Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാർട്ടിയാണ് സിപിഎം; ജോസ് കെ മാണിയുടെ തീരുമാനം അനുചിതമെന്നും കെ എം മാണിയുടെ മരുമകൻ; കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കാമെന്നും എംപി ജോസഫ്; കുടുംബത്തിലും എതിർ സ്വരങ്ങൾ

കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാർട്ടിയാണ് സിപിഎം; ജോസ് കെ മാണിയുടെ തീരുമാനം അനുചിതമെന്നും കെ എം മാണിയുടെ മരുമകൻ; കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കാമെന്നും എംപി ജോസഫ്; കുടുംബത്തിലും എതിർ സ്വരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതിനെ ചൊല്ലി കെ എം മാണിയുടെ കുടുംബത്തിലും അഭിപ്രായ വ്യത്യാസം. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് കെഎം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് വ്യക്തമാക്കി. ജനാധിപത്യ വിശ്വാസികളായ പാർട്ടി പ്രവർത്തകർക്ക് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം, കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാർട്ടിയാണ് സിപിഎം എന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു.

കെ എം മാണി ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മുന്നണി ബന്ധം ഉപേക്ഷിച്ച് പുറത്ത് വന്നത്. ജോസ് കെ മാണി ഇപ്പോഴുണ്ടാക്കിയ സഖ്യത്തിനും ആയുസ് കുറവായിരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു. കോൺഗ്രസും കേരള കോൺഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ശൈലി യുഡിഎഫിന് ഒപ്പം ചേർന്ന് നിൽക്കുന്നതാണെന്നും എം പി ജോസഫ് പറഞ്ഞു. മുൻ ഐ എ എസ് ഉദ്യോഗസ്ഥനായ എം പി ജോസഫ് കോൺഗ്രസ് പ്രവർത്തകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള താൽപര്യം എം പി ജോസഫ് അറിയിച്ചിരുന്നു.

കോട്ടയത്ത് ഇന്നലെ ചേർന്ന കേരള കോൺഗ്രസ് നേതൃയോഗമാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 39 വർഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാർട്ടി എൽഡിഎഫിലേക്ക് പോകുന്നത്. കേരള കോൺഗ്രസിലെ തർക്കത്തെ തുടർന്ന് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും ഉടക്കി നിൽക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫുമായി ചേരാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യസഭാംഗത്വം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. 13 നിയമസഭ സീറ്റുകൾ ജോസ് കെ മാണി പക്ഷത്തിന് സിപിഎം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

ജോസ് കെ മാണി മുന്നണി മാറ്റം പ്രഖ്യാപിച്ചതോടെ എൽഡിഎഫിലും യുഡിഎഫിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ജോസ് കെ.മാണി രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന നിലപാടിലാണ് യുഡിഎഫ്. ജോസ് പോയതിൽ മുന്നണിക്ക് നഷ്ടമുണ്ടാകില്ലെന്നും മുന്നണി വിപുലീകരണ ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാർ ചർച്ച നടത്തുന്നുണ്ട്. ഒക്ടോബർ 21ന് ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവും ജോസ് വിഭാഗത്തിന്റെ ചർച്ച ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെ രാജ്യസഭാ സീറ്റിന് ജോസ്.കെ.മാണി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒഴിവു വന്ന രാജ്യസഭാ സീറ്റിന് അർഹതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും നല്ല പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം സംബന്ധിച്ചും ചർച്ച നടന്നേക്കും. ഇടതുമുന്നണി - കേരള കോൺഗ്രസ് പരീക്ഷണം വിജയിച്ചില്ലെങ്കിൽ ജോസ് കെ. മാണിക്ക് രാഷ്ട്രീയജീവിതത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മിക്ക മണ്ഡലത്തിലും നല്ല വോട്ടുള്ള കേരളാ കോൺഗ്രസിന് ജയപരാജയങ്ങൾ നിർണ്ണയിക്കാനാകുമെന്നതാണ് വസ്തുത. ബിജെപിയുടെ രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ഈ ജില്ലകളിൽ വിജയ ഘടകമാകുക കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് തന്നെയാകും

കരുത്ത് കൂട്ടി കൂടുതൽ വിലപേശലുകൾ നടത്തി കേരളാ രാഷ്ട്രീയത്തിലെ പ്രധാന നേതാവാകുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് കളം മാറ്റി ചവിട്ടുന്നത്. ഇതിലൂടെ കരുത്ത് കാട്ടിയാൽ തിരിച്ചടിയാകുകക കോൺഗ്രസിന് തന്നെയാണ്. യു.ഡി.എഫിനെ അധികാരത്തിലേക്ക് നയിക്കുന്നതിൽ മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് നേടുന്ന സീറ്റുകൾ പ്രധാനമായതിനാൽ ആ വിജയ ഫോർമുല തകർക്കുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി 33 നിയമസഭാമണ്ഡലങ്ങളിൽ നിലവിൽ ഇടതുമുന്നണിക്ക് 16 സീറ്റുകളാണുള്ളത്.

സിപിഎം തരംഗം ആഞ്ഞടിച്ചപ്പോഴും പകുതിയിൽ അധികം സീറ്റുകളിൽ മധ്യ കേരളം യുഡിഎഫിനൊപ്പമായിരുന്നു. ഇതിന് കാരണം കേരളാ കോൺഗ്രസ് രാഷ്ട്രീയവും അതിന്റെ സ്വാധീനവും കൂടിയാണ്. ഈ രാഷ്ട്രീയ ചിത്രത്തെ മാറ്റി എഴുതാനാണ് കേരളാ കോൺഗ്രസിനെ സിപിഎം ഒപ്പം കൂട്ടുന്നത്. ഓരോ സീറ്റും നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ ചാട്ടം യുഡിഎഫ് മധ്യകേരളത്തിൽ പ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും മലബാറിലെ മലയോര പ്രദേശങ്ങളിലും മറ്റ് പല മണ്ഡലങ്ങളിലും 5000ത്തിലേറെ വോട്ടുകൾ വീതം മറിയാൻ ഈ ചാട്ടം വഴി തെളിക്കുമെന്നാണ് കണക്കു കൂട്ടൽ.

മാണിക്ക് ശേഷം കേരളാ കോൺഗ്രസ് വേണ്ടെന്ന് തീരുമാനിച്ചു വേട്ടക്കിറങ്ങിയ കോൺഗ്രസ് നേതാക്കളെ ഇടത് ചേരിയിലേക്കുള്ള ചാട്ടമെന്ന പൂഴിക്കടകനിലൂടെ മാണിയുടെ മകൻ വെള്ളം കുടുപ്പിക്കുമോ എന്ന് തദ്ദേശത്തിലെ വോട്ടിങ് പാറ്റേണിലൂടെ വ്യക്തമാകും. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് മുമ്പ് ഇടതുപക്ഷത്തോടൊപ്പം ചേർന്നെങ്കിലും രണ്ടുവർഷത്തിനകം പാളയം വിടേണ്ടി വന്നു. 18 വർഷത്തോളം ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജോസഫും പിന്നീട് യു.ഡി.എഫിലെത്തി. മാണിക്കും ജോസഫിനും കഴിയാത്തത് നേടാനാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരള കോൺഗ്രസിന്റെ അടിത്തറയായ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതിനൊപ്പം എത്തിയാൽ അത് ജോസ് കെ മാണിയുടെ വിജയമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP