Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിന്റെ പുതിയ കൊറോണ എപ്പിസെന്ററായ ചെക്ക് റിപ്പബ്ലിക്കിൽ രോഗത്തെ നേരിടാൻ പട്ടാളമിറങ്ങി; മരണത്തിന്റെ ഭയാനകമായ കഥകൾ ആദ്യം കേട്ട ഇറ്റലിയിൽ വീണ്ടും മരണം താണ്ഡവം തുടങ്ങി; ജർമ്മനി ഉൾപ്പടെ ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ആഞ്ഞടിച്ചു കൊറോണ ദുരന്തം; കോവിഡിൽ ഭയന്ന് വിറച്ച് വീണ്ടും യൂറോപ്പ്

യൂറോപ്പിന്റെ പുതിയ കൊറോണ എപ്പിസെന്ററായ ചെക്ക് റിപ്പബ്ലിക്കിൽ രോഗത്തെ നേരിടാൻ പട്ടാളമിറങ്ങി; മരണത്തിന്റെ ഭയാനകമായ കഥകൾ ആദ്യം കേട്ട ഇറ്റലിയിൽ വീണ്ടും മരണം താണ്ഡവം തുടങ്ങി; ജർമ്മനി ഉൾപ്പടെ ഒൻപത് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ആഞ്ഞടിച്ചു കൊറോണ ദുരന്തം; കോവിഡിൽ ഭയന്ന് വിറച്ച് വീണ്ടും യൂറോപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ രണ്ടാം വരവിൽ യൂറോപ്പിനെ ദുഃഖമായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്. കോവിഡ് എപ്പിസെന്ററായി മാറിയ ചെക്കിൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ താറുമാറായതോടെ കോവിഡിനെ നേരിടാൻ താത്ക്കാലിക ആശുപത്രികൾ സജ്ജീകരിച്ചുകൊണ്ട് പട്ടാളം രംഗത്തിറങ്ങി. രാക്ഷസ വൈറസിന്റെ ആദ്യ വരവിൽ താരതമ്യേന കുറഞ്ഞ ദുരന്തം മാത്രം അനുഭവിക്കേണ്ടി വന്ന ഈ കിഴക്കൻ യൂറോപ്യൻ രാജ്യൂം ഇപ്പോൾ കൊറോണയുടെ താണ്ഡവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. 4000 ത്തോളം ആശുപത്രി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങളുടെ പോക്ക് അവതാളത്തിൽ ആവുകയാണ്.

സ്‌കൂളുകളും ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ അടച്ചു പൂട്ടിയ ചെക്ക് റിപ്പബ്ലിക്കിൽ ഇപ്പോൾ ഓരോ ആശുപത്രിയിലും അവയ്ക്ക് ഉൾക്കൊള്ളാവുന്നതിന്റെ ആറിരട്ടി രോഗികളെ വരെയാണ് ചികിത്സിക്കുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾ നിർത്തി വച്ചിരിക്കുകയാണ്. അത്യാവശ്യ ചികിത്സ വേണ്ട കോവിഡ് ബാധിക്കാത്ത രോഗികളെ ജർമ്മനി, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയയ്ക്കുവാനും ആലോചിക്കുന്നുണ്ട്.

ഇവിടെ എല്ലാം തകർന്നടിയുകയാണ്. ഇനിയും രോഗവ്യാപനം തടയുവാൻ ആയില്ലെങ്കിൽ തെരുവുകളിൽ ശവങ്ങൾ ചിതറിക്കിടക്കുന്ന കാഴ്‌ച്ച കാണേണ്ടിവരും എന്നാണ് ഇന്റീരിയർ മിനിസ്റ്റർ ജാൻ ഹമാസെക്ക് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ 24 മണീക്കൂറിനുള്ളിൽ 9544 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,290 ആയി ഉയർന്നു. ഇന്നലെ 66 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചെക്കിൽ കോവിഡ് ബാധിച്ച് മരിച്ചവരുടേ എണ്ണം 1172 ആയി.

ഒരാഴ്‌ച്ചയിൽ 1 ലക്ഷം പേർക്ക് 586 രോഗികൾ എന്നനിരക്കിൽ ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ഭൂഖണ്ഡത്തിലെ ബെൽജിയം, നെതർലാൻഡ്സ്, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ രോഗവ്യാപന നിരക്കിൽ ഒരുപാട് മുന്നിലാണ്. കോവിഡിന്റെ ഒന്നാം വരവ് യൂറോപ്പിൽ ആരംഭിച്ച മാർച്ചിൽ തന്നെ ചെക് റിപ്പബ്ലിക്ക് അതിർത്തികൾ അടയ്ക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കർശനമായ നടപടികളുടെ ഫലമായി രോഗികളുടെ എണ്ണം നാലക്കത്തിൽ ഒതുക്കാനായി. മരണങ്ങൾ ഒന്നും തന്നെ സംഭവിച്ചതുമില്ല.

കേവലം 120 രോഗികൾ ഉള്ളപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചെക്ക് റിപ്പബ്ലിക് പക്ഷെ അവ പിൻവലിക്കുന്ന കാര്യത്തിലും ധൃതി കാണിച്ചു. പിന്നീട് രോഗവ്യാപനം ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോഴും നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരാൻ തയ്യാറായതുമില്ല.ഇതാണ് രോഗവ്യാപനം പെട്ടെന്ന് പർദ്ധിക്കാൻ കാരണം. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മരണനിരക്ക് വർദ്ധിച്ചു വരുന്നുണ്ടെങ്കിലും ആദ്യ വരവിന്റെ മൂർദ്ധന്യ ഘട്ടത്തിൽ സംഭവിച്ചത്ര മരണങ്ങളുണ്ടാകുന്നില്ല. എന്നാൽ ചെക്കിൽ കാര്യങ്ങൾ നേരേ വിപരീതമാണ്.

ജർമ്മനി കനത്ത ദുരന്തത്തിലേക്കെന്ന് ഏഞ്ചലാ മെർക്കൽ

യൂറോപ്പിൽ രോഗവ്യാപനം കടുത്തതോടെ താൻ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങൾക്ക് സമ്മതം നല്കാത്ത പ്രാദേശിക നേതാക്കൾക്ക്, ജർമ്മനി കനത്ത ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പ് നൽകുകയാണ് ചാൻസലർ ഏഞ്ചല മെർക്കൽ. രോഗവ്യാപനത്തെ തടയാൻ ഉദ്ദേശിച്ചു കൊണ്ടുവരുന്നനിയന്ത്രണങ്ങളോട് സംസ്ഥാന നേതാക്കൾ പുറം തിരിഞ്ഞ് നിൽക്കുന്നതാണ് ചാൻസലറെ ചൊടിപ്പിച്ചത്. ഇറ്റലിയിൽ ഇന്നലെ മരണസംഖ്യ ഇരട്ടിയായി. ഇതിനു പുറമേ ചുരുങ്ങിയത് ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലെങ്കിലും രോഗവ്യാപനം കൂടുതൽ കനക്കുകയാണ്.

രാത്രി 11 മണിക്കു ശേഷം ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണം, 10 പേരിൽ കൂടുതൽ കൂട്ടം കൂടരുത്, തിരക്കുപിടിച്ച ഇടങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മെർക്കെൽ കൊണ്ടുവരാൻ ഉദ്ദേശിച്ചത്. ബോസ്നിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചതോടെയാണ് ജർമ്മനി കടുത്ത നടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

മരണസംഖ്യ ഇരട്ടിയായി ഇറ്റലി

കൊറോണയുടെ ആദ്യവരവിൽ ഏറ്റവുമധികം ദുരിതങ്ങൾ അനുഭവിച്ച യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഒന്നാണ് ഇറ്റലി. രണ്ടാം വരവിലും ഇറ്റലിയെ വിടാൻ കൊറോണ ഒരുക്കമല്ല. ഒരൊറ്റ ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായാണ് വർദ്ധിച്ചത്. ബുധനാഴ്‌ച്ച 43 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് 83 മരണങ്ങളായിരുന്നു. ഒന്നാം വരവിന്റെ മൂർദ്ധന്യ ഘട്ടത്തിലെ പ്രതിദിന മരണസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും, മരണ നിരക്കിന്റെ വർദ്ധനവ് രാജ്യത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലെല്ലാം തന്നെ ഈ ആഴ്‌ച്ച രേഖപ്പെടുത്തിയ ശരാശരി പ്രതിദിന മരണസംഖ്യ 100 ന് മുകളിലാണ്. ശരാശരി പ്രതിദിന മരണസംഖ്യ 160 ഉള്ള സ്പെയിനാണ് ഇക്കാര്യത്തിൽ മുന്നിൽ ബ്രിട്ടനിലിത് 110 ഉം ഫ്രാൻസിൽ 100 ഉം ആണ്. ഈ ആഴ്‌ച്ചതന്നെയാണ് നെതർലാൻഡ്സിൽ ബാറുകൾക്ക് താത്ക്കാലികമായി പൂട്ടുകൾ വീണതും ചെക്ക് റിപ്പബ്ലിക് സ്‌കൂളുകൾ അടച്ചുപൂട്ടിയതും.

ഫ്രാൻസിലും കോവിഡ് വ്യാപനം ശക്തിപ്രാപിക്കുന്നു

ബുധനാഴ്‌ച്ച 22,000 പേർക്കാണ് ഫ്രാൻസിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാരിസ് അടക്കമുള്ള ഒമ്പത് മേഖലകളിൽ രാത്രി 9 മണീ മുതൽ രാവിലെ വരെ കർഫ്യൂ ഏർപ്പെടുത്തി. ഈ കർഫ്യൂ കർശനമായി നടപ്പാക്കുവാനായി 12,000 പൊലീസ് ഉദ്യോഗസ്ഥരേയാണ് പുതിയതായി നിയമിച്ചിട്ടുള്ളത്. മാത്രമല്ല, പുതിയ നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിസിനസ്സ് സ്ഥാപനങ്ങളെ സഹായിക്കുവാ 1 ബില്ല്യൺയൂറോയുടെ ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഫ്രാൻസിൽ മാസ്‌കുകൾക്കും മറ്റ് സുരക്ഷാ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുപോലെ ആശുപത്രികളിലും തിരക്ക് വർദ്ധിച്ചു വരികയാണ്. പാരീസിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ഡയറക്ടർ പറഞ്ഞത് അവരുടെ ഇന്റൻസീവ് കെയർ ബെഡുകളിൽ പകുതിയിലധികം ഇപ്പോൾ നിറഞ്ഞു കഴിഞ്ഞു എന്നാണ്. മറ്റ് ആശുപത്രികളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.

അതേസമയം ഇന്നലെ9,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പോളണ്ടിൽ ശനിയാഴ്‌ച്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. അതുപോലെ കൂട്ടം ചേരുന്ന കാര്യത്തിലും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പോർച്ചുഗലിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് നിരോധിക്കാനുള്ള ശ്രമം ആരംഭിച്ചു. അതുപോലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിധിക്കുന്നുണ്ട്.

കൊറോണയുടെ ആദ്യ വരവിനെ ലോക്ക്ഡൗൺ ഇല്ലാതെ നേരിട്ട സ്വീഡനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ധാരാളം പേർ നിയമങ്ങൾ പാലിക്കുന്നില്ല. ഇത് മാറ്റിയില്ലെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP