Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിന് നിയമ പരിഷ്‌കരണം; ചുമട്ടുതൊഴിലാളി നിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിന് നിയമ പരിഷ്‌കരണം; ചുമട്ടുതൊഴിലാളി നിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിനും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും 2010-ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

നാശോമുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാൻ നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. മത്സ്യ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അക്വകൾച്ചർ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്‌ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്‌സ്, പുനചംക്രമണകൃഷി, മുതലായ നൂതന രീതികൾ ഇപ്പോൾ അക്വാകൾച്ചർ രംഗത്ത് പ്രയോഗിക്കുന്നുണ്ട്. അത്യൂൽപാദനശേഷിയുള്ള നൈൽതിലാപ്പിയ, വനാമി ചെമ്മീൻ, പങ്കേഷ്യൻ എന്നീ വിദേശ മത്സ്യ ഇനങ്ങളും വളർത്തുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതും നിയമഭേദഗതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്റ് കൗൺസിലുകളും മത്സ്യകൃഷി വികസനത്തിന് അക്വാകൾച്ചർ ഡവലപ്‌മെന്റ് ഏജൻസികളും രൂപീകരിക്കും.

മത്സ്യത്തിന്റെ പ്രജനനത്തിനും ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിർമ്മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സർക്കാർ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്റെ നിക്ഷേപവും പരിപാലനവും വിപണനവും പാടില്ല. വന്യജീവി സങ്കേതത്തിലെ ജലാശയങ്ങളിൽ തദ്ദേശീയ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന മറ്റു മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് അനുവദിക്കില്ല.

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനും നിയന്ത്രണം കൊണ്ടുവരാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. ലൈസൻസില്ലാത്ത ഒരാൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിൽ ഏർപ്പെടാനോ ടിക്കറ്റ് വെച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കാനോ പാടില്ല. എന്നാൽ ഒരു അലങ്കാര മത്സ്യഉൽപാദന യൂണിറ്റിൽ നിന്നും അലങ്കാര മത്സ്യങ്ങൾ വിൽപന നടത്തുന്നതിനോ വീടുകളിൽ അക്വേറിയത്തിൽ അലങ്കാര മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളിൽ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദർശനമോ വിപണനമോ അനുവദിക്കില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ കേരളത്തിലേക്ക് കൊണ്ടുവരുന്ന അലങ്കാര മത്സ്യങ്ങൾക്ക് നിശ്ചിത ഗുണനിലവാരമുണ്ടായിരിക്കണം. അല്ലാത്തവ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.

ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ്

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടു കൂടി റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43-ാം വകുപ്പ് ഭേദഗതി ചെയ്യുവാൻ 2020-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികൾക്ക് എടുക്കാവുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിനും സ്ത്രീകൾ, കൗമാരക്കാർ എന്നിവർ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. 127-ാം അന്താരാഷ്ട്രതൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശ കണക്കിലെടുത്താണ് ഈ തീരുമാനം.

52 സൂപ്പർന്യൂമററി തസ്തിക

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ പത്തു വർഷം സേവനം പൂർത്തിയാക്കിയ 52 താൽക്കാലിക ഡ്രൈവർമാരെ അവർ സേവനമനുഷ്ഠിക്കുന്ന ഗ്രാപഞ്ചായത്തുകളിൽ / നഗരസഭകളിൽ എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് 2 തസ്തിക സൂപ്പർന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

സ്റ്റാഫ് പാറ്റേണും സർവീസ് റൂൾസും

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും സർവീസ് റൂൾസും മന്ത്രിസഭ അംഗീകരിച്ചു.

അഗ്‌നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകൾക്ക് സഹായം

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണ പ്രവർത്തനത്തിന് ഉപയോഗിച്ച് കേടായ അഗ്‌നിരക്ഷാ വാഹനങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുദിക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP