Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഡാക്കിലേക്കുള്ള പാലം നിർമ്മാണം നെഞ്ചിടിപ്പു കൂട്ടി; യുദ്ധത്തിന് സജ്ജമാകാൻ സൈനികർക്ക് ആഹ്വാനം നൽകി ചൈനീസ് പ്രസിഡന്റ്; പോരാട്ടശേഷി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കാക്കാനും നിർദ്ദേശിച്ച് ഷി ജിൻപിങ്; തയ്യാറെടുപ്പ് ഇന്ത്യക്കെതിരെയോ അമേരിക്കയ്ക്ക് എതിരെയോ എന്നതിലും വ്യക്തതയില്ല; അരുണാചലിനേയും ലഡാക്കിനേയും അംഗീകരിക്കില്ലെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയുള്ള നീക്കം ഗൗരവത്തോടെ കണ്ട് ഇന്ത്യ; അതിർത്തി വീണ്ടും യുദ്ധസമാനം

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: അതിർത്തിയിലെ ഇന്ത്യൻ കരുത്തിന് മുന്നിൽ പോരാടാൻ തന്നെ ഉറച്ച് ചൈന. യുദ്ധത്തിന് സജ്ജമാകാൻ സൈനികരോട് ആഹ്വാനം നൽകി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദ്ദേശം നൽകിയതായതിന് പിന്നാലെ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിലയുറപ്പിക്കുന്നു. എന്ത് നീക്കം വന്നാലും പോരാടാൻ സൈന്യം സജ്ജമെന്നാണ് സംയുക്ത സൈനിക മേധാവി പ്രതികരിച്ചിരുന്നത്.

വായുസേനയും കരസേനയും അതിർത്തിയിൽ എന്തിനും തയ്യാറാണ്. 74 തന്ത്രപരമായ റോഡുകൾ അടക്കം ബാലിസ്റ്റിക്ക് മിസൈലുകൾ അടക്കം ഇന്ത്യക്ക് കരുത്താണ്. മഞ്ഞിനെ വെല്ലുവിളിച്ച് നിലയുറപ്പിച്ചിരിക്കുന്ന സൈനികരും രാജ്യത്തിന്റെ കരുത്താണെന്ന് കരസേന തന്നെ വ്യക്തമാക്കുന്നു. ഇന്ത്യൻ നീക്കങ്ങൾ മണത്തറിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് സൈനികരോട് യുദ്ധത്തിന് സജ്ജമാകാൻ ആഹ്വാനം നൽകിയിരിക്കുന്നത്. 

രാജ്യത്തോട് വിശ്വസ്തത പുലർത്താനും തികഞ്ഞ ജാഗ്രതയോടെയിരിക്കാനും സൈനികരോട് അദ്ദേഹം നിർദേശിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഗുവാങ്ഡോങ് സൈനിക ക്യാമ്പ് സന്ദർശിച്ച ഷി ജിൻപിങ് സൈനികരോട് മനസ്സും ഊർജവും യുദ്ധ തയ്യാറെടുപ്പുകൾക്കായി സമർപ്പിക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചതായി സിഎൻഎൻ ആണ് റിപ്പോർട്ടുചെയ്തത്. ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. പോരാട്ടശേഷി ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കുക, ബഹുവിധ കഴിവുകളുള്ള കരുത്തുറ്റ ശക്തിയെ കെട്ടിപ്പടുക്കുക, ദ്രുതപ്രതികരണം ഉറപ്പാക്കുക എന്നീ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഷി സൈനികരെ അഭിസംബോധന ചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എന്നാൽ ആരെ ഉദ്ദേശിച്ചാണ് ഷി ജിൻപിങ് സൂചിപ്പിച്ചത് എന്ന് വ്യക്തമല്ല. ഇന്ത്യക്ക് പുറമേ യുഎസുമായും ചൈന നല്ല ബന്ധത്തിലല്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഇന്ത്യയും ചൈനയും ഏഴാംവട്ട കമാൻഡർ തല ചർച്ചകൾ നടത്തിയിരുന്നു. മെയ് മാസത്തിലാണ് ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. ജൂണിൽ ഇരുസൈന്യവും ഗാൽവൻ താഴ് വരയിൽ ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യൻ സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്. ചൈനീസ് സൈന്യത്തിനും ആൾനാശമുൾപ്പടെ ഉണ്ടായെങ്കിലും സ്ഥിരീകരണം നടത്താൻ ചൈന തയ്യാറായിരുന്നില്ല. സംഘർഷം പരിഹരിക്കുന്നതിനായി നിരവധി തവണ സൈനിക, നയതന്ത്ര, മന്ത്രിതല ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ നടന്നിരുന്നു.

യുദ്ധമുനയിലും ചൈനയ്ക്ക് ഭയം

ഒടുവിൽ ഇന്ത്യയെ ഭയക്കുന്നതിന്റെ കാരണം ചൈന വ്യക്തമാക്കി. ആ പാലങ്ങളാണ് പ്രശ്നം. സൈനിക നീക്കം അതിവേഗമാക്കാനുള്ള ഇന്ത്യയുടെ തന്ത്രമായി ആ പാലങ്ങളെ ചൈന കാണുന്നു. അവിടെയാണ് പ്രകോപനത്തിന്റെ അതിർത്തി രാഷ്ട്രീയം. അങ്ങനെ കടന്നു കയറ്റത്തിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞിട്ടും ഫലിച്ചില്ല. ഒടുവിൽ ലഡാക്കിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് പുതിയ യുദ്ധ മുഖം തുറക്കുകയാണ് ചൈന. അരുണാചലും ഇന്ത്യയിലാണെന്ന് അവർ സമ്മതിക്കില്ലത്രേ. ജനാധിപത്യ രീതിയിൽ ഭരണ സംവിധാനമുള്ള ഇന്ത്യയുടെ സംസ്ഥാനത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് നാണംകെടുകയാണ് ചൈന.

പുതിയ 44 പാലങ്ങളിൽ എട്ടെണ്ണം ചൈനയുമായി സംഘർഷമുള്ള ലഡാക്ക് പ്രവിശ്യയിലാണ്. എട്ടു പാലങ്ങൾ അരുണാചൽ പ്രദേശിലുമുണ്ട്. സൈനികർ, പീരങ്കികൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവ അതിർത്തിയിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ പാലങ്ങൾ സഹായിക്കും. കിഴക്കൻ അതിർത്തിയിൽ 74 തന്ത്രപരമായ റോഡുകളാണു പൂർത്തിയാക്കിയത്. അടുത്ത വർഷത്തോടെ 20 എണ്ണം കൂടി പൂർത്തിയാക്കാനും പദ്ധതിയുണ്ട്. അതിർത്തിയിൽ ഇന്ത്യ മേൽക്കൈ നേടുന്നുവെന്നത് യാഥാർത്ഥ്യമാണ്. ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ.

ലഡാക്കും, അരുണാചലും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിക്കുന്നു. അതിർത്തിയിലുടനീളം ഇന്ത്യ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയാണ് . ഇത് സൈനിക നീക്കം ലക്ഷ്യമിട്ടാണ് . ഇത്തരം നിർമ്മാണങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഇന്ത്യ സേനാവിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നടപടികൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചൽപ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് ചൗ ലീജിയങ് പറഞ്ഞു. അതിർത്തിയിൽ പ്രദേശങ്ങളിൽ ഇന്ത്യ നിർമ്മിച്ച 44 പാലങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം.

സേനയുടെ ഭാഗമായ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമ്മിച്ച പാലങ്ങൾ ഇന്ത്യയിലെ ഏറ്റവും ഭാരം കൂടിയ യുദ്ധ ടാങ്കുകളുടെ സഞ്ചാരത്തിനു പറ്റിയ തരത്തിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ പുതിയ പാലങ്ങൾ തുറന്നതിൽ പ്രകോപിതരാണ് ചൈന എന്ന സത്യമാണ് ഇതോടെ പുറത്തു വരുന്നത്. പാക്കിസ്ഥാനും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും അതിവേഗം എത്തിച്ചേരാൻ സൈന്യത്തെ സഹായിക്കുന്ന പാലങ്ങൾ കഴിഞ്ഞദിവസമാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്.

ഈ പാലങ്ങൾ ചൈനയ്ക്കും പാക്കിസ്ഥാനും ഒരു പോലെ വെല്ലുവിളിയാണ്. അതിർത്തിയിൽ നടത്തുന്ന നിയമവിരുദ്ധതയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇനി അതിവേഗം ഇന്ത്യയ്ക്ക് കഴിയും. കരസേനയ്ക്കും സർജിക്കൽ സ്ട്രൈക്കുകൾ നടത്താൻ ഉതകുന്ന പാലങ്ങൾ. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യവികസനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു മൂലകാരണമെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറയുന്നത്. സമവായം ആത്മാർഥമായി നടപ്പാക്കണം. സാഹചര്യം വഷളാക്കിയേക്കാവുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഷാവോ പറഞ്ഞു.

തിങ്കളാഴ്ച തുറന്ന 44 പാലങ്ങളിൽ 30 എണ്ണം ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള പാതയിലാണ്. ഇവ ക്ലാസ് 70 പാലങ്ങൾ എന്നാണു സാങ്കേതികമായി അറിയപ്പെടുന്നത്. അതായത്, 70 ടൺ വാഹനങ്ങളുടെ ഭാരം വഹിക്കാൻ ഈ പാലങ്ങൾക്കു കഴിയും. ഇന്ത്യയുടെ ഭാരം കൂടിയ യുദ്ധ ടാങ്ക് അർജുനാണ്. ഏകദേശം 60 ടൺ ഭാരമാണുള്ളത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് പിന്നോട്ടുപോകാൻ വിസമ്മതിച്ചതിനു പിന്നാലെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ വിന്യസിച്ച ടി-90 ഭീഷ്മ ടാങ്കുകൾക്ക് 45 ടൺ ഭാരമുണ്ട്.

പുതിയ പാലങ്ങൾ സൈനികരുടെയും കരുത്തുറ്റ ആയുധങ്ങളുടെയും അതിവേഗവിന്യാസത്തിനു വഴിയൊരുക്കും. ബിആർഒയുടെ വാർഷിക ലക്ഷ്യം ഇരട്ടിയാക്കിയാക്കിയ സർക്കാർ 102 പാലങ്ങൾ നിർമ്മിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും 'ദൗത്യത്തിൽ' ഏർപ്പെട്ടിരിക്കുന്നതായി പാലങ്ങളുടെ ഓൺലൈൻ ഉദ്ഘാടനത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാനും ചൈനയുമായി ഇന്ത്യയ്ക്ക് 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അരുണാചൽ ഇന്ത്യയുടേത്

അതേ സമയം അരുണാചലും , ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അതിന് ചൈനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ഇന്ത്യ പ്രതികരിച്ചു . ഈ വർഷം ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു . അന്നും തക്ക മറുപടി ഇന്ത്യ നൽകിയിരുന്നു. അരുണാചൽ പ്രദേശ് എന്നും , എപ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് . അത് എന്നും അങ്ങനെ തന്നെയായിരിക്കും . ഈ നിലപാട് മാറ്റാൻ അയൽരാജ്യങ്ങൾക്ക് കഴിയില്ല . അരുണാചൽ പ്രദേശിനു മേലുള്ള തങ്ങളുടെ അവകാശം സ്ഥിരതയുള്ളതാണെന്ന് അന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണത് . ഇന്ത്യയുടെ നിലപാട് എല്ലായ്‌പ്പോഴും വ്യക്തവും സ്ഥിരതയുമുള്ളതാണ് അത് അയൽ രാജ്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം .

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്കും പോകുന്നതുപോലെ തന്നെയാണ് ഇന്ത്യൻ നേതാക്കൾ അരുണാചൽ പ്രദേശിലേക്ക് പോകുന്നത് . ഒരു ഇന്ത്യൻ സംസ്ഥാനത്തേക്കുള്ള സന്ദർശനത്തെ അയൽരാജ്യം എതിർക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു .ഫെബ്രുവരി 20 ന് ആഭ്യന്തരമന്ത്രി അമിത് ഷാ അരുണാചൽ പ്രദേശ് സന്ദർശനം നടത്തിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ് . ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ പരാമർശം . മുൻപ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും , നിർമ്മല സീതാരാമന്റെയും സന്ദർശന സമയത്തും ചൈന ഇത്തരത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .

ഏഴാം ചർച്ച പരാജയം

സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉന്നത സേനാതലത്തിൽ നടത്തിയ ഏഴാം ചർച്ചയിലും കാര്യമായ ഫലമുണ്ടാകാത്ത സാഹചര്യത്തിൽ, ചൈനീസ് അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. 5 മാസം പിന്നിടുന്ന സംഘർഷത്തിന് അയവു വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ആത്മാർഥ ശ്രമമില്ലെന്നും അതിർത്തിയിലുടനീളം അതീവ ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. ശൈത്യകാലത്തു അസഹനീയ കാലാവസ്ഥയുള്ള ലഡാക്ക് അതിർത്തിയിൽ നിന്നു സേനാംഗങ്ങളെ പിൻവലിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. ശൈത്യ മാസങ്ങളിലേക്കു സൈനികർക്ക് ആവശ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സേനാംഗങ്ങളെ അതിർത്തിയിലേക്കു നീക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവയും സജ്ജം. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങൾക്കു പുറമേ അടുത്തിടെ ഫ്രാൻസിൽ നിന്നു വാങ്ങിയ റഫാൽ വിമാനങ്ങളും അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. മറുവശത്തു ചൈനയും സമാന രീതിയിലുള്ള പടയൊരുക്കമാണു നടത്തുന്നത്. അതേസമയം, തർക്കങ്ങളിൽ തീരുമാനമായില്ലെങ്കിലും ചർച്ച ക്രിയാത്മമായിരുന്നുവെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന, ലേ ആസ്ഥാനമായുള്ള 14 കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ ചുമതലയേറ്റു. പാക്ക് അതിർത്തി പങ്കിടുന്ന ദ്രാസ് - കാർഗിൽ -സിയാച്ചിൻ സെക്ടറുകളുടെ സുരക്ഷാ ചുമതലയും ലേയിലെ കോറിനാണ്. സ്ഥാനമൊഴിഞ്ഞ കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ മേധാവിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP