Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിയിച്ചത് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ; ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം ഭക്തർക്ക് പ്രവേശിക്കാൻ കർശന നിബന്ധനകൾ

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിയിച്ചത് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ; ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം ഭക്തർക്ക് പ്രവേശിക്കാൻ കർശന നിബന്ധനകൾ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സന്നിധാനത്തേക്ക് ഇന്ന് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. കുംഭമാസ പൂജ കഴിഞ്ഞ് ഫെബ്രുവരി 18ന് നട അടച്ച ശേഷം ഇതുവരെ ഭക്തരെ പ്രവേശിപ്പിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. 250 പേർക്കാണ് പ്രതിദിനം ദർശനത്തിനുള്ള അനുമതി. കേരള പൊലീസിന്റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശനത്തിന് അവസരം. നിലയ്ക്കലിൽ ഭക്തരെ ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കും.

തുലാം ഒന്നായ നാളെ രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. നാളെ തുലാമാസപ്പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും. സന്നിധാനത്തേക്ക് 9, മാളികപ്പുറത്തേക്ക് 10 പേരുകളാണ് പട്ടികയിലുള്ളത്. മൂന്നു പേർ ഇരുപട്ടികയിലും ഉണ്ട്. നാളെ ഉഷഃപൂജയ്ക്കു ശേഷം തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, സ്‌പെഷൽ കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ സാന്നിധ്യത്തിൽ പന്തളം കൊട്ടാരത്തിലെ കൗഷിക് കെ.വർമ, ഋഷികേശ് വർമ എന്നിവർ നറുക്കെടുക്കും.

48 മണിക്കൂറിനകത്ത് നടത്തിയ കോവിഡ് ടെസ്റ്റ് നെ​ഗറ്റീവാണെന്ന സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ ദർശനത്തിന് അനുവാദമുണ്ടാകൂ. മലകയാറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. വെർച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റർ ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം ദർശനം നൽകുക. ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഭക്തർ ഹാജരാക്കേണ്ടത്. 10വയസിനും 60 വയസിനും ഇടയിലുള്ളവർക്കാണ് ദർശനത്തിന് അനുമതി.

അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും. അന്നദാനം ചെറിയ തോതിൽ ഉണ്ടാകും. ഭക്തർക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി ശബരിമലയിൽ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകൾക്കു പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21നു രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

കോവിഡ് രോഗം വന്നു പോയവർ മലകയറുമ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗം ഇല്ലാത്തവർക്കും ഏറെനാൾ വീട്ടിൽ കഴിഞ്ഞതിനാൽ പെട്ടെന്നു മലയകറുമ്പോൾ ആരോഗ്യപ്രശ്നം ഉണ്ടാകാനിടയുണ്ട്. മല കയറുന്നവരുടെ സംരക്ഷണത്തിനാണ് ഈ നിബന്ധന വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെർച്വൽ ക്യൂവഴി രജിസ്റ്റർ ചെയ്ത സമയത്തിനു ദർശനം നടത്താൻ ഭക്തർ ശ്രദ്ധിക്കണം. സാനിറ്റൈസർ, മാസ്ക്, കൈയുറ എന്നിവ കയ്യിൽ കരുതണം. ഭക്തർ കൂട്ടം ചേർന്ന് എത്താൻ പാടില്ല. വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലൂടെയാണ് പ്രവേശനം. മലകയറുമ്പോൾ ഒഴികെ എല്ലായ്പോഴും മാസ്ക് ധരിക്കണം.

നിലയ്ക്കലിൽ കോവിഡ് പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽ അയ്യപ്പഭക്തർക്കു കുളിക്കാൻ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്, ബാത്ത് റൂം സൗകര്യങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്റുകളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയ്യപ്പഭക്തന്മാരുടെ മലകയറ്റവും മല ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാംപടി കയറി വരുന്ന ഭക്തർ കൊടിമരത്തിനു വലതു വശത്തുകൂടെ ദർശനത്തിനായി പോകണം. അയ്യപ്പന്മാർക്കു കോവിഡ് മാനദണ്ഡം പാലിച്ച് ദർശനം നടത്താനായി പ്രത്യേക മാർക്കുകൾ നടപ്പന്തൽ മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിനു മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും നിര വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. തുടർന്നു മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി മലയിറങ്ങാം.

ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ആചാരപ്രകാരമുള്ള സാധനങ്ങൾ കൂടാതെ പരമാവധി കുറച്ച് സാധനങ്ങൾ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു. സാനിറ്റൈസർ, കൈയുറകൾ എന്നിവ നിർബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകൾ കരുതണം. ഭക്തർ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP