Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈഫ് മിഷന് അതിവേഗ അനുമതികൾ നൽകുന്നവർക്ക് മത്സ്യ തൊഴിലാളികളുടെ കാര്യമെത്തുമ്പോൾ നിയമവും നൂലാമാലകളും! പൈലറ്റ് പദ്ധതിയുടെ കരാർ അടക്കം പരിശോധിച്ചാലേ ജിയോ ട്യൂബിൽ തീരുമാനം എടുക്കാനാകൂവെന്ന് നിയമമന്ത്രി; മന്ത്രി ബാലന്റെ ചട്ടപ്പടി കേട്ട് പൊട്ടിത്തെറിച്ചത് വിഎസിന്റെ പഴയ വിശ്വസ്തയായ മന്ത്രി മേഴ്സികുട്ടിയമ്മ; ഒന്നും മിണ്ടാതെ മുഖ്യമന്ത്രിയും; മന്ത്രിസഭയിൽ ആദ്യ കലഹം

ലൈഫ് മിഷന് അതിവേഗ അനുമതികൾ നൽകുന്നവർക്ക് മത്സ്യ തൊഴിലാളികളുടെ കാര്യമെത്തുമ്പോൾ നിയമവും നൂലാമാലകളും! പൈലറ്റ് പദ്ധതിയുടെ കരാർ അടക്കം പരിശോധിച്ചാലേ ജിയോ ട്യൂബിൽ തീരുമാനം എടുക്കാനാകൂവെന്ന് നിയമമന്ത്രി; മന്ത്രി ബാലന്റെ ചട്ടപ്പടി കേട്ട് പൊട്ടിത്തെറിച്ചത് വിഎസിന്റെ പഴയ വിശ്വസ്തയായ മന്ത്രി മേഴ്സികുട്ടിയമ്മ; ഒന്നും മിണ്ടാതെ മുഖ്യമന്ത്രിയും; മന്ത്രിസഭയിൽ ആദ്യ കലഹം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പിണറായി മന്ത്രിസഭയിലെ ചങ്കുറപ്പുള്ള ഏക മന്ത്രിയാണ് മേഴ്‌സികുട്ടിയമ്മ എന്ന് നേരത്തെ തന്നെ സെക്രട്ടറിയേറ്റിൽ അടക്കം പറച്ചിലുണ്ടായിരുന്നു. തന്റെ വകുപ്പിന്റെ പദ്ധതികളിൽ സ്വയം തീരുമാനം എടുക്കുന്ന മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലൊന്നും ആ വകുപ്പിൽ നടക്കില്ല. തുടക്കം മുതൽ എല്ലാം മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ കൈകളിൽ ഭദ്രം. ബാഹ്യ ഇടപെടൽ അനുവദിക്കാതെ പോകുന്ന ഈ മന്ത്രിയാണ് ഒടുവിൽ പൊട്ടിത്തെറിക്കുന്നത്.

ജിയോട്യൂബ് പദ്ധതി വൈകുന്നതിൽ മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചോദ്യം ചെയ്യുന്നത് പാവങ്ങളോടുള്ള സർക്കാരിലെ ഇരട്ടത്താപ്പുകളെയാണ്. കടൽഭിത്തി നിർമ്മിച്ച് കടലാക്രമണം പ്രതിരോധിക്കുന്നതിന് ബദലായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതിലാണ് മന്ത്രി രോഷം കൊണ്ടത്. പൈലറ്റ് കരാർ വീണ്ടും പരിശോധിക്കണം എന്ന നിയമമന്ത്രി എ.കെ. ബാലന്റെ നിർദ്ദേശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

സ്പ്രിങ്ലറിലും ബെവ്‌കോ ആപ്പിലും അതിവേഗ തീരുമാനം എടുക്കുന്നവർ കടപ്പുറത്തെ കാര്യം വരുമ്പോൾ നിയമവും നൂലാമാലകളിലും കയറി പിടിക്കുന്നു. ഇതു കാരണം ദുരിതത്തിലാകുന്നത് പാവങ്ങളാണ്. ഈ വികാരമാണ് മേഴ്‌സികുട്ടിയമ്മ പങ്കുവയ്ക്കുന്നത്. വി എസ് അച്യുതാനന്ദന്റെ അടുത്ത അനുയായി ആയി സിപിഎമ്മിൽ പിണറായിയ്‌ക്കെതിരെ ശബ്ദമുയർത്തി ഗ്രൂപ്പിലെ പ്രമുഖ. മറ്റെല്ലാവരും നിശബ്ദരാകുമ്പോൾ തന്നെ അതിന് കിട്ടില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് മന്ത്രിസഭാ യോഗത്തിൽ മേഴ്‌സികുട്ടിയമ്മ.

പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗങ്ങളിൽ പരിധി വിട്ട ചർച്ചകൾ നടക്കാറില്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്ന സാഹചര്യത്തിലാണ് അത്. ഇതാണ് മേഴ്‌സികുട്ടിയമ്മ തെറ്റിക്കുന്നത്. കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതിൽ മന്ത്രിസഭാ യോഗത്തിൽ പൊട്ടിത്തെറിച്ച് ഫിഷറീസ് മന്ത്രി പ്രകടിപ്പിച്ചത് പദ്ധതിയുടെ ആവശ്യകത കൂടിയാണ്. പൈലറ്റ് പദ്ധതിയുടെ കരാർ നൽകിയതടക്കം വീണ്ടും പരിശോധിക്കണമെന്ന നിയമമന്ത്രിയുടെ നിർദ്ദേശം ആണ് മേഴ്സിക്കുട്ടിയമ്മയെ പ്രകോപിപ്പിച്ചത്. ഈ ഫയൽ ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. കടൽഭിത്തി നിർമ്മിച്ചുള്ള കടലാക്രമണ പ്രതിരോധത്തിന്റെ ബദലാണ് ജിയോട്യൂബ് അഥവ ഭൂവസ്ത്രക്കുഴൽ.

കിഫ്ബി സഹായത്തോടെ പൂന്തുറകടപ്പുറത്താണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കരാർ നൽകുന്ന നടപടി തടസ്സപ്പെട്ടു. ഇക്കാര്യം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു. കരാർ നൽകിയത് അടക്കമുള്ളവ ഒരിക്കൽ ക്കൂടി പരിശോധിക്കേണ്ടി വരുമെന്ന നിയമമന്ത്രിയുടെ നിർദ്ദേശമാണ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയെ പ്രകോപിപ്പിച്ചത്. ഇങ്ങനെ പോയാൽ പദ്ധതി ഈ സർക്കാരിന്റെ കാലത്ത് നടക്കുമോയെന്ന് ചോദിച്ച് മെഴ്‌സിക്കുട്ടി അമ്മ ക്ഷോഭിച്ചു. 'പരിശോധന എന്ന് തീരും. അപ്പോഴേക്കും സർക്കാരിന്റെ കാലാവധി തീരില്ലേ ' - മന്ത്രി ചോദിച്ചു. ജിയോട്യൂബ് പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുകയാണ്.

പദ്ധതി നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിലെ അനുഭവം വിശദീകരിച്ച് അവർ വികാരഭരിതയായി. കടൽക്ഷോഭം ചെറുക്കാനുള്ള അഭിമാന പദ്ധതിയെന്ന നിലയിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജിയോട്യൂബ് പദ്ധതിയെ കാണുന്നത്. എന്നാൽ ഈ പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടില്ല. ജിയോട്യൂബ് സംസ്ഥാനത്താദ്യമായി നടപ്പാക്കുന്നതായതുകൊണ്ട് ഇതേപ്പറ്റി സർക്കാരിന് മുന്നിൽ വ്യക്തമായ മാനദണ്ഡമില്ല. അതു കൊണ്ടാണ് നിയമപരമായ പരിശോധനവേണ്ടിവരുന്നതെന്ന് മന്ത്രി എ.കെ.ബാലൻ ചൂണ്ടിക്കാട്ടി. അതിലും മേഴ്‌സിക്കുട്ടിയമ്മ തൃപ്തയായില്ല. അപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.

കടൽക്ഷോഭം നേരിടുന്നതിനു കരിങ്കൽഭിത്തി കെട്ടുന്നതിനുള്ള പ്രതിസന്ധികൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സഹായകമാകുകയാണു ജിയോ ട്യൂബ് ഉപയോഗിച്ചുള്ള മാതൃക. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ 100മീറ്റർ ദൂരത്തിൽ കഴിഞ്ഞ കൊല്ലം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നിർമ്മാണം വിജയകരമാണെന്നാണു ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. 2016ലായിരുന്നു ഇത് സ്ഥാപിച്ചത്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത സിന്തറ്റിക് ട്യൂബിൽ മണൽ അരിച്ചുനിറച്ചാണ് ഇവിടെ കടൽഭിത്തി സ്ഥാപിച്ചത്. ആകെ 20 മീറ്റർ നീളവും 9.4 മീറ്റർ ചുറ്റളവുമുള്ള 15 ട്യൂബുകളിൽ മണൽ അരിച്ചുനിറച്ചു. ഒരു ട്യൂബിനു രണ്ടുലക്ഷം രൂപയോളം വിലവരും. അടിത്തറയിൽ സമാന്തരമായി രണ്ടുട്യൂബുകളും മുകളിൽ ഓരോ ട്യൂബുകളുമാണു സ്ഥാപിച്ചത്. വലിയ ഭീമൻ സ്രാവുകൾ തീരത്തു കിടക്കുന്നതുപോലുള്ള കാഴ്ചയാണിത്.

കുറഞ്ഞതു 10 വർഷമെങ്കിലും കേടുപാടില്ലാതെ നിലനിൽക്കുമെന്നാണു നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഭിത്തി കെട്ടാൻ കല്ല് കിട്ടാത്തതും ഓരോ വർഷവും കെട്ടുന്ന കല്ലുകൾ വേഗം ഒഴുകിപ്പോകുന്നതും മൽസ്യബന്ധനത്തിനു തടസമാകുന്നതും കരിങ്കല്ലുകൾ ഉപയോഗിച്ചുള്ള ഭിത്തി നിർമ്മാണം നേരിടുന്ന പ്രതിസന്ധിയായി തീരദേശവാസികൾ തന്നെ പറയുന്നു. മൽസ്യബന്ധന ഉപകരണങ്ങളുമായി ഭിത്തിക്കു മുകളിലൂടെ സഞ്ചരിക്കാമെന്നതിനാൽ മൽസ്യതൊഴിലാളികളും ജിയോ ട്യൂബിനു അനുകൂല നിലപാടാണു സ്വീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP