടർന്ന് നൽകുകയായിരുന്നുവെന്നാണ് മൊഴി.

ഈ മൊഴിയാണ് ശിവശങ്കറിന് വിനയാകുന്നത്. ഇതോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് നീക്കം കസ്റ്റംസ് ശക്തമാക്കുകയും രാമമൂർത്തി ശിവശങ്കറിനെ പിടിക്കാൻ പൂജപ്പുരയിലെ വീട്ടിലേക്ക് എത്തുകയും ചെയ്തത്. ഇതു കൂടാതെ സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയുടെ കാര്യത്തിൽ ശിവശങ്കർ സംശയ നിഴലിലാണ്. ഇതിൽ ശിവശങ്കറിലേക്ക് നീളുന്ന തെളിവുകൾ കസ്റ്റംസിനുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ തെളിവുകളും ഒപ്പം വന്നാൽ സ്വർണ്ണക്കടത്ത്, സാമ്പത്തിക ലാഭം കൈപ്പറ്റൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കസ്റ്റംസിന് തന്നെ അറസ്റ്റ് ചെയ്യാം. സ്വർണ്ണക്കടത്ത് രാജ്യദ്രോഹകുറ്റമാക്കി എൻഐഎ കൂടി രംഗത്തുള്ളതിനാൽ ഒരുപക്ഷെ കാത്തിരിക്കുക യുഎപിഎ വകുപ്പുകളും ആകും. ഇതെല്ലാം അറിയാവുന്നതുകൊണ്ടാണ് കസ്റ്റംസ് അറസ്റ്റ് നീക്കം മണത്തതോടെ ശിവശങ്കർ അസ്വസ്ഥത പറയുകയും ആശുപത്രി വാസത്തിലേക്ക് മാറുകയും ചെയ്തത്.

ആൻജിയോഗ്രാമിൽ ഒരു കുഴപ്പവും ഇല്ലെന്നു തെളിഞ്ഞതോടെയാണ് പുറംവേദനയുടെ കാര്യം ശിവശങ്കർ ചൂണ്ടിക്കാട്ടിയത്. പുറംവേദന അറസ്റ്റ് തടയൽ ഒഴിവാക്കി നിർത്തില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത നീക്കങ്ങൾക്ക് കസ്റ്റംസ് തയ്യാറാകുന്നത്. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിൽ എത്തിക്കുകയാണ് കസ്റ്റംസ് ലക്ഷ്യം തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് ഇന്നലെ നടത്തിയത്. സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയുടെ സാന്നിധ്യം ഇതിനു തെളിവുമാണ്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മുന്നോട്ടു നീക്കണമെങ്കിൽ കസ്റ്റംസ് അടക്കമുള്ള ഏജൻസികൾക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് അനിവാര്യമാണ്. ഇന്നലെ കസ്റ്റംസ് നടത്തിയത് ചോദ്യം ചെയ്യൽ നീക്കമല്ല അറസ്റ്റ് നീക്കമാണ്. ശനിയും ഞായറും കോടതി അവധിയായിരിക്കെ മുൻകൂർ ജാമ്യം ലഭിക്കാനുള്ള അവസരം നഷ്ടമാക്കാനാണ് കോടതി സമയം കഴിഞ്ഞ ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. വൈകീട്ട് അഞ്ചിന് വീട്ടിലെത്തി ആറിനു ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഇതിൽ അപകടം മണത്തതോടെയാണ് ശിവശങ്കർ അസ്വസ്ഥത അനുഭവപ്പെടുന്നതായി പറഞ്ഞതും ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന പിആർഎസ് ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതും. ഇത് പ്രകാരമാണ് പിആർഎസിൽ ശിവശങ്കറിനെ എത്തിച്ചത്. ഇവിടെ നിന്നാണ് ഇന്നു ഉച്ചയോടെ മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.

ശിവശങ്കറിനെ ശ്രീ ചിത്രയിലേക്ക് കൊണ്ട് വരാനാണ് ആദ്യം കസ്റ്റംസ് ശ്രമിച്ചത്. ശിവശങ്കർ പ്രശ്‌നം അറിയാമായിരുന്ന ശ്രീ ചിത്ര അധികൃതർ കോവിഡ് കാര്യം ചൂണ്ടിക്കാട്ടി നൈസായി ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അടിയന്തിര ചികിത്സ മാത്രമാണ് അവിടെ നൽകുന്നത് എന്നാണ് ശ്രീ ചിത്ര അധികൃതർ കസ്റ്റംസിന് നൽകിയ മറുപടി. എല്ലാ കാലവും അസുഖം എന്ന് പറഞ്ഞു മെഡിക്കൽ കോളേജിൽ കഴിയാൻ ശിവശങ്കറിന് കഴിയില്ല. അതുകൊണ്ട് തന്നെ ഡിസ്ചാർജ് ചെയ്യുമ്പോൾ അറസ്റ്റ് നീക്കമാണ് കസ്റ്റംസ് നടത്തുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നിലവിൽ ശിവശങ്കറിന് ഇല്ല എന്ന് വ്യക്തമായതോടെ അറസ്റ്റിനു മറ്റു തടസങ്ങൾ കസ്റ്റംസിന് മുന്നിലില്ല. ശിവശങ്കർ നടത്തുന്ന അടുത്ത നീക്കങ്ങൾ കസ്റ്റംസിന്റെയും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ നീക്കങ്ങൾ കസ്റ്റംസും ത്വരിതപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. അതിനു ശേഷമാണ് ഇന്നലെ കസ്റ്റംസ് വീട്ടിലെത്തി കോടതി സമയം കഴിഞ്ഞതിന് ശേഷം ആറുമണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. സ്വന്തം കാർ ഉപയോഗിക്കാനുള്ള അനുവാദം കൂടി നിരസിച്ചതോടെയാണ് അപകടം ശിവശങ്കർ മനസിലാക്കിയത്. അതോടെ അസ്വസ്ഥയും ആശുപത്രി വാസവുമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP