Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വവർ​ഗാനുരാ​ഗത്തെ പിന്തുണച്ചിട്ടും ക്രൈസ്തവ സഭ ഉപേക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല; യൗവനകാലത്ത് കഞ്ചാവ് അനുഭൂതി നൽകിയിരുന്നു എന്ന് തുറന്ന് പറഞ്ഞിട്ടും ജനങ്ങൾ കൈവിട്ടില്ല; ന്യൂസിലൻഡിൽ താരം ജസീന്ത ആർഡൻ തന്നെ; പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിൽ എത്തുന്നതിലും പ്രത്യേകതകളേറെ

സ്വവർ​ഗാനുരാ​ഗത്തെ പിന്തുണച്ചിട്ടും ക്രൈസ്തവ സഭ ഉപേക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല; യൗവനകാലത്ത് കഞ്ചാവ് അനുഭൂതി നൽകിയിരുന്നു എന്ന് തുറന്ന് പറഞ്ഞിട്ടും ജനങ്ങൾ കൈവിട്ടില്ല; ന്യൂസിലൻഡിൽ താരം ജസീന്ത ആർഡൻ തന്നെ; പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിൽ എത്തുന്നതിലും പ്രത്യേകതകളേറെ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലേക്ക്. ജസീന്തയുടെ ലിബറൽ ലേബർ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കും എന്നാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ. മൂന്നിലൊന്നു വോട്ടെണ്ണിയപ്പോൾ ജസീന്തയുടെ പാർട്ടിക്ക് പ്രധാന എതിരാളിയായ കൺസർവേറ്റിവ് നാഷണൽ പാർട്ടിയേക്കാൾ ഇരട്ടി വോട്ടുണ്ട്. കാൽ നൂറ്റാണ്ടിനു ശേഷം ന്യൂസിലാൻഡിൽ ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ സൂചനകൾ. കോവിഡ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതാണ് ജസീന്തയ്ക്കു വൻ നേട്ടമായത്.

ജസീന്തയുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്​റ്റ്​ ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടി. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന്​ ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ്​ നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത്​ കോളിൻസിന്​ 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ്​ നേടാനായത്​. പാർട്ടിയുടെ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്​.

ഈ നൂറ്റാണ്ടിലെ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ് ഭരണാധികാരിയായി ജസീന്ത ആർഡനെ തെരഞ്ഞെടുത്തിരുന്നു. സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവർ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.

ഹാമിൽട്ടണിൽ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആർഡേന്റെയും സ്കൂളിലെ പാചകക്കാരിയായ ലോറൽ ആർഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. പൊളിറ്റിക്സ് ആൻഡ് പബ്ലിക് റിലേഷൻസിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദമാണ് അവർ പഠിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന അമ്മായി മാരീ ആർഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബർ പാർട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവർ വളർന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകർഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആർഡേന്റെ സവിശേഷത.

2008ൽ ഇൻറർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയർന്നത്. ഈ സമയത്ത് ജോർദാൻ, ഇസ്രയേൽ അൽജീരിയ, ചൈന എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. 2008ൽത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബറിലാണ് ന്യൂസിലാൻഡിന്റെ നാൽപ്പതാമത് പ്രധാനമന്ത്രിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.

കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആർഡേൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടലാണ് ഈ 40കാരി നടത്തുന്നത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതരത്തിൽ ആരോഗ്യസംവിധാനം ഉടച്ചുവാർത്തു. എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവർക്കും വേതനവർധനവ് നടപ്പാക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആർഡേൻ.

പ്രണയ വിവാഹം

ടി.വി അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ ഭർത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോർഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്ക്ലൻഡിൽവെച്ച് ഒരു കാറിടിച്ച് പാഡിൽ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗർഭിണിയായി. 2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസിർ ഭൂട്ടോയാണ് മുന്നിൽ.

പ്രചാരണത്തിനിടയിലും വിവാ​ദം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജസീന്തയുടെ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ലൈവ് സംവാദത്തിനിടെ തന്റെ യൗവ്വനകാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളതായി അവ‍ർ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നി‍ർദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം. 'ഒക്ടോബ‍‍ർ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞിരുന്നു.

​കോവിഡ്​ പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനി​ന്റെ പ്രചാരണം. കോവിഡി​ൻറ സമൂഹ വ്യാപനം തടയാനായത്​ അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP