Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊടുപുഴയും കടുത്തുരുത്തിയും യുഡിഎഫിന് ഉറപ്പായും ജയിക്കാവുന്ന സീറ്റുകൾ; പിജെ ജോസഫിനേയും മോൻസ് ജോസഫിനേയും ആയോഗ്യരാക്കാൻ സിപിഎമ്മിനും താൽപ്പര്യം; മാണിയുടെ മരണ ശേഷം വിപ്പെന്ന വാദവുമായി മോൻസ് നൽകിയ കത്തിൽ സീറ്റ് മാറ്റിയത് പുറത്താക്കലിന് സ്പീക്കർക്ക് മുമ്പിൽ തടസ്സം; കേരളാ കോൺഗ്രസിലെ വിപ്പ് പരാതിയിൽ നടപടി തെരഞ്ഞെടുപ്പ് കേസ് തീർന്ന ശേഷം

തൊടുപുഴയും കടുത്തുരുത്തിയും യുഡിഎഫിന് ഉറപ്പായും ജയിക്കാവുന്ന സീറ്റുകൾ; പിജെ ജോസഫിനേയും മോൻസ് ജോസഫിനേയും ആയോഗ്യരാക്കാൻ സിപിഎമ്മിനും താൽപ്പര്യം; മാണിയുടെ മരണ ശേഷം വിപ്പെന്ന വാദവുമായി മോൻസ് നൽകിയ കത്തിൽ സീറ്റ് മാറ്റിയത് പുറത്താക്കലിന് സ്പീക്കർക്ക് മുമ്പിൽ തടസ്സം; കേരളാ കോൺഗ്രസിലെ വിപ്പ് പരാതിയിൽ നടപടി തെരഞ്ഞെടുപ്പ് കേസ് തീർന്ന ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംഎൽഎമാരായ പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്റെ പരാതിയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശദീകരണം തേടിയെങ്കിലും ഈ കേസിൽ ഉടൻ തീരുമാനം ഉണ്ടാകില്ല. കേരളാ കോൺഗ്രസ് എമ്മിന്റെ അംഗീകാരത്തെ ചൊല്ലിയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കോടതി വിധിക്ക് അനുസൃതമാകും സ്പീക്കറുടെ തീരുമാനം.

കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണു നോട്ടിസ് നൽകിയതെന്നു സ്പീക്കർ പറഞ്ഞു. മറുപടി പരിശോധിച്ച ശേഷമാകും നടപടിയെന്നാണ് വിശദീകരണം. തൊടുപുഴയെയാണ് ജോസഫ് പ്രതിനിധാനം ചെയ്യുന്നത്. മോൻസ് കടുത്തുരുത്തിയേയും. രണ്ടും യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലം. അതുകൊണ്ട് തന്നെ ഇവർക്കെതിരെ അയോഗ്യതാ നടപടി വേണമെന്ന ആഗ്രഹം സിപിഎമ്മിനും ഉണ്ട്. എന്നാൽ ഹൈക്കോടതിയിലെ കേസിൽ ജോസഫിന് അനുകൂലമായ വിധി വന്നാൽ അത് സ്പീക്കർക്ക് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും നീക്കം.

സ്പീക്കർ നടപടിയെടുത്താൽ അംഗങ്ങൾ അയോഗ്യരാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ലഭിച്ചതു ജോസ് കെ. മാണി വിഭാഗത്തിനാണെങ്കിലും ആ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കോടതിയുടെ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിക്കുമോ എന്നതടക്കം കാര്യങ്ങൾ അതിനു മുൻപ് സ്പീക്കർക്കു പരിഗണിക്കേണ്ടിവരും. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഉണ്ടാകാതെയാകും ഇടപെടൽ. ഈ മാസം അവസാനം വരെയാണ് കേസിൽ സ്റ്റേ ഉള്ളത്. നേരത്തെ പാർട്ടി ചിഹ്നം ജോസ് വിഭാഗത്തിന് കമ്മീഷൻ അനുവദിച്ച് നൽകിയിരുന്നു. ഇതാണ് വിപ്പ് വിവാദത്തിന് പുതിയ മാനം നൽകുന്നത്.

ഓഗസ്റ്റ് 24നു നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്നു വിട്ടുനിൽക്കണമെന്ന വിപ് ഇരുവരും ലംഘിച്ചെന്നു പാർട്ടി വിപ് റോഷി അഗസ്റ്റിനാണ് സ്പീക്കർക്കു പരാതി നൽകിയത്. എന്നാൽ, പാർട്ടിയുടെ വിപ് താനാണെന്നു കാട്ടി മോൻസ് ജോസഫും പരാതി നൽകിയിട്ടുണ്ട്. മോൻസിന്റെ പരാതിയും സ്വീകരിച്ചതായി സ്പീക്കർ പറഞ്ഞു. തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ പാടില്ലെന്നു സുപ്രീംകോടതി നിർദേശമുള്ളതിനാൽ വേഗം നടപടിയുണ്ടാകും. റോഷി പരാതി തന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മോൻസിന്റെ പരാതി കിട്ടിയത്. അംഗീകരിക്കപ്പെട്ട വിപ് റോഷി അഗസ്റ്റിനാണ് സ്പീക്കർ പറഞ്ഞു.

എന്നാൽ മാണിയുടെ മരണ ശേഷം ജോസഫിന് മാണിയുടെ സീറ്റ് സ്പീക്കർ അനുവദിച്ചിരുന്നു. മോൻസിന്റെ കത്ത് പരിഗണിച്ചാണ് ഇത്. ഇതൊരു സാങ്കേതിക പ്രശ്‌നമായി മാറും. അതിനിടെ കേരള കോൺഗ്രസ് (എം) വിപ് റോഷി അഗസ്റ്റിനാണെന്ന സ്പീക്കറുടെ നിലപാട് പി.ജെ. ജോസഫ് എംഎൽഎ തള്ളി. കെ എം മാണിയുടെ മരണശേഷം മോൻസ് ജോസഫാണു വിപ്പെന്നു സ്പീക്കറെ അറിയിച്ചിരുന്നു. ഇതനുസരിച്ചു സഭയിലെ ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തിയതും സ്പീക്കർ തന്നെയാണെന്ന് ജോസഫ് പറയുന്നു.

എന്നാൽ ഇപ്പോൾ റോഷി അഗസ്റ്റിനു വിപ്പധികാരം കൊടുത്തത് എങ്ങനെയെന്ന് അറിയില്ല. സ്പീക്കറുടെ കത്തു ലഭിച്ച ശേഷം മറുപടി നൽകുമെന്നും ജോസഫ് പറഞ്ഞു. കരുതലോടെയാകും ഈ വിപ്പിൽ മറുപടി നൽകുക. സർക്കാരിനെതിരായ അവിസ്വാസപ്രമേയ ചർച്ചയിൽ നിന്നും ജോസ് പക്ഷ എംഎൽഎമാരായ റോഷി അഗസ്റ്റിനും ജയരാജും വിട്ടുനിന്നിരുന്നു. എന്നാൽ ജോസഫ് പക്ഷം യു.ഡി.എഫിനൊപ്പം നിന്ന് സർക്കാരിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇത് പാർട്ടി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ് എമ്മിന്റെ ചീഫ് വിപ്പായ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് അടിയന്തരമായി നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കർ ഇരു എംഎൽഎമാർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

ഇടതുമുന്നണി പ്രവേശനത്തിന് ജോസ് വിഭാഗം തയ്യാറെടുക്കുമ്പോഴാണ് സ്പീക്കറുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ജോസഫിനേയും മോൻസിനേയും ആയോഗ്യരാക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഇക്കാര്യത്തിൽ സിപിഎം ചില ഉറപ്പുകൾ കൊടുത്തുവെന്നാണ് സൂചന. വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും മോൻസ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് ആദ്യം സ്പീക്കർക്ക് കത്ത് നൽകിയത്. വോട്ടടുപ്പിൽ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് പ്രൊഫ എൻ ജയരാജ് എംഎൽഎ സ്പീക്കർക്ക് നൽകിയ കത്തിൽ ആക്ഷേപിച്ചത്. ഇതിന് പിന്നാലെ പി ജെ ജോസഫ് സ്പീക്കർക്ക് നൽകിയ കത്തിൽ റോഷി അഗസ്റ്റിൻ, പ്രഫ ജയരാജ് എന്നിവർ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു. എന്നാൽ അച്ചടക്ക നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

ഇരുവർക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചിഹ്ന പ്രശ്നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്. ഈ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ട്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ ഹൈക്കോടതി നീട്ടിയിട്ടുമുണ്ട്. കേസ് പത്തൊമ്പതാം തീയതി വീണ്ടും പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

കേരളാ കോൺഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിസ്ഥാനമാക്കിയ വസ്തുതകളിൽ പിഴവുണ്ടെന്നാണ് പി ജെ ജോസഫിന്റെ വാദം. ഇതിനിടെയിലാണ് സ്പീക്കറുടെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP