Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും വെല്ലുവിളിയാകരുത്; തെരഞ്ഞെടുപ്പുകളുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെയും പരിചയ സമ്പത്ത് ഉപയോ​ഗിക്കണം; കോവിഡ് വാക്സിനേഷന് എല്ലാ സംവിധാനങ്ങളെയും സജ്ജമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും വെല്ലുവിളിയാകരുത്; തെരഞ്ഞെടുപ്പുകളുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെയും പരിചയ സമ്പത്ത് ഉപയോ​ഗിക്കണം; കോവിഡ് വാക്സിനേഷന് എല്ലാ സംവിധാനങ്ങളെയും സജ്ജമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും അത് 'വേഗത്തിൽ ലഭിക്കാനുള്ള' നടപടികളാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ ഉന്നതോദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിനേഷനെ കുറിച്ച് ചിന്തിക്കുമ്പോൾ രാജ്യത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെയും പരിചയ സമ്പത്ത് വാക്സിനേഷനിലും ഉപയോ​ഗിക്കണമെന്നും അ​ദ്ദേഹം പറഞ്ഞു.

48 മണിക്കൂറിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വാക്സിൻ വിതരണം സംബന്ധിച്ച രണ്ട് യോഗങ്ങളാണ് ചേർന്നത്. 46 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ എട്ടുലക്ഷത്തിൽ താഴെ ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പുതുതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 70,000ത്തിൽ താഴെയാണ്. കഴിഞ്ഞമാസം ഇത് 90,000ത്തിന് മുകളിൽവരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും നടക്കുന്നത്.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്ന് മോദി നിർദ്ദേശിച്ചു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാനാത്വവും കണക്കിലെടുത്ത് വാക്സിൻ എല്ലായിടത്തും എത്തിക്കുന്നകാര്യം ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് സമാനമായി എല്ലാ തലത്തിലുള്ള സർക്കാർ സംവിധാനങ്ങളും വാക്‌സിൻ വിതരണത്തിനുവേണ്ടി ഉപയോഗിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ മാത്രമല്ല അയൽരാജ്യങ്ങളിലും മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ട്. അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളുമായി ഇന്ത്യൻ ഗവേഷകർ സഹകരിക്കുന്നുണ്ട്. ബംഗ്ലാദേശ്, മ്യാന്മർ, ഖത്തർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തണമെന്ന ആവശ്യം ആ രാജ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളെ മാത്രം മുന്നിൽകാണുന്ന തരത്തിൽ പരിമിതപ്പെടുത്തരുതെന്നും ലോകത്തിന് മുഴുവൻ വാക്‌സിനും മരുന്നുകളും ഐ.ടി സംവിധാനങ്ങളും വാക്‌സിന് വിതരണ സംവിധാനങ്ങളും കൈമാറാൻ തയ്യാറെടുപ്പ് നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അതിനിടെ, റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി നൽകി. സ്പുട്‌നിക്-5 മനപഷ്യരിൽ പരീക്ഷിക്കുന്നതിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടി(ആർ.ഡി.ഐ.എഫ്.)നും ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് പരീക്ഷണത്തിന് അനുമതി നൽകിയത്. മനുഷ്യരിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം.

നേരത്തെ, ഇന്ത്യയിൽ സ്പുട്‌നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ. അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയിൽ, വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങൾ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. അതേസമയം കോവിഡ് പ്രതിരോധ വാക്സിൻ മാർച്ച് മുതൽ ഇന്ത്യയിൽ നൽകി തുടങ്ങാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡിസംബറോടെ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.

പരീക്ഷണത്തിനായി 1,500 പേർക്കാണ് വാക്‌സിൻ നൽകുകയെന്ന് ആർ.ഡി.ഐ.എഫ്. വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക. ആർ.ഡി.ഐ.എഫാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിൻ വിതരണം ചെയ്യുന്നത്. കരാർ പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങൾ, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. 10 കോടി ഡോസുകളാണ് ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന് ആർ.ഡി.ഐ.എഫ്. കൈമാറുക.

സ്പുട്‌നിക്-5ന്റെ മൂന്നാംഘട്ട പരീക്ഷണം ബെലാറസ്, വെനസ്വേല, യു.എ.ഇ. എന്നീ രാജ്യങ്ങളിലും നടത്തുന്നുണ്ട്. 40,000 പേർ പങ്കെടുക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം മോസ്‌കോയിൽ ആരംഭിച്ചു കഴിഞ്ഞു. 16,000 പേർ ഇതിനോടകം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചും കഴിഞ്ഞു. നവംബർ ആദ്യത്തോടെ ഇടക്കാല ഫലം പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഗമേലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച സ്പുട്‌നിക്-5 വാക്‌സിൻ ഓഗസ്റ്റ് 11നാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച ആദ്യ രാജ്യമായി റഷ്യ മാറി. സ്പുട്‌നിക്-5 വാക്‌സിന്റെ പരീക്ഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ മകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.സ്പുട്‌നിക്-5 വാക്‌സിനു പിന്നാലെ എപിവാക് കൊറോണ എന്ന പേരിൽ രണ്ടാമത്തെ കോവിഡ് വാക്‌സിനും റഷ്യ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നാമത്തെ വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് റഷ്യ അനുമതിയും നൽകിയിട്ടുണ്ട്.

ലോകത്തിലേക്കും വച്ച തന്നെ ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്ത കോവിഡ് വാക്‌സീനാണ് റഷ്യയുടെ സ്പുട്‌നിക് 5. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് മുൻപുതന്നെ റഷ്യൻ അധികൃതർ ഈ വാക്‌സീന് അംഗീകാരം നൽകിയത് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരിൽ സംശയം ജനിപ്പിച്ചിരുന്നു. ലോകോരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ അനുമതി നൽകുമ്പോൾ സ്പുട്‌നിക് ആദ്യ ഘട്ട പരീക്ഷണത്തിലായിരുന്നു. എന്നാൽ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് വാക്‌സീന് അനുമതി നൽകിയതെന്ന് റഷ്യ അവകാശപ്പെടുന്നു. ഓഗസ്റ്റിൽ 40,000 വോളന്റിയർമാരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട പരീക്ഷണത്തിനും റഷ്യ തുടക്കം കുറിച്ചു. ഇതിൽ 300 പേർക്ക് ഇതിനകം കുത്തിവയ്‌പ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP