Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മലയാളത്തിന്റെ ഭൂതബാധകൾ

മലയാളത്തിന്റെ ഭൂതബാധകൾ

ഷാജി ജേക്കബ്‌

'നമുക്കൊക്കെ സന്യാസം തന്ന ഗുരുക്കന്മാരാണവർ' (ഇംഗ്ലീഷുകാരെക്കുറിച്ച്, നാരായണഗുരു)

'മലയാളവാദം മറ്റൊരു ജാതിവാദം മാത്രമാണ്', സണ്ണി എം. കപിക്കാട്.

ഭാഷയെന്നത് നിഘണ്ടുവിലെ വാക്കുകളോ ചിട്ടപ്പെട്ട വ്യാകരണമോ സാങ്കേതികമായ ചിഹ്നവ്യവസ്ഥയോ കേവലമായ ആശയവിനിമയ മാധ്യമമോ അംഗീകൃത സാഹിത്യരചനകളോ മാത്രമല്ലെന്നും ചിന്തകളെ രൂപപ്പെടുത്തുകയും ഭാവനകളെ വിരചിക്കുകയും ചരിത്രത്തെ രേഖപ്പെടുത്തുകയും കാലത്തെ കണ്ടെത്തുകയും അധികാരത്തെ സ്ഥാനപ്പെടുത്തുകയും സംസ്‌കാരത്തെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്ന സാമൂഹ്യ-ജീവിത നിർവഹണശേഷി തന്നെയാണെന്നും ഇന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ ഭാഷകൾക്ക് ജീവിതത്തിലും സമൂഹത്തിലുമുള്ള സ്ഥാനവും സാധ്യതകളും അടഞ്ഞ കണ്ണുകളുടേതല്ല, തുറന്ന ലോകങ്ങളുടേതായിരിക്കണം. ഭൂതവും വർത്തമാനവും മാത്രമല്ല ഭാവിയും അതിന്റെ ഉത്കണ്ഠകളാകണം. ജനായത്തപരമായ കാഴ്ചപ്പാടുകൾ കൊണ്ടുമാത്രം തിരിച്ചറിയാൻ കഴിയുന്ന ഊർജ്ജപദ്ധതികളാണ് ഭാഷാവബോധങ്ങളെ നിർണയിക്കേണ്ടത്.

മലയാളത്തിന്റെ ആധുനികത, വിപരീതധ്രുവങ്ങളിലേക്ക് നടന്ന രണ്ടു കുതിരകളാൽ (സംസ്‌കൃതവും ഇംഗ്ലീഷും) കെട്ടിവലിക്കപ്പെട്ട ഒരു ഭാഷാവ്യവസ്ഥയാണ്. വംശീയവും മതപരവും ഭൂമിശാസ്ത്രപരവും അധികാരപരവും വൈജ്ഞാനികവും ഭാഷണപരവും വിനിമയപരവും ഗോത്രപരവും സാംസ്‌കാരിക മൂലധനപരവും മറ്റും മറ്റുമായ വിപരീതത്വങ്ങൾകൊണ്ട് ചരിത്രപരമായിത്തന്നെ ഈ ഭാഷകൾ മലയാളത്തിനുമേൽ ചെലുത്തിയ ബലതന്ത്രങ്ങളുടെ രാഷ്ട്രീയാപനിർമ്മിതിയാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി മലയാളഭാഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനികീകരണമെന്ന പ്രക്രിയയെക്കുറിച്ചു നമുക്കുന്നയിക്കാവുന്ന ഏറ്റവും പ്രസക്തമായ വിമർശനം. സി.ജെ. ജോർജിന്റെ 'ഇംഗ്ലീഷാവിഷ്ടമായ മലയാളം' എന്ന പ്രബന്ധം നിർവഹിക്കുന്നത് ഈ ധർമ്മമാണ്.

സാമാന്യമായി പറഞ്ഞാൽ രണ്ടര-മൂന്ന് സഹസ്രാബ്ദക്കാലവും സവിശേഷമായി പറഞ്ഞാൽ എട്ടുപത്തു നൂറ്റാണ്ടുകാലവും ഇന്ത്യൻ ഭാഷകൾക്കും സമൂഹങ്ങൾക്കും മേൽ പുലർന്നുപോന്നിരുന്ന സംസ്‌കൃതത്തിന്റെ നാനാതരത്തിൽപെട്ട അധീശത്വങ്ങളുടെ നേർക്ക് വിപുലമായ അർഥത്തിൽ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളി ഇംഗ്ലീഷിന്റേതായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വെറും ഭാഷയെന്ന നിലയിൽ മാത്രമല്ല ഇംഗ്ലീഷ് സംസ്‌കൃതത്തെ സാംസ്‌കാരികമായി അട്ടിമറിച്ചത്. രാഷ്ട്രീയം, ലോകബോധം, മൂല്യങ്ങൾ, മനുഷ്യബന്ധങ്ങൾ, വിജ്ഞാനം, ശാസ്ത്രം... പാശ്ചാത്യാധുനികതയുടെ കൊടുങ്കാറ്റായിരുന്നു ഇംഗ്ലീഷിന്റെ ചിറകിൽ കയറി ഇന്ത്യയിലുടനീളം ആഞ്ഞുവീശിയത്. വർണ-ജാതിവ്യവസ്ഥയുടെ, ജീർണപാരമ്പര്യങ്ങളുടെ, മധ്യകാല ഭൂപ്രഭുത്വത്തിന്റെ, രാജാധികാരങ്ങളുടെ, വ്യാജശാസ്ത്രങ്ങളുടെയൊക്കെ വടവൃക്ഷങ്ങൾ ആ കൊടുങ്കാറ്റിൽ കടപുഴകി വീണു. നവോത്ഥാനാധുനികതയുടെ പ്രത്യയശാസ്ത്രരൂപകമായി മാറിയ ഇംഗ്ലീഷിനുനേർക്ക് പ്രത്യക്ഷവും പരോക്ഷവും പ്രച്ഛന്നവും പ്രതീകാത്മകവുമായ യുദ്ധങ്ങൾ പ്രഖ്യാപിച്ചു രംഗത്തുവന്നു, സംസ്‌കൃതവും സംസ്‌കൃതത്തിന്റെ രൂപകബന്ധങ്ങളും. ഇന്ത്യൻ നവോത്ഥാനവും ആധുനികതയും ഈയൊരു സാംസ്‌കാരിക സംഘർഷത്തിന്റെ കൂടി കുരുക്ഷേത്രമാണ്.

മലയാളത്തിന്റെ സന്ദർഭത്തിലേക്കു വരാം. നൂറ്റാണ്ടുകളായി മലയാളത്തെ അടക്കിഭരിച്ചിരുന്ന സംസ്‌കൃതത്തിന്റെ ഭൂതഗണങ്ങളെപ്പോലെ തന്നെ ദംഷ്ട്രയും നെറ്റിക്കണ്ണും വിടർത്തി രംഗത്തുവന്ന മറ്റൊരു ഭാഷാഭൂതം മാത്രമാണോ ഇംഗ്ലീഷ്? നിശ്ചയമായും അല്ല. മുൻപു സൂചിപ്പിച്ച ബ്രാഹ്മണിക് മൂല്യബോധങ്ങളെയും ഫ്യൂഡൽ സാമൂഹിക ബന്ധങ്ങളെയും ഉദാരവും മാനവികതാവാദപരവുമായ പാശ്ചാത്യ ആധുനികതയുടെ രാഷ്ട്രീയബോധങ്ങൾ കൊണ്ടു മാറ്റി പ്രതിഷ്ഠിച്ച സാംസ്‌കാരിക നവീകരണത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നു ഇംഗ്ലീഷ്.

അച്ചടി മുതൽ അടിമവിമോചനം വരെയും ദേശീയത മുതൽ ജനാധിപത്യം വരെയുമുള്ളവ സാധ്യമാക്കിക്കൊണ്ട് ഭാഷയെന്ന സാമാന്യപദവിക്കപ്പുറത്തേക്ക് ഇംഗ്ലീഷ് വളർന്നുപടർന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ടും ഇംഗ്ലീഷിനെ മറ്റൊരു ഭൂതബാധയായിത്തന്നെയാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലവും ഒരു വിഭാഗം മലയാളികൾ കാണുന്നത്. യഥാർഥത്തിൽ ഇംഗ്ലീഷും ആധുനികതയും ചേർന്ന് ഉച്ചാടനം ചെയ്ത ഭൂതങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ദുർമന്ത്രവാദമാണ് ഇവരിൽ പലരും നടത്തിക്കൊണ്ടിരിക്കുന്നത്. ജോർജ് തുറന്നുകാട്ടുന്നത് ഈയൊരു പ്രതിസംസ്‌കാരപ്രക്രിയയുടെ ഉള്ളറകളാണ്.

'ഇംഗ്ലീഷ് ഭൂത'ത്തെ കുടത്തിലാക്കാൻ മലയാളത്തിന്റെ മന്ത്രവാദികൾ ആഭിചാരക്രിയ നടത്തുന്നത് സംസ്‌കൃതമെന്ന കൂടുതൽ വലിയ ഭൂതത്തെ കൂട്ടുപിടിച്ചാണ് എന്ന വൈരുധ്യം ചൂണ്ടിക്കാണിക്കുന്നു, ജോർജ്. മലയാളത്തെ മാതൃഭാഷ, മാനകഭാഷ എന്നീ നിലകളിൽ സൂക്ഷ്മമായപഗ്രഥിച്ചാൽ നമുക്കു മനസിലാകുന്ന ഒരു കാര്യമുണ്ട്. 'ജന്മപരിസരത്തിലെ മാതൃഭാഷാംശമായി കണക്കാക്കേണ്ട പല അംഗങ്ങളെയും സ്വീകരിക്കാതെ പുറത്തുനിർത്തുന്ന മാനകഭാഷയെയാണ് മാതൃഭാഷ എന്ന നിലയിൽ നാം അംഗീകരിക്കുന്നത്. ഈ മാനകഭാഷയോ? സംസ്‌കൃതോന്മുഖമാണത്. നാട്ടറിവുകളുടെ ഇടയിലേക്കു കടന്നുവന്ന ബ്രാഹ്മണസമൂഹം ഇവിടത്തെ പ്രമാണസമൂഹമായി മാറുകയും അവർ കൈകാര്യം ചെയ്ത വൈദികവും ഐതിഹാസികവുമായ അറിവിന് പ്രാമാണികത കൈവരികയും അവരുടെ ഭാഷയായ സംസ്‌കൃതത്തിന് വൈജ്ഞാനികഭാഷ എന്ന ആധികാരികത ലഭിക്കുകയും ചെയ്തു'- ജോർജ് നിരീക്ഷിക്കുന്നു. സംസ്‌കൃതകേന്ദ്രിതമായ ഈ ഭാഷാദർശനമാണ് ഇംഗ്ലീഷിനും അതു സംവഹിച്ച ആധുനികതക്കുമെതിരായ സാംസ്‌കാരിക വാദമുഖമായി ഇവിടെ മുന്നോട്ടുവയ്ക്കപ്പെടുന്നത്. വാമൊഴിയിൽ നിലനിൽക്കുന്ന ഇംഗ്ലീഷിനെ വരമൊഴിയിൽ നിരാകരിക്കുന്ന പ്രത്യയശാസ്ത്രമായി ഈ സംസ്‌കൃതദാസ്യം മലയാളമാത്രവാദികളിൽ പ്രവർത്തിക്കുന്നു.

പത്ത് ഭാഷാ-രാഷ്ട്രീയ സന്ദർഭങ്ങൾ മുൻനിർത്തിയാണ് കേരളത്തിൽ അടുത്തകാലത്തു സജീവമായ മലയാള അതിവാദത്തെ ജോർജ് വിശകലനം ചെയ്യുന്നത്. ഭരണ, വിജ്ഞാന, സാങ്കേതിക, ഔദ്യോഗിക ഭാഷകളായി മലയാളത്തിനു കൈവരേണ്ട സാംസ്‌കാരിക പദവിയെക്കുറിച്ച് യാതൊരു സംശയവും ജോർജിനില്ല. പക്ഷെ ബാലിശമായ ഭാഷാമൗലികവാദവും ബുദ്ധിശൂന്യമായ സാമൂഹിക ബോധ്യങ്ങളും കാലബോധമില്ലാത്ത രാഷ്ട്രീയ സമീപനങ്ങളും എല്ലുറപ്പില്ലാത്ത സാംസ്‌കാരിക ധാരണകളും ചരിത്രബോധമില്ലാത്ത നിലപാടുകളും കൊണ്ട് സ്ഥാപിച്ചെടുക്കേണ്ടതല്ല അത്തരമൊരു പദവി എന്നദ്ദേഹം വിശ്വസിക്കുന്നു. ഈ പ്രബന്ധത്തിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന നിരീക്ഷണങ്ങളോരോന്നും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.

ഭാഷയെന്നാലെന്താണെന്ന സൂക്ഷ്മവും സമകാലികവുമായ ഒരു വിശദീകരണത്തിലാണ് ജോർജ് തന്റെ ചർച്ചയാരംഭിക്കുന്നത്.

'ആശയവിനിമയോപാധിയും ചിഹ്നാത്മകമായൊരു സിസ്റ്റവും (വ്യവസ്ഥയും) എന്ന നിലയിൽ പഠിച്ചവസാനിപ്പിക്കാവുന്ന പഴയ 'ഭാഷ' ഇന്നില്ല. ആ സാഹചര്യത്തെ മറികടന്ന് ഭാഷാപഠനാന്തരീക്ഷം പുതിയ പുതിയ ഘട്ടങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പരിണാമം ഭാഷയിൽ മാത്രം സംഭവിക്കുന്നതല്ല; സമീപനത്തിലും കൂടി സംഭവിക്കുന്നതാണ്. മനുഷ്യന്റെ ഉണ്മയുടെയും അസ്തിത്വത്തിന്റെയും ആധാരോപാധിയായ അതിഭൗതികപ്രതിഭാസം എന്ന നിലയിലും, സാമൂഹികജീവിതത്തിന്റെ സാക്ഷാത്കാരത്തിലും തിരിച്ചറിവിലും ക്രമീകരണത്തിലും സക്രിയമായ പങ്കു വഹിക്കുന്ന പ്രത്യയശാസ്ത്രപരമായ മൂർത്തപ്രതിഭാസം എന്ന നിലയിലും ഭാഷയെ തേടുന്ന ഭാഷാസമീപനങ്ങൾ വളർന്നിട്ടുണ്ട്. തത്വചിന്താപരവും സാംസ്‌കാരിക ചരിത്രചിന്താപരവുമായ വീക്ഷണങ്ങളാണ് സമകാലത്ത് ആക്കമാർജ്ജിക്കുന്നത്.

ഭാഷകളുടെ വികസിത-അവികസിതാവസ്ഥകൾ, ആരോഹണാവരോഹണങ്ങൾ, വിമോചനമൂല്യം, പദവികൾ, വൈജ്ഞാനികത, കടന്നാക്രമണം, തിരോധാനം, പരിചരണം, ഭാഷാരാഷ്ട്രീയം, അധികാരം, മനുഷ്യാവകാശം, ജനാധിപത്യാവകാശം, ഭാഷാവകാശം, സ്വാതന്ത്ര്യം, അറിവ്, സൗന്ദര്യം, വിദ്യാഭ്യാസം, സാംസ്‌കാരികസ്വത്വം, പ്രായോഗികത, ജീവനം, അതിജീവനം, ദേശീയത, രാഷ്ട്രം, സാമൂഹികമനഃശാസ്ത്രം, ചരിത്രം, സാഹിത്യം, സാഹിത്യാഭിരുചി, സൗന്ദര്യതത്വം, വിമർശനോപാധികൾ, ലോകവീക്ഷണം തുടങ്ങിയ പല ഘടകങ്ങളെയും പരിഗണിച്ചുകൊണ്ടാണ്, മുമ്പ് ലളിതമായി പ്രഭാവം എന്ന നിലയിൽ പരിചരിച്ചിരുന്ന ഭാഷാസമ്പർക്ക-മിശ്രണവിഷയങ്ങൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ തികച്ചും ഋജുവായ ഒരു ആലോചനയ്ക്കും വിവരണത്തിനും വഴങ്ങിക്കിട്ടാത്തതായി ഭാഷ മാറിയിരിക്കുന്നു. മാത്രമല്ല, ഇതേ കാരണത്താൽ ഭിന്നതകളുടെ വിളനിലമായി ഈ സംവാദമണ്ഡലം പരിണമിക്കുകയും ചെയ്യുന്നു'.

തുടർന്നവതരിപ്പിക്കപ്പെടുന്ന ശ്രദ്ധേയങ്ങളായ ഭാഷാചിന്തകളിലാദ്യത്തേത് ആധുനികതയും ഇംഗ്ലീഷും തമ്മിലുള്ള ബന്ധമാണ്. ബംഗാൾ നവോത്ഥാനത്തിന്റെ കാലം തൊട്ടുതന്നെ ഇംഗ്ലീഷ് ഇന്ത്യയിൽ ആധുനികതയുടെ അടയാളമായി മാറിയിരുന്നു. ഭാഷ, സാഹിത്യം, സാങ്കേതികത, വിദ്യാഭ്യാസം, വിവർത്തനം, വിജ്ഞാനം, മാധ്യമം, ശാസ്ത്രം, ഭരണകൂടം... ഇംഗ്ലീഷിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങളുടെ പട്ടിക നീളുന്നു. ആധുനികത അധിനിവേശപരമായിരുന്നുവെന്നും കൊളോണിയലിസത്തിന്റെ അജണ്ടകളാണ് അത് നടപ്പാക്കിയതെന്നുമുള്ള വാദം തെറ്റല്ല. അതേസമയം തന്നെ കൊളോണിയലിസത്തിനും ഇംഗ്ലീഷിനും വിമോചനാത്മകമായ മൂല്യങ്ങളും മുഖങ്ങളുമുണ്ടായിരുന്നുവെന്നതും മറന്നുകൂടാ.

മലയാളമുൾപ്പെടെയുള്ള ഭാഷകൾക്കു കൈവന്ന ഇംഗ്ലീഷ്‌വൽക്കരണമാണ് മറ്റൊന്ന്. കയ്യൊപ്പ്, കത്തെഴുത്ത്, ചുരുക്കെഴുത്ത് തുടങ്ങിയ ഭാഷാഘടനകളിലേക്കും ജീവിതബന്ധങ്ങളിലേക്കും ഇംഗ്ലീഷിനു സംഭവിച്ച വ്യാപനങ്ങൾ ഉദാഹരണമാക്കി ഈ വിഷയം ജോർജ് ചർച്ചചെയ്യുന്നു.

മാനകമലയാളമെന്നത് സംസ്‌കൃതീകൃത മലയാളമാണെന്നതാണ് മൂന്നാമത്തെ നിരീക്ഷണം. എഴുത്തച്ഛൻ മുതൽ സമകാല ശുദ്ധഭാഷാവാദികളും മാതൃഭാഷായോദ്ധാക്കളും വരെയുള്ളവരുടെ നിലപാട് ഇക്കാര്യത്തിൽ ഒന്നുതന്നെ. പ്രാദേശികതയെ കൈവിട്ട് സംസ്‌കൃതത്തെ തമസ്‌കരിച്ച മലയാളം വരമൊഴിയിൽ വിട്ടുവീഴ്ചയില്ലാത്ത സംസ്‌കൃതീകരണത്തിനു വിധേയമായി. ജോർജ് എഴുതുന്നു:

 

'നമ്മുടെ അമ്മ-മുലപ്പാൽ ഭാഷാചിന്തകളിൽ ജന്മഭാഷ(ജന്മപരിസരത്തിലെ ഭാഷ)യാണ് മാതൃഭാഷ. അങ്ങനെ കാണുന്നതിൽ കുഴപ്പമൊന്നുമില്ല. അർത്ഥം രൂഢിയായിത്തീർന്ന ഒരു ആലങ്കാരികപ്രയോഗമായി അതിനെ കണ്ടാൽ മതി. എങ്കിലും ജന്മപരിസരത്തിലെ മാതൃഭാഷാംശമായി തീർച്ചയായും കണക്കാക്കേണ്ട പല അംശങ്ങളെയും സ്വീകരിക്കാതെ പുറത്തുനിർത്തുന്ന മാനകഭാഷയെയാണ് മാതൃഭാഷ എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും. വാസ്തവത്തിൽ, മാനകഭാഷയുടെ മാതൃഭാഷയാണ് വാമൊഴിഭാഷ. പക്ഷേ നമ്മുടെ മാനകഭാഷയ്ക്ക് പോറ്റമ്മയായ സംസ്‌കൃതത്തോടാണ് കൂറ്. ഈ വഴിവിട്ട ചിന്തകൾ പോട്ടെ, ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഭാഷകളെ മേൽ സൂചിപ്പിച്ച തരത്തിൽ ആശയാദികളുടെ പ്രഭവങ്ങൾ എന്ന മട്ടിൽ കാണുന്നത് പുതിയൊരു ഭാഷാസമീപനത്തിലേക്കുതന്നെ നമ്മെ നയിച്ചേക്കും. കുറേക്കൂടി വസ്തുനിഷ്ഠവും ഉദാരവുമായ ഭാഷാസമീപനമായിരിക്കും അത് എന്നും തോന്നുന്നു.

ഇംഗ്ലീഷ് പദസ്വീകാരത്തിൽ ശ്രദ്ധേയമായ ചില കീഴ്‌വഴക്കങ്ങൾ കാണാം. വാമൊഴി സാഹചര്യങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ അതേപടി സ്വീകരിക്കുന്നതിന് യാതൊരു മടിയും കാണിക്കാറില്ല. തമിഴിലും ഏറെക്കുറെ ഇതാണ് സ്ഥിതി. എന്നാൽ സമാനമായ വരമൊഴി സാഹചര്യങ്ങളിൽ അതനുവദിക്കുന്നില്ല. പകരം സംസ്‌കൃതരൂപങ്ങളെ പ്രതിഷ്ഠിക്കുന്നു. തമിഴർ ഇവിടെ വാമൊഴിപാരമ്പര്യത്തിലെ തനതു പദമാകും സ്വീകരിക്കുക. വരമൊഴിയുടെ നിലവാരപ്പെട്ട സ്വരൂപത്തെ സംബന്ധിച്ച ധാരണകളാണ് ഇവിടെ പ്രവർത്തനക്ഷമമാകുന്നത്. മലയാളത്തിലെ നിലവാരഭാഷയെ സംബന്ധിച്ച സാമാന്യമായ ബോധം സംസ്‌കൃതോന്മുഖമാണ്. ചരിത്രപരമായ ഭാഷാസന്ദർഭത്തിൽനിന്നും ഉരുത്തിരിഞ്ഞതാണത്. നാട്ടറിവുകളുടെ ഇടയിലേക്ക് കടന്നുവന്ന ബ്രാഹ്മണസമൂഹം ഇവിടുത്തെ പ്രമാണസമൂഹമായി മാറിയിരുന്നുവല്ലോ. അവർ കൈകാര്യം ചെയ്തുവന്ന വൈദികവും ഐതിഹാസികവുമായ അറിവിന് പ്രാമാണികത കൈവന്നു. വൈജ്ഞാനികഭാഷ എന്ന നിലയിൽ കേരളത്തിൽ അവരുടെ കൈവശമിരുന്ന സംസ്‌കൃതത്തിന് ആധികാരികതയും പദവിയും സിദ്ധിച്ചു. അതാണെന്നു തോന്നുന്നു, നിലവാരഭാഷയെ സംബന്ധിച്ച ബോധത്തിന് ഭൗതികാസ്പദമായിട്ടുള്ളത്. എഴുത്തച്ഛനെക്കുറിച്ചുള്ള മിത്തിൽ അതിന്റെ പ്രകാശനം കാണാം. സംസ്‌കൃത്തെപ്പോലെ മികച്ച ഭാഷയായി തന്റെ നാട്ടുഭാഷയെ പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യബോധമായിരുന്നുവല്ലോ കഥയനുസരിച്ച് അദ്ദേഹം പ്രകടിപ്പിച്ചത്! അതിനായി അദ്ദേഹം സംസ്‌കൃതത്തിലെ ഇതിഹാസങ്ങളെ മലയാളത്തിലേക്ക് ആനയിച്ചു. അപ്പോൾ മണിപ്രവാളത്തിൽ എന്നപോലെ സംസ്‌കൃതം കൂടെപ്പോരുകയും ചെയ്തു. സംസ്‌കൃതമേറുന്നതാണ് വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും അളവുകോലെന്ന് നാം ധരിച്ചു. അറിവുള്ളവരുടെ മലയാളമായി സംസ്‌കൃതയോഗമലയാളം. മണിപ്രവാളത്തെക്കടന്ന് എഴുത്തച്ഛനിൽ സഫലമായത് ഈ വിശേഷമലയാളമാണ്. എഴുത്തുമലയാളമായി അത്. എഴുത്തിലും വായനയിലും പഠനത്തിലും ഔപചാരികപ്രയോഗങ്ങളിലും കൂടി പ്രതിഷ്ഠനേടിയ ആ ഭാഷാരീതിയാണ് മാനകമലയാളം. സംസ്‌കൃതത്തിൽ ആവിഷ്‌കരിക്കപ്പെട്ട ഇമ്പമുള്ള കാര്യങ്ങൾ പ്രാദേശികഭാഷയുടെ പദാവലികൊണ്ട് ഒപ്പിയെടുക്കാവുന്നതല്ല എന്ന വിചാരം ഉണ്ടായി. പ്രാദേശികമൊഴിക്ക് അതിനുള്ള പോരിമയും ഊറ്റവും ഇല്ല എന്ന പ്രതീതിയായി ആ ബോധം ഉറച്ചു. മാനകമലയാളം ഗൗരവമുള്ളതാണ്. സംസ്‌കൃതമാണ് ഗൗരവത്തിനു നിദാനം. സംസ്‌കൃതം കുറഞ്ഞും പ്രാദേശികമൊഴി ഏറിയും നില്ക്കുന്ന ചെറുശ്ശേരിക്കു ഗൗരവം പോര; സംസ്‌കൃതം കൂടിയ എഴുത്തച്ഛനു ഗൗരവം വേണ്ടത്ര! ആ ഭാഷയുടെ ക്രമക്കണക്കേ മലയാളിക്ക് ശരണപ്പെടാവുന്നതായി അനുഭവപ്പെട്ടുള്ളു. പ്രാദേശികപദാവലികൊണ്ടു നിർമ്മിക്കപ്പെട്ടതാണെങ്കിൽപ്പോലും ആ ഗൗരവം വെടിഞ്ഞുകൂടാത്തതാണ്: 'അവൻ വീണ്ടും വരുന്നു' എന്നു പറയാം; 'ഓൻ പിന്നും വന്നിക്കി' എന്നത് പോര! ചിരിയുണ്ടാക്കാൻ (മാരാരുടെ ചിരിയല്ല, കുഞ്ചന്റെ ചിരി) മാത്രമേ ഇതുകൊള്ളൂ. കൊള്ളൂ എന്നെഴുതിയാൽ കൊള്ളാമെന്നേയുള്ളൂ. ഉപകരിക്കൂ എന്നായാൽ വിശേഷമായി.

വാമൊഴിയെ പൊതുവെയും, അതിലെ പ്രാന്തസ്ഥവും പാമരജനപ്രസിദ്ധവുമായ പദങ്ങളെ പ്രത്യേകിച്ചും നിരസിക്കുകയാണ് മാനകീകരണത്തിന്റെ സ്വഭാവമെന്നു പറയാം. ഒരുതരം അയിത്തബോധമാണ് ഇവിടെയുള്ളത്. സംസ്‌കൃതീകരിക്കുക, മാനകീകരിക്കുക, എന്ന ബോധം പ്രവർത്തനക്ഷമമാകുമ്പോൾ സംഭവിക്കുന്നതാണിത്. ശുദ്ധിയുള്ള ഭാഷയാണ്, മാന്യമായ ഭാഷയാണ് എന്നൊക്കെയുള്ള പ്രതീതിബോദ്ധ്യങ്ങളോടെയാണ് ഈ മാനകഭാഷ രൂപമെടുത്തത് എന്നും അതിന്റെ മറുപുറമായി അശുദ്ധിയെക്കുറിച്ചുള്ള ഉൽക്കണ്ഠ പുലർന്നിരുന്നുവെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഈ ബോധരൂപത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്തവിധത്തിൽ ഒരു മാനകഭാഷാപ്രത്യയശാസ്ത്രം പ്രവർത്തിച്ചുപോന്നു. നിഘണ്ടുക്കളിലൊഴികെ പ്രയോഗത്തിൽ പ്രാന്ത-പാമരവാമൊഴിയിലെ പദങ്ങൾക്ക് പതിതത്വം കല്പിതമായി. പാതിരിഗദ്യത്തിൽ ചെറിയ തോതിലെങ്കിലും പ്രവേശം സിദ്ധിച്ചുവെങ്കിലും അയിത്തപ്രത്യയശാസ്ത്രം പില്ക്കാലഭാഷയിൽനിന്ന് കാലാന്തരത്തിൽ അതിനെ തള്ളിപ്പുറത്താക്കുക തന്നെ ചെയ്തു. മുഖ്യധാരയുണ്ടാകുകയും ആധികാരികമായി മൂല്യമാർജ്ജിക്കുകയും ചെയ്യുമ്പോൾ അരികാക്കപ്പെടുന്ന ആദിവാസികളാണ് നാട്ടുശബ്ദങ്ങൾ.

ചുരുക്കത്തിൽ, സംസ്‌കൃതകേന്ദ്രിതമായൊരു ഭാഷാദർശനം മലയാളത്തിനകത്തു നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രവർത്തനം നമ്മുടെ തെരഞ്ഞെടുപ്പുകളെ നിർണ്ണായകമായി സ്വാധീനിച്ചുപോരുന്നു. മലയാളത്തിന്റെ ശരീരവും ആത്മാവും സംസ്‌കൃതമായി എന്നു പറയാം. മിഷണറിമലയാളം പോലും വലിയൊരു പരിധിവരെ അതിനോട് രാജിയാവുകയായിരുന്നു ചെയ്തത്. സംക്ഷേപവേദാർത്ഥവും വേദതർക്കവും മലയാഴ്മയുടെ വ്യാകരണവും ബൈബിൾ വിവർത്തനങ്ങളും നോക്കിയാൽ ഇതു വ്യക്തമാകും. വാമൊഴിയെ സ്വീകരിക്കുമ്പോഴും ആത്മീയവും ഭൗതികവുമായ വിവരണത്തിന് അവർ എഴുത്തുഭാഷയുടെ ചേരുവയെത്തന്നെ മാതൃകയാക്കാൻ നിർബ്ബന്ധിതമായി. ജോർജ്ജ് മാത്തന് ഇംഗ്ലീഷിനു പുറമെ നിരവധി ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. ആ പാണ്ഡിത്യത്തിന്റെ പിൻബലത്തിൽ ഭാഷാവിശകലനത്തിനും പ്രതിപാദനത്തിനും തുനിഞ്ഞപ്പോൾ ഏറെക്കുറെ സംസ്‌കൃതപദാവലി സ്വീകരിക്കുന്ന കാവ്യഭാഷാനിയമത്തെ അനുസരിക്കാനാണ് അദ്ദേഹവും തുനിഞ്ഞത്. ഇത് ഗുണ്ടർട്ടിന്റെയും ബെയ്‌ലിയുടെയും ഭാഷാസമീപനത്തിൽ പൊതുവെ കാണാവുന്ന പ്രവണതയാണ്. നോവലിലും കഥയിലും കടന്നുവരുന്ന സംഭാഷണങ്ങളിൽ മാത്രം വാമൊഴി പിൽക്കാലത്ത് വെളിച്ചപ്പെട്ടു പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. നാട്ടുവഴക്കത്തിന്റെ ചൊൽവടിവുകളനുസരിക്കുന്ന മാപ്പിളരാമായണംപോലുള്ള ആവിഷ്‌കാരങ്ങളിൽ മാനകമലയാളത്തോട് ഭിന്നിക്കുന്ന രചനകളുണ്ടാകുന്നുണ്ട് എന്നു പറയാൻ കഴിഞ്ഞേക്കും. സമീപനകാലത്തുണ്ടായ ദലിത് ഉണർവ്വിന്റെയും മറ്റും ഭാഗമായി ഇത്തരം ചില പ്രവണതകൾ കവിതകളിലും ചർച്ചകളിലും സിനിമകളിലും ഉണ്ടായിക്കാണാം. അപവാദങ്ങളാണവ. ഗദ്യമെഴുത്തിലൊക്കെ ദലിത് ചിന്തകർ പിന്തുടരുന്ന എഴുത്തുരീതികൾ പോലും സംസ്‌കൃതകേന്ദ്രിത മാനകമലയാളത്തെ തന്നെയാണ് മാതൃകയാക്കുന്നത്.

പ്രാദേശികവാമൊഴിയിലുള്ള രൂപങ്ങൾ മാനകഭാഷയിലേക്ക് സ്വീകരിക്കാവുന്നതല്ലേ എന്ന ചോദ്യമൊക്കെ ഉന്നയിക്കപ്പെടുന്നുണ്ട്. ''വിസ്തീർണ്ണം എന്തിനാണ്, പരപ്പളവു പോരേ' എന്നൊക്കെ ചോദിക്കുന്നിടത്തെ ഈ ജാഗ്രത മാറ്റങ്ങൾ കൊണ്ടുവന്നേയ്ക്കാം. എന്നാൽ, വിസ്തീർണ്ണത്തിനുള്ള സാങ്കേതികഗൗരവം പരപ്പളവിനില്ലെന്ന തോന്നലും പൊതുവെയുണ്ട്. എന്നാൽ വാമൊഴിയിൽ പ്രാദേശികപദങ്ങളും പ്രയോഗരീതികളും വരുന്നത് ആരും കുറവായെടുക്കുന്നില്ല. അതിനെ അംഗീകരിക്കാൻ വൈമനസ്യമില്ലെന്നു മാത്രമല്ല, സ്വാഭാവികസന്ദർഭത്തെ ആവിഷ്‌കരിക്കാൻ അതു പര്യാപ്തമാണെന്നും നാം കരുതുന്നു. കഥാസാഹിത്യത്തിലെ സംഭാഷണത്തിൽ പ്രാദേശികവാമൊഴിയും ഇംഗ്ലീഷ് മിശ്രഭാഷണവുമൊക്കെ വരുന്നത് ഈ സൗജന്യത്തെ സ്വീകരിച്ചുകൊണ്ടാണ്. പക്ഷേ, അവിടെയും ആഖ്യാനത്തിൽ സംസ്‌കൃതസമ്പന്നമായ മാനകരീതി തന്നെയാണ് സാമാന്യമായി തുടരുന്നത്. സംസ്‌കൃതത്തോടുള്ള ഈ അഭിരതിയും അനുകൂലതയും നമ്മുടെ മലയാളഭാഷാബോധത്തിന്റെ, ഭാഷാമനോഭാവത്തിന്റെ ഒരു ചുഴികറ്റിയായി നിലകൊള്ളുന്നുണ്ട്. അത് അനുസരിക്കാത്ത മലയാളം അപഭ്രംശമാണെന്നു തോന്നുന്നത്, ഈ തോന്നലിന് അഥവാ മനോഭാവനത്തിനുള്ള പ്രഭാവത്തെയാണ് വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് പദങ്ങളും വാക്യങ്ങളും വാമൊഴിയിൽ സ്വീകരിക്കുന്നതിനെ അലോസരമായി കാണാതിരിക്കുമ്പോഴും എഴുത്തുഭാഷയിലേക്ക് പ്രവേശിക്കുന്നതിനെ വിലക്കുന്ന ഒരു പ്രത്യയശാസ്ത്രയന്ത്രമായി ഈ മനോഭാവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വാമൊഴിയിൽ അനുവദിക്കുന്ന പ്രാദേശികപദങ്ങളെയും ഇംഗ്ലീഷിനെയും വരമൊഴിയിൽ നിരാകരിക്കുന്ന അരിപ്പയാണ് ആ യന്ത്രം. '.

ആധുനികത കൊണ്ടുവന്ന ശാസ്ത്രത്തിന്റെയും മാനവിക വിഷയങ്ങളുടെയും ഭാഷാമാതൃകകൾ, ആ വിഷയങ്ങൾ എന്നതുപോലെതന്നെ, മലയാളത്തിന്റെ ചിന്താപദ്ധതിയിൽ രൂപംകൊണ്ടതല്ല - ഇതാണ് നാലാമത്തെ നിരീക്ഷണം. സ്വാഭാവികമായും ചിന്തയുടെ വിവർത്തനത്തിനു പകരം തത്തുല്യപദങ്ങൾ കണ്ടെത്തുന്ന ഏർപ്പാട് മാത്രമാണ് ഇവിടെ സംഭവിച്ചത്. ഇംഗ്ലീഷിന്റെ അറിവധികാരം ഉറപ്പാക്കിയ ഒന്നാണിത്. മിഷനറിമാർ തുടക്കമിട്ട മലയാളത്തിന്റെ ശാസ്ത്രഭാഷാനിർമ്മിതി പക്ഷെ വൈജ്ഞാനിക മലയാളമെന്നാൽ സംസ്‌കൃതമലയാളമെന്ന ധാരണയിലേക്കാണ് പിൽക്കാലത്തു വികസിച്ചത്. മലയാളത്തിൽ തത്തുല്യപദങ്ങൾ കണ്ടെത്തുന്നതിനെക്കാൾ സ്വീകാര്യത സംസ്‌കൃതത്തിൽ നിന്നുള്ള സമാനപദങ്ങൾക്കായി. ഇതിനു പിന്നിൽ ഒരുതരം വരേണ്യമായ അശുദ്ധിബോധം പ്രവർത്തിക്കുന്നില്ലേ എന്ന സംശയം ജോർജ് ഉന്നയിക്കുന്നു (പുറം 51).

'വൈജ്ഞാനികഭാഷയിലേക്ക് നേരിട്ടുള്ള ഇംഗ്ലീഷ് പദസ്വീകാരത്തെ വിരോധിക്കുന്നതിൽ വരേണ്യമായ ഒരുതരം അശുദ്ധിബോധം തന്നെ പ്രവർത്തിക്കുന്നില്ലേ എന്നും സംശയിക്കണം. ഇംഗ്ലീഷിലൂടെ കടന്നുവരുന്ന വിജ്ഞാനവും പ്രത്യയശാസ്ത്രവുമൊക്കെ സ്വീകാര്യമാണ്. അതേസമയം, മാനകമലയാളത്തെ ചൂഴുന്ന ഭാഷാമനോഗതി ഇംഗ്ലീഷിനെ അന്യവും അശുദ്ധവും വരത്തത്തരവുമായി വിധിക്കുന്നു. മാനകഭാഷയെ ആചാരപരമായൊരു തലത്തിലാണ് കാണുന്നതെന്നു പറയാം. പാശ്ചാത്യവസ്ത്രവും ഭക്ഷണരീതികളും സ്വീകരിക്കുമ്പോൾത്തന്നെ അവയെ ആചാരപരമായ ചടങ്ങുകളിൽനിന്ന് ഒഴിവാക്കി നിർത്തുന്നതുപോലെയാണ് ഇവിടത്തെ നീക്കിനിർത്തലെന്നു പറയാം. മലയാളമാനകഭാഷ വിശാലമായൊരു അർത്ഥത്തിൽ വരേണ്യതയുടെ സാംസ്‌കാരികസാന്നിദ്ധ്യമുള്ള ഒരു ആചാരഭാഷയായാണ് പ്രവർത്തിക്കുന്നത്. വാമൊഴിഭേദങ്ങളെ നിരാകരിക്കുവാനുള്ള മാനകഭാഷാപ്രവണതയുടെ തുടർച്ച സംസ്‌കൃതാശ്രിതമായ വൈജ്ഞാനികഭാഷാരൂപീകരണ പരിശ്രമങ്ങളിലുണ്ടായിരുന്നു. സമീപകാലത്ത് പ്രയോഗത്തിലേക്ക് വിപ്ലവകരമായി കടന്നുകയറിയ തിളനില എന്നൊരു പദരൂപീകരണം ആയ കാലത്ത് നടക്കാതെ പോയത് ഈ സംസ്‌കൃതാഭിമുഖ വരേണ്യബോധത്താലാണ്. പ്രചുരപ്രചാരമുള്ള സംസ്‌കൃതജന്യപദങ്ങളെ സ്വീകരിക്കുന്നതിൽ തരക്കേടൊന്നും ഇല്ല. എങ്കിലും തിളനിലയെന്നൊരു സംജ്ഞ രൂപീകരിക്കാതെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലൂടെ വിശേഷവ്യവഹാരത്തിൽ എവിടെയോ പ്രത്യക്ഷപ്പെടുകമാത്രം ചെയ്തിട്ടുള്ള ക്വഥനാങ്കത്തിന് ഇടം കൊടുത്തത് എന്തുകൊണ്ടായിരിക്കും എന്ന് ആലോചിക്കേണ്ടതുണ്ട്. ഈ മട്ടിലുള്ള സാങ്കേതികസംജ്ഞാകരണം തെറ്റൊന്നുമല്ലെങ്കിലും ഒട്ടും ഗുണകരമായിത്തീർന്നിട്ടില്ല എന്നതാണ് വാസ്തവം. തികച്ചും അപരിചിതമായ പദങ്ങളെ തേടിപ്പിടിച്ചു സ്വീകരിച്ചുണ്ടാക്കുന്ന പാഠപുസ്തകഭാഷ കൃത്രിമവും അരസികവുമായി അതിന്റെ ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടു. കോമയ്ക്ക് അങ്കുശം എന്നൊക്കെ വിവർത്തനം കൊടുത്താൽ എന്താകും സ്ഥിതി? അതിൽ സാങ്കേതികമായി തെറ്റൊന്നുമില്ല. എന്നാൽ വാമൊഴിയിൽ കോമയിരിക്കെ സംസ്‌കൃതത്തിന്റെ അട്ടപുകിടക്കുന്ന തോട്ടിയുമായി വരുന്നതെന്തിനെന്ന് ചോദിച്ചുപോകും. ഭാഷാപ്രയോക്താക്കൾക്ക്, അനിഷ്ടവും അകൽച്ചയും അസ്വാഭാവികതയും തോന്നും. ഇതിനർത്ഥം, വാമൊഴിപോലെ അടുപ്പവും ഇഷ്ടവും തോന്നിക്കുന്നതായിരിക്കണം വൈജ്ഞാനികഭാഷ എന്നല്ല. ഒരു ജീവൽഭാഷയിലും അങ്ങനെയായിരിക്കില്ല. ഇംഗ്ലീഷിലായാലും വൈജ്ഞാനികഭാഷയും കാവ്യഭാഷയുമൊക്കെ ആ വ്യവഹാരവുമായി ബന്ധപ്പെട്ടവർക്കൊഴികെ ഒരു തരം അപരിചിതത്വം സൂക്ഷിക്കുന്നുണ്ട്; അങ്ങനെയാവാതിരിക്കാൻ വഴിയില്ല. എങ്കിലും, അതത് വ്യവഹാരങ്ങളുടെ ഭാഗമാകുന്നവർക്കെങ്കിലും അസ്വാഭാവികമായി അനുഭവപ്പെടാത്ത തരത്തിലുള്ള ഒരു ഭാഷാരീതി വികസിപ്പിച്ചെടുത്തുകൊണ്ടേ ഈ വഴിക്കുള്ള മുന്നേറ്റം സാദ്ധ്യമാകൂ. ഇത്തരം സന്ദർഭങ്ങളിൽ പ്രചുരപ്രചാരമുള്ള പദങ്ങളെയെടുത്ത് പ്രതിഷ്ഠിക്കാനും വൈജ്ഞാനിക-വാമൊഴിവ്യവഹാരങ്ങളിലൂടെ കടന്നുവരുന്ന ഇംഗ്ലീഷ് പദങ്ങളെ ആവുന്നത്ര സ്വീകരിക്കാനുമുള്ള ഉദാരത കാണിച്ചിരുന്നുവെങ്കിൽ ഈ രംഗത്തുണ്ടായ വലിയ പരാജയം ഒഴിവാക്കാൻ കഴിയുമായിരുന്നു. കൺഫെഷനെ കുമ്പസാരവും ക്രോസിനെ ക്രൂശും കുരിശും, സാറ്റനെ സാത്താനും ശൈയ്ത്താനും ആക്കുന്നതുപോലെ തത്ഭവരൂപീകരണപദ്ധതിപോലും പരീക്ഷിക്കാവുന്നതായിരുന്നു. ഇലാസ്റ്റിസിറ്റിയെ ഇലാസ്തികതയും ജ്യോമട്രിയെ ജ്യാമിതിയും ആക്കിയപ്പോൾ ലഭിച്ച സ്വീകാര്യത ഓർക്കുക.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിക്കും പാഠപുസ്തകസമിതികൾ വഴിക്കും ഉണ്ടായ പരിശ്രമങ്ങളിൽ സംസ്‌കൃതാഭിമുഖമായ ആചാരവിശുദ്ധിബോധത്തോടെയുള്ള ഏകപക്ഷീയമായ സാങ്കേതികസംജ്ഞാവൽക്കരണം മിക്കവാറും പരിഹാസ്യമായ ഒരു നിലയിലാണ് എത്തിപ്പെട്ടത്. അത് വ്യക്തികളുടെ കുറ്റമായി കാണേണ്ടതല്ല. ഇന്ത്യൻ ഭാഷകളിലെല്ലാം സമാനമായ രൂപങ്ങൾ വിന്യസിച്ചുകൊണ്ട് വൈജ്ഞാനികഭാഷയിൽ ഒരു ദേശീയമായ പൊരുത്തം ആസൂത്രണം ചെയ്തതിന്റെ ഫലമായിക്കൂടി സംഭവിച്ചതാണിതെന്നു കാണാം. അതിന്റെ പിന്നിലെ ധൈഷണികാധ്വാനത്തെ വിലമതിക്കുകതന്നെ വേണം. ഈ മലയാളത്തേക്കാൾ എളുപ്പം വഴങ്ങുന്നത് ഇംഗ്ലീഷാണെന്ന് സാധാരണക്കാരെക്കൊണ്ടും വിദ്യാർത്ഥികളെക്കൊണ്ടും പറയിക്കുന്ന തരത്തിൽ അത് സാമാന്യവ്യവഹാരത്തോട് ജൈവബന്ധമറ്റ ഒരു നിലയിലെത്തി എന്ന വാസ്തവത്തെ അഭിസംബോധന ചെയ്യാനും സാധിക്കേണ്ടതുണ്ട്. കൂടുതൽ ഉചിതമായ മട്ടിൽ ചിന്തിക്കാനും സൃഷ്ടിക്കാനുമൊക്കെ കഴിയേണ്ടതുണ്ട്. അപ്പോൾ മാത്രമേ പരിഹാസം വിട്ട് ഗുണകരമായതെന്തെങ്കിലും സംഭവിക്കൂ. മുദ്രാവാക്യപ്രവർത്തനമൊക്കെ അതിന് പ്രചോദനമായേക്കാം. റ്റെംപറേച്ചർ എന്നും ബോയിലിങ് പോയിന്റെന്നും പറയാൻ മടിക്കാത്ത ഒരു ജനത താപം എന്നും ക്വഥനാങ്കം എന്നും പറയേണ്ടിവരുന്നത് ഗുണകരമാണോ? തിളയ്ക്കുക എന്നു പറയുന്ന ഒരു ജനത ക്വഥനം എന്നെഴുതേണ്ടിവരുന്നത് നന്നോ? സിന്റാഗ്മാറ്റിക്കെന്നും പാരഡൈം എന്നും ഓർബിറ്റെന്നും പ്രൊജക്‌റ്റൈൽ എന്നും സ്വാഭാവികതയോടെ പറയുന്ന ഒരു അക്കാദമിഷ്യൻ ബന്ധാനുരൂപമെന്നും പരാദൃഷ്ടം എന്നും ഭ്രമണപഥമെന്നും പ്രക്ഷേപ്യമെന്നും കരുതലോടെ എഴുതാനും പറയാനും നിർബ്ബന്ധിക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ഒരേ സമയം അതിന്റെ ജീവൽഭാഷാബന്ധവും ആഗമികബന്ധവും അല്ലേ? പെർഫോമൻസ് എന്ന് നിരന്തരം പറയുന്ന ആളുകൾ തന്നെ എഴുത്തിൽ നിർവ്വഹണമെന്നോ പ്രകടനം എന്നോ ഒക്കെ പ്രയോഗിക്കാൻ നിഷ്‌കർഷിക്കുന്നതോടെ അതിന്റെ വ്യവഹാരഭാഷാബന്ധം നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? അതല്ലേ അന്യതയ്ക്കും പരിഹാസ്യതയ്ക്കും ഇട നല്കുന്നത്. അന്വയം എന്നൊരു വാക്കിരിക്കെ സിന്റാഗ്മാറ്റിക്കിനെ സ്വീകരിക്കാതിരിക്കാമായിരിക്കും. ഇനി ഒരു പര്യായം കണക്കെ അതിനെക്കൂടി സ്വീകരിക്കാമെന്നു വച്ചാലും കുഴപ്പമൊന്നുമില്ലെന്ന് ചിന്തിക്കാനും കഴിയേണ്ടേ?'.

ഭാഷയും ചിന്തയും ജ്ഞാനവും തമ്മിലുള്ള ബന്ധമാണ് മറ്റൊരാശയം. ജോർജ് മാത്തൻ തൊട്ടുള്ള ഭാഷാസ്‌നേഹികൾ മുന്നോട്ടുവച്ച വാദങ്ങൾ ഈ വിഷയത്തെ സാധൂകരിക്കുന്നു. ആശയം/ചിന്ത രൂപപ്പെടാത്ത ഭാഷകളിൽ അതിനെ വിശേഷിപ്പിക്കാൻ ഉചിതമായ വാക്കുകൾ ഉണ്ടാവില്ല. അപ്പോഴാണ് വിവർത്തനം വേണ്ടിവരിക. ശാസ്ത്രജ്ഞാനങ്ങൾക്കൊപ്പം ഇംഗ്ലീഷെന്ന ഭാഷയും വളർന്നതാണ് പടിഞ്ഞാറിന്റെ ചരിത്രം. മലയാളത്തിൽ ഇതുരണ്ടും വളർന്നില്ല.

ഇംഗ്ലീഷിന്റെ ജനകീയ, വാമൊഴിരൂപങ്ങൾക്കു കൈവന്ന സ്വീകാര്യതയാണ് ആറാമത്തെ ആശയം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൊണ്ട് ഈവിധം ജനസാമാന്യത്തിന്റെ ദൈനംദിനഭാഷയിൽ ഇടംനേടിയ നൂറുകണക്കായ ഇംഗ്ലീഷ് വാക്കുകളുണ്ട്. സാധാരണക്കാർപോലും ആ പദങ്ങളെ ഇംഗ്ലീഷായല്ല മലയാളമായാണ് പരിഗണിക്കുന്നതെന്നും കാണാം.

അതേസമയംതന്നെ മാനകഭാഷയിൽ ഇംഗ്ലീഷിനെ അംഗീകരിക്കാൻ മലയാളി തയ്യാറായതുമില്ല. ഇതാണ് ഏഴാമത്തെ നിരീക്ഷണം. ഭാഷാമരവിപ്പ് മുതൽ ഭാഷാമരണം വരെ സംഭവിക്കുന്നത് ഈ സമീപനം മൂലമാണെന്ന് പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. മാനകമലയാളഭാഷ വിശാലമായൊരർഥത്തിൽ വരേണ്യതയുടെ സാംസ്‌കാരിക സാന്നിധ്യമുള്ള ആചാരഭാഷയായാണ് പ്രവർത്തിക്കുന്നതെന്ന നിരീക്ഷണം ചരിത്രപരവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്.

വിജ്ഞാന, വ്യവഹാര ഭാഷക്കുണ്ടായ സംസ്‌കൃതബദ്ധതയാണ് ജോർജ് വിശദീകരിക്കുന്ന മറ്റൊരാശയം. ആധുനികവിജ്ഞാനത്തെ പ്രാചീന, മധ്യകാലവിജ്ഞാനങ്ങളുടെ ഭാഷയിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് കാലപരമായ വിവേചനം മാത്രമല്ല വെളിപ്പെടുത്തുക. ജനകീയ ഭാഷയോടും ഇംഗ്ലീഷിനോടും പുലർത്തുന്ന അയിത്തത്തിനാകട്ടെ യഥാർഥത്തിൽ ജാതീയതയുടെ തന്നെ തുടർജീവിതമാണു കൈവന്നിട്ടുള്ളത്.

അന്യഭാഷാപദങ്ങളെ സാകൂതം, യഥേഷ്ടം സ്വീകരിച്ചുപോന്ന ഭാഷയാണ് മലയാളം. നമ്മുടെ പദസമ്പത്തിന്റെ ഭൂരിഭാഗവും അങ്ങനെ വന്നതുമാണ്. പക്ഷെ ഇന്നിപ്പോൾ ഇംഗ്ലീഷിനുനേർക്കു രൂപം കൊണ്ടിട്ടുള്ള വിചിത്രമായ എതിർപ്പ് തികച്ചും അയുക്തികമായ ഒരു ഭാഷാരാഷ്ട്രീയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വികസ്വരഭാഷകളുടെ അടിസ്ഥാനലക്ഷണം തന്നെ പദാദേശക്ഷമതയാണ്. അതിനുപകരം വികലവും വികൃതവുമായ തനിമാവാദം പെട്ടെന്നുയർത്തി ഇംഗ്ലീഷിനെതിരെ പടവാളെടുക്കുന്നതിനു പിന്നിലെ താല്പര്യം മറ്റെന്തായാലും ഭാഷാസ്‌നേഹമല്ലതന്നെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭാഷാ ആസൂത്രണത്തിൽ ഇടപെട്ട മലയാളികളും വിദേശികളുമായ പണ്ഡിതർക്കാർക്കും ഈയൊരു അയിത്തമോ ശുദ്ധിവാദമോ ഉണ്ടായിരുന്നില്ല.

ഐക്യകേരളസ്ഥാപനം തൊട്ടുള്ള കാലത്താണ് ഇംഗ്ലീഷ് മലയാളിക്കൊരു പ്രശ്‌നവും വെല്ലുവിളിയുമായി മാറിയത്. ജോർജിന്റെ നിശിതവും നിഷ്ണാതവുമായ നിരീക്ഷണം വായിക്കൂ:

'നവോത്ഥാനസാഹിത്യത്തിന് സംഭവിച്ച ക്ഷീണത്തിനു സമാന്തരമായി ഭാഷാസൂത്രണരംഗത്തും വലിയ തിരിച്ചടികളുണ്ടായി. മിഷണറിമാരിൽ ആരംഭിച്ച് കേരളവർമ്മയും ഏ.ആറും ഉള്ളൂരും കേസരിയും ഭാഷാശാക്തീകരണദിശയിൽ നയിച്ച ദീർഘവീക്ഷണത്തോടെയുള്ള യത്‌നങ്ങളൊന്നും സ്വാതന്ത്ര്യം കിട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നവരുടെ കാലത്ത് ഗുണകരമായ ദിശാബോധം പ്രാപിച്ച് പ്രാവർത്തികമായില്ല. വൈജ്ഞാനികവും ചിന്താപരവുമായ സ്വതന്ത്രവികാസത്തെ തടസ്സപ്പെടുത്തുന്നതും വിധേയവല്ക്കരിക്കുന്നതുമായ ഭരണകൂട-ആസൂത്രണയത്‌നങ്ങൾ ഭാഷയുടെ ഈ മേഖലകളിലുള്ള സർഗ്ഗാത്മകമായ വികാസത്തെത്തന്നെയാണ് തടസ്സപ്പെടുത്തിയത്. സ്ഥാപനങ്ങളിലൂടെ ഭാഷയുടെ കെട്ടുകാഴ്ചകളുണ്ടായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മറ്റും കുത്തിക്കെട്ടിയുണ്ടാക്കി വായനശാലകളിൽ ഇടമില്ലാതാക്കിയ വൈജ്ഞാനിക നെടുംകെട്ടുകുതിരകളുണ്ടായി. ഇതൊക്കെ വിപരീതഫലമാണ് ഉളവാക്കിയത്: ഇംഗ്ലീഷിലൂടെ മാത്രമേ വിദ്യാഭ്യാസവും വിജ്ഞാനാർജ്ജനവും കരഗതമാവൂ എന്ന ധാരണ ഉറച്ചു പ്രഖ്യാപിക്കുന്നവർക്ക് ഉദാഹരിക്കാനുള്ള തെളിവുകളായിത്തീർന്നു അവയെല്ലാം. ഇംഗ്ലീഷിനെ അധികാരത്തിന്റെയും അറിവിന്റെയും പ്രഭവമായി കാണുന്ന വീക്ഷണം ഇക്കാലയളവിൽ ദൃഢപ്പെട്ടുവന്നു. മലയാളം പറയുന്ന മന്ത്രിമാരുടെ ഓഫീസുകളിൽനിന്നും സർക്കാർ ഓഫീസുകളിൽനിന്നും ഇംഗ്ലീഷിൽ മാത്രം ഉത്തരവുകൾ ഇറങ്ങി. സർവ്വകലാശാലകളിൽ വിജ്ഞാനേതരകാര്യങ്ങളുടെ മാധ്യമം മാത്രമാണ് മലയാളമെന്ന ദാരണ ഉറപ്പിച്ചു. അതേ സമയം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴി മലയാളത്തെ വിജ്ഞാനത്തിന്റെ മാധ്യമമാക്കുവാനുള്ള നടപടികൾ ഉണ്ടായിക്കൊണ്ടിരുന്നു. മുഖ്യമായും കോളേജ് തലത്തെ കണ്ടുള്ള മലയാളപുസ്തകങ്ങളുടെ സൃഷ്ടിയാണ് അവിടെ നടന്നത്. പുറത്ത് സ്വകാര്യപ്രസാധകരും മറ്റും മലയാളസാഹിത്യരചനകളുടെയും വിവർത്തനങ്ങളുടെയും നിഘണ്ടുക്കളുടെയും ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതെല്ലാം ചേർന്നുളവായ സവിശേഷസാഹചര്യത്തിലാണ് ഇംഗ്ലീഷിനെ കേന്ദ്രത്തിലും മലയാളത്തെ പ്രാന്തത്തിലും നിർത്തുന്ന ഒരു സാമൂഹികമനഃശാസ്ത്രം ദൃഢപ്പെട്ടുവന്നത്. ജനാധിപത്യത്തിൽ അതിന് വ്യാപകമായ പ്രഭാവം ചെലുത്താനും സാധിച്ചു. അത് പൊതുജനമനഃശാസ്ത്രമായി ഉറച്ചു. കഥാസാഹിത്യത്തിലും കവിതയിലും, ഇംഗ്ലീഷിലൂടെ കടന്നുവന്ന പലതരം വൈദേശികപ്രവണതകളുടെ പിന്നാലെ പോയിട്ടാണെങ്കിലും ഉന്മേഷകരമായ കൃതികൾ പലതുണ്ടായി എന്നതൊന്നും മറക്കുന്നില്ല. വൈജ്ഞാനികഭാഷാസൂത്രണപരമായി സ്ഥാപനങ്ങൾ രൂപീകരിച്ചു പ്രവർത്തിച്ചത് ഏതേത് ലക്ഷ്യങ്ങളിലായിരുന്നുവോ അത് നിറവേറുകയുണ്ടായില്ല എന്ന വിമർശനമാണ് ഉന്നയിക്കുന്നത്. സ്ഥാപനങ്ങളും കക്ഷിപോഷകസാഹിത്യസംഘടനകളും അതിന്റെ അധികാരസൂത്രങ്ങളും ഒക്കെ വന്നതോടെ സ്വതന്ത്രമായ ചിന്താസഞ്ചാരങ്ങൾക്ക് വിരാമമായി. ജനപ്രിയതയിലോ പോഷകരാഷ്ട്രീയപ്രവർത്തനത്തിലോ കൊളുത്തപ്പെട്ട് പ്രവർത്തിക്കാനേ ധൈഷണികർക്ക് കഴിയൂ എന്ന നിലവന്നു. അതുകൊണ്ടുതന്നെ ഭാഷ അവികസിതമാണെന്ന് പൊതുവെ വിലയിരുത്തിയ വൈജ്ഞാനികമായ മേഖലകളിലൊന്നുംതന്നെ സർഗ്ഗാത്മകമായി വലിയ പുരോഗതിയൊന്നും കൈവരിക്കാൻ മലയാളത്തിനു കഴിഞ്ഞില്ല. ശാസ്ത്രം, തത്വചിന്ത എന്നീ മേഖലകളിൽ കൈപ്പുസ്തകങ്ങളല്ലാതെ മൗലികത അവകാശപ്പെടാനാവുന്ന ഒരു ലേഖനമെങ്കിലും ഉണ്ടായിട്ടില്ല എന്നു പറഞ്ഞാൽ തെറ്റാകുമോ?'.

ഇന്നത്തെ അവസ്ഥയെന്താണ്? ഇംഗ്ലീഷിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ഒരുകൂട്ടർ. ഇംഗ്ലീഷ് മാത്രമാണ് രക്ഷയെന്നു കരുതുന്ന വേറൊരു കൂട്ടർ. മലയാളത്തിനു മുന്നിലുള്ള വഴിയും സാധ്യതയുമെന്താണ്?

സന്തുലിതമായ ഒരു നിലപാട് സ്വീകരിച്ചുകൊണ്ട് ജോർജ് തന്റെ പ്രബന്ധത്തിലെ പത്താമത്തെ നിരീക്ഷണം ഇങ്ങനെയവതരിപ്പിക്കുന്നു: 'വൈജ്ഞാനികവിഷയങ്ങൾ പഠിക്കുകയും അവയിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന ആളുകൾക്ക് ചുരുങ്ങിയത് മലയാളത്തിലും ഇംഗ്ലീഷിലും പരിജ്ഞാനമുണ്ടാകുക എന്നതാണ് ഈ ജനതയുടെ വികാസത്തിന് ഗുണകരമാവുക. അതിനാവശ്യമായ ആസൂത്രണം നടക്കണം'.

പക്ഷെ നടക്കുന്നതെന്താണ്? എല്ലാ വിഷയങ്ങളും മലയാളത്തിൽ പഠിപ്പിക്കുന്ന സർവകലാശാലകളെക്കുറിച്ചുപോലും ഗീർവാണം മുഴക്കുന്നവരാണ് ചുറ്റും. ഇംഗ്ലീഷിനോടുള്ള എതിർപ്പ് കൊളോണിയൽ അധിനിവേശത്തോടുള്ള എതിർപ്പാണെന്ന ഉണ്ടയില്ലാവെടി ഇടയ്ക്കിടെ മുഴക്കും. തൊഴിൽസുരക്ഷയെക്കുറിച്ചുള്ള അമിതോർക്കണ്ഠ, ഇംഗ്ലീഷിനോടുള്ള ഭയം, എളുപ്പവഴിയിൽ ക്രിയചെയ്യാനുള്ള തന്ത്രം എന്നിവയാണ് യഥാർഥ സമരമനഃശാസ്ത്രം. ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളോടു മുതൽ സിനിമക്കും കടകൾക്കും ഇംഗ്ലീഷ് പേരിടുന്നവരോടുവരെ യുദ്ധം ചെയ്യുന്ന സാഞ്ചോപാൻസമാരാണ് പലരും. മിഥ്യാഭിമാനികളുടെ ഭാഷാശുദ്ധിവാദങ്ങൾ ഒന്നടങ്കം ഭാഷയെ മാത്രമല്ല വിജ്ഞാനങ്ങളെയും ചരിത്രത്തെയുമൊക്കെ കാലത്തിൽ സ്തംഭിപ്പിച്ചുനിർത്താനേ സഹായിക്കൂ. തനിമാവാദം മൂത്ത മലയാളപഠനം ഇപ്പോൾ ഏതാണ്ട് ഫോക്‌ലോർ പഠനം പോലെ സ്വത്വവാദത്തിന്റെ പ്രകടനകലയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭാഷയുടെ ചലനാത്മകത, സമകാലികത, സ്വാംശീകരണശേഷി, വികസ്വരക്ഷമത, ചിന്താപരത... ഒന്നും ഇക്കൂട്ടരെ അലട്ടുന്നതായി കാണുന്നില്ല. നിശ്ചയമായും ഈ രംഗത്തു സംഭവിക്കേണ്ട തുറന്ന ചർച്ചകൾക്കുള്ള മികച്ച ഭൂമികയാണ് സി.ജെ. ജോർജിന്റെ പ്രബന്ധം.

പുസ്തകത്തിൽ നിന്ന്:-

'വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ഭാഷയല്ല മലയാളം. വാമൊഴി രൂപത്തിൽ ഒരുപക്ഷേ സഹസ്രാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവും ഉണ്ടായിരിക്കാം. എന്നാൽ നിരവധി പ്രാദേശികവും കൂട്ടായ്മാപരവുമായ പാരമ്പര്യങ്ങളിലൂടെ പദാവലിയിലും പ്രയോഗവ്യതിയാനങ്ങളിലുമൊക്കെയായി വികസിച്ച ധാരകളുടെ സമന്വയത്തിലൂടെ രൂപപ്പെട്ട് വളർന്നുവന്ന ഈ ഭാഷയിൽ പരകീയമായ പല അംശങ്ങളും ചേർന്നാണ് ഇന്നത്തെ വൈവിദ്ധ്യപൂവ്വകമായ അവസ്ഥയിൽ എത്തിയിരിക്കുന്നതെന്ന വസ്തുത മറന്നുകൂട. ഈ പ്രയാണത്തിൽ സംസ്‌കൃതവും ഇംഗ്ലീഷും അതിന്റെ വികാസത്തിൽ വലിയ പങ്കുവഹിച്ചു. മലയാളത്തിലുള്ള അവയുടെ പ്രഭാവത്തെ ജനകീയമാക്കുന്ന നടപടികളിലൂടെ മുന്നോട്ടുപോവുകയാണ് നമ്മുടെ സാഹിത്യവും വാമൊഴിവ്യവഹാരവും ചെയ്തുപോരുന്നത്. അതിനെ ശ്രദ്ധിക്കുക. അവയുടെ ഗതിയുമായി ജൈവബന്ധം പുലർത്തുന്ന സമീപനത്തോടെ വിശേഷവ്യവഹാരങ്ങളെ വളരാനനുവദിക്കുകയും ചെയ്യുക എന്നതാണ് ഈ ഭാഷയുടെ വികാസത്തിനു സഹായകമാവുക. അത് ആ ഭാഷകളുടെ വരേണ്യസ്വഭാവത്തെ നിർവ്വീര്യമാക്കുന്നതിനും കാരണമായേക്കും. മാനകഭാഷയുടെ വരേണ്യപരത ഇല്ലാതാക്കുന്ന ഇടപെടലായും അത് മാറേണ്ടതുണ്ട്.

ബഹുഭാഷാപഠനാത്മകമായ ഒരു ആസൂത്രണം ഉണ്ടാകുന്നത് ഭാഷാപരമായ ശാഠ്യങ്ങളിൽനിന്ന് മുക്തമായ ഒരു മനോനില രൂപപ്പെടുന്നതിന് സഹായകമായേക്കും. ഭാഷകളെ അതിരുകളും എതിരുകളുമായി വീക്ഷിക്കുന്ന സമീപനം കൈയൊഴിക്കുകയെന്നത് ഇതിന് മുന്നുപാധിയാണ്. മാതൃഭാഷ തുടങ്ങിയ വൈകാരികതകൾ വിട്ട് അതിന്റെ ആന്തരവൈവിദ്ധ്യസൗന്ദര്യത്തെയും അതിനെ പല മട്ടിൽ തഴുകിനില്ക്കുന്ന ഇതരഭാഷാവൈവിദ്ധ്യത്തിന്റെ സൗന്ദര്യത്തെയും അഭിമുഖീകരിക്കുവാൻ കഴിയുന്ന ഒരു തുറന്ന വീക്ഷണവിശേഷം മലയാളഭാഷയ്ക്കും ജനതയ്ക്കും ഉണ്ട്. മറിച്ചുള്ള ശുദ്ധിബോധധാരയുമുണ്ട്. അതിനെ മറികടക്കുന്ന ഒരു വിപ്ലവകരമായ നീക്കം വൈജ്ഞാനികഭാഷാരംഗത്ത് സംഭവിക്കുന്നതിലൂടെ മാത്രമേ അതിന്റെ ആധുനികീകരണപ്രക്രിയ മുന്നോട്ടുപോകൂ. അതിന് വൈജ്ഞാനികകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുതിയൊരു വീക്ഷണത്തോടെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഭാഷയെ പരമാവധി പ്രയോജനപ്പെടുത്താനും മലയാളഭാഷയെ ആവിഷ്‌കാരമാധ്യമമാക്കി വികസിപ്പിക്കാനും പ്രതിജ്ഞാബദ്ധവും, ഏകഭാഷാവാദത്തെയും വരേണ്യമാനകഭാഷാബോധത്തെയും തിരസ്‌കരിക്കുന്നതുമായ ഒരു സമീപനവും പ്രായോഗികപ്രവർത്തനവും അതിനാവശ്യമാണ്.

തുറന്ന ഭാഷാസമീപനം എന്നതുകൊണ്ട് ഏതെങ്കിലും ഒരു വൈദേശികഭാഷ(ഇവിടെ ഇംഗ്ലീഷ്)യുടെ അപ്രമാദിത്വം അംഗീകരിക്കുക എന്നായിക്കൂട വിവക്ഷ. ഉദാഹരണത്തിന് സർവ്വകലാശാലകളിലും ഭരണതലത്തിലും ഏകപക്ഷീയമായി ഇവിടുത്തെ സാധാരണജനങ്ങളുടെ വ്യവഹാരവുമായി നിരക്കാത്ത ഇംഗ്ലീഷ് എന്ന ഭാഷയിൽ മാത്രം സകലതും നടക്കുന്ന ഒരവസ്ഥ സ്വീകാര്യമാണോ? അല്ലതന്നെ. ഭരണഭാഷയുടെ കാര്യത്തിൽ ഈ നാട്ടിലെ ജനങ്ങളുടെ ഭാഷയിൽ വേണം വിനിമയങ്ങൾ നടക്കാൻ എന്നു വാദിക്കുന്നതിൽ ഒരു ഭാഷാതീവ്രവാദവും ആരോപിക്കാവുന്നതല്ല. അവിടെ വിവർത്തനപ്രയാസമൊക്കെ പറയുന്നത് തികച്ചും അസംബന്ധമാണ്. അതിന് കാരണമാകുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ, വിജ്ഞാനം വിവർത്തനം വഴി സംജാതമാകുന്നതാണെന്ന തെറ്റിദ്ധാരണയാണ്. വിവർത്തനമെന്നാൽ സംസ്‌കൃതജന്യപദംകൊണ്ടുള്ള പകരം വെപ്പാണെന്ന മട്ടിലുള്ള ധാരണയും കൂടിയാകുമ്പോൾ ഇത് ഇരട്ടിക്കുന്നു. ഭാഷാസൂത്രകന്മാർ ഇതിന് ഇട നൽകി. ഇതാണ് തിരുത്തപ്പെടേണ്ടത്. വാസ്തവത്തിൽ മലയാളസാഹചര്യത്തിൽ ചിന്തയും ആവിഷ്‌കാരങ്ങളും സാദ്ധ്യമാകുന്നതിലൂടെ മാത്രമേ ഈ മട്ടിലുള്ള ധാരണകളെ മറികടക്കാൻ കഴിയൂ. ഇംഗ്ലീഷ് എങ്ങനെ മലയാളത്തിൽ വിവർത്തനം ചെയ്യും എന്നതിനു പകരം മലയാളിയുടെ സാഹചര്യങ്ങളെ എങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലും ആവിഷ്‌കരിക്കും എന്നതാകേണ്ടതുണ്ട് നമ്മുടെ ചിന്താവിഷയം.

ഇംഗ്ലീഷ് രീതിയിലുള്ള ഭരണകൂടത്തിന്റെ തുടർച്ചയാണ് ഇവിടെ നിലനില്ക്കുന്നത്. അതിൽ ഭാഗഭാക്കാവുന്ന ഉദ്യോഗസ്ഥവർഗ്ഗം, ഭാഷാനയം സംബന്ധിച്ച തലകീഴായ ധാരണകളുടെ തടവറയിൽ വസിച്ച്, ചിന്തിക്കാതെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ സാഹചര്യം ഉടലെടുക്കുന്നത്. അവർ ഭരണകാര്യത്തിൽ മലയാളികളോട് സംസാരിക്കാനും അതിന് ആവശ്യമായ കാര്യങ്ങൾ എഴുതാനും ശ്രമിച്ചാൽ മലയാളത്തിലേക്കല്ല വിവർത്തനം ആവശ്യമായിവരിക എന്നു മനസ്സിലാവും. നമ്മുടെ ഫെഡറൽ ഭരണവ്യവസ്ഥയും ബഹുഭാഷാപരമായ രാജ്യാവസ്ഥയും പരിഗണിച്ച് ഇംഗ്ലീഷ് വെർഷനുകളോ ഹിന്ദി വെർഷനുകളോ ഒക്കെ ആവശ്യമായി വന്നേക്കും. അപ്പോഴൊക്കെ മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെടേണ്ടതാണ് ഭരണകാര്യങ്ങൾ. ഇങ്ങനെ ഭാഷായാഥാർത്ഥ്യത്തെ നേരെ കാണാതെ പ്രത്യയശാസ്ത്രത്തിൽ നാം തലകീഴായി കാണുന്നു.

നിലവിലുള്ള റൂളുകളും ചട്ടങ്ങളും വിവർത്തനം ചെയ്ത് വെക്കേണ്ടതുണ്ടാകാം. അതൊക്കെ എളുപ്പം കഴിയുന്നതാണ്. അവിടെ സംസ്‌കൃതത്തിലേക്ക് വിവർത്തനം ചെയ്യുന്ന ആ പഴയ ശാഠ്യം ഒഴിവാക്കിയാൽ മതിയാകും. മലയാളം മാത്രം മതിയാകില്ല. പ്രാദേശികമായ ന്യൂനപക്ഷഭാഷകൾക്കും ഇംഗ്ലീഷിനും പ്രായോഗികമായി അർഹമായ സ്ഥാനം നല്‌കേണ്ടിവരും. ബഹുഭാഷാത്മകമായ യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും അതിനനുഗുണമായ ഉദാരസമീപനം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിത്തന്നെ ഭരണഭാഷാപരമായ മലയാളസമൂഹത്തിന്റെ ഭാഷാവകാശം അംഗീകരിക്കപ്പെടേണ്ടതാണ്. അതിനുവേണ്ടി സമരം നടത്തേണ്ടിവരുന്നു എന്നത് ഭരണകൂടം അത്രത്തോളം ജനാധിപത്യബോധമില്ലാതെയാണ് സ്വാതന്ത്ര്യാനന്തരകാലത്ത് പ്രവർത്തിച്ചുവന്നത് എന്ന വസ്തുത മാത്രമേ തെളിയിക്കുന്നുള്ളു. അതേ സമയം മലയാളൈകവാദമുയർത്തി ഭാഷകളെ അതിരും എതിരുമായി സങ്കല്പിക്കുന്ന സമീപനം വളർത്തിയെടുക്കുന്നത് അനാരോഗ്യകരവുമാണ്. ഭരണഭാഷ മലയാളമാകണം എന്നും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് മലയാളപരിജ്ഞാനം ഉണ്ടാകണമെന്നും അത് പരീക്ഷിക്കപ്പെടണമെന്നും പറയുന്നത് ശരിയാകുമ്പോൾത്തന്നെ എല്ലാം മലയാളത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സർവ്വകലാശാല സങ്കല്പിക്കുന്നതു സർഗ്ഗാത്മകമായ വീക്ഷണത്തെയല്ല പ്രതിഫലിപ്പിക്കുന്നത് എന്ന് ഓർമ്മിക്കാതെ വയ്യ. തത്വത്തിലെങ്കിലും വിവിധ ഭാഷകളുടെ സംഗമഭൂമിയായിവേണം സർവ്വകലാശാലയെ സങ്കല്പിക്കാൻ. ഇന്ത്യൻ ബഹുഭാഷാസാഹചര്യത്തെ പരിഗണിക്കുമ്പോൾ ഇത് അനിവാര്യവുമാണ്. ഭരണകാര്യവും പഠനകാര്യവും പരസ്പരബന്ധിതമായിരിക്കുമ്പോഴും അവയുടെ ആസൂത്രണത്തിൽ പാലിക്കേണ്ട കരുതലുകൾ വ്യത്യസ്തമാണെന്ന തിരിച്ചറിവും പരമപ്രധാനമാണ്. ഭാഷയെ വൈകാരികമായി സമീപിക്കുമ്പോൾ ഇത്തരം വിവേകങ്ങൾ പ്രവർത്തിക്കാതെ പോകും.

ബഹുഭാഷാത്മകമായ നമ്മുടെ സാഹചര്യത്തെയും ആവശ്യങ്ങളെയും ഉദാരതയോടെ കണക്കിലെടുക്കുന്ന സമീപനം വിദ്യാഭ്യാസരംഗത്ത് ആവശ്യമാണ്. ഒന്നും പഠിക്കാതെ പുറത്തു തൊഴിൽതേടി യാത്രയാകുന്നവരിൽ പ്രവർത്തനക്ഷമമാകുന്നുണ്ട് ഈ യാഥാർത്ഥ്യബോധം! വൈജ്ഞാനികവിഷയങ്ങൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ആളുകൾക്ക് ചുരുങ്ങിയത് മലയാളത്തിലും ഇംഗ്ലീഷിലും പരിജ്ഞാനമുണ്ടാവുന്നതാണ് ഈ ജനതയുടെ വികാസത്തിന് ഗുണകരമാവുക. അതിന് ആവശ്യമായ ആസൂത്രണം നടക്കണം. മലയാളത്തിന്റെ വികാസത്തിൽ ഏറ്റവും വലിയ സംഭാവന നല്കുന്ന കേന്ദ്രങ്ങളായി സർവ്വകലാശാലകളിലെ വൈജ്ഞാനികവിഭാഗങ്ങൾ വികസിക്കേണ്ടതാണ്. കണ്ടിടത്തോളം നമ്മുടെ 'ഇംഗ്ലീഷ് സർവ്വകലാശാലകൾ' അതിനു തയ്യാറാകുകയില്ല. (മലയാളം സർവ്വകലാശാല ഒരു സാംസ്‌കാരികചിഹ്നമെന്ന നിലയിൽ ശോഭിക്കുമെങ്കിലും ഇത്തരമൊരു നീക്കത്തിൽ പങ്കുചേരാൻ ഇടയില്ല.) ഇംഗ്ലീഷിൽ ചിന്തിക്കുന്നതുപോലെ (ചിന്തിക്കുന്നുണ്ടോ എന്ന കാര്യവും സംശയാസ്പദമാണ്) മലയാളത്തിലും ചിന്തിക്കാനും ആവിഷ്‌കരിക്കാനും വിനിമയം ചെയ്യാനും അവർക്കു കഴിയാത്തിടത്തോളം കാലം വൈജ്ഞാനികരംഗത്ത് ഈ ഭാഷയിൽ വലിയ പുരോഗതി ഉണ്ടാകാൻ ഇടയില്ല. ശാസ്ത്രവും തത്വചിന്തയും അറിവും ഒക്കെ ഇംഗ്ലീഷിന്റെ കുത്തകയാണെന്ന ബോധം വളർത്തുന്ന ഇംഗ്ലീഷ് പോഷണവൃത്തിയിൽ തളഞ്ഞുകിടക്കുന്ന ഒരു അന്യവൽക്കൃതസംഘമായി കഴിഞ്ഞുകൂടാനേ അവർക്കു കഴിയുന്നുള്ളൂ. അവരുടെ സാന്നിദ്ധ്യം ഈ ഭാഷയ്ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ചെയ്യുന്നതാവില്ല എന്നു മാത്രം. അത് അവരുടെ കുറ്റമല്ല, നമ്മുടെ വിധിയാണ് എന്നാണോ വിചാരിക്കേണ്ടത്?'.

ഇംഗ്ലീഷാവിഷ്ടമായ മലയാളം
സി.ജെ. ജോർജ്
കേരളസൊസൈറ്റി ഫൊർ ലിഗ്വിംസ്റ്റിക് റിസർച്ച്, കോഴിക്കോട്
എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി
2020, വില : 100 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP