Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്; പുതിയ കേസ് രജിസ്റ്റർ ചെയ്ത് ചോ​ദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സ്വർണക്കടത്ത് കേസിലെ ആരോപണവിധേയനെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കമെന്നും അഭ്യൂഹം

എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്; പുതിയ കേസ് രജിസ്റ്റർ ചെയ്ത് ചോ​ദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സ്വർണക്കടത്ത് കേസിലെ ആരോപണവിധേയനെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കമെന്നും അഭ്യൂഹം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്വർണക്കടത്ത് കേസിലെ ആരോപണവിധേയനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക്ക് ഐസിയുവിലാണ് ശിവശങ്കറുള്ളത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടെന്നും രക്തസമ്മർദ്ദം ഉയർന്നിട്ടുണ്ടെന്നും ചികിത്സ നൽകിവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ രാമമൂർത്തിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ശിവശങ്കർ ഫോണിൽ മറുപടി നൽകി. ഇതോടെ അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തി. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ അവരുടെ വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയ വിവരം അപ്പോൾ തന്നെ അഭിഭാഷകനെ ശിവശങ്കർ അറിയിച്ചിരുന്നു.നൽകിയ നോട്ടീസിൽ ക്രൈം നമ്പർ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമം എന്നുമാണ് ശിവശങ്കർ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. പിന്നീട് ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വാഹനത്തിൽ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ വാഹനത്തിൽ തന്നെ ശിവശങ്കറിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്‌ന കടത്തിയ പണം, ലോക്കർ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സൂചന കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.

സാധാരണ സ്വന്തം വാഹനത്തിലാണ് എം ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകാറുണ്ടായിരുന്നത്. എന്നാൽ എന്തിനാണ് കസ്റ്റംസ് വാഹനത്തിൽ എം ശിവശങ്കറിനെ കൊണ്ട് പോയത് എന്നതും നിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്ർറിന് മുന്നിൽ ഹാജരാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP