Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയതോടെ കമ്യൂണിസ്റ്റ് വിരുദ്ധനായി; ഇഎംഎസുമായി അടുത്ത ബന്ധമുണ്ടായിട്ടും സ്വീകരിച്ചത് ആധ്യാത്മിക പാത; അരനൂറ്റാണ്ടു നീണ്ടു നിന്ന വിമർശനത്തിനുശേഷം ചൂഷണ വ്യവസ്ഥയ്ക്ക് എതിരായ കവിയെന്ന് പിണറായി; കാവിക്കവിയെന്ന് വിമർശക്കപ്പെട്ട അക്കിത്തം പുരോഗമന കവിയായത് ഈയിടെ മാത്രം

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയതോടെ കമ്യൂണിസ്റ്റ് വിരുദ്ധനായി; ഇഎംഎസുമായി അടുത്ത ബന്ധമുണ്ടായിട്ടും സ്വീകരിച്ചത് ആധ്യാത്മിക പാത; അരനൂറ്റാണ്ടു നീണ്ടു നിന്ന വിമർശനത്തിനുശേഷം ചൂഷണ വ്യവസ്ഥയ്ക്ക് എതിരായ കവിയെന്ന് പിണറായി; കാവിക്കവിയെന്ന് വിമർശക്കപ്പെട്ട അക്കിത്തം പുരോഗമന കവിയായത് ഈയിടെ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജ്ഞാനപീഠ പുരസ്്ക്കാരംവരെ നേടിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരി യാത്രയാവുമ്പോൾ ചർച്ചയാവുന്നത് കവിതയുടെ വരികൾ വായിച്ച് കവിയുടെ രാഷ്ട്രീയം കണ്ടുപിടിച്ച് ചാപ്പയടിക്കുന്ന രീതി കൂടിയാണ്. ദീർഘാകലം കാവിക്കവിയെന്ന് കമ്യൂണിസ്റ്റ് ബുദ്ധിജീവികളാൽ ആക്ഷേപിക്കപ്പെട്ട വ്യകതിയായിരുന്നു അദ്ദേഹം.

പുരോഗമന കലാസാഹിത്യ സംഘത്തിലെ ഇടതുബുദ്ധിജീവികളുടെയാക്കെ നിശിമായ വിമർശനത്തിന് പാത്രമായ കവിയാണ് കവി അക്കിത്തം. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം 'അടക്കമുള്ള അദ്ദേഹത്തിന്റെ കവിതകൾ ഫ്യൂഡൽ ഗൃഹാതുരത്വം ഉയർത്തുന്നവയും സംഘപരിവാർ ആശയങ്ങൾക്ക് വളംവെക്കുന്നതാണെന്നുമാണ് പണ്ട് പി ഗോവിന്ദപിള്ളയെപ്പോലുള്ള ഇടത് ദാർശനികൾ എഴുതിയത്.

അരനൂറ്റാണ്ട് നീണ്ട് ഈ വിമർശനം ഈയിടെ മാത്രമാണ് ഇടതുബുദ്ധിജീവികൾ അവസാനിപ്പിച്ചത്. സത്യത്തിൽ അക്കിത്തത്തിന് കക്ഷി രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നു. തപസ്യയുടെ അവാർഡ് സ്വീകരിക്കുകയും ബാലഗോകുലത്തിന്റെ ചില പരിപാടികളിൽ പങ്കെടുത്തതും അടക്കമുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ ചിലർ രാഷ്ട്രീയം കലർത്തുകയായിരുന്നു.

തുടക്കം യോഗക്ഷേമ സഭക്കൊപ്പം

കവിതക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങളും നടത്തിയിരുന്ന അക്കിത്തം തുടങ്ങിയത് യോഗക്ഷേമ സഭക്കൊപ്പം ആയിരുന്നു. യോഗക്ഷേമസഭ (തൃശ്ശൂർ) യിലെ അംഗമെന്ന നിലയിൽ, നമ്പൂതിരി സമുദായപരിഷ്‌കരണങ്ങൾക്കു വേണ്ടി പ്രയത്‌നിച്ചു. മഹാത്മജിയുടെ നേതൃത്വത്തിൽ ശക്തമായിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനം ഈ പ്രവർത്തനങ്ങൾക്കുണ്ടായിരുന്നു.

1946 - 49 കാലത്ത് യോഗക്ഷേമസഭയുടെ പ്രമുഖ നേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി. നാരായണന്റെ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു. മനുഷ്യനെ മനുഷ്യനിൽ നിന്നകറ്റിനിർത്തുന്ന യാഥാസ്ഥിതികത്വത്തിന്ന് അക്കിത്തം എന്നും ഒരു ഭീഷണിയായിരുന്നു. തീണ്ടലിനെതിരെ 1947 ൽ നടന്ന പാലിയം സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുക്കുകയുണ്ടായി.1950 - 52 കാലഘട്ടത്തിൽ പൊന്നാനി കേന്ദ്രകലാസമിതിയുടെ സെക്രട്ടറി, 1953 - 54 ൽ പ്രസിഡണ്ട്. ഇടശ്ശേരി, വി.ടി., നാലപ്പാടൻ, വി എം. നായർ, ബാലമണിയമ്മ, എൻ.വി.കൃഷ്ണവാരിയർ, സി.ജെ.-തോമസ്, എം. ഗോവിന്ദൻ, ചിറക്കൽ ടി. ബാലകൃഷ്ണൻനായർ, എസ്.കെ. പൊറ്റെക്കാട്ട് എന്നിവർക്ക് ഈ കലാസമിതിയുമായി അഗാധമായബന്ധമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രകലാസമിതിയാണ്, പിൽക്കാലത്ത്, കേരളത്തിലെ നാടകപ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച മലബാർ കേന്ദ്രകലാസമിതിയായി വികസിച്ചത്.

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന് 61 വർഷങ്ങൾക്ക മുമ്പേ , എഴുതി വെച്ച് കവിതയിൽ ആർജ്ജവത്തിന്റെ വെള്ളിടിവെട്ടം തീർത്ത മഹാകവിയാണ് അക്കിത്തം എന്ന അക്കിത്തം അച്യുതൻ നമ്പൂതിരി.1948-49-ൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്ത്വത്തിൽ നിന്നുമാണ് ഈ വരികൾ ഉൾക്കൊള്ളുന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അക്കിത്തം എഴുതുന്നത് .ആ കാലഘട്ടത്തിലെ ഇടതുപക്ഷഇടപെടലകളോടുള്ള വിയോജിപ്പിൽ നിന്നാണ് 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' പിറക്കുന്നത് .

ഇതിഹാസം 1951 ൽ എഴുതപ്പെടുകയും 30-8-1952 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.കവിത പുറത്ത് വന്നതോട് കൂടി ഇ.എം.എസ്സ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു.ചരിത്രം എന്തുപറഞ്ഞാലും പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്നേഹത്താൽ നിർമ്മിക്കപ്പെടേണ്ടതാണ് ജീവിതം അദ്ദേഹത്തിന്റെ ഓരോ രചനയും ഓർമ്മിപ്പിക്കുന്നു.

എന്നാൽ തീവ്രമായ നകസ്ല് പ്രസ്ഥാനത്തിലേക്ക് കവികൾ ആകർഷിക്കപ്പെടുന്ന ആ കാലത്ത് ആത്മീയ ധാര ഉയർത്തിപ്പിടക്കയായിരുന്നു അക്കിത്തം ചെയ്തത്. തൃശ്ശൂർ, തിരുന്നാവായ, കടവല്ലൂർ, എന്നി-വിടങ്ങളിലെ പ്രശസ്തമായ വേദപാഠശാലകളോടു ബന്ധപ്പെട്ട് വേദവിദ്യാപ്രചാരണത്തിന്നു പരി്രശമിച്ചു. 1974-88 കാലത്ത് പാഞ്ഞാളിലും, തിരുവനന്തപുരത്തും കുണ്ടൂരിലും നടന്ന യജ്ഞങ്ങൾക്കു പിറകിൽ പ്രവർത്തിച്ച ശക്തിയായിരുന്നു. അബ്രാഹ്മണർക്കിടയിലും വേദവിജ്ഞാനം പ്രചരിപ്പിക്കണമെന്ന് നിശിതമായി അദ്ദേഹം വാദിച്ചു. പക്ഷേ ഇതോടെ കാവിക്കവി എന്ന വിമർശനം വർധിക്കയാണ് ചെയ്തത്.

ഒടുവിൽ നിലപാട് തിരുത്തി സിപിഎമ്മും

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി തങ്ങളുടെ യാത്രിക വിമർശനത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം തന്നെ തിരിച്ചറിഞ്ഞിരുന്നു. എം എ ബേബിയെയും പ്രഭാവർമ്മയെയും പോലുള്ളവർ കവിയുടെ വ്യക്തിപരവും മതപരവുമായ നിലപാടുകൾ നോക്കി കവിതയെ വിമർശിക്കരുത് എന്ന അഭിപ്രായക്കാരായിരുന്നു.

ജ്ഞാനപീഠ പുര്സക്കാര ലബ്ധിയൽ നിൽക്കുന്ന കവിയെ ചൂഷണവ്യവസ്ഥക്ക് എതിരായി പോരാടുന്ന പുരോഗമന കവിയാക്കുകയാണ് സിപിഎം. കഴിഞ്ഞാമാസം അതായത് 2220 സ്പെ്റ്റമ്പർ 25ന് അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം നൽകുന്ന ചടങ്ങിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രംസഗം സൂചിപ്പിക്കുന്നത് അതാണ്.

അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന രചന കമ്യൂണിസ്റ്റ് വിരുദ്ധ കൃതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു സൗഹൃദപൂർണമായ വിമർശനമായാണ് കാണേണ്ടത്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കൽ എന്ന കാവ്യത്തെയും അതുപോലെത്തന്നെയാണ് കാണേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്കിത്തത്തിന്റെ കവിതകൾ ചൂഷണവ്യവസ്ഥയ്ക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ വരികൾ പഴഞ്ചൊല്ലുപോലെ സാധാരണക്കാർക്കിടയിൽ പ്രചരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.'പണ്ടത്തെ മേശാന്തി' എന്ന കവിതയിലെ 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ' എന്ന വരികൾ ഉൽപാദനോപാധികളിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യന്റെ ശബ്ദമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. അക്കിത്തത്തെ തുറന്ന മനസ്സോടെ പഠിക്കാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.ജ്ഞാനപീഠപുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാര സമർപ്പണം. 2008ൽ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ , കളിക്കൊട്ടിലിൽ , അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങിയവ അടക്കം 43 ഓളം കൃതികൾ എഴുതിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയാണ് രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം അക്കിത്തത്തിന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായ ചടങ്ങിലായിരുന്നു പുരസ്‌ക്കാര സമർപ്പണം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ജ്ഞാനപീഠം പുരസ്‌കാര സമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം ടി വാസുദേവൻ നായർ, ഇ.ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഓൺലൈനായി കവിക്ക് ആശംസ നേർന്നിരുന്നു. അക്കിത്തത്തിന്റെ പേരിൽ കേരളത്തിൽ നടന്ന അവസാനത്തെ ചടങ്ങും അതുതന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP