Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദീപിക പത്രത്തിൽ കെ.ഗോപാലകൃഷ്ണൻ അന്ന് റിപ്പോർട്ട് ചെയ്തത് ചന്ദ്രശേഖർ മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി മാണി രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന്; തിരുവനന്തപുരത്ത് വന്നിറങ്ങി പൊട്ടിത്തെറിച്ച് പറഞ്ഞത് മന്ത്രിസ്ഥാനം തട്ടി നീക്കിയത് കെ കരുണാകരനാണെന്ന്; മാണിയോടുള്ള കോൺഗ്രസ് കൊടും ചതിയുടെ പഴയ കഥ വീണ്ടും വൈറൽ

ദീപിക പത്രത്തിൽ കെ.ഗോപാലകൃഷ്ണൻ അന്ന് റിപ്പോർട്ട് ചെയ്തത് ചന്ദ്രശേഖർ മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി മാണി രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന്; തിരുവനന്തപുരത്ത് വന്നിറങ്ങി പൊട്ടിത്തെറിച്ച്  പറഞ്ഞത് മന്ത്രിസ്ഥാനം തട്ടി നീക്കിയത് കെ കരുണാകരനാണെന്ന്; മാണിയോടുള്ള കോൺഗ്രസ് കൊടും ചതിയുടെ പഴയ കഥ വീണ്ടും വൈറൽ

എം മനോജ് കുമാർ

 തിരുവനന്തപുരം: കെ.എം.മാണിയുടെ രണ്ടു ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കേന്ദ്രമന്ത്രി പദവും കേരള മുഖ്യമന്ത്രി പദവിയും. വ്യത്യസ്ത ഘട്ടങ്ങളിൽ ആ രണ്ട് ആഗ്രഹങ്ങളും വെട്ടിയത് കോൺഗ്രസായിരുന്നു. ചന്ദ്രശേഖർ പ്രധാനമന്ത്രിയായ സമയം കെ.കരുണാകരൻ കേന്ദ്രമന്ത്രി പദവി വെട്ടിയപ്പോൾ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി മാണിക്ക് ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി പദവിയും വെട്ടി. കെ.എം.മാണിയെ അടർത്തിയെടുത്ത് മുഖ്യമന്ത്രി പദവി നൽകി പുറത്ത് നിന്ന് പിന്തുണ നൽകി ഒരു സർക്കാർ രൂപീകരിക്കാനുള്ള സിപിഎം നീക്കം ബാർക്കോഴ കൊണ്ട് വന്നു വെട്ടിയത് കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ നീക്കങ്ങളുടെ തുടർച്ചയായിരുന്നു. ബാർക്കോഴയും സോളാറും ഒരുമിച്ച് വന്നപ്പോൾ യുഡിഎഫിനു ഭരണതുടർച്ചയും നഷ്ടമായി.

ബാർക്കൊഴയുമായി ബന്ധപ്പെട്ടു സിപിഎം നടത്തിയ സെക്രട്ടറിയെറ്റ് വളയൽ സമരവും നിയമസഭയിലെ അതിക്രമവും ചരിത്രമായി മാറുകയും ചെയ്തു. ഇപ്പോൾ മാണിയുടെ മകൻ ജോസ് കെ.മാണി കേരളാ കോൺഗ്രസുമായി (എം) ഇടതുമുന്നണിയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മാണി ഇടതുമുന്നണിയിലേക്ക് നടന്ന പാതിദൂരമാണ് ഇപ്പോൾ ജോസ് മാണി നടന്നു തീർത്തതെന്നു പറയുകയാണ് സോഷ്യൽ മീഡിയ. ബാർക്കൊഴയ്ക്ക് ശേഷം യുഡിഎഫ് വിട്ട മാണി തുല്യ അകലം പാലിച്ച് കുറച്ചുകാലം ഇടത്-വലതു മുന്നണികളിൽ നിന്നും അകന്നു നിന്നിരുന്നു. ഈ ഘട്ടത്തിൽ മാണി ഇടതുമുന്നണിയിലേക്ക് നടന്നെങ്കിലും പിന്നീട് യുഡിഎഫിലേക്ക് തന്നെ തിരിച്ചു നടന്നു.

മാണി ബാക്കിയാക്കിയ പകുതി ദൂരമാണ് ഇപ്പോൾ ജോസ് മാണി നടന്നു തീർത്തതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മാണിയുടെ കേന്ദ്രമന്ത്രി മോഹം കെ.കരുണാകരൻ തല്ലിക്കെടുത്തിയ ആ പഴയ കഥയും സോഷ്യൽ മീഡിയ വീണ്ടും അലക്കുന്നു. മാതൃഭൂമി പത്രാധിപർ ആയിരുന്ന കെ.ഗോപാലകൃഷ്ണൻ ദീപിക റിപ്പോർട്ടർ ആയിരുന്ന കാലത്തെ പഴയ റിപ്പോർട്ട് ഒന്ന് കൂടി തപ്പിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നത് മാണിയെ കരുണാകരൻ വെട്ടിയ കഥ തന്നെയാണ്. ആ കഥയിലേക്ക് കടക്കും മുൻപ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായ സമയത്ത് കെ.ഗോപാലകൃഷ്ണന്റെ ദീപിക ഹെഡ് ലൈൻ സ്റ്റോറി ഇങ്ങനെ:

കെ.ഗോപാലകൃഷ്ണന്റെ ദീപിക റിപ്പോർട്ട്

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി കേന്ദ്ര കാബിനെറ്റ് മന്ത്രിയാകും. രാജീവ് ഗാന്ധിയുമായി മാണി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. ഈ കാര്യത്തിൽ കോൺഗ്രസ് നേതാക്കളുമായി നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ടു. രണ്ടു ദിവസം കെ.എം.മാണി കെ.കരുണാകരനുമായി ചർച്ച നടത്തിയിരുന്നു. ടി..എം.ജേക്കബും കരുണാകരനും ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് രാജീവ് ഗാന്ധി-മാണി സംഭാഷണത്തിനു കളം ഒരുങ്ങിയത്. സത്യപ്രതിജ്ഞ നടക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ മാലി യാത്ര മൂന്നു മണിക്കൂർ നേരത്തേക്ക് നീട്ടിവെച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ദൂരദർശൻ ലൈവായി സംപ്രേഷണം ചെയ്യും. ഈ രീതിയിൽ വിശദാംശങ്ങൾ നൽകിയാണ് ദീപിക വാർത്ത നൽകിയത്. ദീപികയുടെ വാർത്തയുടെ പിന്നാമ്പുറ കഥ എടുത്ത് മാണിയുടെ കേന്ദ്രമന്ത്രി പദവി കരുണാകരൻ വെട്ടിയ കഥയാണ് സോഷ്യൽ മീഡിയ ഒരിക്കൽക്കൂടി പുറത്ത് ചർച്ചയാക്കുന്നത്.

കരുണാകരൻ മാണിയെ വെട്ടിയ കഥ

ഈ പത്രവാർത്ത ചുരുങ്ങിയ പക്ഷം കോൺഗ്രസ് നേതാക്കൾ എങ്കിലും മറന്ന് തുടങ്ങിയിട്ടുണ്ടാവും. കെ എം മാണിക്ക് കേന്ദ്ര ക്യാബിനറ്റ് പദവി തട്ടി തെറുപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയെ കുറിച്ചാണ് പറയാൻ പോകുന്നത് . 1990 ൽ വി പി സിങ് സർക്കാർ മാറി ചന്ദ്രശേഖർ പുതിയ പ്രധാന മന്ത്രിയായ സമയം. കേരളാ കോൺഗ്രസ് (എം) ന് രണ്ട് എംപിമാർ .മൂവാറ്റുപുഴയിൽ നിന്ന് വിജയിച്ച പി സി തോമസും , രാജ്യസഭാ അംഗമായ തോമസ് കുതിരവട്ടവും . കോൺഗ്രസ് പിന്തുണയിലാണ് ചന്ദ്രശേഖർ പ്രധാനമന്ത്രിയായത് . പക്ഷെ കോൺഗ്രസ് മന്ത്രിസഭയിൽ ചേർത്തില്ല . കാമ്പിനറ്റ് വികസിപ്പിക്കാൻ ചന്ദ്രശേഖർ നിരന്തര ശ്രമങ്ങൾ നടത്തുന്നു . കെ എം മാണിയെ മന്ത്രിയാക്കണം എന്ന ആലോചന ഉയർന്ന് വന്നു. ജനതാ പാർട്ടി നേതാവ് ആയ സുബ്രമണ്യം സ്വാമി ഈ കാര്യം പി സി തോമസിനെ അറിയിച്ചു . പക്ഷെ ഒറ്റ തടസം മാത്രം. കേരളാ കോൺഗ്രസ് (എം) കേരളത്തിൽ യുഡിഎഫ് ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ മുന്നണിയിൽ പെട്ട ഒരു ഘടക കക്ഷിയെ മന്ത്രിയാക്കും മുൻപ്
എഐസിസി ഓഫീസിൽ നിന്ന് ലിസ്റ്റ് എഴുതിത്ത്ത്തരണം , പാർട്ടി പ്രസിഡന്റ് രാജീവ് ഗാന്ധി സമ്മതിക്കുകയും വേണം. പി സി തോമസ് അടുത്ത പടിയായി രാജീവ് ഗാന്ധിയെ കണ്ടു. മാണി സാറിന്റെ ആഗ്രഹം പറഞ്ഞു .കാര്യം കേട്ടപ്പോൾ രാജീവ് ഗാന്ധിക്ക് എതിർപ്പില്ല പക്ഷെ ഒരേ ഒരു കാര്യം , കെ.കരുണാകരൻ സമ്മതിക്കണം.

മാണിയും -കരുണാകരനും തമ്മിൽ അന്ന് അത്ര നല്ല സുഖകരമായ ബന്ധത്തിലല്ല . മാണി സ്വകാര്യ സംഭാഷണത്തിൽ നരപ്പൻ എന്നാണ് അന്ന് കെ.കരുണാകരനെ വിളിച്ചിരുന്നത്. കൂടാതെ തന്റെ പാർട്ടിയിലെ ശത്രുപക്ഷത്ത് നിൾക്കുന്ന എ കെ ആന്റണിയുമായി ചേർന്ന് തന്റെ ഗ്രൂപ്പിനെ ഒതുക്കാൻ മാണി ശ്രമിക്കുന്നുണ്ടോ എന്ന് കരുണാകരന് സംശയവും . അതിലെല്ലാം ഉപരി കേരളത്തിൽ നിന്ന് മറ്റൊരു അധികാര കേന്ദ്രം ഡൽഹിയിൽ ഉണ്ടാവുന്നതിനോട് കോൺഗ്രസിനും അത്ര പഥ്യം ഇല്ല. ഇത് മറികടക്കുക അത്ര എളുപ്പം അല്ല എന്ന് മാണിക്കും മീഡീയേറ്ററായ പി സി തോമസിനും അറിയാം .

ഫോണിലൂടെ കാര്യം പറഞ്ഞപ്പോൾ കരുണാകരൻ കൊലച്ചിരി പോലെ ഒരു ചിരി ചിരിച്ചു . 'അവൻ വന്ന് എന്നെ കാണണം , എന്റെ കാല് പിടിക്കട്ടെ എന്നിട് ആലോചിക്കാം'' . കരുണാകരൻ മുന്നോട്ട് വെച്ചത് ഒരിക്കലും നടക്കാത്ത കാര്യം ആണെന്ന് പിസി തോമസിന് അറിയാം. മാണിയോട് കാര്യം പറഞ്ഞപ്പോൾ മാണി ക്ഷുഭിതനായി . പക്ഷെ ഇപ്പോൾ പാർട്ടിക്ക് ഒരു കേന്ദ്ര ക്യാബിനറ്റ് പദവി ലഭിച്ചാൽ പാർട്ടിയുടെ അടിത്തറ വിപുലപ്പെടും എന്ന് കേട്ടപ്പോൾ മാണിക്ക് അർദ്ധ മനസായി. ഡൽഹി കേരളാ ഹൗസിലെത്തി കരുണാകരനെ കാണാൻ വേണ്ടി അവർ പുറപ്പെട്ടു . മുതിർന്ന മാണി ഗ്രൂപ്പ് നേതാക്കളായ ടി എം ജേക്കബ് , പി സി തോമസ് എം പി ,തോമസ് കുതിരവട്ടം എം പി , പി എം മാത്യു എന്നിവർ ആണ് സംഘത്തിൽ . കേരളാ ഹൗസിൽ മുറിയിൽ ചെല്ലുമ്പോൾ തന്റെ കറുത്തഷൂസ് ഇട്ട കാല് ടീപ്പോയിലേക്ക് കരുണാകരൻ കയറ്റി വെച്ചു. വേണമെങ്കിൽ അവരൊന്ന് പിടിച്ചോട്ടെ എന്ന് കരുണാകരൻ കരുതി കാണും . പക്ഷെ മാണി അതിനൊന്നും തയ്യാറായില്ല.

മാണി കരുതിയത് മഞ്ഞു ഉരുകിയെന്ന്

ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ മഞ്ഞ് ഉരുകിയെന്ന് മാണിതെറ്റിധരിച്ചു. രാജീവ് ഗാന്ധിയോട് കാര്യം പറയാം എന്ന് കരുണാകരൻ വാക്ക് നൽകി. അപ്പോഴും ചതി മാണി തിരിച്ചറിഞ്ഞില്ല. പുറത്തിറങ്ങുമ്പോൾ മന്ത്രി സ്ഥാനം ഉറപ്പിച്ച സന്തോഷത്തിലായി മാണി ഗ്രൂപ്പ് നേതാക്കൾ. നാട്ടിൽ തിരിച്ചെത്തിയ മാണി കുടുംബാംഗങ്ങളോട് താൻ മന്ത്രിയായേക്കുമെന്ന സൂചന നൽകി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതിയ ഉടുപ്പ് പോലും വാങ്ങി. പക്ഷെ വിവരം ചേർന്നാൽ കാര്യം നടക്കാതെ പോകുമോ എന്ന ആശങ്കയുള്ളതിനാൽ വിവരം രഹസ്യമാക്കി വെച്ചു. സത്യപ്രതിജ്ഞയുടെ മുൻപിലത്തെ ദിവസം രാവിലെ കൽകട്ട വഴി തലസ്ഥാനത്തേക്ക് പോകുന്ന വിമാനത്തിൽ മാണി ഡൽഹിക്ക് തിരിച്ചു. കേരളാ കോൺഗ്രസിന്റെ ഒരു നേതാവ് ചരിത്രത്തിലാദ്യമായി കേന്ദ്ര ക്യാമ്പിനറ്റ് മന്ത്രിയാകാൻ പോകുന്നു എന്ന് അറിയാവുന്നത് മാണി ഗ്രൂപ്പിലെ ചുരുക്കം ചില നേതാക്കൾക്കും , കരുണാകരൻ അടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കും മാത്രം.

മന്ത്രിസ്ഥാനത്തിനുള്ള വിളി കാത്തെങ്കിലും വന്നില്ല

മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫോൺ വിളിക്കായി കാത്ത് കെ എം മാണി കേരളാ ഹൗസിലെ തന്റെ മുറിയിൽ അക്ഷമനായി ഇരിക്കുന്നു. നേരം സന്ധ്യയോട് അടുത്തിട്ടും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്തോ ഫോണോ രാഷ്ടപതി ഭവനിൽ നിന്ന് വന്നിട്ടും ഇല്ല. അപ്പോഴും ചതി നടന്നു എന്ന് മാണി തിരിച്ചറിയുന്നില്ല . സത്യപ്രതിജ്ഞ നടക്കേണ്ട ദിവസത്തിന്റെ അന്ന് പുലർച്ചെ ഒരു മണിയോട് എന്നാൽ രാത്രി വളരെ വൈകിയാണ് എഐസിസി ഓഫീസിൽ നിന്ന് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് മന്ത്രിമാരാകേണ്ടവരുടെ പട്ടിക കൈമാറിയിട്ടില്ലെന്നും , തന്റെ പേരെ എവിടെയൂം ഇല്ല എന്ന കാര്യം മാണി തിരിച്ചറിയുന്നത്. എന്നാൽ പിറ്റേന്ന് ഇറങ്ങിയ ദീപിക പത്രത്തിൽ മുൻപേജിൽ എക്‌സ്‌ക്യൂസീവ് ആയി ഒരു വാർത്ത അടിച്ച് വന്നു.

കെ എം മാണിയുടെ സത്യപ്രതിജ്ഞ ഇന്ന് , മാണിക്ക് ക്യാബിനറ്റ് പദവി എന്ന് .കെ എം മാണിയെ നാണം കെടുത്തുക എന്ന കോൺഗ്രസിന്റെ ഉദ്യേശം നടന്ന് കഴിഞ്ഞു. ചതി മനസിലാക്കിയ മാണിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ പത്രക്കാർ വളഞ്ഞു. തന്നെ ചതിച്ചത് കോൺഗ്രസ് ആണെന്നും തന്റെ മന്ത്രിസ്ഥാനം തട്ടിതെറുപ്പിച്ചത് കെ കരുണാകരനാണെന്നും മാണി ക്ഷുഭിതനായി തുറന്നടിച്ചു. എന്നാൽ ലോകസഭയിൽ ജയിച്ച പല ഒറ്റയാൾ കക്ഷികൾക്കും മന്ത്രി സ്ഥാനം വേണമെന്ന് വാശി പിടിച്ചപ്പോൾ മാണിയേയും ഒഴിവാക്കിയതാണെന്ന് കോൺഗ്രസ് മറുപടി നൽകി .പക്ഷെ എഐസിസി ഓഫീസിൽ നിന്ന് തന്റെ പേര് എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൊടുക്കാൻ പോലും തയ്യാറായില്ല എന്ന മാണിയുടെ ചോദ്യത്തിന് യുക്തിസഹമായ മറുപടി കോൺഗ്രസിന് നൽകാനുണ്ടായിരുന്നില്ല. ചുരുക്കത്തിൽ ഒരു കേരളാ കോൺഗ്രസുകാരൻ ക്യാമ്പിനറ്റ് മന്ത്രിയാവാതിരിക്കാൻ കോൺഗ്രസ് നടത്തിയ പകിട കളി വിജയിച്ചു. കെ എം മാണിയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി.

ജോസ് കെ മാണിയെ മാത്രമല്ല, അച്ഛനായ കെ എം മാണിയേയും കോൺഗ്രസ് പലവട്ടം ചതിച്ചിട്ടുണ്ട്. മാണി അത് തിരിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷെ അദ്ദേഹം സ്‌നേഹബന്ധങ്ങളുടെ തടവറയിലായിരുന്നു. 2016 ന് ശേഷം മാണി ജീവിച്ചിരിക്കെ തന്നെ ഈ തടവറയിൽ നിന്ന് അദ്ദേഹം പുറത്ത് കടന്നതാണ്. പുറത്തെത്തിയ അദ്ദേഹം പാതി ദൂരം നടന്നെങ്കിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ അദ്ദേഹം പഴയ വഴി തിരിച്ച് നടന്നു. അച്ഛൻ പാതി ദൂരം നടന്ന വഴിയിലേക്കാണ് മകനായ ജോസ് കെ മാണി ധൈര്യസമേതം ഇറങ്ങി നടക്കാൻ ആരംഭിച്ചിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP