Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചരിത്രപരമായ മണ്ടത്തരം' ഇനി ആവർത്തിക്കില്ലെന്നുറച്ച് സിപിഎം; തമിഴ്‌നാട്ടിലും ബീഹാറിലും മാത്രമല്ല, കശ്മീരിലും ആസാമിലും വരെ കോൺ​ഗ്രസ് ഇനി സഖാക്കൾ; ദേശീയ ബൂർഷ്വാസിയെ കൂട്ടുപിടിക്കുന്നത് കുത്തക മുതലാളിത്തത്തെ തോൽപ്പിക്കാനല്ല; ബിജെപിയുടെ പടയോട്ടത്തിൽ പിടിച്ചു നിൽക്കാൻ പുതിയ സഖ്യവുമായി കോൺ​ഗ്രസും ഇടത് പാർട്ടികളും

'ചരിത്രപരമായ മണ്ടത്തരം' ഇനി ആവർത്തിക്കില്ലെന്നുറച്ച് സിപിഎം; തമിഴ്‌നാട്ടിലും ബീഹാറിലും മാത്രമല്ല, കശ്മീരിലും ആസാമിലും വരെ കോൺ​ഗ്രസ് ഇനി സഖാക്കൾ; ദേശീയ ബൂർഷ്വാസിയെ കൂട്ടുപിടിക്കുന്നത് കുത്തക മുതലാളിത്തത്തെ തോൽപ്പിക്കാനല്ല; ബിജെപിയുടെ പടയോട്ടത്തിൽ പിടിച്ചു നിൽക്കാൻ പുതിയ സഖ്യവുമായി കോൺ​ഗ്രസും ഇടത് പാർട്ടികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 24 കൊല്ലം മുമ്പ് 1996-ൽ സിപിഎം നേതാവായ ജ്യോതിബസു വിശേഷിപ്പിച്ച 'ചരിത്രപരമായ മണ്ടത്തരം' ഇനി ആവർത്തിക്കില്ല എന്നുറച്ച് സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ. കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺ​ഗ്രസുമായി കൈകോർക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബം​ഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമായി മത്സരിച്ചിരുന്നു. പശ്ചിമ ബം​ഗാളിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താൻ കോൺ​ഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബം​ഗാളിൽ പൂർണമായും പരാജയപ്പെട്ടതോടെ കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമാകുക മാത്രമാണ് പാർലമെന്ററി രം​ഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങൾക്ക് മുന്നിൽ മാർ​ഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.

ബീഹാറിൽ, ആർജെഡി-കോൺ​ഗ്രസ് മഹാസഖ്യത്തിന്റെ ഭാ​ഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണൽ കോൺഫറൻസ്- കോൺ​ഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും കോൺ​ഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആർജ്ജിക്കാൻ ഇറങ്ങുകയാണ് ഇടത് പാർട്ടികൾ. പ്രതിപക്ഷ മഹാസഖ്യത്തിൽ ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഐ.എം.എൽ എന്നിവരുമായി ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എല്ലാ ഇടതുപാർട്ടികളും തത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപ്പുൻ ബോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ പോരാടുമെന്ന് നേരത്തെ തന്നെ കോൺഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാൻ ഒക്ടോബർ എട്ടിന് കോൺഗ്രസ് സിപിഐ.എമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിക്കെതിരെ ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമാണ് പ്രതിമഹാസഖ്യം നിലവിൽ വന്നത്. പീപ്പിൾസ് അലയൻസ് എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണൽ കോൺഫറൻസ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോൺ (പീപ്പിൾസ് കോൺഫറൻസ്), ജവൈദ് മിർ (പീപ്പിൾസ് മൂവ്‌മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സിപിഐ.എം) എന്നിവരാണ് സഖ്യരൂപീകരണത്തിൽ സന്നിഹിതരായത്.

 ബീഹാറിൽ കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ചരിത്രപരമായ മണ്ടത്തരം

മൂന്നു തവണയാണ് ബസുവിനെ തേടി പ്രധാനമന്ത്രി പദമെത്തിയതെന്നാണ് മുൻ സിബിഐ. ഡയറക്ടറും ബംഗാൾ ഡി.ജി.പിയുമായിരുന്ന അരുൺ പ്രസാദ് മുഖർജി ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തിയത്. 1990-ൽ രാഷ്ട്രീയ അസ്ഥിരത കത്തി നിൽക്കെ രാജീവ് ഗാന്ധിയും കോൺഗ്രസും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം മനസ്സിൽ കണ്ടത് ബസുവിനെയായിരുന്നു. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ബസു രാജീവിനെ അറിയിച്ചു. സിപിഎം. ഈ നിർദ്ദേശം തള്ളി. അങ്ങിനെയാണ് ചന്ദ്രശേഖറിലേക്ക് രാജീവെത്തിയത്. അധികം വൈകാതെ ചന്ദ്രശേഖർ സർക്കാർ വീണപ്പോഴും രാജീവ് ഒരിക്കൽ കൂടി ബസുവിലേക്ക് തിരിഞ്ഞു. അപ്പോഴും പാർട്ടിയുടെ തീരുമാനം ബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ചുവെന്നാണ് അരുൺപ്രസാദ് മുഖർജി പറയുന്നത്.

കോൺഗ്രസ് ബോഫോഴ്‌സ് അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. ഈ സമീപനത്തിൽ കോമൺസെൻസുണ്ടായിരുന്നു, യാഥാർത്ഥ്യത്തിന്റെ തിരനോട്ടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബസു ഈ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും പ്രതികരിച്ചില്ല. 1996-ൽ ഐക്യമുന്നണി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപേരുകാരൻ ബസു തന്നെയായിരുന്നു. അന്ന് സിപിഎം. കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടാണ് ഈ നിർദ്ദേശം തള്ളിയതെന്നാണറിയുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് ബസു പ്രധാനമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു. കേന്ദ്രക്കമിറ്റിയിൽ സംഗതി വോട്ടിനട്ടപ്പോൾ 27 പേർ എതിർക്കുകയും 22 പേർ അനുകൂലിക്കുകയും ചെയ്തുവെന്നാണ് കൊൽക്കൊത്തയിൽ നിന്നുള്ള ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തെയാണ് ജ്യോതിബസു ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അഥവാ കമ്മ്യൂണിസ്റ്റുകാരുടെ ദേശീയ ബൂർഷ്വാസി

കോൺ​ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾക്ക് സിപിഎമ്മിനേക്കാൾ പഴക്കമുണ്ട്. സംഘപരിവാർ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടവരായികുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, അതുകൊണ്ട് തന്നെ വളർന്നു വരുന്ന വർ​ഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകർക്കാനും ദേശീയ ബൂർഷ്വാസി അഥവാ കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാൽ, അതേ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ബൂർഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോൽപ്പിച്ച് വിപ്‌ളവത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്ന നയം ചർച്ചയാക്കിയത് മുതൽ എതിർത്ത് നിന്നവർ പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

ഇതിനിടയിൽ, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ​ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോൺ​ഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചേരണം എന്ന പാർട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇട് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സർക്കാരിന്റെ ഭാ​ഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിൽ അം​ഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോൾ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതൽ ദുർബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാർട്ടികളും കോൺ​ഗ്രസിനൊപ്പം ചേർന്ന് മുന്നണി രൂപീകരിക്കുകയാണ്. കോൺ​ഗ്രസിന് മുന്നിലും മറ്റ് മാർ​ഗങ്ങളില്ല എന്നതാണ് വാസ്തവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP