Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എകെജി സെന്ററിൽ എത്തും മുമ്പ് ജോസ് കെ മാണി എത്തിയത് എംഎൻ സ്മാരകത്തിൽ; ഇടതു പക്ഷത്ത് സിപിഐയെ അവഗണിച്ച് മുമ്പോട്ട് പോകില്ലെന്ന സൂചന നൽകി മാണിയുടെ മകന്റെ മാസ് ഇടപെടൽ; കാഞ്ഞിരപ്പള്ളിയും ജോസ് പക്ഷത്തിന് കിട്ടും; സിപിഐ ആസ്ഥാനത്ത് ജോസ് കെ മാണി എത്തിയത് റോഷി അഗസ്റ്റിനൊപ്പം; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി; കോടിയേരി-കാനം ചർച്ച നിർണ്ണായകമാകും

എകെജി സെന്ററിൽ എത്തും മുമ്പ് ജോസ് കെ മാണി എത്തിയത് എംഎൻ സ്മാരകത്തിൽ; ഇടതു പക്ഷത്ത് സിപിഐയെ അവഗണിച്ച് മുമ്പോട്ട് പോകില്ലെന്ന സൂചന നൽകി മാണിയുടെ മകന്റെ മാസ് ഇടപെടൽ; കാഞ്ഞിരപ്പള്ളിയും ജോസ് പക്ഷത്തിന് കിട്ടും; സിപിഐ ആസ്ഥാനത്ത് ജോസ് കെ മാണി എത്തിയത് റോഷി അഗസ്റ്റിനൊപ്പം; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി; കോടിയേരി-കാനം ചർച്ച നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിക്കാൻ തീരുമാനിച്ച കേരളാ കോൺഗ്രസ് നേതാവ് ആദ്യം എത്തിയത് സിപിഐയുടെ എംഎൻ സ്മാരകത്തിൽ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി ചർച്ച നടത്തി. ഇടതു പക്ഷത്ത് എല്ലാ വിധ പിന്തുണയും ജോസ് കെ മാണി ആവശ്യപ്പെട്ടു. കാനവും ജോസ് കെ മാണിയോട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. മുന്നണിയിലേക്ക് സിപിഐ സ്വാഗം ചെയ്യുകയും ചെയ്തു. സിപിഎമ്മിനെ കൂടി അറിയിച്ചാണ് സിപിഐയെ ആദ്യം കാണാൻ ജോസ് കെ മാണി എത്തിയതെന്നും സൂചനയുണ്ട്.

ഇനി സിപിഎം നേതാക്കളെ ജോസ് കെ മാണി കാണും. മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തും. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലും എത്തും. കാനവും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഇന്ന് ചർച്ച നടത്തും. കാഞ്ഞിരപ്പള്ളി അടക്കമുള്ള കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ അവർക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പാലായും കൊടുക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും. ഇതിന് വേണ്ടിയാണ് കാനവും കോടിയേരിയും ചർച്ച നടത്തുന്നത്.

ജോസ് കെ. മാണിയുടെ എൽ.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എൽ.ഡി.എഫിനെ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് അംഗീകരിക്കാമെന്നമുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈകൊണ്ടത്. ഈ തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പുതന്നെ ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വം തത്വത്തിൽ അനുമതി നൽകിയിരുന്നിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന നേതൃത്വം ജോസ് കെ. മാണിയുമായി ചർച്ചകൾ നടത്തിയത്. ഇതിനുശേഷമാണ് ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.

സിപിഐയുടെയും എതിർപ്പയഞ്ഞതോടെ, കേരളാ കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ഇടതുമുന്നണിയുടെ പടിവാതിലിൽ കാത്തുനിൽക്കാതെ, ഘടകകക്ഷിയായി കയറിയിരിക്കാം എന്നാണ് സൂചന. ഇന്നുചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കും. അടുത്തദിവസം ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. ജോസിന്റെ വരവിനെ ഇനി എതിർക്കേണ്ടതില്ലെന്ന കാനം രാജേന്ദ്രന്റെ പ്രതികരണവും സിപിഐ. അയഞ്ഞതിന്റെ സൂചനയാണ്. യു.ഡി.എഫിൽനിന്നു പുറത്താക്കുന്നവർക്കു വെന്റിലേറ്റർ ഒരുക്കേണ്ടകാര്യം എൽ.ഡി.എഫിന് ഇല്ലെന്നായിരുന്നു കാനത്തിന്റെ മുൻനിലപാട്.

പുതുതായി വരുന്നവരെ നേരിട്ടു ഘടകകക്ഷിയാക്കുന്ന രീതി സാധാരണഗതിയിൽ ഇടതുമുന്നണിക്കില്ല. എന്നാൽ, ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ തിടുക്കത്തിലുള്ള നീക്കമാണു സിപിഎം. നടത്തുന്നത്. മധ്യതിരുവിതാംകൂറിൽ ലഭിച്ചേക്കാവുന്ന രാഷ്ട്രീയനേട്ടമാണു ലക്ഷ്യം. യു.ഡി.എഫ്. ബന്ധം വേർപെടുത്തി, ഇടതുമുന്നണിയുമായി സഹകരിക്കാൻ തയാറായ ഒരു കക്ഷിയെ ഇനി എതിർക്കേണ്ട കാര്യമില്ലെന്നാണു കാനം രാജേന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. ഇടതുമുന്നണി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കും. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ഒരുചർച്ചയും ആരംഭിച്ചിട്ടില്ല. രാജ്യസഭാ സീറ്റിൽ ജോസ് കെ. മാണി അവകാശവാദം ഉന്നയിച്ചതിൽ തെറ്റില്ലെന്നും കാനം പറഞ്ഞു. ഇതിന് പിന്നാലെയാണ് കാനത്തെ കാണാൻ ജോസ് കെ മാണി എത്തിയത്.

കർഷകർക്കനുകൂലമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വിശദീകരിച്ചാണ് ഇടതുമുന്നണിയുമായി സഹകരിക്കാൻ ജോസ് താത്പര്യം പ്രകടിപ്പിച്ചത്. അതിനെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ല. പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ രണ്ടുകക്ഷികൾ തമ്മിലുള്ളതാണ്. എൻ.സി.പിയുടെ കാര്യം അവർ തീരുമാനിക്കും. കെ.എം. മാണിയെക്കുറിച്ച് മുമ്പുപറഞ്ഞ കാര്യങ്ങൾ ജനങ്ങളോടു വിശദീകരിച്ചുകൊള്ളാമെന്നും കാനം പറഞ്ഞു. മരിച്ചുപോയ ഒരാളെക്കുറിച്ച് ഇനി ചർച്ചചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞിരുന്നു.

ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് എന്തെങ്കിലും നയപരമായ തടസമുള്ള പാർട്ടിയല്ല കേരള കോൺഗ്രസെ(എം)ന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ജോസ് വിഭാഗം വിട്ടുപോയതോടെ യു.ഡി.എഫിന്റെ ജീവനാഡിയറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന്റെ പല വിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പമുണ്ട്. ഇവരെയും സഹകരിപ്പിക്കുന്നതിൽ അസാംഗത്യമില്ല. വൻതകർച്ച യു.ഡി.എഫിനെ കാത്തിരിക്കുന്നു. ഇത് എൽ.ഡി.എഫിനു കൂടുതൽ കരുത്ത് പകരും. കെ.എം. മാണി ഏറ്റവും ശക്തമായി പ്രതികരിച്ചതു കോൺഗ്രസിനെതിരേയായിരുന്നു. കോൺഗ്രസാണ് ഏറ്റവുമധികം ദ്രോഹിച്ചതെന്ന് അദ്ദേഹത്തിന്റെ അണികളടക്കം പറയുന്നുവെന്നും പിണറായി പ്രതികരിച്ചിരുന്നു.

അതിൽ മാധ്യമങ്ങൾക്കുള്ള വിഷമം സഹിക്കുകയേ മാർഗമുള്ളൂ. ശരിയായ സമയത്ത് ശരിയായ നിലപാടാണു ജോസ് വിഭാഗമെടുത്തത്. മാണി സി. കാപ്പൻ മുന്നണി വിടുമെന്നെതു ചിലരുടെ സ്വപ്നം മാത്രമാണെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP