Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതിന് എരുമേലിയിൽ റേഞ്ച് ഓഫീസർക്കെതിരെ പരാതി

സ്വന്തം ലേഖകൻ

എരുമേലി: കൃഷി നശിപ്പിച്ചത് കാട്ടുപന്നികൾ, പക്ഷെ പൊലീസിന് കിട്ടിയ പരാതിയിൽ പ്രതിയായത് ഫോറസ്റ്റ് റേഞ്ച് ഓഫിസർ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കാട്ടുപന്നികളെ പിടികൂടാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലേക്ക് റേഞ്ച് ഓഫിസറും വനം വകുപ്പും. എരുമേലിയിലാണ് സംഭവം. മുക്കൂട്ടുതറ ഉൾപ്പെടെയുള്ള എരുമേലിയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലെ കർഷകരാണ് സഹികെട്ട് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാസങ്ങളോളമായി വ്യാപകമായി പന്നികൾ കൃഷി നശിപ്പിച്ചിട്ടും ഒരു പന്നിയെ പോലും വനം വകുപ്പ് പിടികൂടിയില്ലെന്ന് മാത്രമല്ല പന്നികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവുണ്ടായിട്ടും നടപടികൾ സ്വീകരിച്ചില്ല. കൃഷി സ്ഥലങ്ങൾ കണ്ടാൽ ഏതൊരാളും സങ്കടപ്പെടും.

ലക്ഷക്കണക്കിന് രൂപയുടെ വരുമാനം കിട്ടേണ്ട കാർഷിക വിളകളൊക്കെ കുത്തിമറിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചിട്ടിരിക്കുകയാണ്. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽപെടുത്തി തരിശുനിലമായി വർഷങ്ങളായി കിടന്ന മുക്കൂട്ടുതറ കെ ഒ ടി റോഡിന് സമീപത്തെ ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 100 മൂട് മരച്ചീനി കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിലാണ്. എയ്ഞ്ചൽവാലി യുവ കർഷക കൂട്ടായ്മ ആയ അഗ്രോ ഡ്രീംസ് നേതൃത്വത്തിലാണ് ഇവിടെ കൃഷി നടത്തിയത്. പാതി വിളവായ മരച്ചീനി കുത്തി മറിച്ചിട്ടിരിക്കുന്നത് കണ്ടാൽ തന്നെ ആരുടേയും കണ്ണിൽ നിന്ന് കണ്ണ് നീര് പൊടിയും. വർഷങ്ങൾ ആയി തരിശ് ആയി കിടന്ന സ്ഥലം വെട്ടിത്തെളിച്ച ഇവർ 600 മരച്ചീനി , 200 ഏത്തവാഴ, 100 ചേമ്പ് , 50 കാച്ചിൽ, 50 ചേന, 150 കാന്താരി എന്നിങ്ങനെ സമ്മിശ്ര കൃഷിയാണ് ചെയ്തത്. പാണപിലാവ് പള്ളിക്കുന്ന്, ഗോവിന്ദൻ കവല, അറുവച്ചാംകുഴി എന്നീ പ്രദേശങ്ങളിൽ നൂറുകണക്കിന് കർഷകരുടെ കൃഷി കാട്ടു പന്നികൾ നശിപ്പിച്ചു.

ഇനി കൃഷി ചെയ്യാൻ വയ്യാത്ത സാഹചര്യത്തിലെത്തിയിരിക്കുകയാണ് കർഷകർ. കാട്ടു പന്നിയെ വെടി വെച്ച് കൊല്ലണമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മിറ്റി സർക്കാറിനോടും വനം റേഞ്ച് ഓഫീസറോടും ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി നൽകിയിരുന്നു. എന്നാൽ വെടി വെക്കാൻ ആളെ തിരയുന്നു എന്ന മറുപടിയല്ലാതെ ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ലന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വനം വകുപ്പിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മുക്കൂട്ടുതറ വാർഡ് മെമ്പർ പ്രകാശ് പുളിക്കൻ പറഞ്ഞു. വനത്തെയും വന്യ ജീവികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വനം വകുപ്പിനായതിനാൽ കൃഷി നശിപ്പിച്ച കാട്ടു പന്നികളെ ജനവാസ കേന്ദ്രത്തിൽ നിന്ന് തുരത്തേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തം ആണെന്നും ഇത് മുൻനിർത്തിയാണ് വനം വകുപ്പ് റേഞ്ച് ഓഫീസർക്കെതിരെ എരുമേലി പൊലീസിൽ പരാതി നൽകിയതെന്ന് അഗ്രോ ഡ്രീംസ് കർഷക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP