Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായ്ക്ക് നോ പറഞ്ഞതോടെ എൻസിപിയെ പിളർത്തി മാണി സി കാപ്പനെ ഒഴിവാക്കാൻ സിപിഎം തീരുമാനം; യുഡിഎഫിൽ എത്തി പാലായിൽ മത്സരിക്കാൻ നീക്കം നടത്തി കാപ്പനും; പാലാ പിസി ജോർജിന് നൽകി ജോസ് കെ മാണിയെ വിറപ്പിക്കാൻ നീക്കങ്ങൾ നടത്തി രമേശ് ചെന്നിത്തല; ജോർജിനെ അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; ജോസ് കെ മാണി യുഡിഎഫിൽ നിന്ന് പോയതോടെ പാലായ്ക്ക് വേണ്ടി കോൺഗ്രസിൽ വമ്പൻ ചരടു വലികൾ

പാലായ്ക്ക് നോ പറഞ്ഞതോടെ എൻസിപിയെ പിളർത്തി മാണി സി കാപ്പനെ ഒഴിവാക്കാൻ സിപിഎം തീരുമാനം; യുഡിഎഫിൽ എത്തി പാലായിൽ മത്സരിക്കാൻ നീക്കം നടത്തി കാപ്പനും; പാലാ പിസി ജോർജിന് നൽകി ജോസ് കെ മാണിയെ വിറപ്പിക്കാൻ നീക്കങ്ങൾ നടത്തി രമേശ് ചെന്നിത്തല; ജോർജിനെ അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; ജോസ് കെ മാണി യുഡിഎഫിൽ നിന്ന് പോയതോടെ പാലായ്ക്ക് വേണ്ടി കോൺഗ്രസിൽ വമ്പൻ ചരടു വലികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലായിൽ മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ എ വിഭാഗത്തിന് താൽപ്പര്യം. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസ്സിൽ പാലയ്ക്ക് പറ്റിയത് പിസി ജോർജാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടതുപക്ഷത്തെത്തിയതോടെ പാല പിടിക്കാൻ കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവമാണ്. പാലാ സീറ്റ് വിട്ടുകൊടുത്ത് എൽ.ഡി.എഫിൽ തുടരാനാകില്ലെന്ന് മാണി സി കാപ്പൻ രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കൺവീനർ എം.എം ഹസന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല രംഗത്ത് വന്നതും ഇതിന്റെ ഭാഗമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നേരത്തെ മാണി സി കാപ്പൻ ചർച്ച നടത്തിയിരുന്നു. എന്നാൽ കാപ്പനെക്കാൾ നല്ലത് ജോർജ് ആണെന്ന നിലപാടിലാണ് ചെന്നിത്തല.

പാലാ വിട്ടുകൊടുക്കില്ലെന്ന കാപ്പന്റെ പ്രസ്താവന സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിൽ എത്തിക്കാനുള്ള സിപിഎം നീക്കത്തിന് മാണി സി കാപ്പൻ വിലങ്ങു തടിയായെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ എൻസിപിയെ പിളർത്തി മാണി സി കാപ്പനെ പുറത്തു കളയാനാണ് സിപിഎം തീരുമാനം. പാലാ സീറ്റിൽ ജോസ് കെ മാണി തന്നെ മത്സരിക്കും. ഇതിനിടെയാണ് പിസി ജോർജിന് വേണ്ടി ചെന്നിത്തലയും യുഡിഎഫിൽ കളികൾ തുടങ്ങിയത്. ഇത് വിജയിച്ചാൽ ജോസ് കെ മാണിയും പിസി ജോർജും തമ്മിലാകും പാലായിലെ നിയമസഭാ പോര്.

ബാർ കോഴയിൽ മാണിയെ കുടുക്കിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയും ജോർജും ചേർന്നാണെന്ന അഭ്യൂഹം ചർച്ചയായിരുന്നു. സരിതാ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ അതിശക്തമായി നിന്ന നേതാവാണ് പിസി ജോർജ്. അതുകൊണ്ട് തന്നെ ജോർജിനോട് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ പാലായിൽ ജോർജ് എത്താതിരിക്കാൻ എ ഗ്രൂപ്പ് കരുതലോടെ കളിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഹസന്റ് പ്രസ്താവനയും. ഇതിനെ സമർത്ഥമായി ചെന്നിത്തല നേരിട്ടു. മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തണമെങ്കിൽ മുന്നണിയിലെ ഘടക കക്ഷികൾ അറിയണം. അല്ലാതെ യാതൊരു വിധ രാഷ്ട്രീയ ചർച്ചയും താൻ നടത്തിയിട്ടില്ലെന്നും നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാപ്പൻ പ്രതിപക്ഷ നേതാവിനെ വിളിച്ചുവെന്ന് വാർത്താസമ്മേളനത്തിനിടെ യു ഡി എഫ് കൺവീനർ എം എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് കൺവീനറുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതോടെ കാപ്പനെ ചൊല്ലി കോൺഗ്രസിലെ ഭിന്നതകൾ പുറത്തു വന്നു. ഏതായാലും കാപ്പനെ തള്ളി മുമ്പോട്ട് പോകാനാണ് സിപിഎം തീരുമാനം. ഇനി കാപ്പന് രാജ്യസഭാ സീറ്റ് കൊടുക്കുന്നതിനെ പറ്റിയും ചിന്തിക്കില്ല. രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസുകാരൻ തന്നെ മത്സരിക്കും. പി സി ജോർജിനും പാലായിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ നിർത്തി പാലായിലേക്ക് മാറാനാണ് ജോർജിന് താൽപ്പര്യം.

രമേശ് ചെന്നിത്തലയ്ക്ക് ജോർജിനോട് താൽപ്പര്യമുണ്ട്. ജോർജിനെ കൂടെ നിർത്തി മധ്യ കേരളത്തിൽ ഐ ഗ്രൂപ്പിന്റെ രാഷ്ട്രീയം സജീവമാക്കാനാണ് നീക്കം. കോട്ടയത്ത് എ ഗ്രൂപ്പിനുള്ള മൃഗീയ ആധിപത്യം തകർക്കാൻ ജോർജിന്റെ സഹായം തേടാനാണ് നീക്കം. എ ഗ്രൂപ്പിൽ നിന്ന് ബെന്നി ബെഹന്നാൻ ചെന്നിത്തലയ്‌ക്കൊപ്പം എത്തി കഴിഞ്ഞു. ഇങ്ങനെ ക്രൈസ്തവരായ നേതാക്കളെ കോട്ടയത്ത് തനിക്കൊപ്പം നിർത്താനും ആലോചനയുണ്ട്. ഇതിന് പാലായിൽ ജോർജിനെ സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിനെ മുന്നണിയിൽ കൊണ്ടു വരുന്നതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നണിയിൽ എടുക്കാതെയുള്ള സഹകരണം പിസി ജോർജുമായി ആകാമെന്ന വാദവും സജീവമാണ്.

ജോസ് കെ മാണി യുഡിഎഫ് വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ടയിലും കോട്ടയത്തും പിസിയുടെ പാർട്ടിക്കും പ്രവർത്തകരുണ്ട്. ഇവരെ ഒപ്പം നിർത്താനാണ് പിസിയെ കൂടെ കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും എതിരെയാണ് പൂഞ്ഞാറിൽ പിസി മത്സരിച്ചതും ജയിച്ചതും. പിന്നീട് എൻഡിഎയിലേക്ക് മാറി. പിന്നീട് പതിയെ ബിജെപി മുന്നണിയിൽ നിന്ന് പുറത്തു വരികയും ചെയ്തു. ഇതിന് ശേഷം യുഡിഎഫിലെത്താൻ പിസി ശ്രമിച്ചെങ്കിലും ജോസ് കെ മാണി ഫാക്ടർ തടസ്സമായി. ജോസ് കെ മാണി യുഡിഎഫിന് പുറത്തു പോയതാണ് പിസി ജോർജിന് അനുകൂലമാകുന്നത്.

സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കുന്നുണ്ട്. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. എന്നാൽ പിസി ജോർജിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇപ്പോഴും പൂർണ്ണമായും അനുകൂലമല്ല. മുന്നണിയിൽ എടുത്താലും മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പൂഞ്ഞാർ മാത്രമേ നൽകാനാകൂവെന്നും എ ഗ്രൂപ്പ് നിലപാട് എടുക്കുന്നുണ്ട്. ഇതിനിടെയാണ് പാലാ പിസിക്ക് കൊടുക്കാൻ ചെന്നിത്തല താൽപ്പര്യം കാട്ടുന്നത്.

ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ജോർജിൽ നിന്ന് സഹായവും ഐക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ല എന്നാണ് പിസി ജോർജ് വ്യക്തമാക്കിയിരിക്കുന്നത്. താൻ 7 തവണ പൂഞ്ഞാറിൽ നിന്ന് എംഎൽഎ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുകയാണെങ്കിൽ അത് പൂഞ്ഞാർ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. മകൻ ഷോൺ ജോർജ്ജിനെ പൂഞ്ഞാറിൽ നിന്ന് മത്സരിപ്പിക്കാനാണോ പിസി ഉദ്ദേശിക്കുന്നത് എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.

ജനപക്ഷത്തെ യു ഡിഎഫിന്റെ ഭാഗമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ കത്തോലിക്ക സഭയിലെ പ്രമുഖനായ ബിഷപ്പ് സമർദ്ദം തുടങ്ങിയതായി സൂചനയുണ്ട്. ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ യു ഡി എഫുമായി സഹകരിപ്പിക്കുക, അല്ലെങ്കിൽ പി ജെ ജോസഫിനൊപ്പം കേരള കോൺഗ്രസിന്റെ ഭാഗമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കത്തോലിക്ക മെത്രാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത സംഭവത്തിൽ കത്തോലിക്ക സഭയിലെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ഏക രാഷ്ട്രീയ നേതാവ് പി സി ജോർജ് മാത്രമായിരുന്നു.

സഭയെ പൊതുമധ്യത്തിൽ അപമാനിക്കുവാൻ ചിലർ ശ്രമിച്ചപ്പോൾ സഭയുടെ പുത്രനായി രംഗത്തുണ്ടായിരുന്നത് ജോർജ് മാത്രമാണെന്ന വൈകാരികമായ നിലപാടാണ് സഭയിലെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം മെത്രാൻന്മാർക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കത്തോലിക്ക സഭയ്ക്ക് വലിയ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വരുന്ന നിയമസഭയിൽ അങ്കം കുറിക്കാനും ജോർജിന് ാൽപ്പര്യമുണ്ട്. എന്നാൽ പ്രഥമ പരിഗണന പാലായ്ക്കാണെന്നാണ് സൂചന. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച ആദ്യ നിർദ്ദേശം.

എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോർജ്. ജനപക്ഷം എന്ന പാർട്ടിയായി തന്നെ മുന്നണിയിൽ നിൽക്കാനാണ് പിസി ജോർജ്ജിന് താൽപര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുള്ള പിസിയുടെ നീക്കങ്ങൾ. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പിസി ജോർജ്ജ് സർക്കാരിനെതിരെയാണ് നിലപാട് എടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോർജ്ജ് പറഞ്ഞിരുന്നു.

ജനപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം യുഡിഎഫിനെ പിസി ജോർജ് ലക്ഷ്യം വയ്ക്കുന്നതിന്റെ സൂചനകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP