Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട് മോയൻസ് സ്‌കൂളിൽ ഡിജിറ്റലൈസേഷൻ പദ്ധതികൾ എങ്ങുമെത്തിയില്ല; ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതിയുള്ളതിനാൽ കൈറ്റ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമില്ല; എൽസിഡി പ്രൊജക്ടറുകളും ഫർണിച്ചറുകളും കാണാനില്ലെന്നും ആക്ഷേപം; ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് ടി എ

സംസ്ഥാനത്ത് ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട് മോയൻസ് സ്‌കൂളിൽ ഡിജിറ്റലൈസേഷൻ പദ്ധതികൾ എങ്ങുമെത്തിയില്ല; ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതിയുള്ളതിനാൽ കൈറ്റ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയതുമില്ല; എൽസിഡി പ്രൊജക്ടറുകളും ഫർണിച്ചറുകളും കാണാനില്ലെന്നും ആക്ഷേപം; ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് ടി എ

ജാസിം മൊയ്ദീൻ

പാലക്കാട്: സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട് മോയൻസ് സ്‌കൂളിലെ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി. സ്‌കൂളിന്റെ ഡിജിറ്റലൈസേഷൻ പദ്ധതിയിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി സർക്കാറിന് പരാതി നൽകി. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സ്‌കൂൾ ഡിജിറ്റലൈസ് ചെയ്യാൻ ഇപ്പോഴുള്ള തടസ്സങ്ങൾ നീക്കണമെന്നും കെഎസ്ടിഎ സർ്ക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തു തന്നെ ഏറ്റവും അധികം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് പാലക്കാട് മോയൻസ് സ്്കൂൾ. പഴയ യുഡിഎഫ് സർക്കാറിന്റെ കാലത്ത് 2013-14 കാലഘട്ടത്തിൽ പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലാണ് മോയൻസ് സ്‌കൂളിന്റെ ഡിജിറ്റലൈസേഷൻ പദ്ധതി ആരംഭിക്കുന്നത്. എംഎൽഎയുടെ പ്രത്യേക പദ്ധതിയായിട്ടാണ് ആരംഭിച്ചത്. എട്ട് കോടി രൂപയുടെ പ്രൊജക്ടും ഇതിനായി സമർപ്പിച്ചു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ പദ്ധതിയുടെ പേരിൽ വലിയ പ്രചരണം നടത്തി. എന്നാൽ പുതിയ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയിൽ മോയൻസിനെ ഉൾപ്പെടുത്തിയുമില്ല. എംഎൽഎയുടെ പ്രത്യേക പദ്ധതിയുള്ളതിനാൽ കൈറ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. നിലവിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും ഡിജിറ്റലൈസേഷൻ പദ്ധതി പൂർത്തിയാക്കിയെന്ന സർക്കാർ പ്ര്യഖ്യാപനം നടത്തിയപ്പോഴും മോയൻസിലെ ഡിജിറ്റലൈസേഷൻ പദ്ധതി തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണെന്നാണ് കെഎസ്ടിഎയുടെ ആക്ഷേപം. 8 കോടി രൂപ വകയിരുത്തിയ പ്രൊജക്ടിൽ ഏകദേശം 4 കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടരക്കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഹാബിറ്റാറ്റിന് കൈമാറി.ബാക്കി 1.50 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും പറയുന്നു. എന്നാൽ അത് എവിടെ, എന്തിനു ചെലവഴിച്ചു എന്ന് ആർക്കുമറിയില്ല.

തീർത്തും ദുരൂഹമായ രീതിയിലാണ് മോയൻസ് സ്‌കൂളിൽ ഈ പ്രൊജക്ട് നടപ്പിലാക്കുന്നത് എന്നും കെഎസ്ടിഎ ആരോപിക്കുന്നു. നേരത്തെ തന്നെ ഈ സ്‌കൂളിലെ 40 ക്ലാസ്മുറികൾ ഹൈടെക്ആയിരുന്നു. എന്നാൽ പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും സ്‌കൂളിന് നഷ്ടമായിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിനോ സ്‌കൂൾ അധികൃതർക്കോ പിടിഎക്കോ എംഎൽഎ നേരിട്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ച് ഒരറിവുമില്ല. ഈ പ്രവർത്തനങ്ങളിൽ അവരാരും പങ്കാളികളുമല്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രത്യേക ഉത്തരവിറക്കി എംഎൽഎയുടെ നേതൃത്വത്തിൽ സ്പെഷ്യൻ എംപവർ കമ്മറ്റി രൂപീകരിച്ചാണ് ഈ പ്രൊജക്ട് നടപ്പിലാക്കാൻ ശ്രമിച്ചത്. ഈ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങളെല്ലാം. നേരത്തെ പാലക്കാട് ജില്ല കളക്ടറായിരുന്ന സുരേഷ് ബാബു ഈ പദ്ധതിയുടെ സുതാര്യതയില്ലായ്മയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

പദ്ധതിയിൽ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ഡയറക്ടർ അൻവർ സാദത്തും ഈ കമ്മറ്റിയിൽ നിന്ന് പുറത്ത് പോന്നിരുന്നു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് തടസ്സം നിൽക്കേണ്ട എന്നുള്ളതിനാലാണ് അന്ന് തടസ്സം നിൽ്ക്കാതിരുന്നത്. പക്ഷെ പദ്ധതി ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്. മാത്രവുമല്ല നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ സ്‌കൂളിന് നഷ്്ടമായിരിക്കുകയും ചെയ്തു എന്നും കെഎസ്ടിഎ നേതാക്കൾ പറയുന്നു.

എല്ലാ ആരോപണങ്ങളും ചെന്നെത്തുന്നത് സ്ഥലം എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പിലിനെതിരെയാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവ് പ്രകാരം എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് എംഎൽഎയുടെ കീഴിലുള്ള പ്രത്യേക കമ്മറ്റിയിലാണ്. ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങളെല്ലാം വളരെ ദുരൂഹമാണ്. ആരാണ് പദ്ധതിക്ക് വേണ്ടി പണം ചെലവഴിക്കുന്നത്, ആരാണ് പരിശോധന നടത്തുന്നത് എന്നതെല്ലാം അവ്യക്തമാണ്. നേരത്തെ പദ്ധതി പ്രഖ്യാപിക്കപ്പെട്ട സമയത്ത് പറഞ്ഞിരുന്നത്. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് രണ്ടര കോടി രൂപ, സച്ചിൻ ടെണ്ടുൽകർ, എകെ ആന്റണി, വയലാർരവി തുടങ്ങിയവരുടെ എംപി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ, ഹയർസെകണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒന്നരകോടി, ഐടി അറ്റ് സ്‌കൂളിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി, പാലക്കാട് നഗരസഭ ഒന്നേകാൽ കോടി എന്നിങ്ങനെ നൽകുമെന്നായിരുന്നു.

പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച കമ്മറ്റിയിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ധ്യക്ഷൻ. കൂടാതെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെകണ്ടറി ഡയറക്ടർ എന്നിവരും എംഎൽഎക്ക് പുറമെ ഈ കമ്മറ്റിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇങ്ങനെയൊരു കമ്മറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് സ്‌കൂൾ അധികൃതർക്ക് പോലും വിവരമില്ല. പ്രാദേശിക കോൺഗ്രസ് നേതാക്കളും എംഎൽഎയുടെ അനുയായികളുമാണ് കരാറുകാരന്റെ സഹായത്തോടെ എല്ലാം നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്ന് കെഎസ്ടിഎ ആരോപിക്കുന്നു. സിവിൽ വർക്കിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ട്. ക്ലാസ് റൂം മുഴുവൻ അനക്കാൻ പോലും കഴിയാത്ത ഗാലറി സിസ്റ്റം ആക്കി. അതാവട്ടെ സ്‌കൂൾ ക്ലാസ്സ് റൂം വ്യവസ്ഥകൾക്ക് വിരുദ്ധവും. കുട്ടികൾക്ക് സ്വതന്ത്രമായി കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ്. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സമീപനത്തിന് ഒരു തരത്തിലും യോജിക്കാത്ത രീതിയിലാണ് ക്ലാസ്സ് മുറികളുടെ രൂപകല്ന.

യഥേഷ്ടം ചലിക്കുകയും ഗ്രൂപ്പ് ചർച്ചകൾ, റോൾ പ്ലേകൾ ഒക്കെ ഉൾപ്പെടുന്നതാണ് പ്രവർത്തനാധിഷ്ഠിത പഠനരീതി. ഇതിനൊന്നും ഇന്ന് ഒരു സാധ്യതയും ഇല്ലാത്ത വിധത്തിലാണ് ഇരിപ്പിടങ്ങളുടെ സജ്ജീകരണം. വസ്ത്രം കൊണ്ടും ഗാർഹിക രീതികൾ കൊണ്ടും ചലനം നിയന്ത്രിക്കപ്പെട്ട പെൺകുട്ടികളെ പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ ബോധത്തിലേക്കുയർത്തേണ്ട വിദ്യാലയത്തിന്റെ ഘടന തന്നെ അസ്വാതന്ത്ര്യത്തിന്റേതാക്കി മാറ്റി എന്ന വലിയൊരു വൈരുധ്യവും ഇവിടെയുണ്ടെന്ന് കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി കുറ്റപ്പെടുത്തുന്നു. നേരത്തെ സ്‌കൂളിൽ ഉണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള തടി ഉരുപ്പടികൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും ധാരണയില്ല.

മഹാഭൂരിഭാഗവും കരാറുകാരൻ കടത്തിക്കൊണ്ടു പോയി. നേരത്തെ സ്‌കൂളുണ്ടായിരുന്നു എൽസിഡി പ്രൊജക്ടറുകളും ഇപ്പോൾ കാണാനില്ല. ഇതൊക്കെ ആരാണ് കൊണ്ട് പോയത് എന്നതിനെ കുറിച്ച് അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്കോ, സ്‌കൂൾ അധികൃതർക്കോ അറിയില്ല. ആരെല്ലാമോ വന്ന് എന്തൊക്കെയോ ചെയ്ത് പോകുന്നു എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സർക്കാർ സ്‌കൂൾ മാന്വൽ പോലും പാലിച്ചല്ല നിർമ്മാണത്തിന്റെ പ്ലാനുകളെന്നും പരാതിയുണ്ട്.സംസ്ഥാനത്തെ മറ്റെല്ലാ കുട്ടികളും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കണ്ടും കേട്ടും അറിഞ്ഞും അറിവുനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാവുമ്പോൾ മോയൻസ് സ്‌കൂളിലെ കുട്ടികൾക്കു മാത്രം ഈ സംവിധാനങ്ങളൊന്നും പ്രാപ്യമല്ലാത്ത അവസ്ഥയിലാണ്.

എസ് സി ഇ ആർടി തയ്യാറാക്കിയ പഠനവിഭവങ്ങളുടെ പോർട്ടൽ സമഗ്ര ഉപയോഗിച്ചുള്ള പഠനവും സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അവസരങ്ങളും മോയൻസിലെ കുട്ടികൾക്കു നിഷേധിക്കാൻ കാരണക്കാരനായ എം എൽ എ അവരോട് മാപ്പു പറണം പെൺകുട്ടികളുടെ അരികുവൽക്കരണം അവസാനിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ വിദ്യാലയം ബഹുമാനപ്പെട്ട എം എൽ എയുടെ അത്യാഗ്രഹം കൊണ്ട് ഇന്ന് സ്വയംഅരികുവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ നടന്ന അഴിമതികൾ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിജിറ്റലൈസേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കെഎസ്ടിഎ പാലക്കാട് ജില്ല കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP