Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്നെഴുതി കമ്മ്യൂണിസ്റ്റ് വിരുദ്ധനായി; ഹിന്ദു വർഗ്ഗീയതയെ താലോലിക്കുന്നതാണ് രചനകൾ എന്ന വിമർശനം ഉയർന്നപ്പോഴും മഹാകവി രചനകളിലും വാക്കുകളിലും നിറച്ചത് ഗാന്ധിജി പകർന്ന് തന്നെ അതേ ഭാരതീയതയിൽ ഊന്നിയ അഹിംസാ ആദർശങ്ങൾ; വരികളിൽ ആർജ്ജവം നിറച്ച് അക്കിത്തം വിടവാങ്ങുമ്പോൾ

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്നെഴുതി കമ്മ്യൂണിസ്റ്റ് വിരുദ്ധനായി; ഹിന്ദു വർഗ്ഗീയതയെ താലോലിക്കുന്നതാണ് രചനകൾ എന്ന വിമർശനം ഉയർന്നപ്പോഴും മഹാകവി രചനകളിലും വാക്കുകളിലും നിറച്ചത് ഗാന്ധിജി പകർന്ന് തന്നെ അതേ ഭാരതീയതയിൽ ഊന്നിയ അഹിംസാ ആദർശങ്ങൾ; വരികളിൽ ആർജ്ജവം നിറച്ച് അക്കിത്തം വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'എന്ന് കാലങ്ങൾക്കു മുമ്പേ, എഴുതി. ആർജ്ജവമായിരുന്നു വാക്കുകളിൽ നിറച്ചത്. 1948-49-ൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്ത്വത്തിൽ നിന്നുമാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' ഈ വരികൾ ഉൾക്കൊള്ളുന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അക്കിത്തം എഴുതുന്നത്. ആ കവിത പുറത്ത് വന്നതോട് കൂടി ഇ.എം.എസ്സ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടുവെന്നതും വസ്തുതയാണ്. സംഘപരിവാർ സംഘടനയായ തപസ്യയുടെ അധ്യക്ഷനായും അക്കിത്തം പ്രവർത്തിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം മാറിയത് സാഹിത്യ സൃഷ്ടികളിലൂടെയാണ്. മാനവികതയിലൂന്നി നിന്നുള്ള ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയായി. സ്‌നേഹത്താൽ നിർമ്മിക്കപ്പെടേണ്ടതാണ് ജീവിതമെന്ന് ഓർമ്മിപ്പിച്ച രചനാ വൈറഭവം. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം,2012 ലെ വയലാർ അവാർഡ് (അന്തിമഹാകാലം) എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ഒപ്പം ജ്ഞാനപീഠവും പത്മശ്രീയും. ഭാരതിയതിയിൽ അടിസ്ഥാനമാക്കി നിരുപാധികം സ്‌നേഹം വരച്ചു കാട്ടിയ കവിയാണ് 93-ാം വയസ്സിൽ യാത്രയാകുന്നത്.

1930കളിൽ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ, സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് വി ടി ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തിൽ, പഴകിയ ആചാരങ്ങളുടെ പായൽ പിടിച്ച തറവാട്ടകങ്ങളിൽ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുൾപ്പടെയുള്ള തലമുറ. സംസ്‌കൃതവും വേദവുമല്ലാതെ, മലയാളം പഠിച്ചു. ഇംഗ്ലീഷ് പഠിച്ചു. 1946 മുതൽ മൂന്ന് വർഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അദ്ദേഹം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി. ഇടശ്ശേരിയുടെ നേതൃത്വത്തിൽ പൊന്നാനിയിലുരുവം കൊണ്ട ഒരു സാംസ്‌കാരികപരിസരം അക്കിത്തത്തിലെ കവിയെ വളർത്തി. ഇടശ്ശേരിയുടെ കവിതാ പാമ്പര്യവുമായി അക്കിത്തം ഭാരതീയ ദർശനത്തിലൂടെ സ്‌നേഹത്തെ വിവരിച്ചു.

ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തിൽ എതിർത്തതോടെ, അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരുണ്ടായി. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറഞ്ഞിട്ടുണ്ട്. ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തത്തിന്റെ പിൽക്കാലത്തെ നിലപാടുകൾ എന്ന വിമർശനം സക്കറിയ ഉൾപ്പടെയുള്ളവർ ഉന്നയിച്ചിട്ടുണ്ട്. 'ജലകാമനയുടെ വേദാന്തം' എന്ന് ആർ വിശ്വനാഥൻ അക്കിത്തത്തിന്റെ കവിതകളെ വിശേഷിപ്പിച്ചിട്ടുണ്ട്.

യുദ്ധവും നഗരവൽക്കരണം സൃഷ്ടിച്ച അരക്ഷിതത്വവും സ്‌നേഹശൂന്യമായ കാലത്തിന്റെ സങ്കടകഥകളും കവിതകളിൽ നിറച്ചു. ഗാന്ധിയൻ ആത്മീയതയും അതിന്റെ മുഖമുദ്രയായ മാനവികതയും അക്കിത്തത്തിന്റെ കവിതകളുടെ അന്തർധാരയാണ്. 'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' എന്നെഴുതിയ കവിയുടെ രചനകളുടെയും ജീവിതത്തിന്റെയും അന്തസ്സത്തയായിത്തന്നെ നിൽക്കുന്നു ആ വരികൾ. മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താൽപര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന 'ഉണ്ണി നമ്പൂതിരി'യുടെ പ്രിന്ററും പബ്ലിഷറുമായി.

വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു, ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവർത്തിച്ച അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ് പ്രധാനകൃതികൾ.

അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവർണക്കിളികൾ, മനസ്സാക്ഷിയുടെ പൂക്കൾ, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകൾ, ബലിദർശനം, അനശ്വരന്റെ ഗാനം, സഞ്ചാരികൾ, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആർ ദാസിന്റെ ഖണ്ഡകാവ്യ വിവർത്തനം) എന്നിവയാണ് മറ്റ് കവിതാസമാഹാരങ്ങൾ. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, കളിക്കൊട്ടിൽ എന്നീ ബാലസാഹിത്യകൃതികളും കടമ്പിൻപൂക്കൾ, അവതാളങ്ങൾ എന്നീ ചെറുകഥകളും 'ഈ ഏടത്തി നൊണേ പറയൂ' എന്ന നാടകവും ഉപനയനം, സമാവർത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.

മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, വയലാർ അവാർഡ്, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അക്കിത്തം കവിതകൾ നിരവധി ഭാരതീയ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP