Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോബോട്ട് രൂപകല്പന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റേത്; പ്രാക്റ്റിക്കൽ ആയി ചെയ്യാൻ രൂപീകരിച്ചത് എഞ്ചിനീയറിങ് കോളേജിലെ നാലംഗ വിദ്യാർത്ഥികളുടെ ടീം; ഫണ്ട് നൽകിയത് പൂർവവിദ്യാർത്ഥി സംഘടന ലൈറ്റ് ഹൗസ് പ്രോജക്ടും; യന്ത്ര മനുഷ്യന്റെ നിർമ്മിച്ചത് രണ്ടു മാസം കൊണ്ട്; കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ

റോബോട്ട് രൂപകല്പന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിന്റേത്; പ്രാക്റ്റിക്കൽ ആയി ചെയ്യാൻ രൂപീകരിച്ചത് എഞ്ചിനീയറിങ് കോളേജിലെ നാലംഗ വിദ്യാർത്ഥികളുടെ ടീം; ഫണ്ട് നൽകിയത് പൂർവവിദ്യാർത്ഥി സംഘടന ലൈറ്റ് ഹൗസ് പ്രോജക്ടും; യന്ത്ര മനുഷ്യന്റെ നിർമ്മിച്ചത് രണ്ടു മാസം കൊണ്ട്; കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ

എം മനോജ് കുമാർ

തിരുവനനന്തപുരം: കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കാനും ടെലി മെഡിസിൻ സംവിധാനത്തിലൂടെ ഡോക്ടർമാരുമായി സംസാരിക്കാനും സാധിക്കുന്ന റോബോട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും. ഇന്നലെ ഈ രീതിയിലുള്ള ഒരു റോബോട്ട് മെഡിക്കൽ കോളേജിൽ എത്തി. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ എംടെക് റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർത്ഥിനി സഞ്ജുന മറിയം മാത്യൂസിന്റെ നേതൃത്വത്തിലുള്ള ഒരു ടീം രൂപകൽപ്പന ചെയ്ത റോബോട്ട് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.

കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് മെഡിക്കൽ കോളേജും റോബോട്ടിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിലെ അഭിനയത്തിനു സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെയാണ് സിനിമയിലെ കുഞ്ഞപ്പന് സമാനമായ റോബോട്ടിനെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മെഡിക്കൽ കോളെജിനു സമ്മാനിച്ചിരിക്കുന്നതും.

റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിനു 40 കിലോഗ്രാം ഭാരം വരെ താങ്ങാൻ കഴിയും. ഓട്ടോണമസ് നാവിഗേഷൻ കൂടാതെ ജോയ്സ്റ്റിക്ക് ഉപയോഗിച്ച് റോബോട്ട് പ്രവർത്തിപ്പിക്കാനും സാധിക്കും. നോൺ-കോൺടാക്റ്റ് ഹാൻഡ് സാനിറ്റൈസർ, ടെലിമെഡിസിൻ സൗകര്യം എന്നിവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു മണിക്കൂർ കൊണ്ട് റോബോട്ടിന്റെ കമ്പ്യൂട്ടർ സെറ്റപ്പും മാപ്പിങ്ങും നടപ്പിലാക്കാൻ സാധിക്കും. ഓപ്പൺ സോഴ്‌സ് സിസ്റ്റം ആയ റോബോട്ടിൽ ഡൈനാമിക് ഒബ്സ്റ്റക്കിൾ അവോയ്ഡൻസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒ.പി.യിലും ആശുപത്രി വാർഡിലും ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകൽപ്പന നടത്തിയിരിക്കുന്നത്.

റോബോട്ട് രൂപകൽപ്പന ചെയ്യാൻ കഴിയുമോ എന്ന് എഞ്ചിനീയറിങ് കോളെജിനോട് മെഡിക്കൽ കോളേജ് അധികൃതർ ആരാഞ്ഞിരുന്നു. പ്രോജക്റ്റിന്റെ ഭാഗമായി റോബോട്ട് പ്രൊപ്പോസൽ ആണ് സഞ്ജുന നൽകിയിരുന്നത്. ഇതോടെ റോബോട്ടിന്റെ ഡെമോയ്ക്ക് പ്രദർശിപ്പിക്കുകയായിരുന്നു. . ഓൺലൈനിൽ ഡെമോ കണ്ടു തൃപ്തിയായതോടെയാണ് റോബോട്ടിന്റെ ആവശ്യം മെഡിക്കൽ കോളേജ് അധികൃതർ ഉന്നയിച്ചത്. എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപിക ഡോ. ശ്രീജയുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയത്.

ഡോ. രഞ്ജിത്ത് എസ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോ. ഷിജു മജീദ് എന്നിവർ നിർദ്ദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകി. രണ്ടു മാസം കൊണ്ട് തന്നെ സഞ്ജുനയും ടീമും ഇത് പൂർത്തിയാക്കി നൽകുകയും ചെയ്തു. ഇന്നലെ റോബോട്ട് നൽകുന്നതിനു മുൻപ് തന്നെ ഇവരുടെ ടീം റോബോട്ട് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ട്രെയിനിങ് മെഡിക്കൽ കോളേജ് ടീമിന് നൽകുകയും ചെയ്തിരുന്നു. ഔദ്യോഗിക ചടങ്ങാണ് ഇന്നലെ കഴിഞ്ഞത്. കോവിഡ് രോഗികളുമായി ബന്ധപ്പെടാനും ഭക്ഷണവിതരണത്തിനും മെഡിക്കൽ കോളെജിനു വലിയ സഹായമാകും ഈ റോബോട്ടിന്റെ വരവ്.

എംടെക് വിദ്യാർത്ഥിനിയായ സഞ്ജുന പ്രോജക്ടിന്റെ ഭാഗമായി ചെയ്തതാണ് ഈ റോബോട്ട്. പ്രോജക്റ്റ് ബോധിച്ച കോളേജ് അധികൃതർ ഇത് പ്രാക്റ്റിക്കൽ ആയി ചെയ്യാൻ സഞ്ജുനയോട് നിർദ്ദേശിക്കുകയായിരുന്നു. 80000 രൂപയോളം ചെലവ് വരുന്ന റോബോട്ട് ആണ് സഞ്ജുനയുടെ നേതൃത്വത്തിലുള്ള ടീം നിർമ്മിച്ച് നൽകിയത്. പൂർവവിദ്യാർത്ഥി സംഘടന ആയ ലൈറ്റ് ഹൗസ് പ്രോജക്ട് സ്‌പോൺസർ ചെയ്തതോടെ ഫണ്ടിന്റെ കാര്യത്തിലുള്ള ആശങ്കകൾ അകന്നു. ഇതോടെയാണ് സഞ്ജുനയും അംഗങ്ങളായ അജ്മൽ എം, ഹരികൃഷ്ണൻ.കെ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവരും കൂടി റോബോട്ട് യാഥാർഥ്യമാക്കിയത്.

റോബോട്ട് നിർമ്മിതിയെക്കുറിച്ച് അറിഞ്ഞതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ താത്പര്യം എടുക്കുകയായിരുന്നു. റോബോട്ട് പൂർത്തിയായതോടെ മെഡിക്കൽ കോളേജ് അധികൃതർ ബന്ധപ്പെടുകയും കൈമാറാൻ അവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സഞ്ജുനയുടെ നേതൃത്വത്തിലുള്ള ടീം മെഡിക്കൽ കോളേജിൽ എത്തി പ്രവർത്തനം വിശദീകരിച്ചു കൊടുത്തത്. ഇന്നലെ കൈമാറ്റവും നടന്നു.

ആരോഗ്യപ്രവർത്തകർക്ക് ഗുണകരം; കോവിഡ് റിസ്‌ക് ഒഴിവാക്കുകയും ചെയ്യും: സഞ്ജുന

റോബോട്ട് ആരോഗ്യപ്രവർത്തകർക്ക് ഗുണകരം; കോവിഡ് റിസ്‌ക് ഒഴിവാക്കുകയും ചെയ്യുമെന്ന് സഞ്ജുന മറുനാടനോട് പറഞ്ഞു. എംടെക് റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ വിദ്യാർത്ഥിയായപ്പോൾ പ്രോജക്ടിന്റെ ഭാഗമായി ചെയ്തതാണ്. ഇത് പ്രാക്റ്റിക്കൽ ആക്കാൻ പറഞ്ഞപ്പോൾ ഒരു ടീമിനെ രൂപീകരിച്ച് അത് യാഥാർത്യമാക്കി.

ഇപ്പോൾ ഒന്ന് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഭാവിയിൽ ഓർഡർ വരുകയാണെങ്കിൽ നിർമ്മിച്ച് നൽകും. ഒരു ലോക്കൽ ഏരിയാ നെറ്റ്‌വർക്കിൽ ഇതിനു സഞ്ചരിക്കാം. റോബോട്ടിനെ ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രിക്കാനും രോഗികളുമായി സംസാരിക്കാനും കഴിയും. ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. മാപ്പ് വഴി ഏതൊക്കെ ബെഡിൽ റോബോട്ട് എത്തുന്നു ഇത് നിയന്ത്രിക്കുന്നവർക്ക് അറിയാൻ സാധിക്കും. രോഗികൾക്കും ഡോക്ടറുമായി സംസാരിക്കാനും കഴിയും-സഞ്ജുന പറയുന്നു.

റോബോട്ട് കൈമാറ്റ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് , ഡെപൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സന്തോഷ് കുമാർ, ഡോ സുനിൽ കുമാർ, ആർ എം ഒ ഡോ മോഹൻ റോയ്, എ ആർ എം ഒ മാരായ ഡോ ഷിജു മജീദ്, ഡോ സുജാത എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP