Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്യം യുവാക്കളും കർഷകരും; ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രകടന പത്രിക ഇങ്ങനെ..

ലക്ഷ്യം യുവാക്കളും കർഷകരും; ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രകടന പത്രിക ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

പാട്ന: പ്രകടന പത്രിക പുറത്തിറക്കി ബീഹാറിലെ പ്രതിപ​ക്ഷ മഹാസഖ്യം. "മാറ്റത്തിനായ് പ്രതിജ്ഞാ ബദ്ധം" എന്ന തലക്കെ‍‍ട്ടോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കും എന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെയും മഹാസഖ്യനേതാവായ തേജസ്വി യാദവിന്റെയും സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതു പോലെ ബിഹാറിനുള്ള പ്രത്യേക പദവി നൽകാൻ ട്രംപ് വരാൻ പോകുന്നില്ലെന്ന് മഹാസഖ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പരിഹസിച്ചു കൊണ്ടായിരുന്നു യാദവിന്റ പ്രതികരണം. ബിഹാറിന് പ്രത്യേക പദവി നൽകുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യം എൻഡിഎ സർക്കാറിന്റെ കാലത്തും യുപിഎ സർക്കാറിന്റെ കാലത്തും യാദവ് ഉന്നയിച്ചിട്ടുണ്ട്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നികുതിയിളവ് നടപ്പാക്കാനാണ് ഈ പ്രത്യേക പദവി ആവശ്യം ഉന്നയിക്കുന്നത്.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. തീരുമാനം ഉടൻ വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുപ്പത് പേരുടെ പട്ടിക കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നു. അശോക് ​ഗെലോട്ട്. രൺദീപ് സിങ് സുർജേവാല, അമരീന്ദർ സിങ്, ഭൂപേഷ് ബാഗേൽ എന്നിവരും ലിസ്റ്റിലുണ്ട്. ജെഎൻയു പോരാളിയും സിപിഐയുടെ യുവ നേതാവുമായ കനയ്യ കുമാറും എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷും ഉൾപ്പെടെയുള്ള യുവനിരയാണ് പ്രതിപക്ഷ മഹാസഖ്യത്തിൽ ഇക്കുറി താരപ്രചാരകരായി ഇടതുമുന്നണി നിശ്ചയിച്ചിരിക്കുന്നത്. ഇടത് പാർട്ടികളെ കൂടാതെ, ആർജെഡിക്കും കോൺഗ്രസിനും വേണ്ടിയും കനയ്യ പ്രചാരണത്തിനിറങ്ങും എന്നാണ് റിപ്പോർട്ട്. ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിന് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുമെന്നും റിപ്പോർട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള യുവ നേതാക്കളെയാണ് ഇത്തവണ പ്രചാരണത്തിനായി ഇടത് പാർട്ടികൾ രംഗത്തിറക്കുന്നത്. കനയ്യ കുമാറാണ് സിപിഐയുടെ പ്രധാന പ്രചാരകൻ. ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ, അതുൽ കുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരാണ് സിപിഐയുടെ താര പ്രചാരകർ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷ് എന്നിവർ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തും.

ജെഎൻയു, ഹൈദരബാദ് അടക്കമുള്ള സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. എഐഎസ്എഫ്, എഐഎസ്എ, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾക്ക് വളക്കൂറുള്ള ഇടമാണ് ബിഹാർ. അതുകൊണ്ടുതന്നെ കനയ്യയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളെ രംഗത്തിറക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടത് പാർട്ടികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP